ശശികാന്ത് ശര്‍മ പുതിയ സി.എ.ജി

Wed, 22-05-2013 11:15:00 AM ;

ന്യൂഡല്‍ഹി: പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ ഇന്ത്യയുടെ പുതിയ  കംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) ആകും. അഞ്ചര വര്‍ഷത്തെ കൃത്യനിര്‍വഹണത്തിനൊടുവില്‍ സി എ ജി വിനോദ് റായ് ബുധനാഴ്ച വിരമിക്കുന്ന ഒഴിവിലാണ് ശര്‍മ്മയുടെ നിയമനം.

 

1976 ബാച്ച് ബീഹാര്‍ കേഡര്‍ ഐ.എ.എസ് ഓഫീസര്‍ ആണ് ശശികാന്ത് ശര്‍മ. വ്യാഴാഴ്ച അദ്ദേഹം ചുമതലയേല്‍ക്കും. യോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദമുള്ള ശര്‍മ കേന്ദ്ര ധനകാര്യ സേവന വകുപ്പില്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

സി.എ.ജി പദവിയുടെ ചുമതലകള്‍ പുനര്‍നിര്‍വചിച്ച കാലയളവായിരുന്നു വിനോദ് റായിയുടെത്. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം എന്നിവയുടെ വിതരണം സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രാഷ്ട്രീയത്തെ തന്നെ നിര്‍ണ്ണായകമായി സ്വാധീനിച്ചിരുന്നു.

Tags: