ഏത്തപ്പഴത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. കേരളത്തിന്റെ മണ്ണ് അത്യധികം രുചിയുള്ള ഏത്തപ്പഴം തരാന്‍ ശേഷിയുള്ളതാണ്; വിഷ-രാസവള പ്രയോഗത്തില്‍ നശിച്ചുപോയിട്ടുണ്ടെങ്കിലും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെലവുള്ള കായും പഴവുമാണ് ഏത്തന്‍. എന്നാല്‍ അര്‍ബ്ബുദം വരാനും കിഡ്നിയും കരളും തകരാറിലാവാനും ഇപ്പോള്‍ കമ്പോളത്തില്‍ ലഭ്യമാകുന്ന ഏത്താക്കായും പഴവും കാരണമാകുന്നു. അതിനാല്‍ അവ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാവും ഉത്തമം. കാരണം ഗുണം ചെയ്യില്ലെന്നു മാത്രമല്ല മാരക രോഗങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും. അറിഞ്ഞുകൊണ്ട് നമ്മള്‍ക്ക് നമ്മളോടും കുടുംബാംഗങ്ങളോടും ചെയ്യാവുന്ന വലിയ സഹായവും സ്‌നേഹവുമാണത്.
ഇത്തരം കായ്കള്‍ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. അതിന്റെ തൊലിക്ക് ഒട്ടും ഓജസ്സുണ്ടാവില്ല. ഓജസ്സ് എന്നുവെച്ചാല്‍ പഴത്തിന്റെ കാര്യത്തില്‍ സ്വാഭാവികമായ മഞ്ഞയില്ലായ്മ. ഇത്തരം പഴത്തിന് കട്ടി കൂടുതലായിരിക്കും. രുചി കാര്യമായി ഉണ്ടാവില്ലെന്നു മാത്രമല്ല വല്ലാതെകണ്ട് പഴുത്തില്ലെങ്കില്‍ തടിപോലിരിക്കും. അവ പിളര്‍ന്നു നോക്കിയാല്‍ നടുഭാഗത്ത ചാലുപോലെ മാരകവിഷം പഴത്തിന്റെ നിറത്തില്‍ വരിവച്ചിരിക്കുന്നതു കാണാം. നാവില്‍ ചെറിയ മുറിവുള്ളവര്‍ തിന്നുകയാണെങ്കില്‍ ജീവന്‍ പോകുന്ന നീറ്റലായിരിക്കും. കാരണം കൂമ്പില്‍ വച്ചുകെട്ടിയ യുറിയയാണത്. അത് പഴുപ്പിക്കുന്നതിനും വിഷം ഉപയോഗിക്കുന്നുവെന്നോര്‍ക്കുമ്പോഴാണ് ഏതെല്ലാം രീതിയില്‍ അത് വിഷമയമാകുന്നത് മനസ്സിലാകുന്നത്.
ഏത്തവാഴയില്‍ കണ്ണില്‍ചോരയില്ലാതെ പ്രയോഗിക്കുന്നത് ഫ്യൂറഡാന്‍ എന്ന ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ്. നടുമ്പോള്‍ ഫ്യുറഡാന്‍ ഇടുന്നു. അതുകഴിഞ്ഞ് വാഴമുളച്ച് നാമ്പ് വന്നുതുടങ്ങി ഓരോ ഇരുത്തിയൊന്നാം ദിവസവും കൂമ്പിവരുന്ന ഇലയ്ക്കുള്ളിലേക്ക് ഓരോ സ്പൂണ്‍ വിതം ഫ്യൂറഡാന്‍ ഇട്ട് കൊടുക്കുന്നു. ഇവ വാഴയില്‍ ഇഴുകിച്ചേരുന്നുമില്ല. ഈ ഫ്യൂറഡാന്‍ പ്രയോഗം കൊണ്ട് കര്‍ഷകന് ഒരു വാഴപോലും പുഴുവെടുത്ത് നശിക്കില്ല. അതുപോലെ കായ്ക്ക് നല്ല വണ്ണവും കിട്ടും. ഈ വണ്ണവും പോരാഞ്ഞാണ് വാഴ കുലച്ചുകഴിഞ്ഞാല്‍ കുടപ്പന്റെ അറ്റം വെട്ടി അതില്‍ യൂറിയ വച്ചുകെട്ടുന്നത്. അതോടെ കായ വന്‍ തടിവയ്ക്കും.
അറിഞ്ഞുകൊണ്ട് വിഷം കഴിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ട്. അതുപോലെതന്നെ ഉപഭോക്താക്കള്‍ അല്പം ശ്രദ്ധ കാണിക്കുകയാണെങ്കില്‍ ക്രമേണയെങ്കിലും വിഷമയമല്ലാത്ത ഏത്തക്കായും പഴവുമൊക്കെ നമുക്ക് കമ്പോളത്തിലേക്ക് എത്തിക്കുവാന്‍ കഴിയും. കമ്പോളത്തില്‍ വിറ്റഴിയാത്തവയ്ക്ക് നിലിനില്‍പ്പുണ്ടാവില്ല. ആവശ്യക്കാരില്ലാതെ വരുമ്പോള്‍ കര്‍ഷകര്‍ വിഷമില്ലാതെ കൃഷിചെയ്യാന്‍ നിര്‍ബന്ധിതരാകും. അതിന് സമയമെടുക്കുമെങ്കിലും.
ഈ വിഷക്കായുടെയും പഴത്തിന്റെയും ഇടയില്‍ അങ്ങിങ്ങ് നാടന്‍ ഏത്തപ്പഴം ലഭിക്കുന്നുണ്ട്. അത്തരം കടകളില്‍ ഏത്തക്കുല വന്നാല്‍ ഞൊടിയിടയ്ക്കുള്ളില്‍ അവ ചെലവായിപ്പോകുന്നു. അതുകൊണ്ട് ഇത്തരം കടക്കാര്‍ വളരെ ശ്രദ്ധാലുക്കളായി നാടന്‍ പഴങ്ങള്‍ മാത്രം നോക്കിയെടുക്കുന്നു. നാടന്‍ കിട്ടിയില്ലെങ്കില്‍ അവര്‍ ഏത്തക്കുലയെടുക്കില്ല. അതു സൂചിപ്പിക്കുന്നത് തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തി കച്ചവടം കൊഴുപ്പിക്കാന്‍ തന്നെയാണ്. പൂര്‍ണമായും ജൈവവളമുപയോഗിച്ചതല്ലെങ്കിലും വിഷത്തിന്റെ അളവ് ഇത്തരം നാടന്‍ കായ്കളില്‍ കുറവാണ്. പുഴുങ്ങിയാല്‍ ഇത്തരം പഴങ്ങള്‍ നല്ല മൃദുലമാകും , പുഴുങ്ങിയും പുഴുങ്ങാതെയും കഴിക്കാന്‍ നല്ല രുചിയുമാണ്. യഥാര്‍ഥ ഏത്തപ്പഴത്തിന്റെ മണവുമുണ്ടാവും. ഇത്തരം പഴം കടകളില്‍ കിടക്കുന്നത് കണ്ടാല്‍ തിരിച്ചറിയാന്‍ കുറച്ചുനാള്‍ ഒന്നു ശ്രദ്ധിച്ചാല്‍ മതി. നാടന്‍ കായുടെ തൊലി കണ്ടാല്‍ മനസ്സിലാകും അത് വിഷം കയറ്റിയതാണോ അല്ലയോ എന്ന്. തൊലിക്ക് സ്വാഭാവികത ഉണ്ടാവും. ഇത്തരം പഴത്തിന്റെ തൊലി അനായാസം ഉരിഞ്ഞുവരും. എന്നാല്‍ വിഷപ്പഴത്തിന്റെ അതുപോലെയല്ല. പഴത്തിനും തൊലിക്കുമിടയില്‍ ചെറിയ ഒരു ഒട്ടല്‍ പോലെ ഉണ്ടാവും.