Skip to main content
മനില

pope francis

 

ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്നും പ്രത്യേകിച്ച് അത് ഒരാളുടെ വിശ്വാസത്തെ കളിയാക്കുകകയോ ചെയ്യുമ്പോള്‍ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് അപ്രതീക്ഷിതമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പയുടെ പരാമര്‍ശങ്ങള്‍ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ലി എബ്ദോയ്ക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് വത്തിക്കാന്‍ വെള്ളിയാഴ്ച വിശദീകരിച്ചു.

 

വ്യാഴാഴ്ച ഫിലിപ്പീന്‍സിലേക്കുള്ള യാത്രാമദ്ധ്യേ ആണ് ഫ്രാന്‍സിസ് പാപ്പ പാരീസില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രതികരിച്ചത്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശം മാത്രമല്ലെന്നും അത് പൊതുനന്മയ്ക്ക് വേണ്ടിയുള്ള കടമ കൂടിയാണെന്നും പാപ്പ പറഞ്ഞു.

 

എന്നാല്‍, ഈ സ്വാതന്ത്ര്യത്തിന് പരിധികള്‍ ഉണ്ടെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരാളുടെ അമ്മയെ മറ്റൊരാള്‍ ചീത്ത വിളിച്ചാല്‍ അയാള്‍ക്ക് ഒരു ഇടി പ്രതീക്ഷിക്കാവുന്നതാണ്. അത് സാധാരണമാണെന്നും പ്രകോപനങ്ങള്‍ ഉണ്ടാക്കരുതെന്നും പാപ്പ പറഞ്ഞു. മറ്റൊരാളുടെ വിശ്വാസത്തെ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്ന്‍ പാപ്പ ആവശ്യപ്പെട്ടു.

 

പാരീസ് ആക്രമണത്തെ പരാമര്‍ശിച്ച് ദൈവത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം ഭയാനക ആക്രമണങ്ങള്‍ നീതീകരിക്കാന്‍ ആകില്ലെന്നും ഇത് വഴിതെറ്റലാണെന്നും പാപ്പ പ്രതികരിച്ചിരുന്നു. എന്നാല്‍, ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നില്ല എന്ന പാപ്പയുടെ പരാമര്‍ശം വിവാദമായതോടെയാണ് വത്തിക്കാന്‍ വിശദീകരണവുമായി എത്തിയത്. അക്രമത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നതല്ല പാപ്പയുടെ പരാമര്‍ശങ്ങള്‍ എന്ന് വത്തിക്കാന്‍ പറഞ്ഞു.

 

മുഹമ്മദ്‌ നബിയെ കളിയാക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമെന്ന് അവകാശപ്പെട്ടാണ് ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കരുതുന്നവര്‍ ഷാര്‍ളി ഹെബ്ദോ ഓഫീസ് ആക്രമിച്ചത്. ആക്രമണത്തിലും ഇവരെ പിടികൂടാനുള്ള ശ്രമത്തില്‍ ഒരു ജൂത സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിലും 17 പേര്‍ വധിക്കപ്പെട്ടിരുന്നു.  

 

പൊതുവെ, ഷാര്‍ളി ഹെബ്ദോയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വ്യാപക പിന്തുണ കിട്ടിയെങ്കിലും എല്ലാ സമൂഹങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികള്‍ ഉണ്ടെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പല പാശ്ചാത്യ രാജ്യങ്ങളിലും നിലവിലുള്ള രണ്ടാം ലോകമഹായുദ്ധ കാലത്തെ ജൂതവംശഹത്യ നിഷേധിക്കുന്നത് തടയുന്ന നിയമവും വംശീയമായും മറ്റുമുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നിരോധിക്കുന്ന നിയമവും മറ്റുമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

 

ഈയിടെ വത്തിക്കാനും ഫ്രാന്‍സിലെ നാല് പ്രമുഖ ഇമാമുമാരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പാരീസ് ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം മതങ്ങളെ ബഹുമാനത്തോടെ കൈകാര്യം ചെയ്യാന്‍ മാദ്ധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.