Skip to main content
ഇസ്ലാമാബാദ്

കാശ്മീര്‍ പ്രശ്നം വീണ്ടുമൊരു ഇന്ത്യ-പാക് യുദ്ധത്തിലേക്ക് കാരണമായേക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും കശ്മീര്‍ സ്വതന്ത്രമാവുന്നത് തന്റെ സ്വപ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജീവിതകാലത്ത് തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

പാക് അധീന കാശ്മീരിലെ ആസാദ് ജമ്മു ആൻഡ് കാശ്മീർ കൗൺസിലിന്റെ ബഡ്ജറ്റ് സമ്മേളനത്തിൽ സംസാരിക്കവെ ഷെരീഫ് ഇത്തരം പ്രസ്താവനകള്‍ നടത്തിയതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള ഔദ്യോഗിക വാര്‍ത്താക്കുറുപ്പില്‍ യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശമില്ല. കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹ പ്രകാരവും യു.എന്‍ പ്രമേയം അനുസരിച്ചും പ്രശ്നം പരിഹരിക്കുമെന്നും പ്രശ്ന പരിഹാരമില്ലാതെ ഈ മേഖലയില്‍ സമാധാനമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ആയുധ കാര്യത്തില്‍ ഇന്ത്യയുമായി മത്സരിക്കുകയാണെന്നും സാഹചര്യം മറ്റൊന്നായിരുന്നെങ്കില്‍ ആയുധത്തിന് ചെലവഴിക്കുന്ന തുക സാമൂഹ്യ മേഖലയുടെ പുരോഗതിക്കും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും ഉപകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ മേഖലയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ഷെരീഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.