കാക്കനാട്ടെ കെ.എഫ്.സി (കെന്റകി ഫ്രൈഡ് ചിക്കൻ) കടയുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ ഉള്ളിൽ എല്ലാ മേശയ്ക്കു ചുറ്റും ആൾക്കാർ. ഒറ്റ നോട്ടത്തിൽ തന്നെ അറിയാം ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവരാണ് അവിടിരിക്കുന്നതിൽ കൂടുതലും. കെ.എഫ്.സിയുടെ മിക്ക ഔട്ട്‌ലറ്റുകളിലും തുറന്നിരിക്കുന്ന സമയത്തെല്ലാം തന്നെ നല്ല തിരക്കാണ്. ഈ തിരക്ക് കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊരു സംശയം. 'ഇത്രയൊക്കെയായിട്ടും ഇപ്പോഴും ഇവരിവിടെയൊക്കെ കയറി ഭക്ഷണം കഴിക്കുന്നതു വിശ്വസിക്കാൻ കഴിയുന്നില്ല. ഈ ചിക്കൻ എങ്ങനെയാണുണ്ടാക്കിയെടുക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളിലൊക്കെ വന്നത് ഇവരും കണ്ടുകാണില്ലേ? തലയും വാലുമൊന്നുമല്ലാത്ത മാംസപിണ്ഡങ്ങളായി വളർത്തിയെടുക്കുന്നതു കണ്ടാൽ തന്നെ മനംമറിക്കില്ലേ? ആരോഗ്യപ്രശ്‌നം പോട്ടെ. എന്നിരുന്നാലും ഈ പെൺകുട്ടികളും ഇത് കഴിക്കുന്നതു നിർത്തുന്നില്ലല്ലോ! ഓ, എങ്ങനെ നിർത്താനാ? ഓലിമുഗൾ (കളമശ്ശേരി ദിശയിൽ കാക്കനാട് കളക്ടറേറ്റ് കഴിഞ്ഞുള്ള സ്ഥലം) ജംഗ്ഷനിലുള്ള ക്ലിനിക്കും തുറന്നു വച്ചിരിക്കുന്നത് വൻ മുതൽ മുടക്കിയിട്ടല്ലേ.’ ഓലിമുഗൾ ജംഗ്ഷനിലുള്ള ക്ലിനിക്കുകൊണ്ടുദ്ദേശിച്ചത് പി.സി ഓ.എസ് ചികിത്സാ കേന്ദ്രമാണ്. എന്നുവെച്ചാൽ ഗർഭാശയമുഴ ചികിത്സാ കേന്ദ്രം. ചെറുപ്പക്കാരി പെൺകുട്ടികളിൽ അത് വ്യാപകമായി കണ്ടു തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പി.സി.ഓ.ഡി അതായത് ഡിസീസ് ആയിരുന്നത് സിൻഡ്രമായി മാറിയത്.
സാമൂഹ്യമാധ്യമങ്ങളിലൊക്കെ വന്ന കെ.എഫ്.സി ചിക്കന്‍ ഒരു ഹോക്സ് ആണെങ്കിലും സുഹൃത്തിന്റെ ചോദ്യം വളരെ ഉചിതവും യുക്തിസഹവുമാണ്. പാചകം ചെയ്യാനായി വാങ്ങി വീട്ടിലേക്കു കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളെല്ലാം വിഷലിപ്തമാണ്. അതും മാരകമായ വിഷങ്ങളടങ്ങിയത്. അതിനു പുറമേ പാചകത്തിനുപയോഗിക്കുന്ന രുചികുതിപ്പിക്കൽ വസ്തുക്കൾ വേറെ. ലക്ഷക്കണക്കിനാണ് കേരളത്തിൽ തന്നെ രുചികുതിപ്പിക്കലുപ്പായ അജിനമോട്ടോ വിറ്റഴിക്കപ്പെടുന്നത്. ഇതിനെല്ലാം പുറമേ പൊരിച്ചത്. കൊടും ചൂടിലുമാണ് ഈ പൊരിച്ച ചിക്കൻ തട്ടിവിടുന്നതും.
നാം കഴിക്കുന്ന ഭക്ഷണം ഏതാനും മിനുട്ടുകൾ അല്ലെങ്കിൽ മണിക്കൂർ കഴിയുമ്പോൾ നമ്മളുടെ ശരീരമായി മാറുന്നു. ശരീരമാണ് പ്രധാനമായും വികാരങ്ങളെ നിയന്ത്രിക്കുന്നത്. ഏതു വിധമുള്ള ഭക്ഷണമാണോ നാം കഴിക്കുന്നത് ക്രമേണ അതിന്റെ സ്വഭാവവുമായി ചേർന്നു നിൽക്കുന്ന സ്വഭാവത്തിലേക്കും വൈകാരികതയിലേക്കും അതു കഴിക്കുന്നവർ നീങ്ങിക്കൊണ്ടിരിക്കും. കൊടിയ വിഷം കഴിച്ചാൽ മരിക്കുന്നതു പോലെ ഏതു ഭക്ഷണം കഴിച്ചാലും അതിന്റെ സ്വഭാവമനുസരിച്ചുള്ള മാറ്റങ്ങൾ ശരീരത്തിലും വൈകാരികതയിലും സംഭവിക്കും. കേവലം 35 ദിവസം കൊണ്ടാണ് കെ.എഫ്.സിയ്ക്ക് വേണ്ടിയുള്ള ഫാമുകളില്‍ കോഴികള്‍ വളരുന്നത്. മനുഷ്യര്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്സ് അടക്കം കുത്തിവെച്ച്. അതോടൊപ്പം അവരുടെ പ്രത്യേക രുചിക്കൂട്ടും. ഒരു ചിക്കൻ പ്രേമി ഒരിക്കൽ കെ.എഫ്.സിയിൽ നിന്നു കഴിച്ചാൽ പിന്നീട് അവരവിടെ കയറാതിരിക്കാൻ കഴിയാത്ത വിധമാണ് അതിന്റെ രുചിവശീകരണശേഷി.
യുവതികളിൽ ഗർഭാശയമുഴയ്ക്കു പ്രധാന കാരണം അമിതമായ ചിക്കൻ തീറ്റയടക്കമുള്ളവ കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. സമാനമായി യുവാക്കളിൽ ബീജത്തിലെ എണ്ണക്കുറവും മറ്റ് വന്ധ്യതാ പ്രശ്‌നങ്ങളുടെയുമൊക്കെ കാരണങ്ങളില്‍ പ്രധാനവും പൊരിച്ച കോഴിയുൾപ്പടെയുള്ള ജങ്ക് ഭക്ഷണ രീതികളാണ്. അതുപോലെ അർബുദത്തിന്റെ തോത് വർധിച്ചുവരുന്നതിലും ഇത്തരം ഭക്ഷണം തന്നെയാണ് മുഖ്യ വില്ലൻ. ബന്ധങ്ങളുടെ ശൈഥില്യത്തിനും ഈ ഭക്ഷണരീതികൾ കാരണമാകുന്നുണ്ട്. കാരണം അനിയന്ത്രിതമായ വൈകാരികതയിലേക്ക് സ്ഥിരമായി കഴിക്കുന്നവരെ ഇത് തള്ളിയിടുന്നു. വൈകാരിക കൂടുന്നതനുസരിച്ച് വിഷയങ്ങളെ സമീപിക്കുന്നതിൽ പരാജയം നേരിടും. ആ പരാജയം കൂടുതൽ വിഷാദത്തിലേക്കും കോപത്തിലേക്കും അക്രമവാസനകളിലേക്കും നയിച്ചുകൊണ്ടിരിക്കും.
കെ.എഫ്.സിയുടെയും പെപ്‌സിയുടെയുമൊക്കെ ദൂഷ്യം ബോധ്യമായിട്ടും അവയ്‌ക്കൊക്കെ ഉഗ്രൻ മാർക്കറ്റാണെന്നുള്ള വ്യാഖ്യാനത്തിലേക്കാണ് സുഹൃത്ത് നീങ്ങിയത്. യുക്തിക്കും ബുദ്ധിക്കും ബോധ്യപ്പെടുന്നതാണ് ഇവയൊക്കെ സ്ഥിരമാക്കിയാലുള്ള അപകടങ്ങൾ. ഈ അപകടങ്ങളെ കുറിച്ചു അറിഞ്ഞിട്ടും എന്തുകൊണ്ടു വീണ്ടും അവ ആവേശത്തോടെ കഴിക്കുന്നു എന്നതാണ് ചോദ്യം. മദ്യം മോശമാണെന്ന് മദ്യപിക്കുന്ന എല്ലാവർക്കുമറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് മദ്യപിക്കുന്നത്. എന്തുകൊണ്ട്? പുകവലിയുടെ കാര്യവും അതുപോലെ തന്നെ. എന്നിട്ടും ആൾക്കാർ പുകയ്ക്കുന്നു. എന്തുകൊണ്ട്? ഉത്തരമിതാണ്. അപകടത്തെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം മുന്നിട്ടു നിൽക്കുന്നു. താൽക്കാലികമായ ഒരു സുഖം.
മഹാവ്യാധികൾ വരുമെന്നറിഞ്ഞിട്ടും ഇവ വാങ്ങിക്കഴിക്കുന്നത് കഴിക്കുന്ന നേരത്ത് അനുഭവിക്കുന്ന സുഖത്തിനുവേണ്ടിയാണ്. ഇവിടെ രുചിയായി സുഖത്തെ അറിയുന്നു. ആ സുഖത്തെക്കുറിച്ചാലോചിക്കുമ്പോൾ അതു ലഭ്യമാക്കാൻ ആഗ്രഹം വരുന്നു. അതാലോചിക്കുമ്പോൾ തന്നെ സന്തോഷം. എന്തുകൊണ്ടു ഈ വക കാര്യങ്ങളെക്കുറിച്ചാലോചിക്കുമ്പോൾ സന്തോഷവും സുഖവും തോന്നുന്നു? സുഖം അനുഭവിക്കുന്നു? ഏതു മനുഷ്യനും തേടുന്നത് അവർക്കില്ലാത്തതായിരിക്കും. എത്ര ധനികനാണെങ്കിലും പണത്തിനു പിന്നാലെ പായുന്നത് ഉള്ളിൽ ഇല്ല എന്ന തോന്നൽ ഉളവാക്കുന്ന ശൂന്യത നിറച്ച് സംതൃപ്തിക്കുവേണ്ടിയാണ്. അതുകൊണ്ടാണ് വിഷാദമനുഭവിക്കുന്ന ചിലർ എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത്. വയറു നിറയുമ്പോൾ അവർക്ക് നിറവിലൂടെ ശൂന്യത കുറഞ്ഞതായി അനുഭവപ്പെടും. ആ നിറവിനെ അവർ സന്തോഷവുമായി ബന്ധപ്പെടുത്തും. അപ്പോള് സന്തോഷം ഭക്ഷണത്തിലാണെന്നു തിട്ടപ്പെടുത്തും. മനുഷ്യൻ എപ്പോഴും ആഗ്രഹിക്കുന്നതും സന്തോഷമാണെന്നത് കൊണ്ട് ഇത്തരക്കാര്‍ എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.
അപകടമാണെന്നറിഞ്ഞിട്ടും കെ.എഫ്.സിയിലേക്ക് വിദ്യാസമ്പന്നർ കൂടിയായ ചെറുപ്പക്കാരും വയസ്സു ചെന്നവരുമൊക്കെ ആകൃഷ്ടരാകുന്നത് ഇത്തിരി സന്തോഷത്തിനു വേണ്ടിയാണ്. അവരുടെ തെറ്റിദ്ധാരണയാണ് അതിൽ നിന്നു സന്തോഷം ലഭിക്കുമെന്നത്. ഉള്ളിൽ വിഷാദത്തിന്റെ ചെറുതും വലുതുമായ ശൂന്യതകൾ ഉള്ളതിനാലാണ് സന്തോഷം തേടി ഇവിടങ്ങളിലെത്തുന്നത്. ഇവിടെയാണ് സന്തോഷത്തിന്റെ രസതന്ത്രത്തെ കുറിച്ച് അറിയേണ്ടത്. അതറിയാൻ കൊച്ചു കുഞ്ഞുങ്ങളിലേക്കു നോക്കിയാൽ മതി. അവർ മിക്ക സമയവും സന്തോഷത്തിലായിരിക്കും. എന്തെങ്കിലും ആവശ്യമായി വന്നാൽ സംവേദനത്തിന്റെ ഭാഗമായി അവർ കരഞ്ഞെന്നിരിക്കും. അല്ലാത്ത സമയത്ത് അവർ സന്തോഷത്തിലിരിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും വേണ്ട. അതാണ് അടിസ്ഥാനമായി മനുഷ്യൻറെ പ്രകൃതി. ക്രമേണ ഉപാധിയില്ലാതെ സന്തോഷിക്കാനുള്ള ശേഷി നഷ്ടമാകുന്നു. അതു മുതിർന്നവരിലൂടെ നഷ്ടപ്പെടുന്നതാണ്. ഒരു വയസ്സാകുന്നതിനുമുൻപു തന്നെ ഉപാധിയോടെ സന്തോഷിക്കാൻ മുതിർന്നവർ കുഞ്ഞിനെ പഠിപ്പിച്ചിരിക്കും. എനിക്കൊരുമ്മ തന്നാൽ മിഠായി തരാമെന്ന് പറഞ്ഞ് കുഞ്ഞിനെ കളിപ്പിക്കുന്നത് അത് ചെയ്യുന്നവർക്കും കാണുന്നവർക്കും രസം തന്നെയാണ്. എന്നാൽ പുറം രുചികൾ ഇഷ്ടപ്പെട്ടു തുടങ്ങുന്ന കുട്ടി അതിനുവേണ്ടി ആയുമ്പോൾ അതു കിട്ടണമെങ്കിൽ ഒരുപാധി പാലിക്കണമെന്നു പഠിച്ചുറപ്പിക്കുന്നു. അത്തരത്തിലൊരൊറ്റ സംഭവം മതി ഒരു കുഞ്ഞിന്റെ വൈകാരികത വിപരീതാത്മകമായി മാറാൻ.
ഉപാധിയോടെ സന്തോഷം വരുമ്പോൾ ഓരോന്ന് സാധിച്ച് സന്തോഷിക്കാൻ നോക്കുന്നു. മുതിരുമ്പോഴും ഇതു തന്നെയാണ് തുടർന്നു പോരുന്നത്. ഭൗതികമായി ലോകത്ത് ഏറ്റവും നേട്ടമുണ്ടാക്കിയ രാജ്യമായ അമേരിക്കയിൽ ഒരു വര്‍ഷം 7 ശതമാനത്തോളം പേര്‍ വിഷാദത്തിനുള്ള മരുന്നു കഴിക്കുന്നവരായത് അതുകൊണ്ടാണ്. വിഷാദം മൂലം ജീവിതത്തിലെ ഗുണാത്മക വര്‍ഷങ്ങള്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനമാകട്ടെ, എന്തിനും യു.എസിനെ മാതൃകയാക്കുന്ന, ഇന്ത്യയ്ക്കും. കഠിനാദ്ധ്വാനം എന്ന സങ്കൽപ്പവും ഈ കാഴ്ചപ്പാടുമായി ചേർന്നുണ്ടായതാണ്. ഇന്ന് കഠിനമായി പണി ചെയ്താൽ നാളെയോ മറ്റന്നാളോ അതിന്റെ ഫലം കിട്ടും. അപ്പോൾ സന്തോഷിക്കാം. ഇതാണ് ഏറ്റവും വലിയ അപകടം സൃഷ്ടിക്കുന്നത്.
സന്തോഷത്തെ ഒരിക്കലും നാളെയോ മറ്റന്നാളോ അറിയാൻ കഴിയില്ല. അറിഞ്ഞാൽ തന്നെ കുറച്ചു നേരത്തേക്ക്. അതു കഴിഞ്ഞു വീണ്ടും വിഷാദം. ആ വിഷാദത്തിൽ നിന്നു കരകയറാൻ കഠിനാദ്ധ്വാനത്തിൽ ഏർപ്പെടാൻ പറ്റുന്ന എന്തിലെങ്കിലും ഏർപ്പെടും. ഈ ദൂഷിത വലയം ഇങ്ങനെ നീണ്ടുകൊണ്ടേയിരിക്കും. എന്നാൽ സന്തോഷത്തിനുവേണ്ടി ഒന്നും ചെയ്യാതെ സന്തോഷത്തിൽ എന്തും ചെയ്യുമ്പോൾ സംഗതി മാറി. സന്തോഷത്തിനായി ഭക്ഷണം കഴിക്കാതെ സന്തോഷത്തിൽ ഭക്ഷണം കഴിച്ചാൽ ഭക്ഷണം ഒരുപാധിയെന്നുള്ള തലത്തിൽ നിന്നും മാറുന്നു. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണം രുചികരമായി കഴിക്കാൻ കഴിയും. അമിത ഭക്ഷണം ഒഴിവാകുകയും ചെയ്യും. മാത്രമല്ല സന്തോഷത്തിൽ കഴിക്കാൻ ശീലിക്കുമ്പോൾ ഒരു ഭക്ഷണവും ദൗർബല്യമായി മാറില്ല.
സന്തോഷത്തിനായി ഭക്ഷണം കഴിക്കുമ്പോഴാണ് ആവശ്യത്തിലും അധികം കഴിക്കുന്നത്. കാരണം സന്തോഷത്തിനു വേണ്ടിയാണല്ലോ കഴിക്കുന്നത്. അപ്പോൾ സന്തോഷം കുറച്ചൊന്നും പോരാ. അത് എത്രയായാലും പോരാ. അതുകൊണ്ടാണ് കൂടുതൽ സന്തോഷമുണ്ടാകുമെന്ന ധാരണയിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത്. വയറു പൊട്ടാറാകുമ്പോഴേ അങ്ങനെയുള്ളവർ നിർത്തുകയുള്ളു. അവർക്കു പിന്നെ സ്റ്റാർ രോഗങ്ങൾക്കു പുറമേ വേറെ ഏതെല്ലാം രോഗങ്ങൾ വന്നില്ലെന്ന് ചോദിച്ചാൽ മതി. അപ്പോഴും കരുതുക, അമിതമായും അനാരോഗ്യകരമായും ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് തനിക്ക് അസുഖം വന്നതെന്നുള്ളതായിരിക്കും. യഥാർഥത്തിൽ കാരണം അതല്ല. ആ വ്യക്തിയിൽ നിലനിൽക്കുന്ന വിഷാദമാണ് രോഗത്തിന്റെ മൂലകാരണമായി മാറിയത്.
രോഗിയായി പ്രഖ്യാപിക്കപ്പെടുമ്പോൾ അതുവരെ സന്തോഷം തന്നിരുന്നതിനെ പ്രാപിക്കാനും പറ്റില്ല. അവ വരുത്തി വച്ച രോഗത്തെ പേറുകയും വേണം. സന്തോഷത്തിനുള്ള വഴികൾ അപ്പോൾ അടയുന്നു. പിന്നെ മരുന്നും അക്ഷരാർഥത്തിൽ മന്ത്രത്തിലേക്കും കടക്കുന്നു. മിക്കവരും ഇങ്ങനെ രോഗം ബാധിച്ചാൽ മുമ്പുണ്ടായിരുന്നതിനേക്കാൾ സന്തോഷമുള്ളവരായി കാണപ്പെടുന്നു. അതിന്റെ കാരണം അപ്പോഴാണ് അവർ ജീവിച്ചിരിക്കുന്നു എന്ന കാര്യം അറിയുന്നതും അതിന്റെ ആനന്ദം അനുഭവിക്കുന്നതും. ഈ രോഗങ്ങൾക്കിടയിലും ജീവിക്കുന്നു എന്ന അവസ്ഥയാണ് പലരിലും വിശേഷിച്ചും ജീവിതശൈലീ രോഗമുള്ള ചിലരിലെങ്കിലും കൂടുതൽ സന്തോഷം കാണുന്നതിന് കാരണം. ഈ സന്തോഷത്തിലേക്ക് നേരത്തേ കടക്കാൻ കഴിയുകയാണെങ്കിൽ സംഗതി എളുപ്പം. അതാണ് സന്തോഷത്തിൽ കഴിക്കുന്നതും സന്തോഷത്തിനായി കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം.