അലസിയ ഒരു പ്രോജക്ട്

പൊടിയന്‍
Sat, 21-09-2013 01:45:00 PM ;
വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

കുഞ്ഞുപണിക്കൻ: എന്താ നാണപ്പൻ ചേട്ടാ ഒരു വല്ലാത്ത മൂഡിലിരിക്കുന്നെ. എന്തേലും പ്രൊജക്ട് പാളിപ്പോയോ. ഇപ്പോഴും കൺസൾട്ടൻസിയൊക്കെയുണ്ടോ ആവോ?

എം.പി.നാരായണപിള്ള: എന്റെ പണിക്കാ ഇയ്യാള് പറഞ്ഞത് അപ്പടി ശരിയാ. ഒരു പ്രൊജക്ട് ഗംഭീരമായി വിരിഞ്ഞുവന്നതാ. അത് വന്നിരുന്നെങ്കിൽ എന്റെ ഏറ്റവും വലിയ പ്രൊജക്ട് ആവുമായിരുന്നടോ. എല്ലാം പാളിയടോ.

കു: അതെന്താ ചേട്ടാ, അത്രയ്ക്കുഗ്രനായിരുന്ന സംഗതി?

നാ: ഇയ്യാക്കറിയാവുന്ന കാര്യമാടോ. നമ്മുടെ സരിതപ്പെണ്ണിന്റെ ഒരു പ്രൊജക്ടായിരുന്നു. ആയമ്മ  ഉടായിപ്പൊക്കെ നടത്തിക്കിട്ടുന്നതിന്റെ എത്രയോ ഇരട്ടി വാരാവുന്ന പ്രൊജക്ടായിരുന്നു. ശ്ശെ , എന്തോ പറയാനടോ, എല്ലാം കൊണ്ടുതുലച്ചുകളഞ്ഞു.

കു: അതെന്താ ചേട്ടാ, അമ്പതിനായിരം കോടിയേക്കാൾ കിട്ടുമായിരുന്നോ?

mp narayana pilla നാ: എടോ അത് നമ്മുടെ പി.സി.ജോർജിന്റെ പ്രോജക്ടനുസരിച്ചാ. അതിനേക്കാൾ കേമനല്ലായിരുന്നോ ഇത്. ഒറ്റ അനൗൺസ്‌മെന്റ് മതിയായിരുന്നു, ആയമ്മ ജയിലിൽ നിന്നിറങ്ങുമ്പോ ആത്മകഥയെഴുതാൻ പോകുന്നുവെന്ന്. പെൻഗ്വിൻ തുടങ്ങി എല്ലാവരും ക്യൂ നിൽക്കുമായിരുന്നു. പിന്നെ മലയാളത്തിൽ ആരായിരിക്കും പരിഭാഷയുടെ അവകാശം വാങ്ങിക്കുക എന്നൂഹിക്കാമല്ലോ. ഇപ്പോ വെറും പതിനൊന്നുകോടിക്കാ മൊഴിമാറ്റം നടത്തിയതെന്നാ നമ്മുടെ കോടിയേരിസഖാവൊക്കെ പറയുന്നെ. എന്തൊരു മണ്ടൻ കച്ചവടമാ. അതുമാത്രമോ. എടോ ഇംഗ്ലീഷിൽ ബുക്ക് ഹിറ്റായിക്കഴിഞ്ഞാലുള്ള അവസ്ഥയൊന്നാലോചിച്ചുനോക്കിയേ. നാഷണൽ ചാനലുകൾക്ക് ഇന്റർവ്യു കൊടുക്കുന്നതിനുപോലും നല്ല റേറ്റ് വാങ്ങാവുന്ന അവസ്ഥയുണ്ടാവില്ലേ. അതുവഴിയുണ്ടാവുന്ന സ്റ്റാറ്റസെന്നു പറയുന്നത് അമ്പതിനായിരം കോടി കൊടുത്താൽ കിട്ടുമായിരുന്നോ. ഈ നക്കാപ്പിച്ചാ പതിനൊന്നുകോടീം വാങ്ങി കടോം മറ്റും തീർത്താൽ പിന്നെയുള്ള അഞ്ചോ ആറോ കോടികൊണ്ട് ഒരു നല്ല വീട് വാങ്ങാൻ തികയുമായിരിക്കും. അതു കഴിഞ്ഞാൽ ആയമ്മേടെ നിത്യനിദാനം തന്നെ പ്രശ്‌നമാവില്ലേ. എന്തെങ്കിലും ചെയ്ത് ജീവിക്കാമെന്നു വിചാരിച്ചാൽ പോലും ബുദ്ധിമുട്ടാവില്ലേ. ഇതായിരുന്നേ, ചാനൽകാരൊക്കെ ഡിസ്‌കഷനു വിളിക്കില്ലായിരുന്നോ. ഇന്തോ-അമേരിക്കൻ ആണവകരാറിന്റെ വർത്തമാന അവസ്ഥയെക്കുറിച്ചുവരെ ആയമ്മേടെ ബൈറ്റെടുക്കില്ലായിരുന്നോ.

കു: അല്ല ചേട്ടാ, അതിനീം വേണേ പറ്റില്ലേ? ജയിലീന്നിറങ്ങിയാ ചെയ്യാവുന്നതാണല്ലോ.

നാ: അതുപോയടോ. അതു ചീറ്റിപ്പോയില്ലേ. ഇപ്പോത്തന്നെ കണ്ടില്ലേ, സോളാർ ലൂണാറായില്ലേ. മീഡിയാ അത് മറന്നില്ലേ. ഇനീ അവരിറങ്ങിയാ രണ്ട് ഇന്റർവ്യു. അത്രതന്നെ. അതോടെ ആയമ്മേടെ ഗ്യാസ് ഔട്ട്.

കു: ശ്ശെ , ചേട്ടന് ഇതിനേക്കാൾ നല്ല വല്ല ഐഡീയയും വരും ചേട്ടാ. വിഷമിക്കാതിരിക്ക്.

നാ: അല്ലടോ , നഷ്ടമായതിന്റെ സ്‌കോപ്പാലോചിച്ചുനോക്കുമ്പോൾ ……

കു: ചേട്ടാ, ഈ മൊഴിമാറ്റവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടും ഈ പ്രൊജക്ടിനേക്കുറിച്ചാലോചിക്കാവുന്നതല്ലേയുള്ളൂ.

നാ: അതുരക്ഷയില്ല. എല്ലാറ്റിനുമൊരു വിർജിനിറ്റിയുണ്ടടോ. അത് പോയാൽ പിന്നെ അത് വീണ്ടെടുക്കാൻ പറ്റുന്ന പ്രശ്‌നമില്ല.

sarith s nair

 

കു: ചേട്ടൻ ഇവിടുന്ന് പോയനെക്കെയുള്ള കാര്യമൊന്നും അത്രങ്ങറിയില്ലെന്നുതോന്നുന്നു. ഇപ്പോ വിർജിനിറ്റിയൊന്നും ഫാഷനല്ല. വിർജിനിറ്റി ഔട്ടോഫ് ഫാഷനുമായിട്ടുണ്ട്. ആ സ്ഥിതിക്ക് ചേട്ടൻ ഞാൻ പറഞ്ഞപോലെ ഇപ്പമുള്ള രീതിയിലങ്ങ് മാർക്കറ്റ് ചെയ്താ സംഗതി കലക്കും ചേട്ടാ.

നാ: അതുവേണ്ടടോ. താൻപറയുന്നതുപോലെ ഞാൻ ഔട്ട്‌ഡേറ്റഡൊന്നുമല്ലടോ. 22എഫ്‌കെയുടെ സാറ്റലൈറ്റ് വെർഷനൊക്കെ ഞങ്ങളും കാണുന്നുണ്ടടോ. താനീപ്പറയുന്നതുപോലെ  വെർജിനിറ്റി ഫാഷനല്ലെങ്കിലും അതില്ലായ്മയങ്ങോട്ട് ഫാഷനായിട്ടില്ല. അത് എയിഡ്‌സ് ഫാഷനാവുമ്പോ മാത്രമേ മറ്റേതും ഫാഷനാവുകയുള്ളു.

കു: എങ്കിലധികം താമസം വേണ്ടാ ചേട്ടാ. ഇപ്പോ, ക്യാൻസറ് ഫാഷനായിട്ടുണ്ട്. അതുപോലെ കിഡ്‌നി ഏർപ്പാടും. താമസിയാതെ എയിഡ്‌സും ഫാഷനായിക്കൊള്ളും. അതുകൊണ്ട്  ചേട്ടനാ പ്രോജക്ട് കളയേണ്ടാന്നാണ് ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.

നാ: പോടോ. തനിക്ക് ദീർഘവീക്ഷണമില്ല. എടോ ആയമ്മയെ കടത്തിവെട്ടുന്ന ആരെങ്കിലുമോ എന്തെങ്കിലുമോ താമസിയാതെ വരും. സംഗതി ഇമ്മാതിരി വിഭാഗത്തിൽ പെട്ടതായിരിക്കും. പക്ഷേ ഇത്രയും സ്‌പൈസി ആവണമെന്നില്ലടോ.

കു: ചുരുക്കം പറഞ്ഞാ സൗരോർജപ്രോജക്ട് പോലെയായി.

നാ :ങാ, തനിക്ക് ബുദ്ധിയൊന്നും പോയിട്ടില്ല, അല്ലേ. തിളങ്ങുന്നത് തിളങ്ങിയാ തിളങ്ങും. അല്ലേ കഥ കഴിഞ്ഞതുതന്നെ. സൗരോർജത്തിന്റെ കഥയും അതുതന്നെടോ.

Tags: