പരിപ്പൊഴിച്ച് നെയ്യും ചേർത്തു തുടക്കം

Mon, 02-09-2013 05:30:00 PM ;

sadya

ഇലയിട്ട് സദ്യ. അത് ആസ്വാദ്യം, സൗന്ദര്യാത്മകം. അതേസമയം അത് പ്രതീകാത്മകവുമാണ്. പ്രതീകാത്മകമായിരിക്കുമ്പോൾ തന്നെ ആരോഗ്യകരവും. ആത്യന്തികമായ  ഉപനിഷദ് സത്യത്തിന്റെ സൗന്ദര്യാത്മക പ്രയോഗവുമായും അത്  മാറുന്നു. പചാമ്യന്നം ചതുർവിധം എന്ന ഗീതാശ്ലോകത്തിന്റെ അനുഭവവേദ്യമായ ആഖ്യാനം. സദ്യയിലെ ഒരു ചെറിയ കാര്യമെടുക്കാം. തുടക്കം; പരിപ്പും നെയ്യും കൂട്ടിക്കൊണ്ടാണ് സദ്യ തുടങ്ങുന്നത്. പതിവില്‍ നിന്ന് മാറി ഏറെ വിഭവങ്ങൾ സദ്യയിലുണ്ടാകും. വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് സദ്യ നടത്തുക. വിശേഷങ്ങളും  അതുമായി ബന്ധപ്പെട്ട ചടങ്ങുകളും എല്ലാം പ്രതീകാത്മകങ്ങളാണ്. അവയെല്ലാം മനുഷ്യന്റെ ശ്രദ്ധയെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ യഥാർഥത്തില്‍ ശ്രദ്ധിക്കേണ്ടത് എന്താണോ അതിലേക്ക് തിരിക്കുന്നതുമാണ്.

 

സദ്യ ആസ്വാദ്യമാണെങ്കിലും പതിവില്‍ കൂടുതല്‍ വിഭവങ്ങൾ ദഹിക്കേണ്ടതുണ്ട്. ദഹനം എന്ന വാക്ക് തന്നെ ശ്രദ്ധിച്ചാല്‍ അഗ്നിയുടെ സാന്നിദ്ധ്യം അറിയാം. ജഠരാഗ്നിയെ തുടക്കത്തിലേ ഉദ്ദീപിപ്പിക്കുകയാണ് നെയ്യ് ചെയ്യുന്നത്. ഹോമം  ഓർക്കാം. അതിലേക്ക് നെയ്യ് പകരുമ്പോൾ അഗ്നി ആളിക്കത്തുന്നത്. അതേപോലെ നമ്മുടെ ജഠരാഗ്നിയും നെയ്യ് ചെന്നെത്തുന്നതോടെ ആളിക്കത്തുന്നു. ആ ആളിക്കത്തലില്‍ ദഹനേന്ദ്രിയങ്ങളും സമസ്തകോശങ്ങളും സംവേദിതമാകുന്നു, ഇന്ദ്രിയങ്ങൾക്ക് ആഘോഷമേകിക്കൊണ്ട് നാല് വിധത്തിലുളള അന്നങ്ങളും താളാത്മകമായി ലയിക്കുന്ന രുചികളും വരവായി എന്ന്. ആ ആളിക്കത്തലില്‍ ഉദരവും ശരീരവും സ്വീകാര്യതയിലേക്ക് പ്രവേശിക്കുന്നു. ജഠരാഗ്നി ആളുന്നതോടെ വിശപ്പ് വികസിച്ച് കൂടുതല്‍ ഇന്ദ്രിയങ്ങളെ ഉണർത്തുന്നു. ഉണർവ്വ് ശ്രദ്ധയാണ്. സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുള്ളവർ പോലും സദ്യ കഴിക്കുമ്പോൾ സംസാരിക്കാതെ ഭക്ഷണത്തില്‍  ശ്രദ്ധിച്ചു കഴിക്കുന്നു. ശ്രദ്ധയുടെ ആഘോഷം അങ്ങനെ സദ്യയാകുന്നു. കാഴ്ചയിലും മണത്തിലും രുചിയിലും എല്ലാം.

 

ആയുർവേദത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ നോക്കിക്കാണുകയല്ല ഇവിടെ. ആ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ വെളിവാകുന്നത് ഉദാത്തമായ ശാസ്ത്രീയത തന്നെയാണ്. സദ്യയുടെ ഒരു ചെറുഭാഗത്തിലൂടെ എങ്ങനെ ശാസ്ത്രവും സൗന്ദര്യവും ലയിപ്പിച്ച് സാധാരണ ജനങ്ങളുടെ  കൈകളിലേക്ക് പ്രയോഗത്തിനായി ലഭ്യമാക്കിയിരിക്കുന്നു എന്ന വശമാണ് ഇവിടെ വിശദീകരിക്കുന്നത്. ഇവിടെ പ്രയോഗം എന്നതിന് വ്യപകമായ തലങ്ങളാണ് തെളിഞ്ഞുവരുന്നത്. എങ്ങനെയാവണം ശാസ്ത്രത്തെ ജനങ്ങളുടെ ഉപയോഗത്തിന് ലഭ്യമാക്കേണ്ടത് എന്നതിന്റേയും സൗന്ദര്യത്തിന് ജീവിതത്തിലുള്ള പ്രസക്തിയുടേയുമെല്ലാം മനോഹരമായ ഉദാഹരണമാകുന്നു ഇവിടെ പ്രയോഗം. സൗന്ദര്യം എങ്ങനെ ശാസ്ത്രത്തെ മൗലികവാദസ്വഭാവത്തില്‍ നിന്ന് വിട്ട് ജീവിതതാളവുമായി ശ്രുതിചേർക്കുന്നു എന്ന് കാണിച്ചുതരുകയാണ് പരിപ്പും നെയ്യും.

 

parippuജഠരാഗ്നിക്ക് ഉത്തേജിതമാകാൻ നെയ്യ് ആവശ്യമായി മാറുന്നുവെങ്കിലും നാം കഴിക്കുന്നത് സദ്യയുടെ തുടക്കത്തിലെ  ചടങ്ങായതിനാലാണ്. ചടങ്ങ് തലമുറകൾ കൈമാറുമ്പോൾ യാന്ത്രികമാകും. എന്നിരുന്നാലും പാരമ്പര്യത്തിന്റെ, ആചാരത്തിന്റെ പേരില്‍ അതു തുടരുന്നു. അവിടെ ശാസ്ത്രം പിഴയ്ക്കാതെ പോകുന്നു. ചിലപ്പോൾ ചില ആചാരങ്ങൾ അനാചാരങ്ങളിലേക്ക് വഴുതിവീഴുമെങ്കിലും. ധനസ്വാധീനം കാണിക്കുന്നതിന്റെ ഭാഗമായി സദ്യയില്‍ ചില കൂട്ടിച്ചേർക്കലുകളും കുടിക്കുന്നതിന് വെള്ളത്തിനു പകരം കോളയും കുഞ്ഞുകുപ്പിവെള്ളവും പിന്നെ പിസ്സയും മഞ്ചൂറിയൻ തയ്യാറാക്കലുമൊക്കെ ചേർത്തുവയ്ക്കുന്നതുപോലെ. അത് സദ്യയെ അജ്ഞതയുടെ അസദ്യയാക്കി മാറ്റുന്നു. ജഠരാഗ്നിയുടെ ആളിക്കത്തലിനും ഇന്ദ്രിയാഘോഷത്തിനും പകരം വിളപ്പില്‍ശാലയുടെ പുകച്ചിലാണ് അപ്പോഴുണ്ടാവുക. എല്ലാ ആചാരങ്ങളും അനാചാരങ്ങളായി മാറുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. പരിപ്പും നെയ്യും പർപ്പിടകവും കൂട്ടി ചേർത്ത് പൊടിക്കുമ്പോൾ അവിടെ പർപ്പിടകം പൊടിയുന്ന ശബ്ദം ശബ്ദേന്ദ്രിയത്തേയും തൃപ്തിപ്പെടുത്തുന്നു. സമസ്തരസങ്ങളേയും  ഉണർത്തി അവയിലേക്ക്  രസഘടകങ്ങളെ പ്രദാനം ചെയ്ത് അവയെ  സന്തുലിതമാക്കുന്നു. അതു ശരീരത്തിലെ ധാതുക്കളുടെ നിലയില്‍ നിർണായകമാകുന്നു. ഉണരാതെ കിടക്കുന്ന രസഗ്രന്ഥികൾ ഉണർന്ന് അവ ഉത്തേജിതമാകുന്നു. ഉപയോഗിച്ചില്ലെങ്കില്‍ എന്തും നാശമായിപ്പോകും. സാധാരണജീവിതത്തിലെ ആഹാരരീതികൾ പര്യാപ്തമാകുന്നില്ലെങ്കില്‍ അത്തരത്തില്‍ ഇന്ദ്രിയശോഷണം സംഭവിക്കാതിരിക്കലാണ് ഈ സദ്യയുടെ രഹസ്യമായ ലക്ഷ്യങ്ങളിലൊന്ന്. എല്ലാ ഗ്രന്ഥികളും പ്രവർത്തനക്ഷമമായെങ്കിലേ മനുഷ്യന് സ്വാസ്ഥ്യം അനുഭവപ്പെടുകയുള്ളു.

 

സദ്യയിലൂടെ ശരീരശാസ്ത്രവും അതിന് ആവശ്യമായ ഘടകങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അതിന്റെ ചിട്ടയിലേക്ക് സൂക്ഷിച്ചുനോക്കുന്ന പക്ഷം വെളിവാകുന്നത് ചിട്ടയുടെ താളാത്മകതയും സർഗാത്മകതയുമാണ്.    നെയ്യ് മനുഷ്യന്റെ ഓജസ്സിനെ വർധിപ്പിക്കുന്നു. വ്യക്തിയുടെ ഓജസ്സ് വർധിക്കുന്നു എന്നുവെച്ചാല്‍ ആ വ്യക്തിയുടെ ഉന്നമനം തന്നെ. എന്നുവെച്ച് നെയ്യ് ധാരാളം കഴിച്ചാല്‍ ഓജസ് വർധിക്കില്ല. പകരം കൊളസ്‌ട്രോൾ കൂടി അതിരക്തസമ്മർദ്ദമൊക്കെ വന്ന് പെട്ടെന്ന് തട്ടിപ്പോകാനിട വന്നേക്കാം. അവിടെയാണ് ചിട്ടാ അഥവാ ഡിസിപ്ലിന്റെ പ്രസക്തി. ഡിസിപ്ലിൻ എന്ന വാക്ക് ഇംഗ്ലീഷാണ്. അതിനാല്‍ ഡിസിപ്ലിൻ നമുക്ക് കൂടുതല്‍ മനസ്സിലാക്കിത്തരുന്നത് യാന്ത്രികവും സ്വാതന്ത്ര്യത്തെ ഒരുപരിധിവരെയെങ്കിലും പരിമിതപ്പെടുത്തുന്നതുമായ ഒന്നായിട്ടാണ്. ആ  അരോചകത്വമാണ് പലരേയും ഡിസിപ്ലിനില്‍ നിന്ന് അകറ്റാനും പ്രേരിപ്പിക്കുന്നത്. ഇവിടെ സദ്യ പറഞ്ഞുതരുന്നു, ഡിസിപ്ലിൻ സർഗാത്മകമായിരിക്കണം. അത് മുഴച്ചുനില്ക്കരുത്. അത് അനായാസമായിരിക്കണം. അതിലേക്കു പ്രവേശിക്കുന്നത് ഉത്തേജിതമായി വേണം. ആ താളാത്മകതയുടെ ലയമാണ് ഡിസിപ്ലിൻ. അത് കോർക്കേണ്ടത് സൗന്ദര്യത്തിലാവണം. തളിരിലയില്‍ ചൂടുചോറില്‍ ചെറുപയറുപരിപ്പും അതിന്റെ മേല്‍ അല്‍പ്പം നെയ്യൊഴിച്ച് നല്ലപോലെ മൊരിഞ്ഞ് എണ്ണ വാർന്ന പർപ്പിടകവും പൊടിച്ചുചേർത്ത് കൂട്ടിക്കുഴച്ചു കഴിച്ചുനോക്കുക. രസം. ആ രസാത്മകയാണ് ചിട്ടയ്ക്കു വേണ്ടത്. അതാണ് ഡിസിപ്ലിന്റെ സൗന്ദര്യം. അതിനെ സദ്യയെന്നും വിളിക്കാം. പണ്ഡിതനും പാമരനും ശാസ്ത്രത്തിന്റെ പ്രയോജനം ഒരേ പോലെ അനായാസമായ രീതിയില്‍ കരഗതമാക്കുന്ന്. എല്ലാവർക്കും ജ്ഞാനവും ശാസ്ത്രവും ഒരേപോലെ ലഭ്യമാക്കുക എന്നിടത്താണ് ജ്ഞാനത്തില്‍ പ്രതിഷ്ഠിതമായ പ്രതീകാത്മക പ്രയോഗത്തിന്റെ പ്രായോഗികതയും പ്രസക്തിയും. ഇതല്ലേ ജ്ഞാനത്തിന്റേയും ശാസ്ത്രത്തിന്റെയും ഉദാത്തമായ ജനായത്തവല്‍ക്കരണം.

Tags: