മാജിക്കല്‍ റിയലിസമെന്ന് വിളികേട്ട എഴുത്തിലൂടെ ലോകമെങ്ങുമുള്ള അനുവാചകര്‍ക്ക് നവീനമായ അനുഭൂതി ലോകങ്ങള്‍ തുറന്നുകൊടുത്ത ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് (87) അന്തരിച്ചു. വ്യാഴാഴ്ച മെക്സിക്കോയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കൊളംബിയന്‍ സ്വദേശിയായ മാര്‍ക്കേസ് 1982-ലെ നോബല്‍ പുരസ്കാര ജേതാവാണ്.
സ്പാനിഷ് ഭാഷയിലാണ് എഴുതിയിരുന്നതെങ്കിലും ലോകമെങ്ങും മാര്‍ക്കേസിന്റെ കൃതികള്‍ ആവേശപൂര്‍വ്വം കൊണ്ടാടപ്പെട്ടു. 1967-ല്‍ പുറത്തുവന്ന ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി കരുതപ്പെടുന്നു. 30-ല്‍ അധികം ഭാഷകളിലായി ഈ നോവലിന്റെ അഞ്ചു കോടിയില്‍ അധികം പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. സ്പാനിഷ് ഭാഷയില്‍ ബൈബിള്‍ മാത്രമാണ് ഇതിനേക്കാളും വിറ്റഴിഞ്ഞിട്ടുള്ള പുസ്തകം.
കോളറാകാലത്തെ പ്രണയം, കുലപതിയുടെ ശരത്കാലം, ജനറല്‍ തന്റെ രാവണന്‍കോട്ടയില്‍, പ്രണയത്തേയും മറ്റ് പിശാചുക്കളേയും കുറിച്ച്, പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്.
കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ 1927 മാര്‍ച്ച് രണ്ടിന് ജനിച്ച മാര്‍ക്കേസ് കഴിഞ്ഞ മൂന്ന്‍ പതിറ്റാണ്ടായി മെക്സിക്കോയിലാണ് കഴിഞ്ഞിരുന്നത്. എഴുത്തിലേക്ക് തിരിയുന്നതിന് മുന്‍പ് ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കേസ് മാദ്ധ്യമപ്രവര്‍ത്തനത്തില്‍ വിവരണാത്മക സാഹിത്യ രീതിയ്ക്ക് പ്രചാരം നേടിക്കൊടുത്തവരില്‍ പ്രമുഖനാണ്. ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിദല്‍ കാസ്ത്രോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഇടതുപക്ഷ അനുഭാവിയായി കരുതപ്പെട്ടിരുന്നു.