കരിങ്കൊടിയും കവിതയും എ.കെ.ജിയും

Glint Staff
Sat, 26-07-2014 05:45:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ- ലാൽസലാം സഖാവേ!

ഏ.കെ.ജി- എന്താ പണിക്കൻസേ, മുഖത്തൊരു വാട്ടം?

കു- എങ്ങനെ വാട്ടമില്ലാതിരിക്കും? അങ്ങയുടെ വീട്ടുമുറ്റത്ത് കരിങ്കൊടി!

ഏ- ഓ, സഖാക്കൾ എന്റെ മരണം അംഗീകരിച്ചു. നന്നായി. അന്നേ എനിക്ക് തോന്നിയതാ. ഇല്ലില്ല, എനിക്ക് മരണമില്ല എന്നൊക്കെ മുദ്രാവാക്യം വിളിച്ചപ്പോ. അൽപ്പം പ്രത്യയശാസ്ത്രപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് നമ്മളവിടുന്ന് യാത്രയായപ്പോ തന്നെ തോന്നിയതാ. എന്തായാലും നമ്മുടെ പാർട്ടി തെറ്റുതിരുത്തുന്ന പാർട്ടിയല്ലേ. അതുകൊണ്ട് ഇപ്പോഴെങ്കിലും അവർ ആ തെറ്റുതിരുത്തി സിദ്ധാന്തത്തോടൊപ്പം നിൽക്കുന്നു എന്നു കേട്ടതിൽ സന്തോഷം.

കു-അങ്ങങ്ങനെ പറയരുത്. അങ്ങ് മരിച്ചിട്ടില്ല. ഇന്നും ഈയുള്ളവന്റെയൊക്കെ ഉള്ളിൽ അങ്ങ് ജീവിച്ചിരിക്കുന്നു.

ഏ- അങ്ങനെ പറയാതെ പണിക്കാ. അതൊരു കമ്മ്യൂണിസ്റ്റിന് ചേർന്നതല്ല.

കു- ക്ഷമിക്കണം. അടിയനിപ്പോൾ കമ്മ്യൂണിസ്റ്റല്ല. അതുകൊണ്ടാണ് അങ്ങ് എന്റെയുളളിൽ ജീവിക്കുന്നുവെന്ന് തറപ്പിച്ച് പറഞ്ഞത്

ഏ- അതുശരി. വാട്ടത്തിന്റെ കാരണം പിടികിട്ടി. കമ്മ്യൂണിസ്റ്റുകാർ വാടില്ല. വാടാൻ പാടില്ല.

കു- അപ്പോ, അങ്ങയുടെ മരുമകൻ കമ്മ്യൂണിസ്റ്റല്ലാതായോ. അദ്ദേഹത്തിന് വല്ലാത്തെ വാട്ടം സംഭവിച്ചിരിക്കുന്നു. അറിഞ്ഞില്ലേ?

ഏ- ഒരു കമ്മ്യൂണിസ്റ്റിന് മകനും മരുമകനും മറ്റൊരാളുടെ മകനുമൊക്കെ ഒരുപോലാ. വ്യക്തിക്കെന്തു പ്രസക്തി പണിക്കാ. അതിരിക്കട്ടെ, മരുമകന്റെ വാട്ടത്തിനെന്താ കാരണം?

 

കു-അങ്ങയുടെ വീടിന്റെ മുന്നിൽ കരിങ്കൊടി! കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ ഒരു വൈരുദ്ധ്യാത്മക പ്രയോഗത്തിന്റെ ഭാഗമായാണെന്ന് കേൾക്കുന്നു.

ഏ- ഓഹോ, നല്ല ബുദ്ധിയുള്ളവർക്കേ വൈരുദ്ധ്യാത്മകതയെ അതില്ലാത്തവിധം പ്രയോഗിക്കാൻ പറ്റുകയുള്ളു.

കു- അറിയാം. അതാണല്ലോ സഖാക്കൾ മരിക്കുമ്പോൾ മരിക്കില്ല എന്ന മന്ത്രോച്ചാരണത്തോടെ ശവമടക്കുന്നതും, ജീവിച്ചിരിക്കുമ്പോൾ മരിച്ചു എന്ന് പ്രഖ്യാപിക്കുന്നതും. അങ്ങയുടെ മരുമകൻ ബഹുമാന്യനായ പി. കരുണാകരൻ എം.പി മരണമടഞ്ഞു എന്ന് പാർട്ടിയുടെ ജില്ലാനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. അറിഞ്ഞില്ലേ അദ്ദേഹം പി. കുഞ്ഞിരാമൻ നായരുടെ നാട്ടിലെ എം.പിയായി ഒരു മഹാകവിയായത്.

ഏ- ഓ, ഞാൻ ഫേസ്ബുക്കിൽ കണ്ടിരുന്നു. ലൈക്ക് ചെയ്യുകയും ചെയ്തു. കവിതയായതുകാരണം വായിക്കാൻ മിനക്കെട്ടില്ല

കു- സഖാവേ അതു കവിതയല്ല. അദ്ദേഹത്തിന്റെ ജീവരക്തം കൊണ്ട് എഴുതിയ ആത്മരോദനമാണ്.

ഏ- ശ്ശെ, അശ്ലീലം പറയാതെ പണിക്കാ. കമ്മ്യൂണിസ്റ്റുകാരന് ആത്മരോദനമോ. അതിന് അവനുവേണ്ടിയല്ലല്ലോ അവൻ പ്രവർത്തിക്കുന്നതും ജീവിക്കുന്നതും.

കു- എങ്കിൽ സാരമായ എന്തോ കുഴപ്പം ആ സഖാവിന് പറ്റിയിട്ടുണ്ട്. ഞാനെന്റെ പ്രായം മറന്നുപോയി എന്നാണ് കവിതയുടെ പേര്. അതിൽ അദ്ദേഹത്തെ സഖാക്കന്മാർ നോവിച്ചതും കാസർകോട്ട് തെരഞ്ഞെടുപ്പിൽ പാരവച്ച് വോട്ട് കുറച്ചതും ലോക്കപ്പിലും ലാത്തിച്ചാർജിലുമൊക്കെ ചോരവാർത്തതുമൊക്കെയാണ് കവിഞ്ഞൊഴുകിയിരിക്കുന്നത്.അതിരിക്കട്ടെ, അങ്ങേയ്‌ക്കെത്ര വയസ്സായി?

ഏ- കമ്മ്യൂണിസ്റ്റുകാരൻ വയസ്സാവില്ലല്ലോ. കാര്യങ്ങൾ മനസ്സിലാവുന്നില്ലല്ലോ പണിക്കാ.

കു- അൽപ്പസ്വൽപ്പമെങ്കിലും മനസ്സിലാക്കാനാ ഞാൻ അങ്ങയെ സമീപിക്കാമെന്ന്‍ കരുതിയത്.

ഏ- അവിടിപ്പോ കമ്മ്യൂണിസം തലതിരിഞ്ഞോ പണിക്കാ?

കു- അതും മനസ്സിലാക്കാനുള്ള ശേഷി കമ്മിയാ. കമ്മ്യൂണിസം തലതിരിഞ്ഞാൽ എന്താണാവോ സംഭവിക്കുക?

ഏ- വല്ലാത്ത ചോദ്യമാ. എന്തായാലും മാറ്റം ഉണ്ടാവും. അതാണ് ഞങ്ങളുടെ അടിസ്ഥാനം.

കു- അപ്പോ കരിങ്കൊടി, ചെങ്കൊടിക്കു പകരം കൊണ്ടുവന്ന മാറ്റമാകുമോ?

ഏ- അങ്ങിനെ ആയിക്കൂടെന്നുമില്ല പണിക്കാ. മാറ്റമില്ലാതെ പറ്റില്ലല്ലോ.

Tags: