അവയവദാനവും ഇടതുവീക്ഷണവും

പൊടിയന്‍
Wed, 29-01-2014 04:15:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ- നമസ്കാരം സഖാവേ.

നായനാർ- നമസ്കാരമടോ പണിക്കാ. പിന്നെ എന്തൊക്കെയാണടോ വിശേഷം?

കു- അങ്ങോട്ട് നല്ല വിശേഷങ്ങളെന്ന് പറയുക വയ്യാ.

നാ- എന്താടോ അതിനിപ്പോ അവിടിത്ര പ്രശ്നങ്ങള്? നമ്മുടെ സഖാവിന്റെ പേരിലുള്ള കേസ്സൊക്കെ കഴിഞ്ഞില്ലേടോ. ഓനിനി നമ്മളിരുന്ന കസേരേലിരിക്കാൻ കൊഴപ്പമൊന്നുമില്ലല്ലോടോ. പിന്നെന്താ തനിക്കിത്ര വിമ്മിഷ്ടം പോലെ. തനിക്ക് ശോധനയൊന്നും നന്നായി നടക്കുന്നില്ലേടോ. എടോ പണിക്കാ അതിനും ഉലുവാ ബസ്റ്റാ. എടോ ഞാൻ ഒരുപാട് പേർക്കിട്ടു പ്രയോഗിച്ച മരുന്നാടോ അത്. നമ്മളെയൊക്കെ കാണുമ്പോ ചിലർക്കൊക്കെ മലബന്ധ ഭാവമാര്‍ന്ന്‍. അതൊക്കെ നമ്മടെ ഉലുവാ ചികിത്സ കൊണ്ട് മാറ്റീല്ലേടോ. നമ്മുടെ പഴയ ഭൂട്ടാസിങ്ങില്ലേടോ. ഓൻ കേന്ദ്രത്തിലാഭ്യന്തരമാര്‍ന്നപ്പോ നമ്മള് മുഖ്യനാര്‍ന്നല്ലോ. അന്ന് ഓനിട്ട് ഉലുവാ പ്രയോഗിച്ച്.  ആ ചങ്ങായിക്ക് പഞ്ചാരേടെ അസുഖത്തിനാ നമമളതു കൊടുത്തത്. കൂട്ടത്തില് മറ്റേതും ശരിയായടോ. എന്താടോ താൻ വല്ലാണ്ട് ചിരിക്കുന്നെ. ഉലുവാ ഗംഭീരമാടോ. താനൊന്നു പ്രയോഗിച്ചു നോക്കടോ.

കു- ഉലുവായ്ക്ക് വേറേം ചില കഴിവുകളൊക്കെയുണ്ടെന്ന് ചില വൈദ്യന്മാര് പറേന്നുണ്ടേ.

നാ- അതും നമ്മക്കറിയാമടോ. എടോ, നമ്മളവിടുണ്ടാര്‍ന്നപ്പോ വല്ല പ്രശ്നോം ഉണ്ടാര്‍ന്നോ. എടോ ഉലുവ കുറച്ച് കൂടുതലങ്ങ് ചെന്നാ പിന്നെയീ പീഡന കേസുകളൊന്നും അധികമുണ്ടാകില്ലടോ. എന്തായാലും താനൊന്നു പരീക്ഷിക്ക്. 

കു- ഈയുള്ളവന് തൽക്കാലം ശോധന സുഖവും പഞ്ചസാര നിയന്ത്രണത്തിലുമാണേ. പിന്നെ അടങ്ങിയൊതുങ്ങിയാണേ കഴിയുന്നതും. അതിനാൽ അങ്ങയുടെ ചികിത്സ തൽക്കാലം സ്വീകരിക്കേണ്ട ആവശ്യമില്ലേ.

നാ- പിന്നെന്താടോ തനിക്ക് മുഖത്തിത്ര വിഷമം?

കു- ചില ഫ്ലക്സ് ബോർഡ് കണ്ടേ. അങ്ങെയുടെ ഇളമുറക്കാർ വച്ചിരിക്കുന്നതാണേ.

നാ- എന്ത് ബോർഡാടോ? കോൺഫ്‌ളേക്സ്‌ ബോർഡോ? അതെന്തു ബോർഡാടോ?

കൂ- അങ്ങിങ്ങോട്ട് പോന്നതിനു ശേഷം വന്ന ബോർഡാണേ. സംഗതി പ്ലാസ്റ്റിക് പേപ്പറിലുള്ള പളാപളാ മിന്നുന്ന ചേലുള്ള ബോർഡാണേ. പഴേതു പോലല്ല. ഇതു നല്ല ലിപ്സ്റ്റിക്കിട്ട പോലുണ്ടാവുമേ.

നാ- അതു കൊള്ളമല്ലോടോ. പ്ലാസ്റ്റിക്ക്‌ ബോർഡിന്റെ പേരിൽ പരിസ്ഥിതി പരാതികളൊന്നും നമ്മുടെ പാർട്ടിക്കെതിരെ ഉണ്ടാവില്ലേടോ?

കു- പരിസ്ഥിതിവാദികൾ പാർട്ടിക്കെതിരാണേ. അതിനാൽ അവര് വർഗ്ഗശത്രു വിഭാഗത്തിലാ. അതിനാൽ വർഗ്ഗശത്രുവിനെതിരെയുള്ള സന്ധിയില്ലാ സമരത്തിന്റെ ഭാഗമായും ഫ്ലക്സ് ബോർഡുപയോഗത്തെ കാണുന്നുണ്ടേ.

നാ- ഓ, അപ്പോ നോ പ്രോബ്ലം. വീ ഹാവു ടു ഫിനിഷ് ഔർ എനിമീസ്.

കു- ആംഗലേയ രോഗം ഇതുവരെ മാറിയിട്ടില്ല അല്ലേ?

നാ- എടോ, അതു പറേമ്പോ ഒരു സൊഖം കിട്ടുവടോ. അതിരിക്കട്ടെ, എന്താ കോൺഫ്‌ളേക്‌സ് ബോർഡിലുള്ളത്?

nayanar

 

കു- അതാണേ അടിയന്റെ വിഷമത്തിനു കാരണം. അങ്ങയുടെ ഇളമുറക്കാരുണ്ടല്ലോ, ഡിവൈഎഫ്‌ഐ കുഞ്ഞുങ്ങള്. അവരാ ബോർഡ് വച്ചിരിക്കുന്നെ. അതായത് അവർ അവയവദാന സേന രൂപീകരിക്കാൻ പോകുന്നുവെന്ന്. അതു കണ്ടതു മുതൽ തുടങ്ങിയ വേവലാതിയാണേ. എന്റെ ഇടതുകണ്ണിന് ലേശം പ്രശ്നമുണ്ടേ.

നാ- ഓര് ഉശിരൊള്ള പുള്ളരാ. എറങ്ങിത്തിരിച്ചാ പറേന്നത് ചെയ്തിട്ടേ വരൂ. ഓരുടെ കയ്യിൽ ബക്കറ്റ് കൊടുത്തുവിട്ടാ അമേരിക്കക്കാര് കാപ്പികുടിക്കുന്ന സമയം എടുക്കൂല. അതിനു മുമ്പേ ബക്കറ്റും നിറച്ചു വരുമടോ. ഓര് മിടുക്കന്മാരോടോ. തന്റെ ഇടതു കണ്ണിന് ചെറിയ കുഴപ്പമല്ലേ ഉള്ള്. അത് സാരമില്ലടോ. അല്ലേലും നമ്മുടെ പിള്ളേരല്ലേടോ. ഇടതുകണ്ണ് അവര് ദാനമായി സ്വീകരിക്കില്ലടോ. വലതുപക്ഷ വീക്ഷണമാടോ ഇന്ന് ലോകം നേരിടുന്ന പ്രോബ്ലം. അതാണടോ യൂണിവേഴ്‌സൽ ഇഷ്യൂ. തനിക്കിപ്പോ രാഷ്ട്രീയ ചിന്തയൊന്നുമില്ല. എടോ, വലതുപക്ഷ വീക്ഷണം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാ. രണ്ടു കാര്യോം നടക്കും. കണ്ണില്ലാത്തവർക്ക് പാർട്ടിക്ക് കണ്ണ് സമ്മാനിക്കാനും പറ്റും, വലതുപക്ഷ വീക്ഷണവും അവസാനിക്കും. എടോ ആരുടേതാടോ ഈ ബുദ്ധി. അപാരമായിരിക്കുന്നല്ലേടോ.

കു- അറിയില്ലേ. അവരുടെ ബോർഡു കണ്ടമുതൽ ഈയുള്ളവന് ആധിയാണേ. അങ്ങ് നേരത്തേ പറഞ്ഞപോലെ ബക്കറ്റുംകൊണ്ട് പടി കടക്കുമ്പോഴേ ഈയുള്ളവൻ അകത്തേക്കോടുമായിരുന്നു. കാശുംകൊണ്ട് തിരിച്ചുവരുമ്പോ പയ്യന്മാരൊക്കെ ഞെളിഞ്ഞ് കൈകെട്ടാൻ തുടങ്ങത്തേയുള്ളായിരുന്നു. അതിനു മുൻപേ നമ്മള് ബക്കറ്റിലേക്കിടുവാര്‍ന്നേ. ഇതതുപോലാണോ സഖാവേ.

നാ- തനിക്ക് അവയവങ്ങളെല്ലാം ഉള്ളതു കൊണ്ട് ഇല്ലാത്തവന്റെ ദു:ഖം അറിയില്ല. എടോ, ഞങ്ങടെ പാർട്ടീടെ ഫണ്ടമെന്റൽ ഫിലോസഫി തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ക്ലാസ്സിഫിക്കേഷനിലും ക്ലാസ്സ് വാറിലുമാടോ. അവയവങ്ങൾ ഉള്ളവര് ഇല്ലാത്തവർക്ക് കൊടുക്കടോ. അപ്പോ പാർട്ടി ഇപ്പോഴും അടിസ്ഥാന തത്വങ്ങളൊന്നും വിട്ടിട്ടില്ല അല്ലേ. ചിലരൊക്കെ പറേന്നുണ്ടല്ലടോ പാർട്ടി നവലിബറിലസത്തിന്റെ പക്ഷത്തേക്ക് നീങ്ങിയെന്നോ, കമ്മ്യൂണിസ്സ് ആശയങ്ങളിൽ നിന്ന് അകന്നുവെന്നോ ഒക്കെ. അതു കൊഴപ്പമില്ല. പാർട്ടിക്കെന്നും ശത്രുക്കളുണ്ടാകും.

കു- കുത്തല് മനസ്സിലായേ. ആരെയുദ്ദേശിച്ചാ അങ്ങ് പറഞ്ഞതെന്ന് ഈയുള്ളവന് പിടി കിട്ടി. മൂപ്പര് തത്വത്തിൽ വോളന്ററി റിട്ടയർമെന്റിലേക്ക് പ്രവേശിച്ചുവെന്നും കേൾക്കുന്നേ.

നാ- ഓ അതാണ് പാർട്ടീം പിള്ളേരും പുതിയ ഉണർവിലേക്ക് ഉയർന്നിരിക്കുന്നത്. അവയവദാനം കൊള്ളാമടോ ഉഗ്രൻ പരിപാടിയാണ്. അടപ്പുള്ള ബക്കറ്റ് വേണമെന്നേയുള്ളു.

കു- അതെന്തിനാണാവോ?

നാ- എടോ പിള്ളാര് വീടുവീടാന്തരം കേറി സംഘടിപ്പിക്കുന്ന അവയവങ്ങള് പിന്നെ തുറന്ന ബക്കറ്റിൽ കൊണ്ടുപോകാൻ പറ്റുവോടോ. താൻ ഏത് കോത്താഴത്തെ പണിക്കനാടോ. എടോ നമ്മുടെ പഴേ കുറേ സഖാക്കൾക്കും കുറേ അവയവങ്ങളൊക്കെ നഷ്ടമായിട്ടുണ്ട്. അവർക്കും ഇതുപകരിക്കുമടോ.

എടോ ഇത് ആഗോളവത്ക്കരണത്തിനെതിരായ സമരം കൂടിയാ. നമ്മുടെ പാർട്ടിയല്ലാതെ  ആരാടോ അതിനെതിരെ സമരം ചെയ്യുക.

കു- ചില കുത്തകപ്പത്രങ്ങളും ആഗോള സംഘടനകളും എൻ.ജി.ഒകളുമൊക്കെ ഈ അവയവദാനത്തിലേക്ക് കടന്നിട്ടുണ്ടേ. ഇതിപ്പോ വൻ വ്യവസായമായും മാറിയിട്ടുണ്ടേ. ചില ആശുപത്രികളൊക്കെ അതിൽ തന്നെ സ്‌പെഷ്യലൈസ് ചെയ്യുകയാണെന്നും കേൾക്കുന്നുണ്ടേ. അവരുടെയൊക്കെ ആവശ്യം വളരെ വലുതാണെന്നും കേൾക്കുന്നേ. കഡാവർ ട്രാന്‍സ്പ്ലാന്റ് നിയമം ഉടൻ നടപ്പാക്കണമെന്നും മുറവിളി വരുന്നുണ്ടേ.

നാ- അതെന്തുവാടോ കഡാവർ.

കു- മരിച്ചവരുടെ ശരീരഭാഗങ്ങളുപയോഗിക്കുന്നത് നിയമാനുസൃതമാക്കുന്നത് സംബന്ധിച്ചുളളതാണേ.

നാ- അതു നല്ലതല്ലേടോ.

കു- അപ്പോ ആവശ്യക്കാരുടെ ആവശ്യമനുസരിച്ച് ആശുപത്രികളിൽ മരണം നടക്കുമെന്നും വഴിയേ നടന്നുപോകുന്നവൻ ചെലപ്പോ വണ്ടികേറി ചത്തെന്നുമിരിക്കും എന്നൊക്കെപ്പറഞ്ഞാണെന്നു തോന്നുന്നു നമ്മുടെ പാർലമെന്റിലെ ബഹുമാനപ്പെട്ടവർ അത് അട്ടത്തു വച്ചിരിക്കുന്നതെന്നാ അറിവ്. അതൊക്കെ നടപ്പാക്കലാണ് ഇപ്പോ ചിലരുടെ ഉള്ളിലിരിപ്പെന്ന്‍ കേൾക്കുന്നേ. എന്തായാലും അവയവ മാർക്കറ്റു പോലെ ഡിമാൻഡുള്ള മാർക്കറ്റ് ഹെൽത്ത് ഇൻഡസ്ട്രിയിൽ വേറേയില്ലെന്നാണേ ഈയുള്ളവന്റെ അറിവ്.

നാ- ഹ്ഹ ഹ്ഹ ... എന്നു തൊട്ടാടോ ഹെൽത്ത് ഇൻഡസ്ട്രിയായത്. എന്തായാലും നമ്മുടെ പിള്ളാര്  സംഗതി കൊഴുപ്പിക്കും . അതാടോ അവര് സേനയെ ഉണ്ടാക്കുമെന്നല്ലേ പറഞ്ഞിരിക്കുന്നെ. കൊള്ളാം. എടോ, പാർട്ടിയുടെ പ്രവർത്തനത്തിന്റെ ഭാഗമാ തന്ത്രങ്ങളും അടവു തന്ത്രങ്ങളും. ചിലപ്പോൾ വർഗ്ഗശത്രു പ്രയോഗിക്കുന്ന തന്ത്രം ഞങ്ങളെടുത്തെന്നിരിക്കും. അതറിയണേ വിവരം വേണമടോ പൊട്ടപ്പണിക്കാ.

കു- ഇതുവരെ എടുത്തിട്ടുള്ളതെല്ലാം തെറ്റായിപ്പോയെന്ന് തീട്ടൂരമുണ്ടായതായും അറിവുണ്ടേ.

നാ- താൻ പോടോ പൊട്ടപ്പണിക്കാ. അതാടോ നമ്മടെ പാർട്ടി. ഞങ്ങൾ തെറ്റ് ചെയ്യും, തിരുത്തും. ഏതെങ്കിലും പാർട്ടി ഇങ്ങനെ കുറ്റം ഏറ്റ് പറേന്നോടോ?

കു- അതു ശരിയാണേ. അടിയന് രണ്ടഭിപ്രായമില്ലേ. എന്നാലും ഒരു സംശയം ബാക്കി നിൽക്കുന്നു.

നാ- പറേടോ.

കു- അടിയന്റെ വലതുകണ്ണ് ദാനമായി നൽകിയാൽ അവശേഷിക്കുന്ന ഇടതുകണ്ണിന് കാഴ്ച അത്രപോരാ. അപ്പോ ഇടതുവീക്ഷണം തെളിയാതെ വരില്ലേയെന്ന് സംശയം.

നാ- എടോ, തെളിഞ്ഞ വലതുവീക്ഷണത്തേക്കാൾ എന്തുകൊണ്ടും നല്ലതാണ് വ്യക്തമായില്ലെങ്കിലും ഇടതുവീക്ഷണം. അതുകൊണ്ട് നമ്മുടെ പിളളാര് ബക്കറ്റുമായി വരുമ്പോ ധൈര്യപൂർവ്വം വലത്തേക്കണ്ണ് കൊടുത്തോടോ. എടോ കിഡ്‌നിക്കും നല്ല ഡിമാന്റെല്ലേടോ. തനിക്കെന്തിനാ രണ്ട്. അതിന്റെ വലത്തേതും കൊടുത്തേക്കടോ.