ദര്‍ബന്‍: ബ്രിക്‌സ് രാജ്യങ്ങളുടെ അഞ്ചാം വാര്‍ഷിക ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ സമാപിച്ചു. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനും ലോകബാങ്ക് ഉള്‍പ്പെടെയുള്ള ആഗോള സാമ്പത്തികസ്ഥാപനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വികസനബാങ്ക് രൂപവത്കരിക്കാനും ഉച്ചകോടിയില്‍ ധാരണയായി.
വികസന ബാങ്ക് യാഥാര്‍ത്ഥ്യമാകാന്‍ രണ്ടു വര്‍ഷമെങ്കിലും എടുത്തേക്കും. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ബാങ്ക് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.
പരസ്പരമുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ബിസിനസ് കൗണ്‍സിലും ഉച്ചകോടിയില്‍ രൂപീകരിച്ചിട്ടുണ്ട്. ബ്രിക്‌സ് രാജ്യങ്ങളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഭക്ഷ്യസുരക്ഷയും ഉച്ചകോടി ചര്‍ച്ച ചെയ്തു.
ലോകരാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനവും ലോകജനസംഖ്യയുടെ 40 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ബ്രിക്‌സില്‍ അംഗമാകുന്നതിനുള്ള അപേക്ഷ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി നല്‍കിയിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ഉച്ചകോടി തീരുമാനമെടുത്തില്ല.