കുഞ്ഞുപണിക്കൻ- നമസ്‌കാരം
ഒ.വി.വിജയൻ- സന്തോഷം. അങ്ങേയ്ക്കും നമസ്‌കാരം. സന്തോഷകാലം അല്ലേ.
കു.പ: സംശയം ലേശം അവശേഷിക്കുന്നു
ഒ.വി.വി: എന്തിലാണാവോ
കു.പ: ആ സന്തോഷപ്രയോഗത്തിൽ എവിടെയോ ഒരു ...
ഒ.വി.വി: വളരെ നിഷ്‌കളങ്കം. സുഖമല്ലേ എന്നു ചോദിച്ചാൽ അതൊരു കുറവാകില്ലേ. സന്തോഷമാണെങ്കിൽ അതിൽ സുഖവും അടങ്ങിയിരിക്കുമല്ലോ.
കു.പ: എങ്കിലും ഒരു കൊളുത്തുണ്ട്
ഒ.വി.വി: അസൂയയാണെന്നു കരുതിക്കൊള്ളു പണിക്കാ.
കു.പ: അയ്യോ, അതിലും കുത്താണല്ലോ.
ഒ.വി.വി: നിങ്ങൾ ഈ കുത്തിക്കുത്തി കുത്തില്ലാതായി. എന്നുവെച്ചാൽ നെല്ലുകുത്ത്. എന്നിരുന്നാലും നിങ്ങൾ പറഞ്ഞോളൂ. പറച്ചിൽ ചിന്തയായി വരും. ചിന്ത പിന്നെ വാക്കും പ്രവൃത്തിയുമൊക്കെ ആയിക്കൊള്ളും. എനിക്കാകെ വിഷമമായിരുന്നു. ഞങ്ങളുടെ കുലത്തൊഴിലിന്റെ പേരിന്റെ അർഥം അന്യം നിന്നുപോകുമോ എന്ന്. എന്തായാലും എപ്പോഴും ചെത്ത് ഉപയോഗിച്ച് ഉപയോഗിച്ച് ഇപ്പോ ചെത്ത് വീണ്ടും ചെത്തായി. മാത്രമല്ല ചെത്തിന് ചെത്ത് പേരും. ചെത്ത് പേരിന് ചെത്ത് സ്റ്റൈല് വന്നപ്പോ ചെത്ത് ചെത്തല്ലാതായത് ദുര്യോഗം. ചെത്ത് ചെത്തായി തുടരുക ഇനി ചെത്തുകാരിലൂടെയാവില്ല. ടെക്‌നീഷ്യന്മാരിലൂടെയാകും. വെറും ടെക്‌നീഷ്യന്മാരല്ല നീര ടെക്‌നീഷ്യന്മാർ. എന്തായാലും പേരു പോയാലും കുലത്തൊഴിൽ അന്യം നിന്നുപോകില്ലല്ലോ, ഭാഗ്യം. പഴക്കം ചെന്ന പല തൊഴിലിനും ഇപ്പോൾ കേരളത്തിൽ വലിയ മാർക്കറ്റാണെന്ന് കേട്ടു.
കു.പ: അതിലും എന്തോ ഒരു കുത്തലുണ്ട്.
ഒ.വി.വി: പണിക്കനിപ്പോ കുത്തു മാത്രമേ കാണാൻ കഴിയുന്നുള്ളു. നീരാ ടെക്‌നീഷ്യന്മാർ എന്നതുപോലെ വല്ല നല്ല പേരും കണ്ടുപിടിക്കാൻ നോക്കൂ, പഴക്കം ചെന്ന തൊഴിലിന്. എന്തായാലും അന്തസ്സ് കൂടിക്കഴിഞ്ഞു. സ്വർഗ്ഗം പോലും നാണിക്കുമെന്ന് കവി പറഞ്ഞത് വെറുതേയായില്ല.
കു.പ: ...........
ഒ.വി.വി:എന്താ പണിക്കാ ചിരിക്കുന്നെ. ആ ചിരി അത്ര രസമുള്ളതല്ലല്ലോ. അതിന്റെ അന്വയം ഒന്നടുക്കിയിരുന്നെങ്കിൽ ഈയുള്ളവന് സാരം മനസ്സിലാക്കാൻ എളുപ്പമായിരുന്നു.
കു.പ: അപ്പോ ധ്വനിപ്രയോഗങ്ങൾ ഇപ്പോഴുമിഷ്ടം തന്നെ അല്ലേ
ഒ.വി.വി: ധ്വനിയുടെ കാലമൊക്കെ പോയില്ലേ പണിക്കാ. ഇപ്പോ നേരേ പറയുന്നതാ ചെത്ത്. ധ്വനിയാണെങ്കിൽ അർഥം കണ്ടെത്തുക പ്രയാസം.
കു.പ: അങ്ങേയ്ക്ക് അറിയാൻ പാടില്ലാത്തതു കൊണ്ടാ. ഇപ്പോ കേരളത്തിൽ ധ്വനികാലം വീണ്ടും വന്നു. ധ്വനിപ്രയോഗത്തിന്റെ അർഥവും പൊരുളും തേടി കേരളത്തിന് ഇപ്പോൾ ഉറങ്ങാൻ പോലും കഴിയുന്നില്ല.
ഒ.വി.വി: ലോക ചരിത്രത്തിൽ ധ്വനി മൂലം ഉറക്കം നഷ്ടപ്പെട്ട ഒരു ജനതയെപ്പറ്റി കേട്ടിട്ടില്ലല്ലോ. അങ്ങിനെയങ്കിൽ അതിന് പ്രാഗ് വസന്തം, മുല്ലപ്പൂ വസന്തം എന്നൊക്കെപ്പറയുമ്പോലെ ധ്വനിവസന്തമെന്ന് പേരിടാമല്ലോ. അതിരിക്കട്ടെ. എന്താണ് ഏറ്റവുമൊടുവിലെ ധ്വനിപ്രയോഗം.
കു.പ: കഴിഞ്ഞ ഒരു വർഷത്തോളമായി ഞങ്ങളുടെ കേരളത്തെ നയിക്കുന്ന സരിതയെ അങ്ങറിയുമല്ലോ അല്ലേ.
ഒ.വി.വി: ഞാൻ അരസികനല്ല പണിക്കാ
കു.പ: സരിതയാണ് ഇപ്പോ ധ്വനിപ്രയോഗത്തിന്റെ പ്രയോക്താവ്. സരിത ഒറ്റപ്രയോഗം നടത്തി. പേര് പറഞ്ഞളയും. ഇനി ആരും അങ്ങിനെ ഉറങ്ങേണ്ടാ എന്ന്. അന്നുമുതൽ ഉറങ്ങാത്ത കേരളമാണ്. ഏറ്റവും ഒടുവിൽ സരിത പറഞ്ഞു, എല്ലാ പേരുകളും ഞാൻ പറഞ്ഞാൽ അത് കേരളത്തിന് താങ്ങാനാവില്ലെന്ന്. എന്നിട്ട് വെറുതേ പാവം നമ്മുടെ കണ്ണൂർക്കാരൻ അബ്ദുള്ളക്കുട്ടീടെ പേര് പറഞ്ഞ്. അതിനു ശേഷം ആ പാവത്തിന്റെ പേരിൽ സരിത കേസ്സും കൊടുത്തു. അതും അബ്ദുള്ളക്കുട്ടി വെറുതേ ചില വാക്കുപയോഗിച്ചതിന്.
ഒ.വി.വി: പണിക്കാ, മഹതി പറഞ്ഞത് ഒന്നുകൂടി ആവർത്തിച്ചേ.
കു.പ: എല്ലാ പേരും പറഞ്ഞാ അതു കേരളത്തിനു താങ്ങാനാവില്ലെന്ന്.
ഒ.വി.വി: ഈശ്വരാ ...
കു.പ: എന്തുപറ്റി മാഷേ. എന്താണ് അങ്ങയുടെ കൺകോണുകളിൽ കണ്ണുനീര് പൊടിഞ്ഞിരിക്കുന്നല്ലോ. എന്തുപറ്റി? വിപ്ലവം പരാജയപ്പെട്ടപ്പോൾപ്പോലും അങ്ങ് കരഞ്ഞിട്ടില്ലല്ലോ. ധർമ്മപുരാണം എഴുതിയപ്പോഴും കരച്ചിലല്ലായിരുന്നല്ലോ. എന്തുപറ്റി മാഷേ.
ഒ.വി.വി: പുനർജന്മം. അതുതന്നെ.
കു.പ: ഓ, അങ്ങ് സക്കറിയ പണ്ട് പറഞ്ഞപോലെ പിന്തിരിപ്പൻ ആശയത്തിന്റെ വക്താവായെന്നുള്ളത് ശരി തന്നെയാണ് അല്ലേ. അയ്യോ അങ്ങ് ഇങ്ങനെ കരയാതെ. ധർമ്മപുരാണവും സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്‌ക്കൊക്കെയെഴുതിയ അങ്ങ് ഇങ്ങനെ കരയുന്നത് വിശ്വസിക്കാനാവുന്നില്ല. അങ്ങ് കരച്ചിൽ നിർത്തൂ.
ഒ.വി.വി: ആ പാട്ട് കേട്ടിട്ടില്ലേ, ഭഗവാനൊരു കുറവനായി, ഭഗവതിയൊരു കുറത്തിയായി എന്നൊക്കെ. അതുപോലെ ഇത് ഭഗവാന്റെ മായയാണ്. ജന്മമെടുത്തുള്ള മായ. ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടായിരുന്നെങ്കിൽ ആ മഹതിയുടെ കാൽക്കൽ ഞാൻ നമസ്കരിക്കുമായിരുന്നു. പണിക്കൻ പറഞ്ഞില്ലേ, കഴിഞ്ഞ ഒരു വർഷത്തോളമായി കേരളത്തെ നയിക്കുന്നത് ആ സരിതയാണെന്ന്. അത് തീർത്തും ശരിയാണ്.
കു.പ: ഈയുള്ളവന് പുനർജന്മത്തിൽ വിശ്വാസം കമ്മിയാണെന്നുള്ളത് അറിയാമല്ലോ. എങ്കിലും ചോദിക്കുകയാ, ആരുടെ പുനർജന്മം.
ഒ.വി.വി: ആരും ആ പാദങ്ങളിൽ നമസ്കരിക്കും. ആ ദിവ്യ പറഞ്ഞ വാക്കുകൾ നോക്കു, പണിക്കാ. ഞാൻ എല്ലാം പറഞ്ഞാൽ കേരളത്തിന് താങ്ങാനാവില്ലെന്ന്. നോക്കൂ, ഈ നാടിനോടുള്ള സ്നേഹം. നോക്കൂ ഈ നാട്ടിലെ കുടുംബങ്ങളോടുള്ള സ്നേഹം. കുടുംബങ്ങളിലൂടെ കുട്ടികളോടുള്ള സ്നേഹം. കുടുംബ ഭദ്രതയിലുള്ള ശ്രദ്ധ. പണിക്കൻ, ഈ വാക്കുകൾ ഏതെങ്കിലും രീതിയിൽ മുൻപ് കേട്ടതായി ഓർക്കുന്നുണ്ടോ. ഒരിക്കൽ മാത്രമേ ഈ വാക്കുകൾ ഉച്ചരിക്കപ്പെട്ടിട്ടുള്ളു. അതിനാൽ അന്ന് ആരാണോ ഈ വാക്കുകൾ ഉച്ചരിച്ചത് അതേ ജന്മത്തിന്റെ പുനർജന്മമാണ് ഈ ദിവ്യ. ഈ ദിവ്യ ഉഗ്രരൂപിയാകുമ്പോൾ മറ്റ് കപടദൈവങ്ങളും ആൾദൈവങ്ങളും മാളങ്ങളിലൊളിക്കും.
കു.പ: അയ്യോ, മാഷേ, എനിക്കും പേടിയാകുന്നു. മാഷ് പറയുന്ന ചില കാര്യങ്ങളൊക്കെ ശരിയായി വരുന്നുണ്ട്. ആരുടെ പുനർജന്മമാണ്. പറയൂ. എനിക്കറിയാൻ തിടുക്കമായി.
ഒ.വി.വി: സാക്ഷാൽ ഗംഗാദേവിയുടെ. ഓർമ്മയില്ലേ പാവം ഭഗീരഥന്റെ തപസ്സിനാൽ താഴേക്ക് വരാമെന്നു സമ്മതിച്ച ഗംഗാദേവി. അന്ന് ഗംഗാദേവി പറഞ്ഞത് ഇതേ വാചകം. ഞാൻ വന്നാൽ എന്നെ ഭൂമിക്കു താങ്ങാനാവില്ലെന്ന്.
കു.പ: അയ്യോ. എനിക്കു പേടിയാകുന്നു. കാരണം ഗംഗയുടെ അവതാരമാണെങ്കിൽ അവർ ഇവിടെയുണ്ടല്ലൊ. ഇപ്പോഴും അപകടം വൻതോതിലുണ്ടാവാതെ നിൽക്കണമെങ്കിൽ ആരെങ്കിലും താങ്ങണ്ടേ. അപ്പോൾ ശിവനും ജന്മമെടുത്തിട്ടുണ്ടാവുമല്ലോ.
ഒ.വി.വി: ഉവ്വ്. ഉണ്ട്. മുഴുവൻ ഭാരത്തേയും ഒറ്റയ്ക്ക് താങ്ങി കേരളത്തെ മുഴുവൻ രക്ഷിക്കുന്നു.
കു.പ: കൈലാസനാഥൻ നമ്മുടെയിടയിൽ നമ്മളിലൊരാളായി ഇവിടെയുണ്ടെന്നോ. അതിശയം. അതിശയം.
ഒ.വി.വി: അതിശയമല്ല പണിക്കാ. യാഥാർഥ്യം. അല്ലെങ്കിൽ കേരളം താങ്ങില്ലായിരുന്നു.
കു.പ: പറയൂ ആരാണ് ആ ദിവ്യൻ
ഒ.വി.വി: സാക്ഷാൽ അബ്ദുള്ളക്കുട്ടി. നോക്കൂമൂഴുവൻ ഭാരവും അബ്ദുള്ളക്കുട്ടി ഒറ്റയ്ക്ക് താങ്ങുന്നു.
കു.പ: അപ്പോൾ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടുതന്നെ അല്ലേ.
ഒ.വി.വി: അതല്ലേ സ്വർഗ്ഗവും സ്വർഗ്ഗത്തിലെ അപ്‌സരസ്സുകളുമൊക്കെ ഇവിടേക്ക് നോക്കി നാണിക്കുന്നത്. എന്താ പണിക്കാ ചിന്താനിമഗ്നനായി നിൽക്കുന്നത്
കു.പ: ഇതൊക്കെ ആലോചിച്ചാ രാത്രി ഉറക്കം വരില്ലല്ലോ എന്നാലോചിച്ചുപോയി.
ഒ.വി.വി: ഉറക്കം വന്നില്ലേലും കണ്ണടച്ചുകിടന്നോളൂ. വെറുതേ ഭാര്യയെ സംശയരോഗിയാക്കേണ്ട.