മഞ്ഞിന്റെ വെളുപ്പില്‍ നിന്ന്‍ ഹോളിയുടെ നിറങ്ങളിലേക്ക്

മഞ്ജു
Monday, March 17, 2014 - 4:30pm

vrindavan widows celebrate holi

 

ഭാംഗിന്റെ ലഹരിയെ സ്വാഗതം ചെയ്ത്, നിറങ്ങളിൽ സ്വയം മറച്ച് നിൽപ്പാണ് വടക്കേയിന്ത്യ മുഴുവനും. ആഘോഷം അതിരു കടക്കരുതെന്ന മുന്നറിയിപ്പുമായി പോലീസും സുരക്ഷിതമായി മാത്രം മതി കളികളെന്ന ഉപദേശവുമായി പരിസ്ഥിതി വകുപ്പുമൊക്കെ പിറകെയുണ്ട്. വസന്തത്തിൻറെ ആഗമനം അറിയിക്കുന്ന ആഘോഷമാണ് ഹോളി. ആദ്യത്തെ ദിവസം ചോട്ടി ഹോളി. ഇത്തവണ ഞായറും തിങ്കളും ആണ് ആഘോഷമെന്നതിനാൽ നിയന്ത്രണങ്ങൾ അത്യാവശ്യമായിരിക്കും. മഞ്ഞുകാലത്തിന്റെ ഒടുവിൽ വരുന്ന ഹോളി മറ്റൊരു തരത്തിൽ പറഞ്ഞാൽ ആഘോഷക്കാലങ്ങളുടെയും അവസാന നാളുകളാണ്. ദീപാവലിയോടടുപ്പിച്ച് തുടങ്ങുന്ന ആഘോഷങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും, മഞ്ഞുകാലം മുഴുവൻ. ഹോളിയുടെ വരവ്, പക്ഷേ, ഒരു മുന്നറിയിപ്പാണ്. ആരവങ്ങളും ആഘോഷങ്ങളും താൽക്കാലികമായെങ്കിലും വിടവാങ്ങുകയാണെന്നതിന്റെ.
 

കേരളത്തിലെ ഓണക്കാലം മനസ്സിലുള്ളതു കൊണ്ടാണോ എന്നൊന്നും അറിയില്ല, ദില്ലീമലയാളികൾ ഒട്ടും മടിക്കാതെ ഈ ഘോഷയാത്രയുടെ ഭാഗമാകും. അല്ലെങ്കിലും റോമിൽ ചെന്നാൽ റോമക്കാരനാകണമെന്നു നമുക്കാരും പറഞ്ഞു തരേണ്ടതില്ല. അതൊക്കെ വേണ്ടപോലെ അറിഞ്ഞു ചെയ്യാൻ മലയാളിയെക്കഴിഞ്ഞേ ഉള്ളൂ ബാക്കിയെല്ലാവരും. ഉള്ള ഇത്തിരി സൗകര്യങ്ങളൊക്കെ ഉപയോഗിച്ച് ഗുരുവായൂരമ്പലത്തിൽ ചോറ്റാനിക്കര മകം ആഘോഷിക്കുന്ന മലയാളിയോടാണോ കളി. മെയ്, ജുണ്‍, ജുലൈ പൊതുവെ ആഘോഷങ്ങൾ കുറവാണ്‌ വടക്കേയിന്ത്യയിൽ. പക്ഷേ ആഗസ്ത്‌ പകുതിയോടെ കഥമാറി, രക്ഷാബന്ധനിൽ തുടങ്ങി, ദീപാവലിയും കടന്ന് മഞ്ഞുകാലവും കഴിഞ്ഞു ഹോളി വരെ അതങ്ങനെ നീണ്ടു പോകും.

 

ഓരോ ആഘോഷങ്ങൾക്ക് പിറകിലും പതിവുപോലെ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും ഒക്കെ പിൻബലമുണ്ടാകും. ഹോളിക്കുമുണ്ട്, പ്രഹ്ലാദന്റേയും ഹോളികയുടെയുമൊക്കെ കഥകളുടെ പിന്‍ബലം. കഥയെന്തുതന്നെ ആയാലും വലുപ്പചെറുപ്പവും ആണ്‍പെണ് വ്യത്യാസവും മറന്ന് എല്ലാവരും മതിമറന്ന ദിനങ്ങളായിരുന്നു ഒരുകാലത്ത് ഹോളി. ഇന്നും പലഭാഗങ്ങളിലും അത്തരം ആഘോഷങ്ങൾ ഉണ്ടുതാനും. വർഷം മുഴുവനും വീട്, നാട് തുടങ്ങി പല കാണാച്ചരടുകളിൽ സ്വയം വരിഞ്ഞുമുറുക്കി വീർപ്പുമുട്ടിയുള്ള ജീവിതത്തിൽനിന്നും ഒരു മാറ്റം. അന്നേ ദിവസം ആര്‍ക്കും പ്രായവ്യത്യാസമില്ലാതെ ആരുടെ ദേഹത്തും ചായം തേക്കാം. വൃത്തിയുള്ള വേഷം, ചിട്ടയുള്ള പെരുമാറ്റം അതൊന്നും നിർബന്ധമില്ല. ഒരുതരം കാർണിവൽ. ഒപ്പം മറ്റൊന്ന് കൂടിയുണ്ട്. അന്നേദിവസം സ്‌ത്രീകൾക്കു മുൻഗണനയുണ്ട്, ഗ്രാമങ്ങളിൽ. പഴയ കാലത്തെ വനിതാദിനമായിരുന്നിരിക്കണം.

 

നിറങ്ങളുടെ ആഘോഷം എന്നു പറയുമെങ്കിലും ഭാംഗിന്റേയും ദിനമാണിത്. പാലിലും, ഗുജിയയിലും, ലഡുവിലും മീഠഹ പാൻ എന്നുവേണ്ട അന്നേദിവസം മിക്കവാറും എല്ലാം ഭാംഗുമയം. ഭൈരവാവതാരത്തിലുള്ള ശിവനുള്ള നിവേദ്യമാണ് ഭാംഗ്. വിൽക്കാനുള്ള അംഗീകൃത കേന്ദ്രങ്ങൾ യുപിയിലും ഛത്തിസ്ഗഡിലും സുലഭം.

എല്ലാ ആഘോഷങ്ങളും മധുരമയമാണ് വടക്കെയിന്ത്യയിൽ. അല്ലാ, കേരളത്തിന് വെളിയിൽ. കർണാടകത്തിലും തമിഴ്‌നാട്ടിലും ഒക്കെ സമാനമാണ് അവസ്ഥ. പായസത്തിൽ പോലും മധുരം ചേർക്കുന്നതിൽ പിശുക്കുകാണിക്കുകയും എന്നാല്‍, മുപ്പത്തഞ്ചു വയസ്സാകുന്നതിനു മുൻപ് പ്രമേഹരോഗി ആവുകയും ചെയ്യുന്ന മലയാളിക്ക് ഈ പലഹാരപ്രിയം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. മറുനാടൻ ഭക്ഷണ ശീലങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്ന മലയാളിയുടെ അഹങ്കാരം ശമിപ്പിക്കാൻ മൈദ ഒറ്റയ്ക്ക് ശ്രമിച്ചു വിജയിച്ചു എന്നതും ചരിത്രസത്യം. ചോറില്ലാതെ ജീവിക്കാൻ പറ്റാത്ത കേരളത്തിന്റെ ദേശീയ ഭക്ഷണം പൊറോട്ടയായി മാറിയിട്ട് കാലമേറെയായല്ലോ.

 

മടുപ്പിക്കുന്ന മഞ്ഞുകാലത്തിന്റെ അവസാനം, വസന്തത്തിന്റെ വരവറിയിച്ചുവരുന്ന ഹോളി ആവേശം നിറക്കുന്നതാക്കി മാറ്റിയതിൽ അത്ഭുതമില്ല. പക്ഷെ പുതിയകാലത്ത് ആഘോഷങ്ങൾക്ക് വേറൊരു മുഖമാണ്. ശിവരാത്രിയോടെ തുടങ്ങും, ആഘോഷമെന്ന പേരിലുള്ള ഹൂളിഗനിസം. കളർവെള്ളം നിറച്ച ബലൂണ്‍ മുതൽ, ഐസ് വരെ എന്തും എതുനിമിഷവും വന്നുവീഴും ദേഹത്ത്, ജാഗ്രതൈ. കുട്ടികളാണല്ലോ ഹോളിയണല്ലോ എന്നു കരുതി മിണ്ടാതെ സ്ഥലം വിട്ടില്ലെങ്കിൽ ഫലം കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞതിനു സമം. ആഘോഷക്കാലത്തിന്റെ വരവറിയിക്കുന്ന രക്ഷബന്ധന്റെ പിറകിലെ കഥയും രസകരമാണ്. രജപുത്ര വനിതകൾ സ്വന്തം രാജ്യത്തെ അയൽരാജ്യങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ കണ്ടുപിടിച്ച വിദ്യയാണത്രേ ഈ രക്ഷാബന്ധൻ. ആക്രമിക്കാനൊരുങ്ങുന്ന അല്ലെങ്കിൽ അതിനെക്കുറിച്ചാലോചിക്കാൻ സാധ്യതയുള്ള രാജ്യത്തിലേക്ക് സാഹോദര്യത്തിന്റെ സന്ദേശം അഥവാ രാഖി മുൻകൂറായി അയക്കുക. അടുത്ത ഒരു വർഷം പേടികൂടാതെ ജീവിക്കാം. യുദ്ധം ഒന്നിനും പരിഹാരമാവില്ല എന്നുകരുതി തുടങ്ങിവച്ച ആചാരങ്ങൾ തന്നെ മാറിയ സാഹചര്യങ്ങളിൽ വലിയ കലാപങ്ങൾ, രക്തച്ചൊരിച്ചിലുകൾ സൃഷ്ടിക്കുന്നു എന്നതും സത്യം.

 

സത്യത്തിൽ ഇന്നത്തെക്കാലത്ത് രക്ഷാബന്ധൻ, കർവചൗത് തുടങ്ങി മിക്കവാറും ആഘോഷങ്ങളുടെയെല്ലാം മാറ്റു തീരുമാനിക്കുന്നത് വ്രതത്തിന് പകരം കിട്ടുന്ന സമ്മാനങ്ങളാണ്. കർവചൗത് എന്നാൽ ഭർത്താവിന്റെ ദീർഘായുസിനു വേണ്ടി ഭാര്യ ഒരു ദിവസം പട്ടിണി കിടക്കുന്ന ഒരു ഏർപ്പാട്. കാലനുമായി മധ്യസ്ഥം നടത്തി പകലുകഴിച്ച ഭാര്യക്ക് അവർ പ്രതീക്ഷിച്ച സമ്മാനം കൊടുത്തില്ലെങ്കിൽ കഥ എന്താവും എന്നു പറയേണ്ടല്ലോ. ഓഫീസുകളിൽ അടുത്തദിവസത്തെ 'വാട്ടർകൂളർ' ചർച്ച മിക്കവാറും കിട്ടിയ സമ്മാനത്തിന്റെ അല്ലെങ്കിൽ കൊടുത്ത സമ്മാനത്തിന്റെ വലുപ്പചെറുപ്പങ്ങളാകും. കീശ കാലിയാക്കുന്ന ഏർപ്പാടാണെങ്കിലും സെക്സിസ്റ്റ് കള്‍ച്ചര്‍ എന്നൊക്കെ വിമർശിച്ചാലും ഗോസായി ഈ ആഘോഷങ്ങളെ വിട്ടുകളിക്കില്ല, അതിനു താല്പര്യവുമില്ല. ധൈര്യത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ല. ഭയത്തെ മറികടക്കാൻ, ബന്ധങ്ങളെ ഊഷ്മളമാക്കാൻ തുടങ്ങിവച്ച ആചാരങ്ങൾ അതിനു കടകവിരുദ്ധമാകുന്ന വിചിത്രമായ രാഷ്ട്രീയ-വിപണി സാഹചര്യങ്ങളിലേക്കാണോ പുരോഗമിക്കുന്നത് എന്ന സംശയം അപ്പോഴും ബാക്കി.

Tags: