ആരാണി ദില്ലി മലയാളി?

മഞ്ജു
Saturday, May 4, 2013 - 5:30am

 

ദൽഹി ഒരു മെട്രോപ്പോളിറ്റന്‍ നഗരമാണെന്നും എല്ലാ ഇന്ത്യൻ സംസ്ഥാനക്കാരും ഇവിടെയുണ്ടെന്നും എല്ലാവർക്കുമറിയാം. എന്നാലും ചില വാര്ത്തമകളും വിശേഷങ്ങളും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു സംശയം, ഇവിടെ ജീവിക്കുന്ന മലയാളിക്ക് കൊമ്പുണ്ടോ എന്ന്. ദൽഹിയിലിപ്പോൾ സ്കൂൾ അവധിക്കാലം തുടങ്ങാറായി; കുട്ടികളുമായി താമസിക്കുന്നവരെല്ലാം അടുത്ത ഏതാനും ദിവസങ്ങളിൽ നാട്ടിലേക്ക് വണ്ടികയറും. കേരളത്തിലേക്ക് പോകുന്ന ഏതു ട്രെയിനിൽ കയറിയാലും ഉണ്ടാകും ഗോസായിയെക്കൾ നന്നായി ഹിന്ദി സംസാരിക്കുന്ന മലയാളികൾ. അടുത്തിരിക്കുന്നത് മലയാളി ആണെന്ന് ഉറപ്പാണെങ്കിലും ചോദിക്കുന്നത് കഹാം ജാനാ ഹൈ എന്നാകും. കേരളത്തിൽ ജനിച്ചുവളർന്ന് അവിടെ പഠിച്ച്‌ ജോലിസംബന്ധമായി തലസ്ഥാനത്തെത്തിയ മലയാളി അധികം താമസിയാതെ മലയാളം മറന്നുതുടങ്ങും, പിന്നെ അവരുടെ വ്യവഹാരഭാഷ ഹിന്ദിയാകും. തെറ്റിദ്ധരിക്കരുത്, ഇവിടെ നിങ്ങൾ കേൾക്കുന്നത് സ്കൂളിൽ പഠിച്ചു പരിചയിച്ച ആ ഹിന്ദിയേ അല്ല, ഒരുതരം സങ്കരഹിന്ദി. സംസാരിക്കുന്നയാളിന്റെ ഗ്രാമ്യഭാഷയുമായാണ് അതിനു കൂടുതൽ സാമ്യം. അതുകൊണ്ടുതന്നെ അഹിന്ദിക്കാരനായ മലയാളി കൂടുതൽ വൃത്തിയായി ആ ഭാഷ കൈകാര്യം ചെയ്യും. ഇടയ്ക്കെങ്കിലും ഇതു അരോചകമായി തോന്നുന്നത് എന്റെ ‘മാതൃഭാഷാപ്രണയം’ കൊണ്ടാണോ എന്നു സംശയം ഇല്ലാതില്ല. പക്ഷേ ഇപ്പോൾ കൊണ്ടുപിടിച്ചു നടക്കുന്ന മലയാളഭാഷാ പ്രചാരണ പഠന പരിപാടികൾ കാണുമ്പോൾ ഈ സംശയം ശരിയാണെന്നാണ്‌ തോന്നുന്നത്‌. പതിവുപോലെ മലയാളിക്ക്‌ വൈകി ഉദിച്ച വിവേകം. നല്ലതുതന്നെ, നടക്കട്ടെ, എല്ലാ ഭാവുകങ്ങളും. എന്നാലും ഒരു സംശയം, കേരളത്തിൽ ജനിച്ചു വളർന്നു മലയാളം പറഞ്ഞു ശീലിച്ച ഭാര്യയും ഭർത്താവും പരസ്പരം സംസാരിക്കാൻ ഹിന്ദി ഉപയോഗിക്കുമ്പോൾ കുട്ടികളെങ്ങനെ മറ്റൊരു ഭാഷയിൽ ആശയ വിനിമയം നടത്തും. ഒന്നിലധികം കേരള സ്കൂൾ ഉള്ള സ്ഥലമാണിത്, മലയാളികല്ലാത്ത കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നുണ്ട്‌. മേൽപറഞ മലയാളം പഠിക്കാനോടി നടക്കുന്ന മലയാളികൾക്ക് ഇതറിയയാത്തതല്ല, പക്ഷെ സ്റ്റാറ്റസാണ് അടിസ്ഥാനപ്രശ്നം.

മലയാളിയാണെന്ന് സ്വയം അഭിമാനിക്കുന്ന ഒരു മലയാളി സഹപ്രവർത്തകയോട്‌ മലയാളം അറിയാമൊ എന്നുചോദിപ്പോൾ ‘സോറി ഞാൻ ജനിച്ചതും വളർന്നതും ഇവിടെയാണെന്ന്‍’ മറുപടി കിട്ടി. മലയാളമറിയില്ല എന്നല്ലാതെ ആ സുഹൃത്തിനെ കുറിച്ചു പറയാൻ മറ്റൊരു കുറവും ഇല്ല എന്നതും സത്യം. പക്ഷെ കക്ഷിക്ക് ദില്ലിമലയാളിയെ കുറിച്ച് അത്ര നല്ല അഭിപ്രായം ഇല്ല. They are the worst people I have ever come across എന്ന അഭിപ്രായത്തിനു വിശദീകരണവും കിട്ടി. അതു മുഴുവൻ ഇവിടെ എഴുതിയാൽ മലയാളിക്കിനി തിളക്കാൻ രക്തം ബാക്കിയുണ്ടോ എന്ന ചോദ്യത്തിനുത്തരം കിട്ടിയേക്കും. ഇതു പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓർമ്മ വന്നത്. നാലഞ്ചു മാസങ്ങൾക്കു മുമ്പ്‌ മലയാളികൾക്കു മുന്നിൽ പ്രസംഗിക്കുകയായിരുന്നു കേരളത്തിന്റെ ആഗോളപ്രശസ്തനായ കേന്ദ്രമന്ത്രി. ആവേശം കൊണ്ടാകും വള്ളത്തോൾ കവിതയാണ് മന്ത്രിയുടെ നാവിൽ വിളയാടിയത്. മനപൂർവമല്ലായിരിക്കാം, ഉദ്ധരിച്ചത് തെറ്റായിട്ടായിരുന്നു. മന്ത്രി അതു  തിരിച്ചറിഞ്ഞാലും  ഇല്ലെങ്കിലും സദസ്സ് അതറിഞ്ഞു. പക്ഷെ മന്ത്രിക്കൊപ്പം വേദി പങ്കിട്ടവരാരും ഒരു ഭാവഭേദവും ഇല്ലാതെ പ്രസംഗം മുഴുവൻ കേട്ടിരുന്നു.  സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കാൻ മലയാളിയെ ആരും പഠിപ്പിക്കേണ്ട.   
           
അടിസ്ഥാനപരമായി മറുനാടൻ മലയാളി ആരാണ് എന്നതിനുത്തരം അത്ര എളുപ്പത്തിൽ കിട്ടില്ല. പക്ഷേ എല്ലാവർക്കും നൂറുനാക്കുണ്ടാക്കുന്ന വേറൊരു വിഷയമുണ്ട്‌. മറ്റൊന്നുമല്ല, "മല്ലു എന്ന ഓമനപ്പേരിലറിയപ്പെടുന്ന മലയാളി". പഴയകാലത്ത് തെക്കെയിന്ത്യക്കാരെല്ലാം മദ്രാസിയായിരുന്നു, പിന്നെ സാമൂഹ്യശാസ്ത്രബോധം കൂടിവന്നപ്പോഴാകണം തമിഴനും, തെലുങ്കനും മല്ലുവുമൊക്കെ ഉണ്ടായത്. നാനാത്വത്തിന്റെ അർഥം അറിയുന്നതും കുഴപ്പമാണ്. ഒന്നായനിന്നെയിഹ..... ഇനി പറഞ്ഞിട്ട് കാര്യമില്ല. ദൽഹിയിലെ ഓഫീസുകളിൽ മലയാളി അറിയപ്പെടുന്നത് കഠിനാധ്വാനി എന്നാണ്. കഴിഞ്ഞ ദിവസം എനിക്ക് പുതിയൊരു അറിവ് കിട്ടി, മല്ലുവിനെക്കുറിച്ച്- "മര്യാദക്കാരൻ". ഇതിലെന്താ പുതുമ ഞങ്ങൾ അതാണല്ലോ എന്നല്ലേ. വരട്ടെ, സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഓട്ടോഡ്രൈവർ. ദൽഹിയിലെ ഏറ്റവും മുഷ്കുള്ളവര്‍ എന്നറിയപ്പെടുന്ന വിഭാഗം. വൊഹ് മദ്രാസി ലോഗ് അഛാ നഹിം ഹൈ. പർ സൌത്ത് ഇന്ത്യൻ അഛാ ഹൈ. വൊ ഹംകോ മാൻത്തെ ഹൈ. വിശദീകരണം തേടാൻ നിന്നില്ല, മറ്റൊന്നും കൊണ്ടല്ല, അയാൾക്കു മനസിലായില്ല ഞാനും മേൽ പറഞ്ഞ വിഭാഗത്തിൽ പെടുമെന്ന്. 

ഇത്രയൊക്കെ നല്ല ഈ മല്ലുവിനു ഒരു കുഴപ്പമെയുളളു, ആവശ്യത്തിലധികം നൊസ്റ്റാൾജിയ. നേരം വെളുക്കുമ്പോൾ ചായയുടെയും കാപ്പിയുടെയും രൂപത്തിൽ അവതരിക്കുന്ന ഇവൻ ദിവസം മുഴുവനും കൂടെയുണ്ട്. സംശയമുണ്ടെങ്കിൽ ഇവിടുത്തെ മലയാളിക്കടകളുടെ എണ്ണമെടുത്താൽ മതി. അവരുടെ കീശയിലുള്ളതും വേറെയാരുമല്ല.
ഒരുപക്ഷെ കേരളത്തിൽ ജീവിക്കുന്നവർ മറന്നുപോകുന്ന ആഘോഷങ്ങൾ  പോലും പൊടിപൂരമാക്കാൻ ദില്ലിമലയാളിക്കറിയാം. എന്നാണിനി മലയാറ്റൂർ മലകയറ്റവും തൃശ്ശൂർപൂരവുമൊക്കെ ട്രെയിൻ കയറാൻ പോകുന്നതെന്നറിയില്ല. ഭക്തി അടുത്തയാളിലേക്ക് ചൊരിയാൻ മലയാളി കഴിഞ്ഞേ ഈ ലോകത്ത് മറ്റാരെങ്കിലും ഉണ്ടാകൂ. കുറ്റം പറയരുതല്ലോ, ആഘോഷത്തോടോപ്പമുള്ള മദ്യപാനവും മലയാളി കൂടെ കൊണ്ടുവന്നിട്ടുണ്ട്.

പക്ഷേ ഇതേ മലയാളിക്ക് ഒരു നല്ലവശവും ഉണ്ട്. വിദ്യാഭ്യാസത്തോടുള്ള താല്പ്പവര്യം. ലിംഗവിവേചനമില്ലാതെ എല്ലാ മക്കൾക്കും ഒരേപോലെ വിദ്യാഭ്യാസം നൽകാൻ മല്ലു കാണിക്കുന്ന ആവേശം അഭിനന്ദനാർഹം തന്നെയാണ്. ഉന്നതവിദ്യാഭ്യാസം നേടിയാലും ഇല്ലെങ്കിലും ഏതാൾക്കൂട്ടത്തിലും മല്ലുവനിതകൾ തിരിച്ചറിയപ്പെടുന്നത് മറ്റൊരു കാരണം കൊണ്ടാണ്. അമിതമായ സ്വർണ്ണാഭരണപ്രിയം മല്ലുവിനു മാത്രം സ്വന്തം. വഴക്കിന് പോകാനിഷ്ടപ്പെടാത്ത, മര്യാദക്കാരായ മല്ലു പലപ്പോഴും വഞ്ചിതരാകുന്നതും ആക്രമിക്കപെടുന്നതും പലപ്പോഴും ഈ ആഭരണഭ്രമത്താലാണ്.  മറ്റു നാട്ടുകാർ നിത്യജീവിതത്തിൽ സ്വർണ്ണാഭരണങ്ങൾക്ക് അമിത പ്രാധാന്യം നൽകാറില്ല. പക്ഷെ ഇക്കാര്യത്തിൽ ഗോസായിയെ അനുകരിക്കാൻ മല്ലു തയ്യാറല്ല തന്നെ. ഇനി അഥവാ ആരെങ്കിലും അതിനുമുതിർന്നാൽ ഉപദേശിച്ചു ‘നേർവഴിക്കു’ കൊണ്ടുവരാനും മല്ലു തയ്യാർ.           
അകത്തും പുറത്തും ഒരേ രീതി സൂക്ഷിക്കണമെന്ന നിർബന്ധബുദ്ധിയുള്ളതുകൊണ്ടാണോ എന്നറിയില്ല മലയാളി അത്രയോന്നും social അല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയും ഇല്ല. ഞാനും എന്റെ ആൾക്കാരും എന്ന ചിന്താഗതി നന്നായുണ്ട്‌. പക്ഷെ മല്ലു അല്ലാത്തവർ ഇതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്, ഒരു മല്ലുവിന് വേണ്ടി എല്ലാ മല്ലുവും ഒരുമിച്ചുനിൽക്കും അതിൽ വലുപ്പചെറുപ്പമില്ല. ഇതേ മല്ലു മറ്റൊരു നാട്ടുകാരന് വേണ്ടി അത്രയൊന്നും ചെയ്യുകയില്ല എന്നത് രണ്ടുതരം. ഒരുതരത്തിൽ പറഞ്ഞാൽ അതിയാഥാസ്ഥിതികന്‍. പുതുതായി മുളച്ച ഈ ഭാഷാപ്രേമം പോലും അതിന്റെ ഭാഗമാണോയെന്ന്‍ തെറ്റിദ്ധരിച്ചുപോയാൽ കുറ്റം പറയരുത്. അടുത്ത തലമുറ മലയാളം മറന്ന് തനി ഗോസായിരീതിയിലേക്ക് മാറിപ്പോയാലോ എന്ന പേടി ഒളിഞ്ഞു കിടപ്പില്ലെന്നാണെങ്കിൽ ഈ പറഞ്ഞത് തിരിച്ചെടുത്തു എന്നു കരുതിയാൽ മതി.

മല്ലു പരസ്പരം അവധിയാണോ എന്നുചോദിക്കില്ല, അവന്റെ ലിംഗ്വ ഫ്രാങ്ക (lingua franca)യിലുള്ളതു ചുട്ടിയാണ്. ഇനിയുമുണ്ടേറെ: മിടായിക്കുക  (മായിച്ചുകളയുക), ജബർദസ്തി (നിർബന്ധപൂർവം) തുടങ്ങിയവ ഉദാഹരണം മാത്രം. ഈ അടുത്ത ദിവസം കിരാതം കഥകളി റിഹേർസൽ നടക്കുന്നതു കാണാനിടയായി. ഇടവേളയിൽ, കാട്ടാളവേഷം ചെയ്യുന്ന കുട്ടി ‘അർജുന’നോടു പറഞ്ഞു, ഇസ്കെ ബാത് മേരാ ചാടൽ ഹൈ. കഥകളി ആശാനും മറ്റു നിവൃത്തിയില്ല, ഏടിയിൽ ഇരിക്കൂ എന്നു പറഞ്ഞാലേ കുട്ടികൾക്കു മനസ്സിലാവൂ . ഉപ്പൂറ്റിയെന്ന വാക്ക് കുട്ടികൾക്കറിയില്ലെന്ന്‌ അശാനുമറിയാം.

ഈ കുട്ടികൾ നാട്ടിൽ ചെന്നാൽ സങ്കരഭാഷ പ്രയോഗിച്ചു പിടിച്ചുനിൽക്കും, കൂടെ മാതാപിതാക്കളുടെ 'അവർക്ക് മലയാളമറിയില്ലെന്ന' താങ്ങും. കുറേക്കഴിയുമ്പോൾ ഈ സാഹസം മടുത്തോ എന്തോ മിക്ക കുട്ടികളും കേരളത്തിലേക്കുള്ള യാത്ര ഇഷ്ടപ്പെടാത്തവരായി മാറും. ഇതിനിടയിൽ പലകാരണങ്ങള്‍ കൊണ്ടും മാതാപിതാക്കളുടെ കേരളത്തിലേക്കുള്ള യാത്രയും കുറഞ്ഞിരിക്കും. ഫലത്തിൽ സമ്പൂര്ണ്ണപ ദൽഹികുടുംബം. നഷ്ടപെട്ട കേരളത്തെ ഏതൊക്കെ വിധത്തിൽ വീട്ടിലെത്തിക്കാമോ അതെല്ലാം ചെയ്യും.  
                            
മല്ലുവിന്റെ ഗുണഗണങ്ങൾ പറഞാലൊന്നും തീരില്ല, ബാക്കി ഇനിയൊരു തവണ.  

Tags: