ഇസ്ലാമാബാദ്: കശ്മീരില്‍ തങ്ങളുടെ മുസ്ലീം സഹോദരരുടെ സ്വാതന്ത്ര്യത്തിനായാണ് തങ്ങള്‍ പൊരുതുന്നതെന്ന് ലഷ്കര്‍-ഇ-തൈബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയീദ്. 1947 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇവിടത്തെ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും സയീദ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫ്രഞ്ച് ഭാഷാപത്രം ലെ ടെംപ്സിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സയീദ്.
കശ്മീരില്‍ തങ്ങള്‍ പരിശീലന ക്യാമ്പുകള്‍ നടത്തുന്നെന്ന ആരോപണത്തോട് സയീദ് പ്രതികരിച്ചില്ല. 28 വിദേശികള്‍ അടക്കം 168 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ലഷ്കര്‍-ഇ-തൈബയുടെ ക്യാമ്പുകള്‍ പാകിസ്താന് സൈന്യം ആക്രമിച്ചിരുന്നു. എന്നാല്‍ ഏതാനും ക്യാമ്പുകള്‍ ഇപ്പോഴും പുതിയ പോരാളികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും പാക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസഫറബാദിന് സമീപം പ്രവര്‍ത്തിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് സയീദിന്റെ മകന് തല്‍ഹാ സയീദ് ആണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ വിധി ദൈവത്തിന്റെ കൈകളില്‍ ആണെന്നും യു.എസ്സിന്റെ കൈകളില്‍ അല്ലെന്നും സയീദ് പറഞ്ഞു. സയീദിനെ അറസ്റ്റ് ചെയ്യാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ ഒരു കോടി ഡോളര്‍ നല്‍കുമെന്ന് 2012ല്‍ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്യാനാണെങ്കില്‍ യു.എസ്സിന്റെ പക്കല്‍ തന്റെ വിലാസമുണ്ടെന്നും സയീദ് പരിഹസിച്ചു. ജിഹാദ് യു.എസ്സിനെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും സയീദ് അവകാശപ്പെട്ടു.