ബുര്‍കിനി നിരോധനം ഫ്രഞ്ച് കോടതി താല്‍ക്കാലികമായി നീക്കി

Sat, 27-08-2016 10:21:29 AM ;

സ്ത്രീകള്‍ ബുര്‍കിനി നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനുണ്ടായിരുന്ന നിരോധനം ഫ്രാന്‍സിലെ പരമോന്നത ഭരണകാര്യ കോടതി നീക്കി. മുസ്ലിം സ്ത്രീകളെ ഉദ്ദേശിച്ച് ശരീരം മറച്ചുകൊണ്ട്‌ നീന്താന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ബുര്‍കിനി.

 

പാരീസിലെ സ്റ്റേറ്റ് കൌണ്‍സിലിന്റെ വിധി നിരോധനം വിലെനൂവ് ലൂബെറ്റ് നഗരത്തിന് മാത്രമാണ് നിലവില്‍ ബാധകം. എന്നാല്‍, രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ പല കടലോര പട്ടണങ്ങളിലും നിരോധനം നിലവിലുണ്ട്. കഴിഞ്ഞ ദിവസം നീസില്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീയോട് ആയുധധാരികളായ പോലീസുകാര്‍ ബുര്‍കിനി നീക്കാന്‍ ആവശ്യപ്പെട്ടതും പിഴ അടപ്പിച്ചതും ലോകവ്യാപക ശ്രദ്ധ ആകര്‍ഷിക്കുകയും വിവാദങ്ങള്‍ക്ക് ഇട നല്‍കുകയും ചെയ്തിരുന്നു.

 

ബുര്‍കിനി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുവായ വിധി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.  

 

വിലെനൂവ് ലൂബെറ്റിലെ ബുര്‍കിനി നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന്‍ ആരോപിച്ച് ഹ്യൂമന്‍ റൈറ്റ്സ് ലീഗ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. നിരോധനം മൗലിക സ്വാതന്ത്ര്യങ്ങളായ സഞ്ചാരസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ലംഘിക്കുന്നു എന്ന്‍ കോടതി നിരീക്ഷിച്ചു.        

 

Tags: