നാം കാണാത്ത നന്മകള്‍

Saturday, January 4, 2014 - 4:55pm
ഡോ. സി.ജി ഗീത
പാഠശാല
ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.സി.ജി ഗീത തന്റെ വിദ്യാര്‍ഥികളെക്കുറിച്ച്.

സ്‌കൂളിൽ പലപ്പോഴും കുട്ടികളേയും കൊണ്ട് പല കാര്യത്തിനും രക്ഷിതാക്കൾ ഒരുമിച്ച് തന്നെയാണ് വരാറ്. അച്ഛനുമമ്മയ്ക്കും ഒപ്പം വരുന്ന കുട്ടികളേ കാണുമ്പോൾ ഡയാനക്ക് ഉള്ളിൽ സങ്കടം വരും. അച്ഛന്റെ കൈപിടിച്ച് വരുന്ന കുട്ടികളെ അവള്‍ തെല്ലസൂയയോടെ നോക്കിനിൽക്കും. പരീക്ഷക്കു ശേഷം പ്രോഗ്രസ് റിപ്പോർട്ട് വാങ്ങി അധ്യാപകരെ കാണാനും മറ്റു ദിവസങ്ങളിലുള്ള വിശേഷാൽ പരിപാടികൾക്കുമൊക്കെ മിക്ക കുട്ടികളുടെയും അച്ഛനും അമ്മയും ഒരുമിച്ച് വരാറുണ്ട്. കേരളത്തിലെ മിക്ക കുടുംബങ്ങളിലും അച്ഛനമ്മമാർ ഒരുമിച്ച് കഴിയുന്നു. വീട്ടിൽ അച്ഛനോടൊപ്പം ചിലവിടുന്ന ഇടവേളകളെപ്പറ്റി കൂട്ടുകാരുടെ നാവിൽ നിന്നും അവൾ ശ്രദ്ധയോടെ കേട്ടിരിക്കും. അതെ. ഡയാന മിസ്സ് ചെയ്യുന്നതു മുഴുവൻ പിതാവിന്റെ സ്‌നേഹലാളനകളാണ്. കുടുംബം എന്ന സങ്കല്പം കേരളത്തിൽ അതിമനോഹരമാണ്. എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പോലും ഒരു വീട്ടിൽ അച്ഛനുമമ്മയും ഒരുമിച്ച് കഴിയുന്നത് വലിയ മഹാഭാഗ്യം തന്നെ. കുട്ടികളുടെ മാനസിക വളർച്ചയെ ഒരുപാടൊരുപാട് സ്വാധീനിക്കുന്ന ഒരു ഘടകമാണത്.

 

 

വിദേശികൾ പലപ്പോഴും കാര്യങ്ങൾ തുറന്നുപറയുന്നവരും സത്യസന്ധതയോടെ വ്യക്തിത്വത്തെ സമീപിക്കുന്നവരുമാണ്. അതുകൊണ്ടാകാം അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ പരസ്പരം കലഹിച്ചു കഴിയുന്നതിലും നല്ലത് വേർപിരിയലാണെന്നു വിചാരിക്കുന്നത്. പിന്നെ സമൂഹത്തിലെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക പാശ്ചാത്തലവും ഒക്കെതന്നെ ഇതിനു തികച്ചും ഉപോദ്ബലകങ്ങളാകാം. എങ്കിലും കേരളത്തിൽ നിലനിന്നിരുന്ന വിവാഹസങ്കല്പവും കുടുംബപശ്ചാത്തലവും ഒരുപാടൊരുപാട് നന്മകൾ നിറഞ്ഞവ തന്നെയായിരുന്നു. 'ആയിരുന്നു' എന്നു പറയാനേ നമുക്കിപ്പോൾ കഴിയൂ. ഇവിടെയും സംഗതികൾ മാറിമറിയുകയാണ്.

 

പുറമെ എനിക്ക് പറയാൻ കഴിഞ്ഞില്ലെങ്കിലും ഡയാനയിലൂടെ ഞാൻ ഒരു വലിയ പാഠം പഠിക്കുകയായിരുന്നു. എന്റെ ദാമ്പത്യത്തിലും പല പ്രശ്നങ്ങളും പലപ്പോഴും തലപൊക്കാറുണ്ട്. മക്കളോടുള്ള അമിതവാത്സല്യം മൂലം ഒക്കെ മൂടിവെച്ച് കഴിയാറാണ് പതിവ്. കുട്ടികൾ വലുതായപ്പോൾ ചിലപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ നൊമ്പരപ്പെടുത്തുന്ന വേളകളിൽ തനിച്ച് താമസിച്ചാലോ എന്നു വിചാരിച്ചിട്ടുണ്ട്. ഡയാനയുടെ ഈ ദുഃഖം അത്തരം വേളകളിലെ ദുർബലമായ ആ ചിന്തകളെയോർത്ത് പശ്ചാത്തപിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഒരു കൊച്ചുകുട്ടിയുടെ മനസ്സിൽ അച്ഛനമ്മമാർ ഒരുമിച്ചു കൊടുക്കുന്ന സംരക്ഷണവും സ്നേഹവും എത്ര വിലപ്പെട്ടതാണെന്ന ആഴത്തിലുള്ള തിരിച്ചറിവായിരുന്നു അത്. എന്തെല്ലാം സൗഭാഗ്യങ്ങൾ അച്ഛനോ  അമ്മയോ തനിച്ചു നൽകിയാലും മക്കൾക്ക് അഭാവവും മാനസിക തകർച്ചയുമേ ഉണ്ടാവുകയുള്ളൂ.

 

വിദേശീയരെ അനുകരിച്ചും സ്വാതന്ത്ര്യത്തിന്റെ പേരിലും നിസ്സാര കാരണങ്ങൾ കൊണ്ട് വേർപെട്ടു താമസിക്കാൻ തീരുമാനിക്കുന്ന ഓരോ വ്യക്തിയും പ്രയോഗിക ജീവിതത്തിൽ കുട്ടികൾക്കുണ്ടാകുന്ന ഈ തകർച്ചയെപ്പറ്റി ഒരു നിമിഷം ആലോചിക്കുന്നത് നന്നായിരിക്കും. ഒന്നുകിൽ മക്കളുണ്ടാകുന്നതിനു മുൻപ് അല്ലെങ്കിൽ അവർ പറക്കമുറ്റിയതിനു ശേഷം നടക്കുന്ന വേർപിരിയലുകൾ അത്ര കുഴപ്പം പിടിച്ചതല്ല. പിന്നെ നമ്മുടെ സമൂഹത്തിൽ പണ്ട് മിക്കവാറും എല്ലാം തന്നെ അറേഞ്ച്ഡ് മാര്യേജുകൾ ആയിരുന്നു. ലൗവ് മാര്യേജുകൾ എണ്ണത്തിൽ കുറവ്. ആഗ്രഹിക്കുന്ന തരത്തിലുള്ള ബന്ധം കിട്ടിയില്ലെങ്കിലും കിട്ടിയതുമായി പൊരുത്തപ്പെട്ടു ജീവിക്കുക എന്നതായിരുന്നു പതിവ്. വിവാഹത്തിലുടനീളം 90 ശതമാനവും പരസ്പരമുള്ള അഡ്ജസ്റ്റ്‌മെന്റ് തന്നെയാണ്. പക്ഷേ, ആ ഒരു സാക്രിഫൈസ് കുട്ടികൾക്ക് നമ്മൾ കൊടുക്കുന്ന വിലപ്പെട്ട ഒരു റിവാർഡും കൂടി ആണെന്ന് അനുഭവത്തിലൂടെ ഓരോ ദിവസവും ബോധ്യപ്പെട്ടു കൊണ്ടിരുന്നു.

 

(തുടരും)

 

ഡയാനയെ പരിചയപ്പെട്ടിട്ടില്ലെങ്കില്‍ വായിക്കൂ:

ഡയാനയെന്ന കൊച്ചുസുന്ദരി

ഭാവപ്പകർച്ച

അച്ഛന്‍ ആരെന്നറിയാതെ

ആദ്യലക്കം വായിക്കാം:

അധ്യാപനത്തിന്റെ മധുരനൊമ്പരങ്ങളിലൂടെ

Tags: