യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും തമ്മില്‍ വെള്ളിയാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തി. ഇറാനിലെ ഇസ്ലാമിക വിപ്ലവം നടന്ന 1979-ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ നേരിട്ട് സംഭാഷണം നടത്തുന്നത്. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ഒരു ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും എത്താനുള്ള സാധ്യത വര്‍ധിച്ചതായി സംഭാഷണത്തിന് ശേഷം വൈറ്റ്ഹൌസില്‍ ഒബാമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ തെഹ്രാനിലെ യു.എസ് എംബസ്സി ഉപരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറാനുമായുള്ള നയതന്ത്ര ബന്ധവും യു.എസ് വിഛേദിച്ചു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭയുടെ പാര്‍ശ്വങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇറാന് ഇതിന് താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. കുറഞ്ഞ സമയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച ഫലപ്രദമാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ബോധ്യമുള്ളതായി റൂഹാനി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, യു.എസ് വിടുന്നതിന് മുന്‍പ് ഒബാമയുമായി ഫോണില്‍ സംഭാഷണം നടത്താമെന്ന് റൂഹാനി താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. യു.എസ് സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30-ന് നടന്ന സംഭാഷണം 15 മിനിറ്റ് നീണ്ടുനിന്നു.