Skip to main content
ഗ്ലാസ്ഗോ

cwg glasgow indian contingent

 

ഇരുപതാമത്‌ കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ബുധനാഴ്ച രാത്രി വര്‍ണ്ണാഭമായ തുടക്കം. പ്രസിദ്ധമായ സെല്‍റ്റിക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ 40,000 പേര്‍ വരുന്ന കാണികളുടെ മുന്നില്‍ എലിസബത്ത് II റാണിയാണ് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അടുത്ത 11 ദിവസങ്ങളിലായി 71 രാഷ്ട്രങ്ങളില്‍ നിന്നുള്ള 4,500-ല്‍ അധികം കായികതാരങ്ങള്‍ 17 ഇനങ്ങളില്‍ തങ്ങളുടെ മാറ്റുരക്കും.

 

കഴിഞ്ഞ തവണ ഡല്‍ഹിയില്‍ ഗെയിംസിന് ആതിഥ്യമരുളിയ ഇന്ത്യയാണ് കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. ഒളിമ്പിക് മെഡല്‍ ജേതാവായ ഷൂട്ടിംഗ് താരം വിജയ്‌ കുമാര്‍ ആണ് 215 അംഗ ഇന്ത്യന്‍ സംഘത്തെ നയിച്ചത്.

 

ഇംഗ്ലണ്ട് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയായ യുണിസെഫിന് വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീഡിയോ സന്ദേശം നല്‍കി.

 

ജമൈക്കയുടെ സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടും ഇംഗ്ലണ്ടിന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറായുമായിരിക്കും ഗെയിംസിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍.

 

അമ്പെയ്ത്ത്, ടെന്നിസ് എന്നീ ഇനങ്ങള്‍ ഒഴിവാക്കിയതും ഷൂട്ടിംഗ്, ഗുസ്തി എന്നിവയില്‍ മെഡല്‍ ഇനങ്ങളുടെ എണ്ണം കുറച്ചതും ഡല്‍ഹിയില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യയെ ഇത്തവണ സാരമായി ബാധിക്കും. ഡല്‍ഹി ഗെയിംസില്‍ 101 മെഡല്‍ നേടി ഇന്ത്യ റെക്കോഡ് കുറിച്ചപ്പോള്‍ ഈ ഇനങ്ങളുടെ സംഭാവന വലുതായിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യ അഞ്ചിലെ സ്ഥാനം തന്നെ നേട്ടമായി കരുതേണ്ട സ്ഥിതിയാണ് ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് മുന്നിലുള്ളത്. ആസ്ത്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതെത്താനായിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ ശ്രമം.  

 

അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്ങ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, കൃഷ്ണ പൂനിയ, ആശിഷ് കുമാര്‍ തുടങ്ങി കഴിഞ്ഞ തവണ മെഡല്‍ നേടിയ മുപ്പതോളം പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ബാഡ്മിന്റണ്‍ താരം സൈന നെവാള്‍ ഇത്തവണ പങ്കെടുക്കുന്നില്ല. എന്നാല്‍, ഇന്ത്യന്‍ താരം പി.വി സിന്ധുവാണ്‌ ഈ ഇനത്തിലെ ടോപ്‌ സീഡ്.