ഇന്ന്‍ യു.എസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2002-ലെ ഗുജറാത്ത് കലാപങ്ങളുടെ പേരില്‍ ന്യൂയോര്‍ക്കിലെ ഒരു ഫെഡറല്‍ കോടതി വ്യാഴാഴ്ച സമന്‍സ് പുറപ്പെടുവിച്ചു. കലാപത്തിന് ഇരയായ രണ്ട് പേരും മനുഷ്യാവകാശ സംഘടന അമേരിക്കന്‍ ജസ്റ്റിസ് സെന്ററും നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യ യു.എസ് സന്ദര്‍ശനത്തിനായി ഇന്ന്‍ മോദി ന്യൂയോര്‍ക്കില്‍ എത്തും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെ നാളെ യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിലും ഞായറാഴ്ച ഇന്ത്യന്‍ വംശജരുടെ റാലിയിലും പങ്കെടുത്ത ശേഷമായിരിക്കും മോദി യു.എസ് തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സിയിലേക്ക് പോകുക. സെപ്തംബര്‍ 29-30 തിയതികളില്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി മോദി കൂടിക്കാഴ്ച നടത്തും.
രാജ്യത്തിന് പുറത്ത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളില്‍ ഹര്‍ജി നല്‍കാന്‍ യു.എസ് പൗരര്‍ക്ക് അവകാശം നല്‍കുന്ന 1789-ലെ യു.എസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി. എന്നാല്‍, ഔദ്യോഗിക പദവിയുടെ ഭാഗമായി മോദിയ്ക്ക് നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ സമന്‍സ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കലാപത്തിന്റെ പേരില്‍ 2005-ല്‍ യു.എസ് മോദിയ്ക്ക് വിസ നിഷേധിച്ചിരുന്നു. മാനവരാശിയ്ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഭരണാധികാരികളെ രാജ്യം സന്ദര്‍ശിക്കുന്നതില്‍ നിന്ന്‍ വിലക്കി യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്ന നിയമത്തിന്റെ ചുവട് പിടിച്ചായിരുന്നു ഈ നടപടി. മോദി പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന്‍ നയതന്ത്ര വിസയ്ക്ക് അര്‍ഹതയുള്ളതിനാല്‍ ഈ നിയമം ബാധകമാകില്ലെന്ന് യു.എസ് വിശദീകരിക്കുകയായിരുന്നു.