നല്കണം സരിതയ്ക്ക് അവാർഡ്

പൊടിയന്‍
Wed, 26-06-2013 06:15:00 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു, ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കൻ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ പുരോഗമിക്കുക.

 


മാധവിക്കുട്ടി: വരൂ പണിക്കാ വരൂ, എന്തൊക്കെയുണ്ട് മലയാളക്കരയിലെ വിശേഷങ്ങൾ?

കുഞ്ഞുപണിക്കൻ: ഇപ്പോള്‍ റിയാലിറ്റിഷോകളുടെ കാലമാണേ. സാഹിത്യത്തിലും തുടങ്ങിയിരിക്കുന്നു ആ പിരിവ്.

മാ: ഹാവൂ, കൊതിവരുന്നു.

പ: ഇപ്പോള്‍ മലയാളത്തുകരയില്‍ ആർക്കും കൊതിയില്ലേ. എല്ലാം സമൃദ്ധം. പിന്നെ ആ വാക്ക് വല്ലപ്പോഴും ചില മന്ത്രിമാരുപയോഗിച്ചാലായി.

മാ: കൊതിയില്ലാതായെന്നോ! അപ്പോള്‍ പിന്നെ രസമെന്താ?

പ: രസം മാത്രമേ ഉള്ളേ.

മാ: കേൾക്കട്ടെ, ഇപ്പോഴത്തെ രസമെന്താ?

പ: ഇപ്പോള്‍ സരിതരസമാണേ. ചില പഴമൊഴികളിലും മാറ്റമുണ്ടായേ. സരിത തൊടാത്തവരില്ല കുരുക്കളില്‍ എന്നായിട്ടുണ്ടേ.

മാ: ഓ, ആ സുന്ദരിക്കൊച്ചോ?

പ: രണ്ടഭിപ്രായമുണ്ടേ. സൗന്ദര്യമല്ല, കഴിവാണ് മുന്നിലെന്നൊരു പ്രബന്ധവും ശക്തിപ്രാപിക്കുന്നുണ്ട്.

 

ഇപ്പോ നിങ്ങടെ അസംബ്‌ളിയൊക്കെ എങ്ങനെ പോകണമെന്ന്‍ നിശ്ചയിക്കുന്നത് പെണ്ണുങ്ങളായില്ലേ. കഴിഞ്ഞ തവണ യാമിനി. ഇത്തവണ സരിത.

 

മാ: എന്തായാലും എനിക്കവളെ ക്ഷ പിടിച്ചിരിക്കുന്നു. തന്റെ പ്രബന്ധം ശരിതന്നെ. ആണുങ്ങളൊക്കെ പേടിത്തൊണ്ടന്‍മാരായിരിക്കുന്നു. എന്തുപറ്റി പണിക്കാ നിങ്ങടെ വർഗമിങ്ങനെ ഭീരുക്കളാകാൻ. നല്ല ധൈര്യമുള്ള പെണ്ണ്. എന്തായാലും നല്ല രസമുണ്ട്. ഇപ്പോ നിങ്ങടെ അസംബ്‌ളിയൊക്കെ എങ്ങനെ പോകണമെന്ന്‍ നിശ്ചയിക്കുന്നത് പെണ്ണുങ്ങളായില്ലേ. കഴിഞ്ഞ തവണ യാമിനി. ഇത്തവണ സരിത. അടുത്ത സെഷനെ കശക്കുന്ന ആ മൊഞ്ചത്തിയാരാണെന്നറിയാൻ കൊതിയായി. അതിരിക്കട്ടെ, എന്താണ് സാഹിത്യത്തില്‍ റിയാലിറ്റിഷോ തുടങ്ങിയെന്ന്‍ പറയുന്നത്?

പ: അവിടുന്നെഴുതിയ ആല്‍ഫബറ്റ് ഓഫ് ദ് ലസ്റ്റൊക്കെ അറുപഴഞ്ചനും ആരും വായിക്കാൻ സാധ്യതയില്ലാത്തതുമായ കിതാബായിരിക്കുന്നു. ഇപ്പോൾ ഒരാഴ്ചത്തെ വാർത്ത സംഗ്രഹിച്ച് അതു പുസ്തകരൂപത്തിലാക്കിയാല്‍ ഉഗ്രൻ സാഹിത്യരചനയാകുമേ.

മാ: അപ്പോ, ഇപ്പോ സാഹിത്യം ജീവിതഗന്ധിയായി അല്ലേ?

പ: ഗന്ധം വല്ലാതുണ്ടേ. അതുകാരണം തലസ്ഥാനത്തേക്കു ഇപ്പോള്‍ പോകാൻ വയ്യാണ്ടായിരിക്കുന്നു.

മാ: ഓ, പിന്നെ, ഇതുകേട്ടാല്‍ തോന്നുമല്ലോ, നിങ്ങടെ തലസ്ഥാനത്ത് ഒരിക്കലും ഗന്ധമുണ്ടായിട്ടില്ലെന്ന്. ചരിത്രജ്ഞാനം പണിക്കനും ഇല്ലാണ്ടായോ.

പ: ചരിത്രജ്ഞാനമൊക്കെയുണ്ടേ. എങ്കിലും അന്ന്‍ വിളപ്പില്‍ ശാലയല്ലായിരുന്നു.

മാ: അതിരിക്കട്ടെ, എന്താണ് ഈ മൊഞ്ചത്തി ഒപ്പിച്ചിരിക്കുന്നത്?

പ: കൃത്യമായി അതറിയാവുന്നത് പി.സി. ജോർജിന് മാത്രം. ടിയാൻ വിട്ടുകൊടുക്കുന്നതനുസരിച്ച് ചാനല്‍ജീവികൾ അരികും മൂലയും പറഞ്ഞുതരുന്നു. അതുതന്നെ ഇതിഹാസ സമം. മുഴുവൻ പുറത്തുവന്നാല്‍ ഇതിഹാസത്തിന്റെ സ്ഥാനം പോകുമെന്നും കേൾക്കുന്നുണ്ട്. ഈ കേമി പതിനായിരം കോടിയുടെ തമാശ ഒപ്പിച്ചെന്നാ കേൾക്കുന്നെ.

 

എന്തൊരു ഷണ്ഡത്തമാ ചിലപ്പോ കാണുന്നത്. പോലീസിന്റെ ബാരിക്കേഡിന്റെ നേർക്കാ ആഞ്ഞുകുത്തി ചില മൃഗങ്ങള് കരഞ്ഞ് തീർക്കുന്നപോലെ ചെയ്യുന്നത്.

 

മാ: നന്നായിപ്പോയി. ആ കുട്ടി അല്ലാതെന്താ ചെയ്ക? ഈ മൊഞ്ചുള്ള മൊഞ്ചത്തികൾക്ക് വേണ്ടത് എന്താണെന്ന്‍ പണിക്കനറിയുവോ. നല്ല ആണ്‍കുട്ടികളെ.  അതുകിട്ടാതെ വരുമ്പോള്‍ അവൾക്കുള്ള ദേഷ്യോം സങ്കടോം ഒക്കെ ഈ രീതിയിലെങ്കിലും തീർക്കണ്ടേ. പെണ്ണിന്റെ നേരേ നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്തവരായാ ഇങ്ങനെയൊക്കെയിരിക്കും. പേടിത്തൊണ്ടന്‍മാർ. ഒരഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെപ്പോലും പേടിയാ. അതുകൊണ്ടല്ലേ മൂന്നുവയസ്സുള്ള കൈക്കുഞ്ഞിനെ കിടന്നുറങ്ങാൻ സമ്മതിക്കാതെ വൃത്തികേട് കാട്ടിക്കൂട്ടുന്നത്.

പ: ഞങ്ങടെ വർഗത്തെ വല്ലാണ്ട് ആക്ഷേപിക്കുന്നു. പ്രതിഷേധമുണ്ട്.

മാ: ആവശ്യമില്ലാത്തതിനും കണ്ടതിനും പിടിച്ചതിനുമെല്ലാം പ്രതിഷേധിച്ചും മുദ്രാവാക്യം വിളിച്ചുമാ നിങ്ങടെ ആണത്തം ഇങ്ങനെ വല്ലാതെ കണ്ട് ചോർന്നുപോയത്. എന്തൊരു ഷണ്ഡത്തമാ ചിലപ്പോ കാണുന്നത്. പോലീസിന്റെ ബാരിക്കേഡിന്റെ നേർക്കാ ആഞ്ഞുകുത്തി ചില മൃഗങ്ങള് കരഞ്ഞ് തീർക്കുന്നപോലെ ചെയ്യുന്നത്. എന്താണ് ഈ ബാരിക്കേഡ് ചെയ്ത കുറ്റം. മണ്ടൂസൻ പോലീസുകാരും. അവരാ ബാരിക്കേഡെടുത്തുമാറ്റി അവരെ പോകേണ്ടിടത്തേക്കു കയറ്റിവിട്ടുകൂടെ. എന്തിനാ അവരെ പേടിക്കുന്നെ. ഒന്നും ചെയ്യില്ല. ഗാന്ധിജി ബ്രിട്ടിഷുകാരെ ഓടിക്കാൻവേണ്ടി ഏതെങ്കിലുമൊരു ബാരിക്കേഡെങ്കിലും തള്ളിയതായറിയുമോ. ഇതൊന്നുമില്ലെങ്കില്‍ ഇവിടുത്തുകാരല്ലേ ഭരണത്തിലൊക്കെയിരിക്കുന്നത്. എന്തേ പണിക്കാ, ഒന്നും മിണ്ടാത്തത്.

പ: എന്തു മിണ്ടണമെന്നാലോചിക്കുവാരുന്നേ.

മാ: ഒന്നും മിണ്ടാതിരിക്കുകയാണ് പണിക്കാ ഭേദം. പൗരുഷം എന്നത് സർഗാത്മകമാണ്. അതുണ്ടെങ്കിലേ എന്തും ഏതും സർഗാത്മകമാക്കാൻ പറ്റുകയുള്ളു. ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആ കുട്ടിക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ അവാർഡ് കൊടുത്ത് ആദരിച്ചേനെ. അവൾ കേരളത്തിന്റെ രക്ഷകയാണ്. ആണുങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റാത്തപ്പോൾ പ്രത്യക്ഷപ്പെട്ട രക്ഷക. ഈ ബാരിക്കേഡ് തള്ളാൻ മാത്രവും അതു തള്ളുന്നവരെ തല്ലാനും മാത്രമറിയാവുന്നവർക്ക് ഒരു ചുക്കും മനസ്സിലാവില്ല.

പ: അയ്യോ എന്തൊക്കെയാണീപ്പറയുന്നത്. തല ചുറ്റുന്നു.

 

ഇത്രയും ശക്തമായി സോളാർ വൈദ്യുതി പദ്ധതിയെപ്പറ്റി പ്രചാരണമുണ്ടാക്കണമായിരുന്നുവെങ്കില്‍ വേണ്ടിവരുമായിരുന്ന കോടികളെത്രയാ. അതുവച്ചുനോക്കുമ്പോള്‍ ആ കുട്ടിക്ക്, ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണെങ്കിലും എത്ര കോടി കൊടുത്താല്‍ മതിയാകും.

 

മാ: നല്ല പെണ്ണുങ്ങളെ കണ്ടാല്‍ ചിലപ്പോള്‍ ചിലർക്ക് തലചുറ്റും. ഒന്നാലോചിച്ചു നോക്കൂ. ആ സരിത എന്തും പറഞ്ഞാണ് ആൾക്കാരുടെ കയ്യില്‍ നിന്ന്‍ പണം വാങ്ങിയത്. സോളാർ വൈദ്യുതി കൊടുക്കാമെന്ന്‍ പറഞ്ഞ്. കേരളത്തില്‍ ഇതുവരെ ആരെങ്കിലും ഇത്ര ധൈര്യപൂർവ്വം പ്രായോഗികമായി രംഗത്തെത്തിയിട്ടുണ്ടോ. ഇല്ല. ഒരു സർക്കാർ സ്ഥാപനമുണ്ടല്ലോ. അനർട്ട്. ഇതുപോലെ ഇനർട്ടായ ഒരു സ്ഥാപനമുണ്ടോ. സരിത വന്നതിനു ശേഷമല്ലേ സോളാർ എന്ന വാക്കു തന്നെ നേരേ ചൊവ്വേ എല്ലാവരും കേൾക്കുന്നത്? ആ കുട്ടി എത്രമാത്രം സ്വപനം കണ്ടിട്ടുണ്ടാവും, കേരളം സോളാർപ്രഭയില്‍ മുങ്ങിനില്‍ക്കുന്നത്. എത്ര ദശാബ്ദമായി ഇവിടെ പരിസ്ഥിതിപ്രവർത്തകരുണ്ട്. അവരൊക്കെ വൈദ്യുതി വെളിച്ചത്തിലും ഏസിയിലുമൊക്കെയിരുന്ന്‍ പരിസ്ഥിതി സമരങ്ങൾ ആസൂത്രണം ചെയ്യും. എന്നിട്ട് ഡാമുകൾ വരുന്നതിനെതിരെ സമരം ചെയ്യും. അല്ലാതെ ആരെങ്കിലും ഒരു ബദല്‍ ഊർജത്തെപ്പറ്റി പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ. കേരളത്തില്‍ ഏറ്റവും അത്യാവശ്യം ഇപ്പോള്‍ വൈദ്യുതിയല്ലേ. ഉള്ള വൈദ്യുതിയുടെ വില മനുഷ്യനു താങ്ങാൻ പറ്റുമോ. ഇവിടെ വ്യവസായങ്ങൾ വരണമെങ്കില്‍ വൈദ്യതി വേണ്ടേ. ഇനി ഡാമുണ്ടാക്കി വൈദ്യുതി ഉണ്ടാക്കാമെന്നുവെച്ചാല്‍ അതു കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥ കൂടി ഇല്ലാതാക്കില്ലേ. ആകെ, കേരളത്തിന് രക്ഷപെടണമെങ്കില്‍ ഇതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെ കേരളം മുഴുവുൻ സോളാർപാനല്‍ കൊണ്ട് മൂടാൻ ശ്രമിച്ച പെണ്‍കുട്ടിയല്ലേ അവൾ, സരിത. ഏത് വലിയ അവാർഡ് ഏർപ്പെടുത്തിയാലും അവൾ അതിനർഹയല്ലേ. പിന്നെ കോടികൾ. പണ്ടൊക്കെ പെണ്ണുങ്ങളേക്കുറിച്ചാണ് കുശുമ്പത്തി, അസൂയക്കാരി എന്നൊക്കെ പറഞ്ഞിരുന്നത്. ഇപ്പോ ആ പെണ്ണുങ്ങളേക്കാളും കഷ്ടമായിരിക്കുന്നു ആണുങ്ങൾ. ഒരു പെണ്ണ് കുറച്ചു കോടി കൊണ്ടുപോകുന്നുവെന്ന്‍ കേൾക്കുമ്പോള്‍ ഈ ബാരിക്കേഡ് തള്ളികൾക്കു സഹിക്കുന്നില്ല. കഷ്ടം തന്നെയാണേ. പിന്നെ കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സ്വപ്നം കാണുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോള്‍ ആ കുട്ടിക്കു ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതിരിക്കാൻ പറ്റുമോ. അതിനായി അദ്ദേഹത്തിന് ഫോണുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ചേനെ. എല്ലാ മന്ത്രിമാരേയും ആ കുട്ടി വിളിച്ചില്ലേ. ഇത്രയും നാൾ ഈ മന്ത്രിമാരൊക്കെ ഭരിച്ചിട്ട് സോളാർ പദ്ധതി നടപ്പാക്കാൻ പറ്റിയോ. സർക്കാരിന്റെ ഖജനാവില്‍ നിന്ന്‍ എത്ര കോടികളാ സോളാർ വൈദ്യുതി പ്രചാരണത്തിനായി ചെലവഴിച്ചിട്ടുള്ളത്. എന്നിട്ട് എത്ര പേരിലേക്കെത്തി? ഇപ്പോഴോ, സോളാർ വൈദ്യുതി പദ്ധതിയെപ്പറ്റി അറിയാത്ത ഏതെങ്കിലും ഒരു കുഞ്ഞ് കേരളക്കരയിലുണ്ടോ? മറുകരകളിലുള്ള മലയാളികളുടെയിടയിലുണ്ടോ. അപ്പോള്‍ ഇത്രയും ശക്തമായി സോളാർ വൈദ്യുതി പദ്ധതിയെപ്പറ്റി പ്രചാരണമുണ്ടാക്കണമായിരുന്നുവെങ്കില്‍ വേണ്ടിവരുമായിരുന്ന കോടികളെത്രയാ. അതുവച്ചുനോക്കുമ്പോള്‍ ആ കുട്ടിക്ക്, ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണെങ്കിലും എത്ര കോടി കൊടുത്താല്‍ മതിയാകും. നന്ദിയില്ലാത്ത ബാരിക്കേഡ് തള്ളിയാണുങ്ങൾ. കാര്യങ്ങളെല്ലാം സാധിച്ചുകഴിഞ്ഞപ്പോള്‍ അതിനെപ്പിടിച്ച് ജയിലിലുമിട്ടു. കേരളത്തിന്റെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിനും പരിസ്ഥിതിയെ രക്ഷിക്കുന്നതിനുമുതകുന്ന സാമൂഹ്യ അവബോധമുണ്ടാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിട്ടായിരിക്കും സരിതയെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. പണിക്കാ ചരിത്രം വായിക്കലും ചരിത്രാവബോധവും തമ്മില്‍ വ്യത്യാസമുണ്ട്. എങ്ങിനെയാ, ചരിത്രമെന്ന്‍ കേട്ടാലും ചാരിത്രമെന്നോർത്ത് സുഖിക്കാനല്ലേ നിങ്ങൾക്കറിയൂ.

പ: അപ്പോള്‍ സരിത ചരിത്രവനിതയാകുമെന്നാണോ പറയുന്നത്.

അാ: ആകുമെന്നല്ല, ആയിക്കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങടെ ഇനർട്ട് സ്ഥാപനമായ അനർട്ടുപോലും ഒരറിയിപ്പ് കൊടുത്താല്‍ സോളാർ പദ്ധതി സ്വീകരിക്കാൻ ആരാണ് മുന്നോട്ടുവരാത്തത്.

പ: അപ്പോള്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെയൊക്കെ പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്നാണോ?

 

നല്ല ആണുങ്ങളുടെ പരിലാളാനമേല്‍ക്കേണ്ട സ്തനങ്ങൾ പോലെയുള്ള മലകളും കുന്നുകളും എല്ലാം നിങ്ങൾ നശിപ്പിച്ചില്ലേ. നാഭി തകർക്കുന്നതുപോലെ, ആ ജെ.സി.ബി ഉപയോഗിച്ച് എല്ലാ നിലങ്ങളും നിങ്ങൾ നികത്തിയില്ലേ.

 

മാ: ഞാനൊന്നും പറയുന്നില്ല. മുഖ്യമന്ത്രി ധൈര്യപൂർവ്വം പറയണമായിരുന്നു ആ കുട്ടി ഈ സംസ്ഥാനത്തെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ആവശ്യങ്ങൾക്കാണ് തന്റെ ഓഫീസുമായി ബന്ധപ്പെട്ടതെന്ന്‍. എങ്ങിനെയാ, മുഖ്യമന്ത്രിയും പണിക്കന്റെ വർഗമല്ലേ. പെണ്ണുങ്ങൾ എക്കാലത്തും എവിടെയും വഞ്ചിക്കപ്പെട്ടിട്ടേയുള്ളു. നിങ്ങൾ നശിപ്പിക്കും. നോക്കൂ, പെണ്ണങ്ങളോടുള്ള സമീപനം തന്നെയാണ് ആണുങ്ങൾ പ്രകൃതിയോടും കാണിക്കുന്നത്. എന്തു കഷ്ടമാ, നല്ല ആണുങ്ങളുടെ പരിലാളാനമേല്‍ക്കേണ്ട സ്തനങ്ങൾ പോലെയുള്ള മലകളും കുന്നുകളും എല്ലാം നിങ്ങൾ നശിപ്പിച്ചില്ലേ. നാഭി തകർക്കുന്നതുപോലെ, ആ ജെ.സി.ബി ഉപയോഗിച്ച് എല്ലാ നിലങ്ങളും നിങ്ങൾ നികത്തിയില്ലേ. ഈ സ്തനഛേദം സഹിച്ചുകൊണ്ടും ഇപ്പോഴും പാലെന്നപോലെ നിങ്ങൾക്ക് എല്ലാ  ആവശ്യത്തിനും തോന്ന്യാസത്തിനുമുള്ള വെള്ളവും എല്ലാം തരുന്നു. എന്നിട്ടും നിങ്ങൾ ബാരിക്കേഡ് തള്ളി സുഖം കണ്ടെത്തി, പെണ്ണിനെ പേടിച്ച്, പെണ്ണിനെ നശിപ്പിച്ചു മുന്നേറുന്നു. ഞാൻ കൂടുതലൊന്നും പറയുന്നില്ല. നാണമില്ലേ പണിക്കാ, എന്നിട്ടും സാഹിത്യത്തിന്റ റിയാലിറ്റിഷോയെന്ന്‍ പറഞ്ഞു പരിഹസിക്കാൻ. പെണ്ണിന് ആണിനോടൊപ്പം ചെലവഴിക്കുന്നപോലെ ഇഷ്ടമുളള കാര്യമെന്തുണ്ട്. ഒന്നുമില്ല. അതു കിട്ടാതെവരുമ്പോള്‍ അവര് റിയാലിറ്റിഷോയും സീരിയലും കാണാതെ എന്തുചെയ്യും?

പ: പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. മാപ്പാക്കണം.

Tags: