യു.എസ്: സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ല

Thu, 19-09-2013 12:43:00 PM ;
വാഷിംഗ്‌ടണ്‍

യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സാമ്പത്തിക ഉത്തേജക നടപടികളുമായി മുന്നോട്ടു പോവാനുള്ള യു.എസ് തീരുമാനം ഇന്ത്യന്‍ വിപണിയിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പ്രതിമാസമുള്ള 8500 കോടി ഡോളറിന്റെ കടപ്പത്രം വാങ്ങുന്നത് തുടരാനും ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചു.

 

ആഗോള വിപണികള്‍ക്ക് കരുത്ത് നല്‍കുന്ന തീരുമാനമാണ് ഫെഡറല്‍ റിസര്‍വിന്റെത്. യു.എസ് സാമ്പത്തിക ഉത്തേജക നടപടികള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യു.എസ്സിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടെന്ന് യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ബെന്‍ ബര്‍നാങ്ക് പറഞ്ഞു. ഈ നിര്‍ണായക തീരുമാനത്തിനു ശേഷം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍, സ്വര്‍ണ വില തുടങ്ങിയവയില്‍ വര്‍ധനയുണ്ടായി.

 

ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം ഇന്ത്യയില്‍ ഓഹരി വിപണിയെയും സഹായിച്ചു. രൂപയുടെ മൂല്യത്തിലും മികച്ച നേട്ടമാണ് വ്യാഴാഴ്ച ഉണ്ടായിരിക്കുന്നത്. നിലവില്‍ രൂപയുടെ വിനിമയ നിരക്ക് 61.72 ആയി ഉയര്‍ന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 63.38 ആയിരുന്നു ബുധനാഴ്ച രൂപയുടെ മൂല്യം. സെന്‍സെക്സ് 542 മുന്നേറി 20504-ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 177 പോയിന്റ്‌ നേട്ടത്തില്‍ 6076-ല്‍ എത്തി.

 

സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചാല്‍ ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുകയും അത് ഇന്ത്യന്‍ വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ തൊഴിലില്ലായ്മയില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും ഇപ്പോഴുള്ള സാമ്പത്തിക മാറ്റങ്ങള്‍ സ്ഥിരമാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നതും പരിഗണിച്ചാണ് ഉത്തേജക നടപടികള്‍ തുടരാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചത്.

Tags: