Skip to main content
Dr. C.G. Geetha

 

ഡ്വാണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു ഗീത

25 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം ഇഷ്ടമുണ്ടായിട്ടല്ലെങ്കിലും ഒരു ഇടവേള എടുക്കാൻ നിർബന്ധിതയായിത്തീർന്നു. അധ്യാപകരുടെയും കുട്ടികളുടെയും ബഹളത്തിൽ നിന്നും ഒഴിഞ്ഞുമാറി വീട്ടിലെ ഏകാന്തതയിൽ സമയം ചെലവഴിക്കുമ്പോഴൊക്കെയും എന്റെ വിദ്യാർഥികളിൽ പലരുടേയും മുഖം മിന്നിമാഞ്ഞുപോകാറുണ്ട്. 25 വർഷത്തെ അനുഭവസമ്പത്തിൽ ഏറ്റവും സംഭവബഹുലമായ വർഷങ്ങൾ കഴിഞ്ഞ 6 വർഷങ്ങൾ തന്നെ. ഒരു ഇൻറർനാഷണൽ സ്‌കൂളിന്റെ പ്രിൻസിപ്പലായിട്ട് ജോലി ചെയ്ത ആ വർഷങ്ങളിൽ കുറെ വിദേശക്കുട്ടികളുടെ ജീവിതത്തെ അടുത്തറിയാനവസരം ലഭിച്ചു. നമ്മുടെ ജനമധ്യത്തിൽ അത് പങ്കിടേണ്ടത് വളരെ അനിവാര്യമാണെന്നു പലപ്പോഴും തോന്നിയിരുന്നു. പ്രത്യേകിച്ചും നമ്മുടെ കുട്ടികൾ വിദേശസംസ്‌കാരം അപ്പാടെ ഉൾക്കൊള്ളുന്ന ഈ കാലഘട്ടത്തിൽ.

 

ഞങ്ങളുടെ കുടുംബസുഹൃത്ത് ജ്യോതിർഘോഷ് പലപ്പോഴായി ഈ ഒരാവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഞാനൊരല്പം ഉഴപ്പി. ഒരു മടി പോലെ! പക്ഷേ, കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ബോറടി മാറ്റാൻ തനിയെ ഒന്നു സിനിമ കാണാൻ ഗോൾഡ് സൂക്കിലെ ക്യു സിനിമാസ് വരെ ഒന്നുപോയി. പ്രവൃത്തിദിനത്തിലെ പകലുള്ള ഷോയ്ക്ക് ആളുകൾ നന്നേ കുറവ്. ആകെയുള്ള 15-20 പേരിൽ പക്വത നേടിയ വ്യക്തിത്വങ്ങൾ രണ്ടോ മൂന്നോ! ബാക്കി മുഴുവനും എന്റെ ഭാഷയിൽ കുട്ടികളാണ്. ഞാനുദ്ദേശിച്ചത് വിദ്യാർഥി സമൂഹം. പ്രായപൂർത്തിയായ വലിയ വിദ്യാർഥികളൊന്നുമല്ല. കണ്ടാൽ സ്‌കൂൾ കുട്ടികൾ. ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരനും കൂട്ടുകാരിയുമായി ഇറങ്ങിയിരിക്കുകയാണ്. എന്റെ മനസ്സൊന്നു പിടഞ്ഞു. അവരെ ഉപദേശിക്കുവാൻ നാക്കിനൊരു വെമ്പൽ. വേണ്ട. പലതും ആലോചിച്ച് പിൻതിരിഞ്ഞു. അപ്പോഴെനിക്ക് വീണ്ടും ജ്യോതിർഘോഷിന്റെ വാക്കുകൾ ഓർമവന്നു. അതെ. നമ്മുടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ഇതൊക്കെ ഒന്നറിയുന്നത് നല്ലതാണ്. വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ചിട്ടല്ല. എവിടെയെങ്കിലും ഒരു ചെറിയ അനുരണനം. അത്രമാത്രം!

 

വിദേശത്തുനിന്നുള്ള സ്‌കൂൾ കുട്ടികൾ എന്നു പറയുമ്പോൾ ഏറിയ പങ്കും തായ്‌ലാൻഡ്, ദക്ഷിണ കൊറിയ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നാണ്. അവരുടെയൊക്കെ പേരുകൾ വളരെ രസകരമാണ്. പലതും നമ്മുടെ വായിൽ ഒതുങ്ങില്ല. വിരമൺലുവാ ലുവാലോങ്, വാസുവാട്ട് ലിംശുപാറാറ്റ്, ലീ ജെയോങ്, വിൻഡോംങ്ജൂൺ, ഹേഹൻ ഹെയ്‌ലീ, പുരറ്റ്‌സകോൺ ചന്ദരശ്മി, നറ്റേ സൈന്യക്കോൺ, നട്ട്യാരാ നുട്ടയോത്തിൽ, നൊണ്ടനാട്, പിംപക, നന്തിപ്പോൺ, ഗോദ്യാഹൻ, ഗോയോൻജൂ, കിംഷിൻ, യൂദാവൺ, നതാപ്പത്ത്, നരോങ് സാംങ്, പിംപ്ലോയ്, പിംറാപ്പാ, ചാൻചായ്, ചോങ് പൂഹാൻ എന്നിങ്ങനെയൊക്കെയാണ് അവയിൽ ചിലത്. എന്നും കാണുന്ന അധ്യാപകര്‍ വരെ ഇതൊക്കെ പഠിക്കാൻ പാടുപെട്ടപ്പോഴും അഡ്മിഷൻ നടക്കുന്ന അന്നുതന്നെ ഞാനിതു ഹൃദിസ്ഥ്വമാക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. എന്നിലവരേറ്റവും ഇഷ്ടപ്പെട്ടതും അതുതന്നെയായിരുന്നു. അവരുടെ ഔദ്യോഗിക നാമം പറയാൻ ബുദ്ധിമുട്ടിയ അധ്യാപകർക്ക് അവർ തന്നെ ഇന്ത്യൻ നാവിനു വഴങ്ങുന്ന ചുരുക്കപ്പേരുകൾ കണ്ടെത്തി നൽകിയിരുന്നു. ഞാനപ്പോഴും അവരെ അവരുടെ ശരിയായ, പൂർണമായ ഔദ്യോഗിക നാമത്തിൽ വിളിക്കാൻ ശ്രദ്ധിച്ചു. എനിക്കൊരു യൂണിവേഴ്‌സൽ മദർ ആകാൻ കിട്ടിയ അവസരമായി ഞാനീ സഹവാസം കണ്ടു. അവരെ സ്വന്തം മക്കളാക്കി ആശ്ലേഷിക്കുമ്പോൾ അമ്മയ്ക്ക് മക്കളുടെ പേരറിയാതിരുന്നാൽ ശരിയാവില്ലല്ലോ! എനിക്കീ കുട്ടികളോട് അകമഴിഞ്ഞ സ്‌നേഹവും വാത്സല്യവുമായിരുന്നു. സ്വന്തം മാതാപിതാക്കളിൽ നിന്നും വളരെയധികം ദൂരെ മാറി ഇംഗ്ലീഷും ഇന്ത്യൻ സംസ്‌കാരവും തേടി എത്തിയ നാലാം ക്ലാസ്സു മുതൽ 12-ാം ക്ലാസ് വരെയുള്ള ഇവരെല്ലാം എന്റെ സഹാനുഭൂതിയിൽ സന്തോഷം അനുഭവിക്കട്ടെ എന്നു കരുതി.

 

ഇവരെന്തുകൊണ്ട് ഇന്ത്യയിൽ പഠിക്കാൻ വരുന്നു എന്ന സംശയം തോന്നാം. ആരും സ്വന്തം ഇഷ്ടപ്രകാരമല്ല. മാതാപിതാക്കൾ നിർബന്ധിച്ചയക്കുന്നതാണ്. ഇംഗ്ലീഷ് പഠനം തന്നെ മുഖ്യം. ഇംഗ്ലീഷറിയുന്നവർക്ക് അവിടെ വേഗം വളരെ നല്ല ജോലി കിട്ടും. അങ്ങനെ പലതും. കൂടെ ഇന്ത്യൻ സംസ്‌കാരത്തിൽ അച്ചടക്കം പഠിക്കുകയും ചെയ്യും. ആ നാടുകളിലും ഇതിലും നല്ല സൗകര്യങ്ങളുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉണ്ട്. പക്ഷേ, ഫീസ് ഇവിടത്തേക്കാൾ നാലിരട്ടി ആകുമെന്നു മാത്രം. രക്ഷിതാക്കൾക്ക് ലാഭം ഇതുതന്നെ.

 

ഇവരെയൊക്കെ ഒരുപാട് ഉപദേശിക്കുകയും നന്നാക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്തുവെന്നുള്ളത് ശരിതന്നെ. പക്ഷേ, അതിലുപരി ഞാനിവരിലൂടെ പഠിക്കുകയായിരുന്നു. എന്റെ കാഴ്ചപ്പാടുകൾക്ക് വിശാലമായ മാനങ്ങൾ തന്നത് ഈ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ്. എന്റെ അറിവുകൾ എത്ര തുച്ഛമെന്ന് ഞാനറിഞ്ഞതും ഈ കുട്ടികളിലൂടെയാണ്. കേരളത്തിൽ പഠിച്ച് കേരളത്തിൽ മാത്രം ജോലി ചെയ്ത കുട്ടനാട്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നുവന്ന എനിക്ക് വായിച്ചുതീർത്ത ഇംഗ്ലീഷ് നോവലുകളിൽ നിന്നോ വല്ലപ്പോഴും കണ്ട അന്യഭാഷാചിത്രങ്ങളിൽ നിന്നോ ഒക്കെ കിട്ടിയ അറിവ് എത്ര നിസ്സാരമാണ്. ഈ കുട്ടികൾ പ്രയോഗിക പരിജ്ഞാനത്തിന്റെ സീമകൾ എനിക്ക് അഭ്യസിപ്പിച്ചുതന്നു. കേരളീയ കുടുംബങ്ങളിലെ സുരക്ഷയും സുതാര്യതയും എത്ര മനോഹരമെന്ന് എന്നെ ഇവർ വീണ്ടും ഓർമിപ്പിച്ചു. ഒപ്പം പടിപടിയായി നാം അവയെ നഷ്ടപ്പെടുത്തുന്നുവെന്ന ദുഃഖവും. ഇവരിലോരോരുത്തരേയും അടുത്തറിഞ്ഞതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്മമാർക്കുവേണ്ടി എന്റെ മനസ്സ് തേങ്ങിക്കരയുവാൻ തുടങ്ങി. ഇവരെന്നെ പഠിപ്പിച്ച പാഠങ്ങൾ വളരെ തീഷ്ണമേറിയതാണ്. പ്രിൻസിപ്പലായിട്ടുള്ള ഔദ്യോഗിക കാലഘട്ടത്തിൽ അധ്യാപകമാരും കുട്ടികളും ഓരോ ദിവസവും പല പാഠങ്ങൾ എന്നെ പഠിപ്പിച്ചു. അതനസ്യൂതം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

 

ഇതൊക്കെ പറയുമ്പോൾ ഞാനിവരുടെയൊക്കെ കണ്ണിലുണ്ണിയായിരുന്നു എന്നൊന്നും തെറ്റിദ്ധരിക്കരുത്. ഞാൻ ഒരിക്കലും ഒരാളുടെയും ഗുഡ്ബുക്കിലായിരുന്നില്ല. ഒരിടത്തും. ഞാനൊരു ചെറിയെ പെർഫെക്ഷനിസ്റ്റാണ്. അതുകൊണ്ടുതന്നെ എനിക്കൊരിക്കലും ഡിപ്ലോമാറ്റിക് ആകാനോ അനീതികൾക്കെതിരെ കണ്ണടച്ച് മൗനമായിരിക്കാനോ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഞാനെന്റെ വിദ്യാർഥി സമൂഹത്തെ അകമഴിഞ്ഞു സ്‌നേഹിച്ചു. സ്വന്തം മക്കളെപ്പോലെ അവരെ നന്നാക്കാൻ ശ്രമിച്ചു. പരാജയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വിജയങ്ങൾ അനവധിയാണ്. വിവേചനബുദ്ധിയുള്ള എന്റെ കുട്ടികൾ എന്നെ ഒരുപോലെ ഭയപ്പെടുകയും സ്‌നേഹിക്കുകയും ചെയ്തു.

 

ഇനി വരുംലക്കങ്ങളിലൂടെ നിങ്ങൾ വായിക്കാൻ പോകുന്നത് യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളാണ്. പക്ഷേ, ഈ കേസ് സ്റ്റഡിയിലുടനീളം അമ്മമാരുടെ വിഹ്വലമായ മനസ്സുകളേയും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ തേങ്ങലുകളേയും നിങ്ങൾക്കു കാണുവാൻ കഴിയും. ഇവിടെ ഉപയാഗിക്കുന്ന എല്ലാപേരുകളും സാങ്കല്പികമാണ്. വായിലൊതുങ്ങാത്ത വിദേശപേരുകളെ ഉപേക്ഷിച്ച് നമുക്കിമ്പം നൽകുന്ന ചെറിയ പേരുകളെ ഞാൻ സ്വീകരിക്കുകയാണ്. ഒരാളെയും അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ എന്റെ ലക്ഷ്യമല്ല. എന്നെപ്പോലുള്ള ഒരായിരം അമ്മമാർക്കും വിദ്യാർഥി സമൂഹത്തിനും അധ്യാപകർക്കും ഒരു ചെറിയ വെളിച്ചം വീശുന്ന എന്തോ ഒന്ന് ഇതിലുണ്ടെന്ന് ആർക്കെങ്കിലും ഒരാൾക്ക് തോന്നിയാൽ ഞാൻ ധന്യയായി. അത്രമാത്രം. നമുക്ക് നമ്മുടെ ആദ്യത്തെ കഥ എന്റെ എത്രയും പ്രിയങ്കിരയായിരുന്ന ഡയാനയിൽ നിന്നും ആരംഭിക്കാം. ഡയാന രാജകുമാരിയെ പോലെ ബോബു ചെയ്ത തലമുടിയും ആഴമുള്ള നീലക്കണ്ണുകളും ചുവന്നുതുടുത്ത കവിളുകളുമായി എന്റെ റൂമിലേക്ക് അമ്മയുടെ കൈയും പിടിച്ചുകടന്നുവന്ന ആ 14-കാരിക്കായി കാത്തിരുന്നോളൂ...