നോ എൻട്രി മേഖലയിലേക്ക് കാറിടിച്ചു കയറ്റിയ യുവതി

കൊച്ചുമോൻ
Tuesday, August 30, 2016 - 12:30pm

 

പ്രവാസിക്കാഴ്ചകൾ

കുവൈത്തിലെ ഷെർക്ക് ഫിഷ് മാർക്കറ്റ്. 2016 ജൂലൈയിൽ അവിടെ നിൽക്കുമ്പോൾ കണ്ട കാഴ്ച. 'നോ എൻട്രി' എഴുതി വച്ചിരിക്കന്ന റോഡ്. ഒരു വളവുകൂടിയാണവിടം. നോ എൻട്രി ആരംഭിക്കുന്നിടത്ത് റോഡിന്റെ ഇരു വശത്തുമായി രണ്ട് വലിയ കോൺക്രീറ്റ് ഗോളങ്ങൾ വച്ചിട്ടുണ്ട്. പെട്ടെന്ന് പിന്നിൽ നിന്ന് അതിവേഗത്തിൽ വന്ന ഒരു ബി.എം.ഡബ്ല്യു കാർ ഇടതുവശത്തെ ഗോളത്തിന്റെ മേൽ ഇടിക്കുന്നു. ഗോളം തെറിക്കുന്നു. കാറിന്റെ പിൻവശം മറുഗോളത്തിലും ഇടിക്കുന്നു. എന്നിട്ടും കാറിന്റെ സ്പീഡ് കുറയുന്നില്ല. വീണ്ടും കുറച്ചു മുന്നോട്ട് ഓടിച്ചു പോയി കാർ നില്‍ക്കുന്നു. കാറിന്റെ മുൻഭാഗവും പിൻഭാഗവും വല്ലാതെ ചളുങ്ങിയും പൊട്ടിയും കേടു വന്ന അവസ്ഥ.

 

 

നിർത്തിയ കാറിന്റെ ഡ്രൈവേഴ്‌സ് സീറ്റിൽ നിന്ന്‍ ഒരു യുവതി പുറത്തിറങ്ങി. കുവൈത്ത് സ്വദേശിനിയായ യുവതിയാണവർ. വസ്ത്രം ഏതാണ്ട് സുതാര്യമായ സ്ലീവ് ലെസ്സ്. സുതാര്യതയിൽ അടിവസ്ത്രങ്ങൾ ഇല്ലെന്നുള്ളതും വ്യക്തമായി. അവർ പുറത്തിറങ്ങി പരിസരത്തൊക്കെ നോക്കി. എന്താണ് സംഭവിച്ചതെന്ന് അവർ അറിയാത്ത മട്ടിലാണ് പരിസരത്ത് നോക്കിയത്. കേടു പറ്റിയ കാറിന്റെ ഭാഗത്തേക്ക് അവർ നോക്കിയില്ല. അവരുടെ കണ്ണുകൾക്ക് വൻ ഭാരമായിരുന്നു. മയങ്ങിയ കണ്ണുകൾ. അടുത്തു നിന്ന സുഹൃത്തു പറഞ്ഞു, അവർ മയക്കുമരുന്നിലാണ്. അവർ പെട്ടന്നു തന്നെ കാറിൽ കയറി വന്നപോലെ വിട്ടു പോയി.

 

കുവൈത്ത് സ്വദേശികൾക്ക് ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാലും കുറ്റകൃത്യങ്ങളിൽ പെട്ടാലും വലിയ പ്രശ്നമില്ല. വാസ്ത അതായത് സ്വാധീനം ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട. എന്നാൽ വിദേശികൾ ചെറിയ ട്രാഫിക് നിയമം തെറ്റിച്ചാലും വലിയ പിഴയാണ് ഈടാക്കാറുള്ളത്. സമ്പന്നരായ കുവൈത്തി കുടുംബങ്ങളിലെ യുവതലമുറയിൽ പെട്ട മിക്കവരും പാശ്ചാത്യ രാജ്യങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് മടങ്ങിയിട്ടുള്ളവരാണ്. അവരുടെ വേഷവിധാനങ്ങളുമെല്ലാം പാശ്ചാത്യ രീതിയിലാണ്. ഷോർട്‌സും സ്ലീവുലെസ്സുമൊക്കെ. ഈ ബി.എം.ഡബ്ല്യുവിൽ വന്ന യുവതിയും അത്തരത്തിലുള്ള പുതു തലമുറയിൽ പെട്ട യുവതിയായിരിക്കണം.

 

ഇന്നത്തെ പുത്തൻ തലമുറയിൽ പെട്ട പല യുവതികളും യുവാക്കളും മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥങ്ങളും വ്യാപകമായ തോതിൽ ഉപയോഗിക്കാറുണ്ടിപ്പോൾ. അവർ ഒരു തരം സംഘർഷത്തിലകപ്പെട്ടിരിക്കുന്നതു പോലെയാണ് തോന്നുന്നത്. തൊട്ടടുത്ത സൗദി അറേബ്യയിലെപ്പോലെയല്ല കുവൈത്ത്. കർശന മതാചരങ്ങളോ വേഷക്കാര്യങ്ങളിലുള്ള നിർബന്ധമോ അവിടെയില്ല. പർദ്ദയും നിർബന്ധമല്ല. അമിതമായ ധനശേഷി സമ്പന്ന യുവതലമുറയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അവർക്ക് തങ്ങളുടെ ഊർജവും ആശങ്ങളുമൊന്നും വേണ്ട വിധം വിനിയോഗിക്കേണ്ടി വരുന്നില്ല. വിദേശ സംസ്കാരവുമായുള്ള പരിചയം കൂടിയാകുമ്പോൾ അവർക്ക് തന്നെ തങ്ങളെ എവിടെ പ്രതിഷ്ഠിക്കണമെന്നറിയാത്ത അവസ്ഥയുണ്ട്. അതാണ് യുവതലമുറയെ മയക്കുമരുന്നിലേക്കടിപ്പിക്കുന്നതെന്നു തോന്നുന്നു.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com

Tags: