കാര്യാട്ടിന്റെ ഓർമ്മകള്‍ അച്ചുതണ്ടാക്കി ഒരാൾ

പി കെ ശ്രീനിവാസന്‍
Sunday, July 28, 2013 - 3:30pm

ചില നേരങ്ങളിൽ ചില മനിതർകൾ- തമിഴിലെ പ്രസിദ്ധനായ ജയകാന്തന്റെ  നോവലാണത്. അതെ, ചില നേരങ്ങളിൽ ചില മനുഷ്യർ. ചില മനുഷ്യർ കടങ്കഥ പോലെയാണ്. ഒരു നാൾ അങ്ങനെ പ്രത്യക്ഷപ്പെടും. പിന്നെ ആരോരുമറിയാതെ അപ്രത്യക്ഷരാകും. ഇത്തരം ജീവിതങ്ങൾ കോടമ്പാക്കത്തിന്റെ വിധിവൈപരീത്യങ്ങളാണ്. ആരെയും എതിരേൽക്കാനും ആരെയും നിഷ്‌ക്കരുണം പുറന്തള്ളാനും ശേഷിയുള്ള കിരിപ്പെണ്ണാണ് കോടമ്പാക്കം.

 

സിനിമയുടെ വർണപ്രഭയിൽ ആകൃഷ്ടനായൊന്നുമല്ല മൈക്കേൽ ബേബി എന്ന ബേബി തൃശൂരിൽ നിന്ന്‍ കോടമ്പാക്കത്തിന്റെ മണൽക്കാടുകളിലേയ്ക്ക് വണ്ടി കയറുന്നത്. സിനിമയുടെ എഞ്ചുവടികളോ അകാരാദികളോ നിറപ്പകിട്ടാര്‍ന്ന കാപട്യങ്ങളോ ബേബിക്ക് വശമില്ല. എങ്കിലും സിനിമയുടെ നെടുംശാലകളിൽ നിയോഗം പോലെ ബേബി വന്നുവീണു. സിനിമയിൽ ഒന്നുമല്ലാതിരുന്നിട്ടും ബേബിയുടെ ജാതകത്തിൽ മടക്കയാത്ര കുറിച്ചിട്ടിരുന്നില്ല. എണ്‍പതുകളുടെ മധ്യകാലത്താണ് ബേബിയെ കാണാൻ ഇടയാകുന്നതും പട്ടണപ്രവേശത്തിന്റെ കഥകൾ പറയുന്നതും.

 

അറുപതുകളുടെ പകുതി. തൃശൂരിലെ ശോഭനാ പരമേശ്വരൻ നായരുടെ ശോഭനാ സ്റ്റുഡിയോയിലെ നിത്യസന്ദർശകനായിരുന്നു ബേബി. പിന്നെപ്പിന്നെ, പരമേശ്വരൻ നായരുടെ സഹായിയായി മാറുന്നു. സ്റ്റുഡിയോ തുറന്നാൽ ബേബി അവിടെ ഹാജരുണ്ടാകും. ചെമ്മീൻ സിനിമയുടെ കടലാസു പണികൾ ആരംഭിച്ച കാലം. പരമേശ്വരൻ നായർ ബേബിയെ രാമു കാര്യാട്ടിനു പരിചയപ്പെടുത്തി. ബേബിയുടെ ചുറുചുറുക്ക് കണ്ടപ്പോൾ കാര്യാട്ടിനും ഇഷ്ടമായി.

 

'ബേബി, നീ മദിരാശിക്ക് വരുന്നുണ്ടോ?'  കാര്യാട്ടിന്റെ ചോദ്യം.

'മദിരാശിയോ? അവിടെ വന്നിട്ട് ഞാനെന്തെടുക്കാൻ?' തനിക്ക് സിനിമയറിയില്ലെന്നു മാത്രമല്ല ജീവിതവുമറിയില്ലെന്ന സത്യം ബേബിയെ അലോസരപ്പെടുത്തുന്ന കാലം. ബേബിയുടെ ആത്മഗതം മനസ്സിലാക്കിയ കാര്യാട്ട് പറഞ്ഞു:

'പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്റെ സഹായിയായി നീ കൂടിക്കോ.'

 

അങ്ങനെ ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടും ഷർട്ടുമായി കാര്യാട്ടിനോടൊപ്പം തൃശൂരിൽ നിന്ന്‍ നമ്പർ ട്വന്റി മദ്രാസ് മെയിലിൽക്കയറി ബേബി കോടമ്പാക്കത്തിന്റെ ചതുപ്പുനിലത്തിൽ വന്നിറങ്ങുന്നു.

 

തൃശൂരിലെ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റര്‍ ആയ പോൾ മാഷിന്റെ എട്ട് ആണ്‍മക്കളിൽ ഒരാളായിരുന്നു മൈക്കേൽ ബേബി. ഏഴു സഹോദരങ്ങളും നല്ല നിലയിലാണ്. രണ്ടു പേർ ബാങ്ക് മാനേജരന്മാർ. മറ്റുള്ളവരൊക്കെ മികച്ച ഉദ്യോഗങ്ങളിലാണ്. ബേബി മാത്രം പഠനത്തിൽ ഉഴപ്പി. ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു ബേബി. മറ്റേയാളെ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്തവിധം സാമ്യം.

 

എന്തായാലും ചെമ്മീനിന്റെ പണിപ്പുരയിൽ ബേബിയും കൂടി. പക്ഷേ സിനിമയുടെ ക്രെഡിറ്റ് കാർഡിലൊന്നും മൈക്കേൽ ബേബിയുടെ പേരൊന്നും വന്നില്ല. എന്നിട്ടും ബേബി കാര്യാട്ടിന്റെ എല്ലാമെല്ലാമായി. തുടർന്നുള്ള കാര്യാട്ടിന്റെ ചിത്രങ്ങളുടെ പിന്നണിയിലും ബേബിയും അനിവാര്യഘടകമായി. ആ അനിവാര്യത എന്താണെന്നു മാത്രം ചോദിക്കരുത്. നല്ലൊരു സംഘാടകൻ. എന്തിനും ഏതിനും എവിടെയും ഓടിയെത്തും. മദ്യം കിട്ടാനില്ലാത്ത അവസരങ്ങളിൽ അതൊക്കെ തരപ്പെടുത്തുന്നതിലുള്ള വിരുത് കണ്ട് കാര്യാട്ട് അന്തംവിട്ടതായി ഒരിക്കൽ പരമു അണ്ണൻ (ശോഭനാ പരമേശ്വരൻ നായർ) എന്നോടു പറഞ്ഞിട്ടുണ്ട്. 1979 ഫെബ്രുവരി പത്തിന് കാര്യാട്ട് അന്തരിച്ചു. അതോടെ ബേബി അനാഥനായി. അവിടെ രക്ഷകനായി വന്നത് കാര്യാട്ടിന്റെ മൂത്തമകൾ സുമയുടെ ഭർത്താവ് മോഹൻ (നടൻ ദേവൻ) ആയിരുന്നു. ഒപ്പം കൂടിക്കൊള്ളാൻ മോഹൻ പറഞ്ഞു. പക്ഷേ വളരെക്കാലമൊന്നും അവിടെ നിൽക്കാൻ ബേബിക്ക് കഴിഞ്ഞില്ല. കാര്യാട്ടിന്റെ ക്യാമ്പിൽ ലഭിച്ച 'സ്വാതന്ത്യ'മൊന്നും മകളുടെ വീട്ടിൽ കിട്ടണമെന്നില്ലല്ലോ.

 

എണ്‍പതുകളുടെ അവസാനകാലം. ഞാൻ പ്രവർത്തിക്കുന്ന പത്രമോഫീസിലേക്ക് ബേബി കയറിവന്നു. മുമ്പ് കണ്ടതിനേക്കാൾ ക്ഷീണിച്ച ശരീരം. അഞ്ചരയടി ഉയരമുള്ള ഒരസ്ഥികൂടം. കിടക്കാൻ സ്ഥലമില്ല. ഉടുക്കാൻ വസ്ത്രമില്ല. നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും കഴിയുന്നില്ല. ഒരു കുടുംബം വേണമെന്ന ചിന്തയും മനസ്സിൽ ഒരിക്കലും മുളപൊന്തിയില്ല. കാര്യാട്ടിനോടൊപ്പം കോടമ്പാക്കത്ത് വന്നശേഷം ബേബി തൃശൂർ കണ്ടിട്ടില്ല. അവിടത്തെ കാളാവസ്ഥ എന്തെന്നറിഞ്ഞിട്ടില്ല. തന്റെ പിതാവ് ജീവിച്ചിരുപ്പുണ്ടോ എന്നന്വേഷിച്ചില്ല. സഹോദരങ്ങൾ ബേബിയേയും അന്വേഷിച്ചില്ല. നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹം ഉണ്ടായിട്ടില്ല. അവിടെ ചെന്നാൽ ഇത്രയും നാൾ എവിടെയായിരുന്നെന്ന്‍ ആരെങ്കിലും ചോദിച്ചാൽ? എന്തുനേടിയെന്ന്‍ ആരാഞ്ഞാൽ? ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ബേബിയെ ഭയപ്പെടുത്തി. തൃശൂർ റൗണ്ടില്‍ പടിഞ്ഞാറേ  നടയില്‍ വച്ച് പലരും ബേബിയെ കണ്ടിരുന്നതായി പറയുമ്പോൾ അയാൾ പുഞ്ചിരിച്ചുനിന്നു. അതു താനായിരുന്നില്ലെന്നും തന്റെ രൂപസാദൃശ്യമുള്ള ഇരട്ടയിലൊരാളാണെന്നും ബേബി പറഞ്ഞില്ല. 

 

എന്തായാലും എന്റെ ഓഫീസിൽ ഒരു സഹായിയെ ആവശ്യമാണ്. കൈയിൽ നിന്ന്‍ ശമ്പളം കൊടുത്ത് ബേബിയെ ഞാൻ അവിടെ സ്ഥാപിച്ചു. തൊട്ടടുത്ത് ഒരു വാടകമുറിയും തരപ്പെടുത്തി. വാരികകൾ വിതരണത്തിനു ബേബിക്കു കൊടുക്കാൻ ഞാൻ പത്ര ഏജന്റിനോടു ശുപാർശ ചെയ്തു. ബേബി വാരികകൾ വീടുകളിലും കടകളിലുമൊക്കെ വിതരണം ചെയ്തു. പക്ഷേ പണം മാത്രം വന്നില്ല. അതൊക്കെ മദ്യഷാപ്പുകളിൽ ചിലവിട്ടു. പ്രശ്നമുണ്ടാക്കാൻ വന്ന ഏജന്റിനു ഞാൻ പണം കൊടുത്തു. ഒരുനാൾ ആരോടും പറയാതെ ബേബി മുങ്ങി. പിന്നെ ബേബിയെ കാണുന്നത് കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള  സംഗീതസംവിധായകൻ ജെ.എം രാജുവിനോടൊപ്പമാണ്. അവിടെയും സഹായിയുടെ വേഷം തന്നെ. അപ്പോഴേയ്ക്കും ആരോഗ്യം ഏറെ തകർന്നിരുന്നു. ആവശ്യമായ രോഗങ്ങളും പിടികൂടിക്കഴിഞ്ഞു.

 

ഇത്രയുംനാൾ എവിടെയായിരുന്നു? ഞാൻ ചോദിച്ചു. നിർമ്മാതാവ് പുഷ്പരാജനെപ്പോലുള്ളവരുടെ വീടുകളിൽ കുക്കായിരുന്ന ദാമോദരനോടൊപ്പമായിരുന്നു കുറേക്കാലം. സിനിമാക്കാർക്കിടയിൽ ദാമോദരന്റെ ഭക്ഷണസ്വാദ് പ്രസിദ്ധമാണ്. അയാളുടെ താമസം എംജിആർ നഗറിലെ ചേരിപ്രദേശംപോലുള്ള ഒരിടത്ത്. കുറഞ്ഞ വാടക. കുക്കിംഗ് പണികഴിഞ്ഞ് ദാമോദരൻ രാത്രി വരുമ്പോൾ ബേബിക്കുള്ള ആഹാരവും കരുതിയിട്ടുണ്ടാവും. ഇരുവരും പഴയ ചങ്ങാതിമാരാണ്. നാട്ടുകാരാണ്. അങ്ങനെ കുറേക്കാലം. അവിവാഹിതനും പരമസാധുവുമായ ദാമോദരൻ പനിപിടിച്ചു കിടപ്പിലായി. വരുമാനം നിന്നു. ആഹാരമില്ല. മരുന്നിനും കാശില്ല. പനിവിട്ടപ്പോൾ ദാമോദരൻ ആഹാരം ആവശ്യപ്പെട്ടു. ബേബി പലപാട് ആഹാരത്തിനായി അലഞ്ഞു. ആരും സഹായിച്ചില്ല. ദാമോദരൻ പട്ടിണികിടന്നു മരിച്ചു. കോർപ്പറേഷൻകാർ വണ്ടിയുമായി വന്ന്‍ ദാമോദരന്റെ ഉണങ്ങിവരണ്ട ശരീരം കണ്ണമ്മപ്പെട്ട് ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി.

 

ജെ.എം രാജുവിനോടൊപ്പം ബേബി അധികംനാൾ നിന്നില്ല. ചില നേരങ്ങളിൽ ചില മനിതർകൾ. ബേബി വീണ്ടും മുങ്ങി. എവിടേയ്ക്ക് പോയെന്ന്‍ പരിചയക്കാരോടൊക്കെ ചോദിച്ചു. ആർക്കുമറിയില്ല. കാര്യാട്ടിന്റെ ഓർമ്മകളുടെ അച്ചുതണ്ടിൽ ബേബി സഞ്ചരിക്കുന്നുണ്ടാകണം- ഒരവധൂതനെപ്പോലെ.

 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് പി.കെ. ശ്രീനിവാസന്‍.

Tags: