Skip to main content

ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശത്തിന്‍റെ പരിധിയില്‍ പെടുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ദേശീയ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ, എൻ.സി.പി, ബി.എസ്.പി എന്നീ പാർട്ടികൾ പൊതു സ്ഥാപനങ്ങളുടെ പരിധിയിൽ വരുമെന്നും വിവരാവകാശ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഈ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണെന്നും മുഖ്യവിവരാവകാശ കമ്മിഷണർ സത്യാനന്ദ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. 

 

രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആസ്ഥാന കേന്ദ്രങ്ങളില്‍ ആറാഴ്ച്ചക്കുള്ളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണം. മാത്രമല്ല ഇവിടെ നിന്നും ജനങ്ങള്‍ ആവശ്യപ്പെടുന്ന എന്ത് വിവരങ്ങളും നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഇതിലൂടെ പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ പൊതുജനങ്ങള്‍ക്കു ലഭ്യമാവും.

 

മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷനും വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാളും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.