Skip to main content

padippura

 

ഒരാളുടെ മേൽവിലാസം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്തൊക്കെയാണ് അല്ലെങ്കിൽ എന്തൊക്കെ ആയിരിക്കാം? നാട്ടുനടപ്പനുസരിച്ച് ഒരാൾക്ക് ഒരു മേൽവിലാസം. അതാണ് കണക്ക്. അതല്ല, വീടുമാറ്റം, വിവാഹം തുടങ്ങിയ മാമൂലുകൾ ഉണ്ടെങ്കിൽ അതനുസരിച്ചു പുതിയ വിലാസവും വന്നുചേരും. ആകപ്പാടെയുള്ള പ്രയാസം അതിനനുസരിച്ചു ബന്ധപ്പെട്ട രേഖകളിൽ വ്യത്യാസം വരുത്താൻ മിനക്കെട്ടു നടക്കണം എന്നതു മാത്രമാണ്. എന്നാല്‍, മൊബൈൽ ഫോണ്‍ കാലത്ത് അതത്ര പ്രയാസമുള്ള കാര്യവുമല്ല. പിന്നെ സൈബര് ലോകത്തിലെ വിലാസത്തിൽ മാറ്റമെന്നതിന് അനന്ത സാധ്യതകളാണ്. അതിനുവേണ്ടി താമസം മാറ്റേണ്ട കാര്യമേയില്ല. ആശുപത്രിക്കിടക്കയിലുള്ളയാൾക്ക് കൂട്ടിരിക്കാൻ പോകുമ്പോഴും, ക്ലാസ് കട്ടു ചെയ്തു ഇന്റർനെറ്റ്‌ കഫെയിലിരിക്കുമ്പോഴും ഒക്കെ തരാതരം പോലെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. ലൈബ്രറിയിലാണെന്നോ സെമിനാറിൽ പങ്കെടുക്കുകയാണെന്നോ ഒക്കെ മറുതലക്കലിരിക്കുന്നവരോടു കാച്ചാം. ഇതൊന്നും പോരാഞ്ഞു അനോണിമസ് ലോഗിൻ എന്ന പുതിയ സാധ്യത കൂടി അവതരിച്ചിട്ടുണ്ട്.

 

ഇതൊന്നും ചെയ്യാതെ മേൽവിലാസം മാറിമാറിവരുന്നതിനെ കുറിച്ചാണ്‌ എന്റെ സംശയം. ഒരേ കെട്ടിടത്തിലെ ഒരേ ഓഫീസിൽ കുറെ വർഷങ്ങളായി ജോലിചെയ്യുന്ന ഒരുകൂട്ടം ആളുകൾ പതുക്കെ പതുക്കെ തിരിച്ചറിയുന്നു, തങ്ങളുടെ മേൽവിലാസം മാറിമാറിവരുന്ന കാര്യം. തുടക്കത്തിൽ ഓഫീസിന്റെ സ്വന്തം മേൽവിലാസത്തിൽ അറിയപ്പെട്ട സ്ഥാപനത്തിലെ ഒരു വ്യക്തിക്ക് ഒരുനാൾ സമീപത്തെ കൊറിയർവാലയുടെ ഫോണ്‍: സർ താങ്കളുടെ പേരിൽ ഒരു പാർസൽ ഉണ്ട്, സ്ഥലം അറിയില്ല, ദയവായി സഹകരിക്കണം. വിലാസം ആ പാർസലിൽ എഴുതിയിട്ടില്ലേ എന്ന സ്വാഭാവിക സംശയത്തിനു വന്നു ഉടൻ മറുപടി, ഇത്രയും സ്ഥാപനങ്ങളുടെ ഇടയിൽ കെട്ടിട നമ്പർ നോക്കി എങ്ങനെ എളുപ്പം കണ്ടുപിടിക്കാൻ കഴിയും. എതെങ്കിലും ലാൻഡ്‌മാർക്കു പറ സാറെ. ഇപ്പറഞ്ഞ സ്ഥലം ഇന്ന സ്ഥാപനത്തിനടുത്താണോ. ഓ അതേയതേ, അതിനിടതുവശം. പിന്നെ പതുക്കെ പതുക്കെ ആ അറിയപ്പെടുന്ന തുണിക്കടയായി ഞങ്ങളുടെ മേൽവിലാസം.

 

അതുകഴിഞ്ഞ് ദേ വരുന്നു അടുത്ത പാര. ഇത്തവണ മറ്റൊരു പടിഞ്ഞാറൻ ഫാഷൻ ബ്രാൻഡിന്റെ രൂപത്തിൽ. പിന്നെ കുറെക്കാലം ‍XYZ-ന്റെ മുകളിൽ എന്നായി മേൽവിലാസം. തീർന്നില്ല അടുത്തത് ഒരു ആഗോള ഭീമൻ. അതോടെ ജാഡ കൂടി. ഓഫീസ്? See my office is just above ABC, you can locate easily എന്നായി പ്രയോഗം. എന്തിനു കുറക്കണം അല്ലേ, ആഗോളഭീമനാണല്ലൊ അരികിൽ. സമാനമായ അവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്ത ആളുകൾ കുറവായിരിക്കും. സ്വന്തം നിലയിൽ ഒന്നും ചെയ്യാതെ തന്നെ മേൽവിലാസം മാറിവരുന്നതു ഒരു തമാശനാടകം പോലെ കണ്ടുകൊണ്ടേയിരിക്കാം.

 

ഓ, ഇതാണോ ഇത്ര വലിയ കാര്യം. പതിനാറാം തീയ്യതി ഒന്നു വന്നോട്ടെ, പലരുടെയും മേൽവിലാസം തന്നെ ഇല്ലാതാവുന്നത് നേരിട്ടറിയാലോ എന്നൊന്നും ആലോചിക്കല്ലേ. ഈ മേൽവിലാസ നാടകം കുട്ടിക്കാലത്തെ മറ്റൊരു സംഭവം ഓർമ്മയിലെത്തിക്കാറുണ്ട്, മതിലിനരികിൽ നിൽക്കുന്ന പടർന്നു പന്തലിച്ച ചെമ്പകവും പേരറിയാത്ത ഒരു മരവും അതിനപ്പുറത്തെ തേക്കുമായിരുന്നു ഞങ്ങളുടെ വീടിനെ അടയാളപ്പെടുത്തിയിരുന്നത്. മണ്ണുകൊണ്ട് പണിത പായൽ പിടിച്ച മതിലും അതിനപ്പുറത്തെ മരങ്ങളുമാണ് വീടിനെക്കുറിച്ചോർത്താൽ മനസ്സിലാദ്യം വരിക. പക്ഷെ വീതി കൂടിയ റോഡാണ് പുരോഗതിയുടെ അടിസ്ഥാനം എന്ന് തീരുമാനിച്ചപ്പോൾ ഇല്ലാതായത് ആ അടയാള മരങ്ങൾ ആയിരുന്നു. അതോടെ "കുറച്ചു നടന്നാൽ പടർന്ന ചെമ്പകമരം കാണാം അതുതന്നെ വീട്" എന്ന പഴയ ശൈലിയും അന്യം നിന്നു.

 

എന്നാലും, എന്നെപ്പോലെ മതിലും അതിനപ്പുറത്തെ മരങ്ങളും മനസ്സിൽ വരച്ചിട്ട ചിലരെങ്കിലും ഇടക്ക് വിരുന്നു വരുമ്പോൾ പറയും- വഴിതെറ്റിയോന്ന് വിചാരിച്ചു, ആ ചെമ്പകമരം മുറിച്ചു അല്ലെ? ഓരോ തവണ അതു കേള്‍ക്കുമ്പോഴും ആ മുറിവിന്റെ ആഴം തിരിച്ചറിയും. നിറയെ മരങ്ങൾ ഉണ്ടായിരുന്ന ആ പറമ്പിലെ ഓരോ മരത്തിനും അതാത് കാലത്ത് വേണ്ടത്ര പരിഗണന കിട്ടിയിരുന്നു. വിഷുവിനു കൊന്നയ്ക്ക്, അവധിക്കാലത്ത് മാവിന്, ഓണത്തിന് വേറെ ചിലർക്ക്. വിഷുച്ചിത്രങ്ങളിലെ വാടാത്ത കൊന്നപ്പൂ കാണുമ്പോൾ ഓരോ വിഷുക്കാലത്തും കാട്ടാറുള്ള പതിവ് നാടകം ഓർമ്മവരും. വൈകുന്നേരം ഇറുത്തെടുത്ത കൊന്നപ്പൂ കുറച്ചു കഴിയുമ്പോഴേക്കും വാടിത്തുടങ്ങും. വെളുപ്പിന് മിക്കവാറും കണി കാണുന്നത് വാടി അവശനിലയിലായ കൊന്നപ്പൂവായിരിക്കും. ഇതിനൊരു പരിഹാരം എത്ര ശ്രമിച്ചിട്ടും ഉണ്ടായതുമില്ല. വാശി തീർക്കാൻ കണി കണ്ടയുടൻ മുറ്റത്തേക്കോടും. അവിടെ പുതിയ പൂക്കളുമായി കൊന്നമരം കാത്തിരിക്കുന്നുണ്ടാകും.

 

വികസനവാദി, വികസനവിരോധി ചർച്ചകൾക്കൊന്നും എനിക്ക് താല്‍പ്പര്യമില്ല, വഴിയാത്രക്കാരന് തണലിനെക്കാളേറെ അപകടഭീഷണി ഉയർത്തുന്ന മരങ്ങളും കെട്ടിടങ്ങളും ഏതു നാട്ടിലും എത്ര വേണമെങ്കിലും കാണാനുമാകും. ഒരുപക്ഷേ ആരുടെയോക്കെയോ മേൽവിലാസം അടയാളപ്പെടുത്തുന്നവ.