വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 2000-ത്തോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. 350 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഒരാഴ്ചയായി തുടരുന്ന മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. താജിക്കിസ്ഥാന്‍, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ബദക്ഷാനിലാണ് ദുരന്തവുമുണ്ടായത്.
അര്‍ഗോ ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 400 വീടുകള്‍ മണ്ണിനടിയിലായി. മണ്ണിടിച്ചിലുണ്ടായ ബദക്ഷാന്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരികയാണ്. മഴയും വെള്ളപ്പൊക്കവും ഉപകരണങ്ങളുടെ അപര്യാപ്തതയും കാരണം രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരിക്കുകയാണ്. സൈന്യം 700-ഓളം കുടുംബങ്ങളെ രക്ഷപ്പെടുത്തി സുരക്ഷാസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമിദ് കര്‍സായി നിര്‍ദേശം നല്കി. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും യു.എന്‍ ഉന്നതതല സംഘം ബദക്ഷാനിലേക്ക് തിരിച്ചു. സഹായമെത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനനങ്ങള്‍ക്കും കാലാവസ്ഥ തടസ്സമാകുന്നതായി യു.എന്‍ സംഘങ്ങള്‍ അറിയിച്ചു. അതേസമയം വടക്കന്‍ അഫ്ഗാനിസ്ഥാന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 67,000-ല്‍ അധികം ആളുകള്‍ ദുരിതത്തിലാണ്.