ബുര്‍ഖയ്ക്കെതിരെ യൂറോപ്പ്യന്‍ വലതുപക്ഷം പ്രചാരണം ശക്തമാക്കുന്നു

Glint Staff
Sat, 05-07-2014 12:45:00 PM ;

 

ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം ശരിവെച്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ഇ.സി.എച്ച്.ആര്‍)യുടെ ഉത്തരവിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ സമാനമായ നിരോധനത്തിനായി ആവശ്യമുയരുന്നു. ആസ്ത്രിയയിലും സ്വിറ്റ്സര്‍ലന്‍ഡിലും ഡെന്മാര്‍ക്കിലും വലതുപക്ഷ കക്ഷികള്‍ ഈ ആവശ്യവുമായി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

 

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിച്ച് 2010-ല്‍ ഫ്രാന്‍സ് പാസാക്കിയ വിവാദ നിയമമാണ് ജൂലൈ ഒന്നിന് ഇ.സി.എച്ച്.ആര്‍ ശരിവെച്ചത്. ഫ്രാന്‍സിന് പിന്നാലെ സമാന നിയമം പാസാക്കിയ പല രാജ്യങ്ങളിലും നിയമത്തിനെതിരെയുള്ള കോടതി നടപടികളെ ദുര്‍ബ്ബലപ്പെടുത്തുന്നതുമാണ് വിധി. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 47 യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പരമോന്നത കോടതിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇ.സി.എച്ച്.ആര്‍.

 

ആസ്ത്രിയന്‍ ഫ്രീഡം പാര്‍ട്ടി നേതാവും പാര്‍ലിമെന്റംഗവുമായ ഹെയിന്‍സ്-ക്രിസ്ത്യന്‍ സ്ട്രാഷ് മുഖം മുഴുവനുമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലത്ത് ധരിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പ്രചാരണം തുടങ്ങി. പാര്‍ലിമെന്റില്‍ അടുത്ത ആഴ്ച ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന് ഈ തീവ്ര വലതുപക്ഷ പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ ഇസ്ലാമികവല്‍ക്കരണത്തിനെതിരെയാണ് പ്രചാരണമെന്ന് സ്ട്രാഷ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ പറയുന്നു. അതേസമയം, ആസ്ത്രിയയില്‍ ബുര്‍ഖ ധരിക്കുന്നവര്‍ നൂറുപേര്‍ പോലും ഉണ്ടാകില്ലെന്നും ആസ്ത്രിയന്‍ ഫ്രീഡം പാര്‍ട്ടി കൃത്രിമമായി വിവാദം ഉണ്ടാക്കുകയാണെന്നും എതിരാളികളായ ആസ്ത്രിയന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

 

സ്വിറ്റ്സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ വംശജര്‍ അധിവസിക്കുന്ന പ്രവിശ്യയായ ടിചിനോ കഴിഞ്ഞ സെപ്തംബറില്‍ മുഖാവരണങ്ങള്‍ നിരോധിച്ച് നിയമം പാസാക്കിയിരുന്നു. ഇത് ഭരണഘടനാപരമാണെന്ന് പാര്‍ലിമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ അടുത്ത വര്‍ഷം ദേശീയ ഹിതപരിശോധനയ്ക്കായി പ്രചാരണം തുടങ്ങാന്‍ ആലോചിക്കുന്നതായി സ്വിസ്സ് പീപ്പിള്‍സ് പാര്‍ട്ടി അറിയിക്കുന്നു.

 

ഇ.സി.എച്ച്.ആര്‍ വിധിയുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ നിരോധനത്തിനായുള്ള ആവശ്യം ഡെന്മാര്‍ക്കില്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. 2004-ലും 2009-ലും ഈ ആവശ്യം ഡെന്മാര്‍ക്ക് പാര്‍ലിമെന്റ് തള്ളിയിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാതെ, മുഖം മറയ്ക്കുന്നത് വഴി സാമൂഹികമായ ഇടപഴകലിനുണ്ടാകുന്ന തടസ്സം ചൂണ്ടിക്കാട്ടി നിയമം പാസാക്കിയ ഫ്രഞ്ച് മാതൃക പിന്തുടരണമെന്നാണ് ഡെന്മാര്‍ക്ക്‌ പീപ്പിള്‍സ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഈ പാര്‍ട്ടിയാണ് കഴിഞ്ഞ രണ്ട് തവണയും ബില്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്നത്.

 

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിഭാഗക്കാര്‍ താമസിക്കുന്ന ഫ്രാന്‍സിന് പുറമേ ബെല്‍ജിയവും നെതര്‍ലന്‍ഡ്‌സും ഇസ്ലാമിക മുഖാവരണങ്ങള്‍ നിരോധിച്ച് സമാന നിയമം പാസാക്കിയിട്ടുണ്ട്. സ്ത്രീകളുടെ ശരീരവും മുഖവും മുഴുവനായി മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയും നിഖാബുമാണ് വിവാദത്തിന്റെ കേന്ദ്രത്തില്‍. നിഖാബ് കണ്ണിന് മുന്നില്‍ മാത്രം തുറന്നിട്ടാണെങ്കില്‍ ബുര്‍ഖ വല പോലെയുള്ള തയ്യല്‍ കൊണ്ട് കണ്ണടക്കം മൂടും. ഹിജാബ് തുടങ്ങിയ മുഖം മറയ്ക്കാത്ത മറ്റ് ഇസ്ലാമിക വസ്ത്രധാരണത്തിന് നിയമം ബാധകമല്ല.

 

നിരോധനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും മനുഷ്യാവകാശമാണ് പ്രധാനവാദമായി ഉയര്‍ത്തിപ്പിടിക്കുന്നത്. മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തെ നിയമം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു ഫ്രഞ്ച് മുസ്ലിം വനിത ഇ.സി.എച്ച്.ആറിനെ സമീപിച്ചത്. എന്നാല്‍, പുരുഷകേന്ദ്രിത സംസ്കാരം ഈ വസ്ത്രത്തിലൂടെ നടത്തുന്ന അടിച്ചമര്‍ത്തലില്‍ നിന്ന്‍ സ്ത്രീയെ മോചിപ്പിക്കുന്നതാണ് നിയമമെന്നും ഇതിന് മതവുമായി ബന്ധമില്ലെന്നുമാണ് എതിര്‍വാദം. ബുര്‍ഖയോ നിഖാബോ ധരിക്കുന്നവര്‍ സ്ത്രീകളുടെ പൊതുവായ അവകാശം ലംഘിക്കുന്നുവെന്ന യൂറോപ്പിലെ ഈ വീക്ഷണം ചൂണ്ടിക്കാട്ടിയാണ് ഇ.സി.എച്ച്.ആര്‍ നിരോധനം ശരിവെച്ചത്.    

 

ബുര്‍ഖയോ നിഖാബോ ധരിക്കുന്ന സ്ത്രീയ്ക്ക് 150 യൂറോയും ഇത് ധരിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുന്നവര്‍ക്ക് 30,000 യൂറോയും പിഴശിക്ഷയാണ് ഫ്രഞ്ച് നിയമത്തില്‍ ഉള്ളത്. ഇതുവരെ മുഖാവരണം ധരിച്ചതിന് 600 പേര്‍ക്ക് പിഴശിക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരുടെ മേലും പ്രേരണാ കുറ്റം ചുമത്തിയിട്ടില്ല. അന്‍പത് ലക്ഷത്തോളം മുസ്ലിം വിഭാഗക്കാരാണ് ഫ്രാന്‍സില്‍ ഉള്ളത്.   

 

യൂറോപ്പിലെങ്ങും മുസ്ലിം ന്യൂനപക്ഷവുമായുള്ള സാംസ്കാരിക വിഭജനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വലതുപക്ഷ പാര്‍ട്ടികളുടെ ഒരു പ്രധാന വിഷയമാണ് വര്‍ധിച്ചുവരുന്ന മുസ്ലിം പ്രവാസം. ഈയിടെ നടന്ന യൂറോപ്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിലടക്കം തീവ്ര വലതുപക്ഷ കക്ഷികള്‍ മികച്ച വിജയം നേടിയിരുന്നു.

Tags: