Skip to main content
ഇസ്ലാമാബാദ്

പാകിസ്ഥാനില്‍ യു.എസ് വ്യാഴാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാറ്റോ 'സപ്ളൈ റൂട്ട്’ തടയുമെന്ന് മുന്‍ ക്രിക്കറ്റ്താരവും പ്രധാനപ്രതിപക്ഷമായ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ഖാന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ 'നാറ്റോ' സേനയ്ക്ക് ഭക്ഷണവും യുദ്ധസാമഗ്രികളുമൊക്കെ എത്തിക്കുന്ന വഴികളിൽ ഒന്ന് കൈബർ പക്തൂൺഖ്വായിലൂടെയാണ്. ഇവിടത്തെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് ഇമ്രാന്ഖാന്റെ പാര്‍ട്ടിയാണ്.

 

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഹാംഗു ജില്ലയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. മതപഠനശാലക്കുനേരെ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം യു.എസ്സിന്റെ യുദ്ധപ്രഖ്യാപനമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.  

 

താലിബാനുമായി ചര്‍ച്ച നടക്കുന്നതിനിടെ ഇനി ഇത്തരത്തിലുള്ള ആക്രമണമുണ്ടാകില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസിന് യു.എസ് ഉറപ്പുനല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ യു.എസ് ആക്രമണം നടത്തിയത്. ഇത് പാകിസ്താന്റെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.