Skip to main content

parotta and chicken curry

 

ഉച്ചയ്ക്കുള്ള വിവാഹ സൽക്കാര പാർട്ടി. വട്ടമേശകൾക്കു ചുറ്റുമിരുന്നാണ് ആളുകള്‍ ഭക്ഷണം കഴിക്കുന്നത്. വിഭവങ്ങൾ സമൃദ്ധിയിൽ. മലയാളികൾ കഴിക്കുന്ന ഏതെല്ലാം ഇറച്ചിയിനങ്ങളുണ്ടോ അവയെല്ലാമുണ്ട്. അതിനു പുറമേ മീനും. അവയുടെ പല വകഭേദങ്ങളും. ഒരു മേശയ്ക്കു ചുറ്റും സമാസമം മൂന്നു ചെറുപ്പക്കാരും മൂന്ന് മധ്യവയസ്‌ക്കരും. എല്ലാവരും നന്നായി തട്ടുന്നുണ്ട്. എന്നിരുന്നാലും പഴയതുപോലൊന്നും പറ്റുന്നില്ലെന്ന് ചില മധ്യവയസ്‌കർ അഭിപ്രായപ്പെടുന്നു. തങ്ങൾക്ക് പറ്റാത്തത് മറ്റുള്ളവരെങ്കിലും ചെയ്യുന്നത് കണ്ട് നിർവൃതിയടാനെന്നവണ്ണം മധ്യവയസ്‌കർ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഒരുപക്ഷേ അവരെ തീറ്റിക്കുന്നതിൽ മുതിർന്നവർ ശുഷ്‌കാന്തി കട്ടി. ആ മേശപ്പുറത്ത് ഒരു മ്യൂസിയത്തിലെ ദൃശ്യങ്ങൾ പോലെ വലിയ ട്രേയിൽ അടുക്കി വച്ചിരുന്ന ചിക്കൻ വറുത്തതും അതേപോലെ മറ്റൊരു ട്രേയിൽ പുഷ്പവിതാനം പോലെ ഒരുക്കിയിരുന്ന പൊറോട്ടയും വലിയ മാറ്റമില്ലാതെ ഏതാണ്ട് അതേപടി ഇരിക്കുന്നു. മുതിർന്നവർ ചെറുപ്പക്കാരെ പൊറോട്ടയും ചിക്കനും കഴിക്കാൻ പ്രേരിപ്പിച്ചു. ‘അയ്യോ, വേണ്ടാ ചേട്ടാ’ എന്ന മട്ടിൽ ചെറുപ്പക്കാർ ആ ഭാഗത്തേക്ക് നോക്കിയതു പോലുമില്ല. അത്, തുടർന്നുള്ള തീൻമേശ ചർച്ചയിലേക്ക് നയിച്ചു.

 

ചെറുപ്പക്കാരെല്ലാം അടുത്ത കാലം വരെ ഉഗ്രൻ പൊറോട്ട ചിക്കൻ തീറ്റക്കാരായിരുന്നുവത്രെ. ഇപ്പോഴാണ് അവര്‍ അവയുടെ കൊടിയ ദോഷങ്ങൾ തിരിച്ചറിഞ്ഞതു പോലും. ‘തിന്നതു തിന്നു, ഇനി എന്തായാലും വേണ്ടാ’ എന്നു പറഞ്ഞാണ് മുതിർന്നവരുടെ സ്‌നേഹോഷ്മളമായ നിർദ്ദേശം അവർ നിരസിച്ചത്. അടുത്ത കാലം വരെ കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന നില വരെ എത്തിയതായിരുന്നു, വിശേഷിച്ചും, പൊറോട്ട. ആ താരരാജാവിന് ഇപ്പോൾ കമ്പോള മൂല്യം വല്ലാതെ കണ്ട് കുറഞ്ഞിരിക്കുന്നു. ഏതാനും വർഷം മുൻപ് വരെ പോസ്റ്ററുകൾ മാത്രം ഒട്ടിക്കാൻ ഉപയോഗിച്ചിരുന്ന മൈദ പെട്ടന്നാണ് പൊറോട്ടായുൾപ്പടെ പല രൂപത്തിൽ മലയാളിയുടെ ശരീരത്തിനുള്ളിൽ കയറിക്കൂടാൻ തുടങ്ങിയത്. ഇപ്പോൾ ചെറുതായിട്ടെങ്കിലും ജനങ്ങള്‍ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് ഈ ചെറുപ്പക്കാരുടെ പ്രതികരണം. അതിന്റെ ഫലമായി പല സ്ഥലങ്ങളിലും പൊറോട്ട പിൻവാങ്ങിത്തുടങ്ങി. അതുപോലെ തന്നെയാണ് ചിക്കന്റെ കാര്യവും. ആന്റിബയോട്ടിക്‌സും മറ്റ് മരുന്നുകളും കുത്തിക്കയറ്റി ഏതാനും ദിവസങ്ങൾകൊണ്ട് ഭാരം വയ്പിച്ച് വിപണിയിലെത്തുന്ന ഇറച്ചിക്കോഴികള്‍ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും ആശുപത്രികൾക്കും ലഭ്യമാക്കുന്ന വരുമാനം ചില്ലറയല്ല. വർധിച്ചു വരുന്ന വന്ധ്യതാ പ്രശ്‌നം അതിനു പുറമേയും. ഇതെല്ലാം കൂടിയാണ് ചെറുപ്പക്കാരെ ഇപ്പോൾ ചിക്കൻ തീറ്റയിൽ നിന്നും അൽപ്പം പിന്നോട്ടടിച്ചിരിക്കുന്നത്. ഇതിനർഥം ചെറുപ്പക്കാർ ചിക്കൻ തീറ്റ പൂർണ്ണമായിട്ടും ഒഴിവാക്കിയെന്നല്ല. പെൺകുട്ടികളും യുവതികളും അവ വാശിയോടെ ഭക്ഷിക്കുന്നതിൽ ഇപ്പോഴും കുറവു വന്നിട്ടില്ലെന്നാണ് പൊതു നോട്ടത്തിൽ നിന്നു മനസ്സിലാകുന്നത്. താമസിയാതെ അവരും ചിക്കൻ തീറ്റ ഉപേക്ഷിക്കുമെന്നാണ് തീൻമേശച്ചുറ്റുമുള്ള യുവാക്കളുടെ സംഭാഷണത്തിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത്. പെൺകുട്ടികളിൽ ഗർഭാശയമുഴ ഇപ്പോൾ സാർവ്വത്രികമാണ്. പലയിടത്തും അതിനു മാത്രം ചികിത്സയുണ്ടെന്ന് എഴുതിവച്ച ക്ലിനിക്കുകളും സ്പാകളും കാണാം. അതൊക്കെയാണ് പെൺകുട്ടികളും ചിക്കനും പൊറോട്ടയുമൊക്കെ ഒഴിവാക്കുമെന്നു പറയാൻ കാരണം.

        

ചെറുപ്പക്കാർ ചിക്കനും പൊറോട്ടയും ഉയർത്തുന്ന ഭീഷണിയെ പറ്റി വാചാലരായപ്പോൾ,  മധ്യവയസ്‌കർ അവർ കഴിച്ചുകൊണ്ടിരുന്ന മീൻ വറുത്തതിലേയും ചില്ലി ഗോബിയിലെയും ചിക്കനിലേയും എണ്ണയുടെ വർധിതമായ തോതിനെക്കുറിച്ചാണ് ആവലാതിപ്പെട്ടത്. നമ്മുടെ വിഭവ രീതി മാറ്റേണ്ടതിന്റെ അടിയന്തരാവശ്യത്തെക്കുറിച്ചും അവർ വാചാലരായി. മുതിർന്നവർക്കും ഇളമുറക്കാർക്കും ഒരുപോലെ അപകടകരമായ ഭക്ഷണത്തെ എന്തിന് സ്വീകരണങ്ങൾക്ക് ഒരുക്കണം എന്ന ചിന്ത പൊതുവേ എല്ലാവരും അംഗീകരിച്ചു. ഇതിനിടെ ആതിഥേയൻ മര്യാദ പാലിച്ച് തന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കുന്നവരുടെ അടുക്കലെത്തി. എങ്ങനെയുണ്ട് എന്ന അദ്ദേഹത്തിന്റെ അന്വേഷണത്തിന് എല്ലാം ഗംഭീരമായിട്ടുണ്ടെന്ന് എല്ലാവരും ഒരേ സ്വരത്തിൽ മറുപടിയും നൽകി. അതും ശരിയായിരുന്നു. ഭക്ഷണം ഒരുക്കിയിരുന്നതിനെല്ലാം രുചിക്കുറവൊന്നുമില്ലായിരുന്നു. ഇല്ലായിരുന്നുവെന്നു മാത്രമല്ല, നന്നായി രുചിയുള്ളതു തന്നെയായിരുന്നു. എന്നിട്ടും ചെറുപ്പക്കാർ ചിലത് കഴിക്കാതെ താരതമ്യേന അപകടം കുറഞ്ഞ ഇനങ്ങളിലേക്ക് തിരിഞ്ഞത് വളരെ നല്ല സൂചനയാണ്. കൂട്ടത്തിലുള്ള ഒരു മധ്യവയസ്‌കൻ പറഞ്ഞു, ഇങ്ങനെ പോയാൽ ഏറി വന്നാൽ ഒരു കൊല്ലത്തിനുള്ളിൽ ഇത്തരം സ്വീകരണങ്ങളിൽ നിന്ന് ചിക്കനും പൊറോട്ടയുമൊക്കെ അപ്രത്യക്ഷമായേക്കും.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com