എണ്‍പതുകളുടെ തുടക്കത്തിലാണ് അയാൾ കോടമ്പാക്കമെന്ന സ്വപ്നഭൂമിയിൽ വന്നിറങ്ങുന്നത്. ചങ്ങനാശ്ശേരിയിലെ ഒരുവിധം ഭേദപ്പെട്ട ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ്. ഹോട്ടൽ ബിസ്സിനസ്സുകാരനായ അപ്പച്ചനു മകനെ ബിസ്സിനസ്സിന്റെ നിഗൂഢതകൾ മുങ്ങിത്തപ്പാൻ വിടണമെന്നായിരുന്നു മോഹം. പക്ഷേ മകന്റെ മനസ്സ് ഊയലാടിയത് സിനിമയുടെ വർണ്ണപ്രപഞ്ചത്തിലായിരുന്നു. ശിവകാശിയിൽ അച്ചടിച്ചിറക്കിയിരുന്ന മലയാളസിനിമാപ്രസിദ്ധീകരണത്താളുകൾ സമ്മാനിച്ച അത്ഭുതലോകം മകന്റ മനസ്സ് കീഴടക്കിക്കളഞ്ഞത് അപ്പച്ചൻ അറിഞ്ഞതേയില്ല. സിനിമയുടെ തിരുമുറ്റത്ത് എന്തെങ്കിലുമായിത്തീരുകയെന്ന ചിന്ത അയാളെ രാപ്പകൽ വേട്ടയാടി. അങ്ങനെയാണ് ആരോടും പറയാതെ ജോയ്‌സ് ചങ്ങനാശ്ശേരിയിലെ സമ്പന്നമായ അന്തരീക്ഷത്തിൽനിന്ന്‍ കോടമ്പാക്കത്തിന്റെ തരിശുനിലങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്നത്, സിനിമയുടെ സിരകളിൽ ആവേശമായി പടരാൻ കച്ചകെട്ടിയിറങ്ങുന്നത്.
അമ്പരപ്പിക്കുന്ന സിനിമാനഗരിയുടെ വിരിമാറിലെത്തിയ ശേഷമാണ് തന്റെ നിയോഗം എന്താണെന്നതിനെക്കുറിച്ച് ജോയ്‌സ് ചിന്തിക്കുന്നത്. അഭിനയം തനിക്ക് പറ്റില്ല. പ്രേംനസീറിനെ പുറത്താക്കാൻ പോരുന്ന ആകാരവടിവൊന്നും തനിക്കില്ല. തിരക്കഥയെഴുത്തും കീറാമുട്ടിയാണ്. കാരണം എഴുതാനുള്ള അക്ഷരവടിവൊന്നും സ്വായത്തമാക്കിയിട്ടില്ല. പാടാനും താളംപിടിക്കാനുമുള്ള ശേഷിയുമില്ല. സാങ്കേതികബോധമാകട്ടെ തൊട്ടുതീണ്ടിയിട്ടില്ലാത്തതിനാൽ ആ രംഗത്തും ചവിട്ടാനാവില്ല. ഇനിയെന്ത്? സിനിമാപത്രപ്രവർത്തകനായാൽ സിനിമാക്കാർക്കിടയിൽ വിലയുണ്ടാകുമെന്ന ചിന്ത അയാളെ പിടികൂടുന്നു. തന്നെ ഈ പുണ്യഭൂമിയിൽ എത്തിച്ചതും നിറംപിടിപ്പിച്ച നുണകൾ തട്ടിവിട്ട സിനിമാപ്രസിദ്ധീകരണങ്ങളായിരുന്നു എന്ന ബോധം അയാളെ വേട്ടയാടുന്നു. ഏറെ അലഞ്ഞശേഷം കുറഞ്ഞ വാടകയ്ക്ക് കോടമ്പാക്കത്തെ പവർ ഹൗസിനു സമീപമുള്ള ടുലെറ്റ് (Tolet) എന്ന ചെറുകിട ലോഡ്ജിൽ മുറി തരപ്പെടുത്തുന്നു. പത്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. പക്ഷേ പത്രങ്ങളൊന്നും ഇറക്കാൻ ജോയ്‌സിനു കഴിഞ്ഞില്ല. പക്ഷേ അയാളുടെ ജീവിതം പട്ടിണിയും പരിവട്ടവുംകൊണ്ട് സംഭവബഹുലമായിരുന്നു.
ജോയ്‌സ് തന്റെ ജീവിതം കോടമ്പാക്കത്ത് കെട്ടഴിച്ചുവിട്ട് അഞ്ചുവർഷം കഴിഞ്ഞപ്പോഴാണ് അയാളെ ആരോ എനിക്കു പരിചയപ്പെടുത്തിത്തരുന്നത്. അതെ, എന്റെ ആദ്യ-ജോയ്‌സ്-കൂടിക്കാഴ്ച! കൈയിൽ കാശില്ലെങ്കിലും ഒരു സിനിമാസോവനീർ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. ശരിക്കു ആഹാരമില്ലാത്തതിന്റെ പേരിൽ ഉണങ്ങിവരണ്ട കറുത്ത രൂപം. ശരീരത്തിനു യോജിക്കാത്ത അയഞ്ഞതും മുഷിഞ്ഞതുമായ പാന്റും ഷർട്ടും. വർഷങ്ങളുടെ പഴക്കം തോന്നിക്കുന്ന ഒരു ഫോൾഡിംഗ് ഫയൽ. അതിന്റെ അരുകും മൂലയുമൊക്കെ ദ്രവിച്ചുപോയിരിക്കുന്നു. റീഫില്ല് തീർന്ന പേന. പോക്കറ്റിൽ ഒരുകൂട്ടം കടലാസ്സുകഷണങ്ങൾ. പകുതിമാത്രമുള്ള വിഗ് കൊണ്ട് അൻപതു ശതമാനത്തോളം കഷണ്ടി മൂടാനുള്ള ശ്രമം. കാലുനീട്ടിവച്ചുള്ള നടത്തം. നിസ്സംഗത നിറഞ്ഞ ചിരി. പരിസരങ്ങൾ ശ്രദ്ധിക്കാതെയുള്ള അന്തംവിട്ട യാത്ര.
സോളാർ എനർജി കൊണ്ടാണ് ജോയ്‌സ് സഞ്ചരിക്കുതെന്നാണ് ഒരിക്കലൊരു സംവിധായകൻ പറഞ്ഞത്. സൂര്യരശ്മികൾ കാണുമ്പോൾ ജോയ്‌സിന് ആനന്ദമാണ്. മഴവില്ലുകൾ കാണുമ്പോൾ മയിലുകളുടെ ഉത്സാഹംപോലെ. എത്ര കിലോമീറ്റർ വേണമെങ്കിലും നടക്കാം. 'സൂര്യനുദിച്ചു. നല്ല വെയിലായി. ഞാനിറങ്ങട്ടെ' എന്നു പറഞ്ഞുകൊണ്ടാണ് ജോയ്‌സ് കോടമ്പാക്കത്തെ തെരുവുകളിലൂടെ ലക്ഷ്യരഹിതയാത്ര ആരംഭിക്കുന്നത്. ആ യാത്ര വളരെക്കാലം നീണ്ടുനിന്നു.
ജോയ്‌സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫലിതം അയാൾ ഒറ്റയ്ക്ക് സംഘടിപ്പിച്ച അവാർഡുനൈറ്റായിരുന്നു. സ്വയം തട്ടിക്കൂട്ടിയ സംഘടനയുടെ പേരിൽ താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും അവാർഡ് കൊടുക്കാൻ തീരുമാനിക്കുന്നു. നസീർ, അടൂർ ഭാസി, ഷീല തുടങ്ങിയ പ്രമുഖർക്കും സാങ്കേതികവിദഗ്ധർക്കുമെല്ലാം അവാർഡുകൾ. അതിനായി പലരിൽ നിന്നും പണം സമാഹരിച്ചു. ചലച്ചിത്രരംഗത്തെ സർവ്വപേർക്കും തപാലിൽ ക്ഷണക്കത്തയച്ചു. മദ്രാസ് നഗരത്തിലെ ഒരു ചരിത്രസംഭവമാക്കി മാറ്റുകയായിരുന്നു അവാർഡുനൈറ്റിന്റെ ലക്ഷ്യം. ടി നഗറിലെ പ്രശസ്തമായ വാണിമഹാൾ ബുക്ക് ചെയ്തു. മുന്നൊരുക്കങ്ങൾ ഒറ്റയക്ക് തന്നെ ചെയ്തുതീർത്തു. ഇന്നത്തെപ്പോലെ അവാർഡ് ബഹളമൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. അതിനാൽ നടീനടന്മാരെ ഒരുനോക്ക് കാണാൻ കാഴ്ച്ചക്കാരും തിങ്ങിക്കൂടി.
താരങ്ങൾ അവാർഡു സ്വീകരിക്കാൻ സ്വന്തം കാറുകളിൽ വന്നിറങ്ങി. ചടങ്ങ് ആരംഭിച്ചു. നന്ദിയും കൃതഞ്ജതയുമൊക്കെ ജോയ്‌സു തന്നെ വിളമ്പി താരങ്ങളെ എതിരേറ്റു. അവാർഡുകൾ ഏറ്റുവാങ്ങിയ ചലച്ചിത്രപ്രവർത്തകർ അന്തംവിട്ടുപോയി. ഒരടി വരുന്ന തടിയിലുള്ള സ്‌കെയിലിൽ സ്ത്രീയുടെ രൂപം വെട്ടിയെടുത്തുണ്ടാക്കിയ അവാർഡ്. പിന്നെ പ്രശംസാപത്രവും! 'ഇതോ അവാർഡ്!' അവാർഡ് സ്വീകരിക്കാൻ വിധിക്കപ്പെട്ടവർ പരസ്പരം നോക്കി അത്ഭുതപ്പെട്ടു. (തൃശ്ശൂർക്കാരനായ കലാസംവിധായകൻ സുധാകരനാണ് ജോയ്‌സിന്റെ നിർബന്ധപ്രകാരം ഈ 'സ്‌കെയിൽവിദ്യ' തരപ്പെടുത്തിക്കൊടുത്തത് എന്ന കാര്യം ജോയ്‌സ് പരമരഹസ്യമായിത്തന്നെ സൂക്ഷിച്ചു.) ഇന്ന്‍ കേരളത്തിൽ മുക്കിനും മൂലയിലും അവാർഡുകൾ നൽകുന്ന വീരന്മാരുടെ അവതാരപുരുഷനാകേണ്ടതായിരുന്നു ജോയ്‌സ്. തലസ്ഥാനനഗരിയിൽ ഇദ്ദേഹത്തിന്റെ പ്രതിമപോലും സ്ഥാപിക്കേണ്ടതായിരുന്നു എന്ന്‍ വീരന്മാർ രഹസ്യം പറഞ്ഞിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
പിന്നീടൊരിക്കലും ജോയ്‌സ് ആർക്കും അവാർഡ് കൊടുത്തില്ല. അവാർഡ് പ്രഖ്യാപിച്ചാൽ അതേറ്റുവാങ്ങാൻ മുൻകാലാനുഭവം ഉള്ളവർ വരുമോ എന്ന്‍ ജോയ്‌സ് ആശങ്കപ്പെട്ടു. ആദ്യവർഷം തന്നെ സംഘടനയുടെ അന്ത്യകൂദാശയും നടത്തേണ്ടി വന്നു. ആദ്യത്തേയും അവസാനത്തേയും അവാർഡ്‌നൈറ്റിന്റെ നരച്ച ഫോട്ടോകൾ അയാൾ ഫയലിൽ സൂക്ഷിച്ചു. കോടമ്പാക്കത്തിന്റെ കണ്ണുനീരിന്റെ ചൂടുകലർന്ന മണ്ണിൽ അവ ഇടയ്ക്കിടെ പുറത്തേക്ക് വീഴും, മനസ്സിൽനിന്ന്‍ ഓർമ്മകൾ പുറത്തുവരുന്നപോലെ. 'എന്റെ ജീവിതത്തിലെ നിർണായക നേട്ടമായിരുന്നു ആ സംഭവം' ജോയ്‌സ് കണ്ടവരോടൊക്കെ അവാർഡ്‌നൈറ്റിനെപ്പറ്റി പറയും.
അന്നൊക്കെ നിരവധി ജോയ്‌സുമാർ വഴിതെറ്റിവന്ന്‍ കോടമ്പാക്കത്ത് തമ്പിടിച്ചിരുന്നു. എന്നെലും ആഗ്രഹങ്ങളുടെ പ്രകാശം പരത്തുന്ന സൂര്യൻ ഉദിച്ചുയരുമെന്ന അടങ്ങാത്ത വിശ്വാസമുള്ളവർ. ചങ്ങനാശ്ശേരിക്കാരൻ ജോയ്‌സിനു വീട്ടിലെത്തിയാൽ സുഖമായി ആഹാരം കഴിച്ചുജീവിക്കാം. പക്ഷേ മടക്കയാത്രയെക്കുറിച്ച് അയാൾക്ക് ചിന്തിക്കാനാവില്ല. അതുതന്നെയാണ് കോടമ്പാക്കത്തെത്തുന്നവരുടെ ദുരന്തവും.
പിൻകുറിപ്പ്: കോടമ്പാക്കത്തിന്റെ തിക്താനുഭവങ്ങൾക്ക് ശേഷം ജോയ്‌സ് മദ്രാസ് വിട്ടു. ഒരുപക്ഷേ തീവ്രമായ ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടും കോടമ്പാക്കത്തെ തെരുവിൽ അസ്തമിക്കാതെ രക്ഷപ്പെട്ട ആദ്യത്തെ സിനിമാപ്രേമിയായിരിക്കണം ജോയ്‌സ്. വർഷങ്ങൾക്കുശേഷം ചങ്ങനാശ്ശേരിയിലെ വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ വരാന്തയിൽ കൂനിക്കൂടിയിരുന്ന വൃദ്ധമാതാവ് പറഞ്ഞു, 'എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും മടങ്ങിവരുമെന്ന്‍. പക്ഷേ ഈ മടക്കയാത്ര കാണാൻ നിന്റെ പപ്പയില്ലാതെ പോയല്ലോ ജോയ്‌സേ!' അപ്പന്റെ മരണത്തെക്കുറിച്ചറിഞ്ഞിട്ടും അയാൾക്ക് കരച്ചിൽ വന്നില്ല. കാരണം കോടമ്പാക്കം പതിനഞ്ചോളം വർഷം പഠിപ്പിച്ച പാഠം അതായിരുന്നു.