നേന്ത്രപ്പഴത്തിനുള്ളിലേക്കു നോക്കിയാൽ മതി വർത്തമാന ലോകത്തിന്റെ മനസ്സറിയാം. യശോദ ഉണ്ണികൃഷ്ണന്റെ വായിൽ ഈരേഴ് പതിനാല് ലോകവും കണ്ട മാതിരി. ശാസ്ത്രം മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കുന്നതിന് പകരം ഏതാനും പേരുടെ ലാഭാർത്തിക്കുവേണ്ടി വിനിയോഗിക്കപ്പെട്ടതിന്റെ പഴുത്ത മുഖമാണ് ഇന്നത്തെ നേന്ത്രപ്പഴം. സങ്കരയിനം ഏത്തവാഴ വിത്തിനു രൂപം കൊടുത്തത് ഉൽപ്പാദന വർധന എന്ന ഉദ്ദേശത്തെ ഉയർത്തിക്കാട്ടിയായിരുന്നു. എന്നാൽ ഇത്തരം വാഴക്കന്നുകൾ ഉദ്ദിഷ്ട ഫലപ്രപ്തിയിലെത്തണമെങ്കിൽ ചില ഉപാധികളുണ്ട്. നമ്മുടെ നാടൻ വളങ്ങളൊന്നും പോരാ. ഉഗ്രവിഷം പേറുന്ന വളങ്ങളും കീടനാശിനിയും വേണം. കീടനാശിനി പ്രയോഗമില്ലാതെ ഇവ വളർത്താമെന്നു വിചാരിച്ചാൽ തറയിൽ നിന്ന് ഇവ പൊന്തില്ല. വൻ തോതിലുള്ള കൃഷിയിടങ്ങളിൽ നിന്നാണ് എന്നും വാഴക്കുലകൾ മൊത്തക്കച്ചവടക്കമ്പോളങ്ങളിലേക്കും അവിടെ നിന്ന് ചില്ലറ വിൽപ്പനക്കടകളിലേക്കും എത്തുക. മുൻപൊക്കെ പാലുകുടി മാറുന്നതിനു മുൻപു തന്നെ കുഞ്ഞുങ്ങൾക്ക് പൊടിച്ചു കുറുക്കിക്കൊടുക്കുന്നതായിരുന്നു ഏത്തായ്ക്കാ കുറുക്ക്. എന്നാൽ ഇന്നവ കൊടുത്താൽ കുഞ്ഞിന് അന്നേരവും ഭാവിയിലും എന്താണ് സംഭവിക്കുക എന്നത് അനുഭവത്തിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളു.
മുതൽ മുടക്കുന്നവരുടെ ലാഭാർത്തി മാത്രമല്ല ഇവ്വിധമുള്ള ഏത്തപ്പഴം മാർക്കറ്റിൽ രാജാവായി വിലസാൻ കാരണം. ഉപഭോക്താക്കളുടെയും മാനസികാവസ്ഥ ഇതിന്റെ ഉൽപ്പാദകരിൽ നിന്നും അന്യമല്ല. അവർക്കും ഗുണത്തേക്കാളും മേൻമയേക്കാളും കാഴ്ചയിൽ നല്ല പൊലിപ്പും കനവും നിറവുമുള്ളതായിരിക്കണം ഉൽപ്പന്നങ്ങൾ. കാഴ്ചയിലെ നിറവനുസരിച്ചാണ് ആവശ്യകത കൂടുക. അതിനാലാണ് അവയ്ക്ക് കൂടുതൽ കമ്പോളം ലഭ്യമാകുന്നത്. കാഴ്ചപ്രധാനമായ കാഴ്ചപ്പാടിലേക്ക് സമൂഹം മാറിയതിന്റെ പ്രതിഫലനമാണത്. ആരോഗ്യവും സുഷുപ്തിയുമൊക്കെ കാഴ്ചപ്രധാനമല്ല. അത് അനുഭവ തലത്തിലുള്ളതാണ്.
മാനസികമായ ദാരിദ്ര്യത്തിൽ നിന്നാണ് എല്ലാം 'തോനേ' വേണമെന്ന മനോനില മനുഷ്യനിൽ ഉടലെടുക്കുന്നത്. അതാണ് കൂടുതൽ ധനത്തിനു വേണ്ടി മനുഷ്യൻ ജീവിതം പോലും വകവയ്ക്കാതെ കഷ്ടപ്പെടുന്നത്. കൂടുതൽ സമ്പത്തല്ല സമൃദ്ധിയുടെ ലക്ഷണം. എന്നാൽ യഥേഷ്ടം സമ്പത്ത് സമൃദ്ധിയല്ലേ എന്നു ചോദിച്ചാൽ അതാണു താനും. അതു ആ സമൃദ്ധിസൃഷ്ടിയിലെ സർഗ്ഗാത്മകത മൂലം സംഭവിക്കുന്നതാണ്. അതിലേർപ്പെടുന്നവർ കഷ്ടപ്പെടുകയായിരിക്കില്ല. മറിച്ച് ആനന്ദമായിരിക്കും അനുഭവിക്കുക. കേരളത്തിലെ പണ്ടത്തെ കാർഷിക സംസ്കാരത്തിലേക്കു നോക്കിയാൽ ആ ആസ്വാദനത്തെ അറിയാൻ കഴിയും. അതിന്റെ ശേഷിപ്പുകളാണ് ഇന്നും നാം ആഘോഷ വേളകളിൽ പാടുന്ന പാട്ടും ആട്ടവും കൂട്ടായ്മകളുമെല്ലാം. എന്നാൽ കഷ്ടപ്പാടിന്റെ സംസ്കാരത്തിൽ നിന്ന് രോദനങ്ങള് മാത്രമേ ഉയർന്നുവരികയുള്ളു.
കഷ്ടപ്പെട്ടാൽ മാത്രമേ ജീവിതത്തിൽ വിജയമുണ്ടാവുകയുള്ളു എന്ന തോന്നലിൽ നിന്നാണ് കാഴ്ചപ്രധാനമായ സാംസ്കാരിക മാറ്റത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങിയത്. അതിന് ഒരു പരിധിവരെ നമ്മളെ ചരിത്രപരവും അല്ലാതെയുമുള്ള കാരണങ്ങളാൽ സ്വാധീനിച്ച പാശ്ചാത്യസംസ്കാരം നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ധാതുവിഭവങ്ങൾ വിരളമായ പടിഞ്ഞാറൻ രാജ്യങ്ങൾ അവർ നേടിയ ശാസ്ത്ര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തിയത് മുഖ്യമായും മറ്റ് രാജ്യങ്ങളേയും ജനതയേയും ചൂഷണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. ആ ചൂഷണം പലപ്പോഴും ചൂഷണത്തിനു ഇരയാകുന്ന രാജ്യങ്ങളിൽ നമ്മളെ ഭ്രമിപ്പിക്കുന്ന മുഴുത്ത നല്ല നിറമുള്ള പഴുത്ത ഏത്തപ്പഴം പോലെയാകും പ്രത്യക്ഷപ്പെടുക. അതിനാൽ ചില ഗൂഢലക്ഷ്യങ്ങൾ നിറച്ച സുന്ദരമായ കനികളെ വികസ്വര- അവികസിത രാജ്യങ്ങളെ കാണിക്കുക മാത്രമേ വേണ്ടൂ. അത് ആ രാജ്യങ്ങൾ സ്വമേധയാ ഏറ്റെടുത്ത് നടപ്പിലാക്കിക്കൊള്ളും. ആദ്യമൊക്കെ രണ്ടേത്തപ്പഴം കഴിക്കേണ്ടിടത്ത് ഒന്നു കഴിച്ചാൽ മതിയാകും. പക്ഷേ കാലം കുറച്ചു കഴിയുമ്പോൾ ഏത്തപ്പഴം പോയിട്ട് ചെറുപഴം പോലും കഴിക്കാൻ വയ്യാത്ത ആരോഗ്യ സ്ഥിതിയിലേക്കെത്തും. എല്ലാ അർഥത്തിലും.
ഇന്ത്യയിലെ മധ്യവർത്തി സമൂഹത്തിന്റെ തോതാണ് യു.എസിലെ മുഴുവൻ ജനസംഖ്യയും. ഏതാണ്ട് 32 കോടി. അമേരിക്കയിലെ ഈ ജനസംഖ്യ ലോക ജനസംഖ്യയുടെ വെറും നാലര ശതമാനം വരും. ഈ നാലര ശതമാനം ജനമാണ് ലോകത്തെ ഊര്ജതിന്റെ ഏതാണ്ട് 24 ശതമാനത്തോളം ഉപഭോഗം ചെയ്യുന്നത്. ദാരിദ്ര്യമാണ് ഏറ്റവും വലിയ വിഷാദത്തിന്റെയും കൊടിയ ഹിംസയുടെയും കാരണമെന്നു മനസ്സിലാക്കാൻ അമേരിക്ക തന്നെയാണ് നല്ല ഉദാഹരണം. ഈ ദാരിദ്ര്യ ചിന്തയാണ് അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളെ രൂപപ്പെടുത്തുന്നത്. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ഇന്നു കാണപ്പെടുന്ന സർവ്വവിധ ശൈഥില്യങ്ങളുടെയും സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും മൂലകാരണങ്ങളിൽ ഒന്നതാണ്. അടിസ്ഥാനകാരണം ചൂഷണത്തിന് ഇരയാകുന്നവരുടെ അജ്ഞതയാണെന്ന് കൂട്ടത്തിൽ ഓർക്കുകയും വേണം.
കഷ്ടപ്പെടുന്നത് നമ്മുടെ പക്കലില്ലാത്തത് നേടിയെടുക്കാൻ വേണ്ടിയാണ്. ആ ബോധം വ്യക്തിയുടെ വ്യക്തിത്വത്തിൽ കലർന്നു നിൽക്കുന്നതാണ്. അതു വ്യക്തിയിൽ നിന്നു സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നു രാഷ്ട്രത്തിലേക്കും അതിനപ്പുറത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കും. കാരണം അത് അജ്ഞതയിൽ നിന്നുത്ഭവിക്കുന്നതാണ്. അജ്ഞത ഒരു ഭൂപ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ അജ്ഞതയിൽ നിന്നുമാണ് നമ്മുടെ രുചികരമായ നേന്ത്രപ്പഴം കൈവിട്ടുപോയത്. ഏത്തപ്പഴം വിൽക്കപ്പെടുന്ന കടകളിൽ ഇന്നും 99 ശതമാനവും വിഷപ്പഴങ്ങളാണ്. അതിനെ കടക്കാർ പറയുന്നത് വരവ് പഴമെന്നാണ്. ഒന്നുകൂടി ഓർക്കാം, നേന്ത്രപ്പഴം ഒരു പ്രതിനിധി മാത്രമാണ്. ഇപ്പോൾ ഉപഭോക്താക്കള് വർധിതമായ തോതിൽ നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിലേക്കു തിരിയുന്നുണ്ട്. അത് വിഷക്കനികളുടെ രുചിയില്ലായ്മയും അവയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും മനസ്സിലാക്കിത്തുടങ്ങിയതിന്റെ ഫലമാണ്.