വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക. |
വൈക്കം മുഹമ്മദ് ബഷീർ: ഹൊ, എന്താ പണിക്കാ ഒരു മുന്നറിയിപ്പുമില്ലാതെ. ആഞ്ഞൊന്ന് തുപ്പാനുള്ള പുറപ്പാടിലായിരുന്നു ഞാൻ. പ്പോ, പണിക്കന്റെ ദേഹത്ത് വീണേനയായിരുന്നു.
കുഞ്ഞുപണിക്കൻ: എന്റെ വരവ് ആ സുഖത്തെ കൊന്നുവോ ആവോ?
ബ: ഏയ്, കുറേ ദിവസമായി ഇതിത്തിരി കൂടുതലാ പണിക്കാ.
കു: അതെന്താണാവോ അങ്ങിനെ. ഞങ്ങടെ ടിവിയെങ്ങാനും കാണുന്നുണ്ടോ?
ബ: നമ്മള് പോയിട്ട് പത്തൊമ്പത് കൊല്ലമായല്ലോ. ആരെങ്കിലും നമ്മളേക്കുറിച്ച് വല്ല പൈങ്കിളിയും ഒപ്പിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി നോക്കിപ്പോയതാ. അവിടുന്നിങ്ങുവന്നിട്ട് ഇതുവരെ ഇല്ലാതിരുന്നതാണ് ഈ തുപ്പലെജ്ഞം. പക്ഷേ ഒന്നുനോക്കിയതിനു ശേഷം വീണ്ടും തുടങ്ങിയിരിക്കുന്നു. തുപ്പലോടു തുപ്പല് തന്നെ. അതുകാരണം സുഖം പോയിട്ട് വയ്യാണ്ടായിരിക്കുന്നു.
കു: അങ്ങ് ഉയർത്തപ്പെട്ടവൻ. ഞങ്ങൾക്കിവിടെ തുപ്പാനും നിവർത്തിയില്ല. പരസ്യമായി തുപ്പിയാല്‍ ക്രമിനല്‍ കുറ്റമാ. പോലീസു പിടിക്കും. അതിരിക്കട്ടെ, താത്രിക്കുട്ടിയൊക്കെയവിടെയുണ്ടോ.
ബ: എന്റെ പണിക്കാ, ഒള്ളതു പറഞ്ഞാ ഇങ്ങോട്ട് പോരുമ്പോ ഉള്ള ഒരു ഉഷാറതായിരുന്നു. ആയമ്മയെയൊന്ന്‍ നേരിട്ടു കാണാല്ലോന്നു കരുതി. പണിക്കൻ ആരോടും പറയരുത്. നിങ്ങടെ മാധ്യമക്കാരറിഞ്ഞാ ഞാൻ താത്രിക്കുട്ടിയെ അന്വേഷിഷിച്ച് പോയീന്ന് അവര് ബ്രക്കിംഗ് ന്യൂസടിക്കും. നമ്മക്ക് നമ്മുടെ ബീവീനോട് പെരുത്ത ഇഷ്ടമായിരുന്നു. ഇപ്പോഴും അങ്ങിനെതന്നെ. ബീവീം മക്കളും കൊച്ചുമക്കളുമൊക്കെ ഇപ്പോ സുഖമായി കഴിഞ്ഞുപോകുന്നുണ്ട്. അവര്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയുണ്ടാക്കരുത്.
കു: സുല്‍ത്താന്‍ എന്റെ ക്ഷമ പരീക്ഷിക്കരുത്. എനിക്കും അങ്ങ് വന്നാ കൊള്ളാമെന്ന്‍ തോന്നുന്നു. താത്രിക്കുട്ടീടെ കാര്യം പറ. വേഗമാകട്ടെ.
ബ: ആരോടും പറയരുത്. താത്രിക്കുട്ടീനെ ഇവിടെ കാണാനില്ല.
കു: ഇനി, ഓളിപ്പോ നരകത്തിലെങ്ങാനുമാകുമോ?
ബ: ഏയ്, ഓള് നേരേ ഇങ്ങോട്ടാ പോരുന്നെ. നമ്മുടെ പഴയ ചങ്ങാതിമാരൊക്കെ കണ്ടിട്ടുണ്ട്. നമ്മള് വരുന്നതിനു മുൻപ് തന്നെ മൂപ്പത്തിയെ കാണാനില്ലത്രെ. നമ്മുടെ പൊറ്റക്കാടും കണ്ടിട്ടില്ലത്രെ.
കു: ഓ, എങ്കീ ഓളുതന്നെ, ഓളു തന്നെ. താത്രിക്കുട്ടിയെ പിടികിട്ടി. ആയമ്മ ഇവിടെയുണ്ട്. ആയമ്മ തന്നെയാണ്.
ബ: എവിടെയാണ്. എനിക്ക് ഇവിടെയൊരു ബ്രേക്കിംഗടിക്കാം. മൂപ്പത്യാരെ കാണാൻ കൊതിയുള്ള കൊറേ കൊതിയൻമാരുണ്ടിവിടെ.
കു: ശങ്കേം തുരുമ്പും കണ്ടതിനെത്തുടർന്ന്‍ തടവിലാക്കിയിരിക്കുന്നു.
ബ: ശങ്കേം തുരുമ്പുമോ? അതെന്ത്? മലയാളത്തില് മ്മള് പണ്ടേ വീക്കാന്നറിയാല്ലോ?
കു: ഹഹഹഹ. അതായത് മതിയായ തെളിവ്. സബ്സ്റ്റാൻഷ്യല്‍ എവിഡൻസ്. പക്ഷേ വിചാരം തുടങ്ങിയിട്ടില്ല.
ബ: ആയമ്മേടെ പേര് താത്രീന്ന്‍ തന്നെയാണോ പണിക്കാ?
കു: ഒരു പേരിലെന്തിരിക്കുന്നു. പലപല പേരുകളിലാണ് താത്രി നമ്മുടെ ആശാൻമാരെയൊക്കെ അക്ഷരശ്ലോകം പഠിപ്പിച്ചത്. ആദ്യം ലക്ഷ്മി നായർ. ഇപ്പോള്‍ സരിതാ നായർ.
ബ: ഓ, അപ്പോ, ഓള് തന്നെ. താത്രി വലിയ വിപ്‌ളവകാരിയും രാഷ്ട്രീയപ്രയോഗമാണ് നടത്തിയതെന്നൊക്കെയുള്ള വലിയ പ്രബന്ധങ്ങള് പണ്ട് നമ്മള് വായിച്ചിട്ടുണ്ട്. ആയമ്മയുടെ ഇപ്പോഴത്തെ ജാതി തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുന്നുണ്ട്.
കു: അപ്പറഞ്ഞത് മനസ്സിലായില്ല.
ബ: ആയമ്മയുടെ അധികാരിവർഗ്ഗത്തോടുള്ള ആ പക കാണാനുണ്ടേ. മൂപ്പത്ത്യാര് സരിതാ എസ്. നായരായി വരാൻ തീരുമാനിച്ചത് അതുകൊണ്ടാണ്. കാരണം അന്ന്‍ മൂപ്പത്ത്യാരുടെ ലിസ്റ്റില്‍ പെട്ടവരില്‍ ഏറ്റവും കുറവ്അക്കൂട്ടരായിരുന്നല്ലോ.
കു: അതിനകത്തും ജാതീയമായ ചേരിതിരിവുണ്ടായിരുന്നോ?
ബ: അതല്ലേ ആയമ്മയെ വിപ്ലവകാരിയായി കാണുന്നത്. അന്ന്‍ അതിശക്തമായിരുന്ന ജാതിചിന്തകളെ അവളരിഞ്ഞുവീഴ്ത്തിയില്ലേ. മുപ്പതു നമ്പൂതിരിമാർ, പത്ത് അയ്യർമാർ, പതിമൂന്നു അമ്പലവാസികൾ, പതിനൊന്ന്‍ നായൻമാർ. അക്കാലത്ത് ജാതി വ്യവസ്ഥയ്‌ക്കെതിരേയുള്ള ഏറ്റവും വലിയ കടന്നാക്രമണമായിരുന്നില്ലേ.
കു: അപ്പോ ഒരു സംശയവും വേണ്ട. ജാതി,മത,വർഗീയതയില്‍ കുളിച്ചും കുളിക്കാതെയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കേരള രാഷ്ട്രീയ-സാമൂഹ്യാന്തരീക്ഷത്തില്‍ സരിതത്താത്രി അതിനെതിരെ ഒറ്റയാൾ വിപ്‌ളവം തന്നെയാണ് നയിച്ചിരിക്കുന്നത്. കീഴ്ജാതി-മേല്‍ജാതി വ്യത്യാസമില്ലാതെ, മതത്തിന്റെ പേരിലുള്ള വിഭാഗീയ ചിന്തയില്ലാതെയാണ് ഇക്കുറി താത്രിക്കുട്ടി വിപ്‌ളവം സൃഷ്ടിച്ചിരിക്കുന്നത്. വിചാരണതുടങ്ങിയില്ലെങ്കിലും മറുകുകളുടെ വിവരം പുറത്തുവന്ന്‍ തുടങ്ങി.
ബ: അതെങ്ങനെ. താത്രിപറയാതെ മറുകിന്റെ വിവരമറിയുന്നത്.
കു: സുല്‍ത്താനെ, ഇപ്പോള്‍ ഡിജിറ്റല്‍ യുഗത്തിലല്ലേ താത്രി വന്നിരിക്കുന്നത്. അതുകൊണ്ട് ആയമ്മയ്ക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ ഓർമയില്‍ വെക്കേണ്ട ആവശ്യമില്ല. ഇപ്പോൾ മൊബൈല്‍ കാൾ വിവരങ്ങളാണ് മറുകായി കാണുന്നത്. അതുകൊണ്ട് വിപ്ലവത്തിന്റെ തോത് കൂട്ടാൻ ഇപ്പോ താത്രിക്കുട്ടിക്ക് കഴിയുന്നുണ്ട്.
ബ: മനസ്സിലായില്ല പണിക്കാ.
കു: അതേ, നമ്മുടെ പഴയ താത്രിക്കുട്ടി, എല്ലാം കൂടി അറുപത്തിയാറുപേരുടെ പേരും മറുകുമാണല്ലോ പറഞ്ഞത്. ഈ താത്രിക്കുട്ടിയുടെ ലിസ്റ്റില്‍ എണ്ണം നൂറുകൾ കഴിയുമെന്നാ തോന്നുന്നത്. മാത്രമല്ല, താത്രിക്കുട്ടിയുടെ മറുകിനെപ്പറ്റിയും എസ്.എം.എസ്സ് കേൾവികളുണ്ട്.
വിചാരണ നൂറ്റി അൻപത്തിനാലാം ദിവസം കഴിഞ്ഞു. അപ്പോഴാണറിയുന്നത് താത്രിയുടെ ലിസ്റ്റില്‍ അടുത്തപേര് കൊച്ചി രാജാവിന്റേതാണെന്ന്‍. അതോടെ വിചാരണയ്ക്ക് ഫുൾ സ്റ്റോപ്പ്!
ബ: അതിരിക്കട്ടെ, താത്രിക്കുട്ടിയുടെ ലിസ്റ്റില്‍ പെടുന്നവരില്‍ അധികാരിവർഗം തന്നെയാണോ ഇപ്പോഴും മുന്നില്‍. അന്നും അങ്ങിനെയായിരുന്നല്ലോ?
കു: അതിനിപ്പോഴും ഒരു മാറ്റവുമില്ല.
ബ: കുഞ്ഞുപണിക്കൻ പഴയ താത്രിക്കുട്ടിയെ കുറച്ചു കാണണ്ട. മൂപ്പത്ത്യാരും ആള് മോശമല്ലാര്‍ന്നു. അറുപത്തിയാറുപേരുടെ പേര് പറഞ്ഞ്. അറുപത്തിനാലു പേരെ കിട്ടി. രണ്ട് പേര് മരിച്ചു. കാര്യം കണക്കുപ്രകാരമൊക്കെ പണിക്കൻ പറഞ്ഞത് ശരിയാ. പക്ഷേ, വിചാരണ ഇടയ്ക്കുവച്ചു നിന്നുപോയ കാര്യം പണിക്കൻ മറന്ന് പോയിരിക്കുന്നു.
കു: അയ്യയ്യോ. ഓർമ്മക്കുറവാണേ. ക്ഷമിക്കണം. എങ്ങിനെയായിരുന്നു അതു നിലച്ചതെന്ന്‍ ഓർമ്മ കിട്ടുന്നില്ല.
ബ: ഹഹഹഹ. ഒന്ന്‍ മാറിയേ പണിക്കാ, ഞാനൊന്ന്‍ വീശിയൊന്ന്‍ തുപ്പട്ടെ. ഫൂ… ങാ, അതറിയില്ലേ. പറയാം. വിചാരണ നൂറ്റി അൻപത്തിനാലാം ദിവസം കഴിഞ്ഞു. അപ്പോഴാണറിയുന്നത് താത്രിയുടെ ലിസ്റ്റില്‍ അടുത്തപേര് കൊച്ചി രാജാവിന്റേതാണെന്ന്‍. അതോടെ വിചാരണയ്ക്ക് ഫുൾ സ്റ്റോപ്പ്! ഏയ് പണിക്കാ, പണിക്കാ എന്തു പറ്റി. ഞാൻ വിചാരിച്ച് പണിക്കന് വല്ല ബോധക്ഷയമോ മറ്റോ വന്നെന്ന്.
കു: ഞാനാലോചിക്കുവാരുന്നു, അങ്ങിനെയങ്കില്‍ താത്രിക്ക് സരിതജന്മം കഴിഞ്ഞ് വീണ്ടും ജനിക്കേണ്ടി വരുമെന്ന്‍ തോന്നുന്നു തന്റെ വിപ്ലവം പൂർത്തിയാക്കാൻ. എന്തായാലും ഞങ്ങൾക്കൊരു ബ്രേക്കിംഗ് ന്യൂസ് തന്നെ.
ബ: ഇപ്പോഴല്ലേ ബ്രേക്കിംഗ് ന്യൂസിന്റെ അർഥം പിടികിട്ടിയെ പണിക്കാ. എന്താ അതിനൊരു മലയാളം പേര് കൊടുക്കുക? നമ്മടെ ഭാഷ ശ്രേഷ്ഠമല്ലെങ്കിലും ഒരു പൂതി. ബ്രേക്കിംഗ് എന്നുവെച്ചാല്‍ തനിമലയാളം മ്മിണി ബുദ്ധിമുട്ടാ.
കു: തകർക്കുന്ന വാർത്തയെന്നായാല്‍ ശരിയാകുമോ?
ബ: സംഗതി ശരിയാണെങ്കിലും ബ്രേക്കിംഗ് ആവുന്നില്ല. ഹാ, കിട്ടിപ്പോയി, താത്രിവാർത്ത. എപ്പടി പണിക്കാ?
കു: ഉഗ്രൻ! ഉഗ്രോഗ്രൻ!! താത്രി വാർത്തയ്‌ക്കൊപ്പം താത്രി ദൃശ്യങ്ങളുമിപ്പോഴുണ്ടേ. ഇപ്പോഴും സുല്‍ത്താന്‍ യൗവനയുക്തൻ തന്നെ.
ബ: ജീവിതം യൗവനയുക്തവും പ്രേമസുരഭിലവുമായിരിക്കട്ടെ പണിക്കാ. മംഗളം. ശുഭം.