ഇന്ത്യന്‍ വംശജര്‍ നല്‍കിയ ജനകീയ സ്വീകരണത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചദിന യു.എസ് സന്ദര്‍ശനത്തിന് തുടക്കം. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയ മോദിയെ പേരുവിളിക്കുന്ന മുദ്രാവാക്യങ്ങളും സ്വാഗതം അര്‍പ്പിച്ച പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് ഇന്ത്യന്‍ വംശജര്‍ സ്വാഗതം ചെയ്തത്. ന്യൂയോര്‍ക്കില്‍ താന്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ ഇവരെ മോദി അഭിവാദ്യം ചെയ്തു.
അടുത്ത നാല് ദിവസങ്ങളില്‍ ഒട്ടേറെ യോഗങ്ങളിലും കൂടിക്കാഴ്ചകളിലും മോദി പങ്കെടുക്കുന്നുണ്ട്. യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിലെ അഭിസംബോധനയാണ് ശനിയാഴ്ചത്തെ പ്രമുഖ പരിപാടി. പ്രസിദ്ധമായ മാഡിസന്‍ ചത്വരത്തില്‍ ഏകദേശം 20,000 ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുന്ന യോഗമാണ് ഞായറാഴ്ചത്തെ ആകര്‍ഷണം. തിങ്കളാഴ്ച തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തുന്ന മോദി വൈകുന്നെരേം പ്രസിഡന്റ് ബരാക് ഒബാമ ഒരുക്കുന്ന വിരുന്നിലും പിറ്റേദിവസം ഉച്ചകോടി തല സംഭാഷണങ്ങളിലും പങ്കെടുക്കും.
ശനിയാഴ്ച കാലത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണസ്മാരകമായ ഗ്രൗണ്ട് സീറോ സന്ദര്‍ശിച്ചുകൊണ്ടാണ് സന്ദര്‍ശന പരിപാടികള്‍ക്ക് മോദി തുടക്കമിടുക. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ടെ ബ്ലാസിയോയുമായി മോദി കൂടിക്കാഴ്ച നടത്തി. ഏകദേശം 25 പരിപാടികളില്‍ ന്യൂയോര്‍ക്കില്‍ മോദി പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ ദക്ഷിണ കരലിന ഗവര്‍ണര്‍ നിക്കി ഹാലി, ബഹുരാഷ്ട്ര കമ്പനി പെപ്സികൊ മേധാവി ഇന്ദ്ര നൂയി എന്നിവരടക്കമുള്ളവരുമായി മോദി ചര്‍ച്ച നടത്തും. യു.എസിലെ ജൂത, സിഖ് വിഭാഗങ്ങളുടെ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളിലും മോദി പങ്കെടുക്കും.
യു.എന്‍ സമ്മേളനത്തിന്റെ പാര്‍ശ്വങ്ങളില്‍ ദക്ഷിണേഷ്യന്‍ നേതാക്കളായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെ തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തും. യു.എസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഭാര്യയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹിലരി ക്ലിന്‍ണ്‍, ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നിവരുമായും മോദി ചര്‍ച്ച നടത്തും. വാഷിംഗ്‌ടണില്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ജോണ് കെറി എന്നിവര്‍ക്കൊപ്പം മോദി ഉച്ചവിരുന്നില്‍ പങ്കെടുക്കും. ഒട്ടേറെ വ്യവസായ പ്രമുഖരും ഈ വിരുന്നില്‍ സംബന്ധിക്കും.