വ്യാപാര കമ്മിയില്‍ 70 ശതമാനം വര്‍ധന

Mon, 13-05-2013 03:30:00 PM ;

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഏപ്രിലില്‍ 70 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മാര്‍ച്ചില്‍ 1031 കോടി ഡോളര്‍ ആയിരുന്ന കമ്മി ഏപ്രിലില്‍ 1780 കോടി ഡോളര്‍ ആയി. കയറ്റുമതിയില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായെങ്കിലും സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി ഇരട്ടിയായതാണ് കമ്മി വര്‍ധിപ്പിച്ചത്.

 

ഏപ്രിലിലെ ആകെ ഇറക്കുമതി 4195 കോടി ഡോളര്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാളും 10.9 ശതമാനം വര്‍ധനയാണിത്‌. 750 കോടി ഡോളര്‍ വിലവരുന്ന സ്വര്‍ണ്ണവും വെള്ളിയുമാണ് കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്തത്. തലേ വര്‍ഷം ഏപ്രിലില്‍ ഇത് 310 കോടി ഡോളര്‍ ആയിരുന്നു.

 

കയറ്റുമതി 1.6 ശതമാനം വര്‍ധിച്ച് 2416 കോടി ഡോളര്‍ ആയി. തുടര്‍ച്ചയായി നാലാം മാസമാണ് കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്.

Tags: