Skip to main content

അങ്ങനെ കാത്തുകാത്തിരുന്ന് ദില്ലിയിലും മഴക്കാലമെത്തി. തകർത്തുപെയ്ത മഴയിൽ പതിവുപോലെ യാത്ര കുളമായി. കാലാവസ്ഥക്കനുസരിച്ച് സ്വയം മാറ്റുന്ന ചിട്ടകളുമായി ദില്ലി ഉഷാറായിക്കഴിഞ്ഞു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന്‍ വിളിക്കുന്നതു പോലെ ദില്ലിക്കും കിട്ടി ഈയിടെ ഒരു നല്ല വിളിപ്പേര്: ദിൽദാർ ദില്ലി (വിശാലഹൃദയയായ ദില്ലി). തികച്ചും അനുയോജ്യമായ പേര്. എന്തിനെയും ഈ തലസ്ഥാനനഗരി ഇരുകയ്യും നീട്ടി സ്വീകരിക്കും, ആർക്ക് വേണമെങ്കിലും ഇവിടെ സ്വന്തമായൊരിടം കണ്ടെത്താം.

 

അങ്ങനെയൊക്കെയുള്ള ഈ നാടിനു എന്തോ ഒരു കുറവുള്ളതുപോലെ എന്നു തോന്നാറുണ്ട്.  അതുപിന്നെ മലയാളിയുടെ പതിവ് രീതിയല്ലേ, എവിടെയും കുറ്റം കണ്ടുപിടിക്കുക എന്നുമാത്രം പറയല്ലേ. ഒരു ചിന്നസംഭവം പറയാം. വളരെ മിനക്കെട്ടിരുന്നു ഒരു ഫോട്ടോ 'കീഴെയിറക്കാ'നുള്ള എന്റെ സാഹസം കണ്ടു അടുത്തിരുന്ന ബംഗാളിബുദ്ധി സംശയാലുവായി. പുതിയ പ്രസന്റേഷൻ ഇനം വല്ലതുമാണോ എന്നാണ്
കക്ഷിക്കറിയേണ്ടത്. പേടിക്കാനൊന്നുമില്ല, പുതിയ വെടിമരുന്നൊന്നും അല്ല ഒരു ബന്ധു അയച്ച കുറച്ചു ചിത്രങ്ങള്‍ ആണെന്നറിഞ്ഞപ്പോൾ എന്നെയും കാണിക്കാമോ എന്നായി പ്രസ്തുത കഥാപാത്രം. ഒടുവിൽ ഫോട്ടോ കണ്ടതും കക്ഷി ഫ്ലാറ്റ്. കേരളത്തിന്റെ പ്രകൃതിഭംഗി കക്ഷിക്ക് ക്ഷ ഇഷ്ടായീന്നു ഒരു നെടുങ്കൻ വാചകവും കാച്ചി. കഥയുടെ ആന്റിക്ലൈമാക്സ് ഇനിയാണ്. "അരെ ആപ്കാ രാജ്യമെ ഇതനാ ഹര്യാലി ഹൈ, വൊ ചോട്കെ ആപ് ഇധർ ദില്ലിമേം ക്യാ കർനെ കേ ലിയേ ആയെ ഹൈ." (നല്ല കാച്ചെണ്ണ തേച്ചു കുളിച്ചുണ്ടു സുഖമായി ആ പച്ചപ്പിൽ ജീവിച്ചു മരിക്കുന്നതിനു പകരം, ഇവിടെ എന്തു മാമാങ്കം കാണാൻ വന്നതാടോ താൻ! ആ അന്തം വിട്ടുള്ള, പ്രകടനത്തോടുകൂടിയ വാചകത്തെ ഏതാണ്ടിതുപോലെ നമുക്കു പരിഭാഷപ്പെടുത്താം)

 

കാര്യം മറ്റൊന്നുമല്ല ഫോട്ടോകളെല്ലാം എടുത്തിരിക്കുനത് നല്ല വൈഡ് ആംഗിൾ ലെന്‍സ്‌ ഉപയോഗിച്ചായിരുന്നു. അതും പാടവും, പറമ്പും, കടലുമൊക്കെയുള്ള പടങ്ങള്‍. കേരളത്തെക്കുറിച്ചു ഈ ബംഗാളി സുഹൃത്തിനു മാത്രമല്ല മറുനാട്ടുകാർക്കൊക്കെ ഏതാണ്ടിതേ അഭിപ്രായം ആണ്. ദില്ലിയിലും അത്യവശ്യത്തിനു പച്ചപ്പൊക്കെയുണ്ട്. പ്രധാനപാതകളില്ലെല്ലാം പത്തടി ഇടവിട്ട് മരങ്ങളുണ്ട്. അവധിദിവസങ്ങളിൽ അതിരാവിലെ ഒരു ഡ്രൈവ് നടത്തിനോക്കൂ. ഇരുവശത്തും മരങ്ങള്‍ ഉയർന്നു വളർന്നു നിൽക്കുന്ന നീണ്ടുനിവർന്ന റോഡുകൾ. ആലസ്യത്തിൽ നിന്നും പതിയെ മാത്രം ഉണർന്നു വരുന്ന നഗരം. നല്ലൊരനുഭവം ആണത്. ദില്ലി മനോഹരിയല്ലെന്നാരും പറയില്ല.

 

മറ്റൊന്നുകൂടിയുണ്ടിവിടെ. കുഞ്ഞുകുഞ്ഞു പച്ചത്തുരുത്തുകള്‍. നമുക്കതിനെ ദില്ലിയിലെ കാവുകളെന്നു വിളിച്ചാലോ. കേരളത്തിലെവിടെയെങ്കിലും അങ്ങനെയൊരു പ്രസ്ഥാനം ബാക്കിയുണ്ടോ എന്നറിയില്ല. ഒരുപക്ഷെ കാവുണ്ണിയെന്നു സുഹൃത്തുക്കൾ നസ്യം പറയുന്ന ഇ.ഉണ്ണികൃഷ്ണൻ സഹായിച്ചേക്കും ഒരുത്തരം കണ്ടെത്താൻ. (ആ വിഷയത്തിൽ അദ്ദേഹം ഒരു എൻസൈക്ലോപീഡിയ ആണെന്നാണ് അനുഭവം.) ഇവിടെയുള്ള പച്ചത്തുരുത്തുകള്‍ പലതും സർക്കാർ നഴ്സറികളാണ്. കുറെയേറെ സ്ഥലം തരിശായിപ്പോകാതെ നിലനിർത്താനും ഈ ആധുനിക കാവുകൾ ഒരു പരിധിവരെ ശ്രമിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള പതിവ് യാത്രകളെ ഇഷ്ടപ്പെടാൻ ഞാൻ കണ്ടുപിടിച്ച കുറുക്കുവഴിയാണ് അത്തരം കാവുകളെ ശ്രദ്ധിക്കുകയെന്നത്. അല്ലെങ്കിൽ നോട്ടം മരങ്ങള്‍ക്ക് മുകളിലേക്കാകാം. ഒരു കാക്കക്കൂട്, അല്ലെങ്കിൽ അലസമായി ഒരുക്കിയ പ്രാവിൻകൂട്, അതുമല്ലെങ്കിൽ ഉച്ചിക്കൊമ്പത്തെ പരുന്തിൻ കൂട്, ആ കാഴ്ച നിറക്കുന്ന ഊർജം ചെറുതല്ല. പക്ഷേ പതിയെപ്പതിയെ ഈ കാവുകളുടെ വലുപ്പവും കുറഞ്ഞുതുടങ്ങി. കാരണങ്ങൾ നിരവധി. പെരുകുന്ന വാഹനങ്ങള്‍. അതാവശ്യപ്പെടുന്ന വീതിയേറിയ വഴികൾ. വർധിച്ചുവരുന്ന പാർപ്പിടപ്രശ്നം. എല്ലാം കണ്ണുവയ്ക്കുന്നത് ഈ പച്ചപ്പിലേക്കുതന്നെ.

 


ആരവല്ലി മലനിരകൾ അവസാനിക്കുന്നത് ഈ മഹാനഗരത്തിലാണ്. കൃത്യമായി പറഞ്ഞാൽ നമ്മുടെ രാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതി നിൽക്കുന്ന റൈസിന കുന്നുകളിൽ. ഇപ്പറഞ്ഞ ആരവല്ലി മലനിരകളും അതിന്റെ ചരിവുകളുമൊക്കെ ഷോപ്പിംഗ്‌ മാളുകളും മറ്റു വ്യാപാര കേന്ദ്രങ്ങളുമൊക്കെയായി മാറാൻ തുടങ്ങിയിട്ടു കാലമേറെയായി. വരണ്ട ഭൂപ്രദേശത്തിനു നടുവിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, അല്ലെങ്കിൽ ചതുപ്പ് നികത്തിയ സാങ്കേതികമികവു പ്രകടിപ്പിക്കുന്നവ, ദില്ലിയും മാറിക്കൊണ്ടിരിക്കുന്നു. എന്നാലും മനുഷ്യാധ്വാനത്തിനു കീഴടങ്ങാൻ മടിക്കുന്ന കുഞ്ഞു വനപ്രദേശങ്ങൾ കുറെയൊക്കെ ബാക്കിയുണ്ട്. ചിലത് സംരക്ഷിത വനങ്ങൾ. മറ്റുചിലത് ശവകുടീരങ്ങൾ. ഇനി കുറച്ചു പാർക്കുകൾ. ഏതാണ്ട് നൂറേക്കറോളം വരുന്ന ലോദി ഗാർഡനിൽ ഒരു പ്രഭാത സവാരി നടത്തിയാൽ ഈ നഗരത്തിൽ എത്രയും പക്ഷി വൈവിധ്യമോ എന്ന് ആർക്കും തോന്നും. ഈ ഇത്തിരി പച്ചപ്പും അതു തരുന്ന തുറസ്സായ ഇടവുമെല്ലാം നഗരിവാസികൾ മടിക്കൂടാതെ ആസ്വദിക്കും. നാലുചുവരുകളിൽ കുടുങ്ങിയ ജീവിതങ്ങളുടെ മറ്റൊരു വൃഥാശ്രമം; രക്ഷപ്പെടാനായി. അല്ലെങ്കിൽ അതിലേക്കു തിരിച്ചുനടക്കാനുള്ള ഊർജം നേടാൻ. എന്നാലും ഇടക്ക്തോന്നും കേരളത്തിനെയും ഈ മഹാനഗരത്തെയും താരതമ്യം ചെയ്യാൻ. ഇടതൂർന്ന അനുസരണയോടെ വളർന്നു നിൽക്കുന്ന ഈ പച്ചപ്പുകളുടെ സംസ്കൃത സൗന്ദര്യം ഒന്നുവേറെ. സ്വാഭാവികമായി വളർന്നു നിൽക്കുന്ന മാവും പ്ലാവും തെങ്ങും നിറഞ്ഞ മലയാളത്തിന്റെ നാടൻ സൗന്ദര്യം ഒന്നുവേറെ. പ്രശ്നം കാഴ്ചയുടെതോ അതോ കാഴ്ചപ്പാടുകളുടെതോ.