മഴ പെയ്യുമ്പോള്‍ ദില്ലി എന്തുചെയ്യുന്നു!

മഞ്ജു
Thursday, July 11, 2013 - 3:30pm

അതിരാവിലെ വരുന്ന വാർത്തകൾ, പ്രതേകിച്ചും ഫോണ്‍മുഖേനയുള്ളത്, നല്ലതായിരിക്കില്ലെന്നൊരു വിശ്വാസം ഉള്ള ഒരാളാണ് ഞാൻ. അതൊന്നും ശരിയല്ല, അന്ധവിശ്വാസം ആണെന്നൊക്കെ ആർക്കു വേണമെങ്കിലും സമർഥിക്കാം. പക്ഷേ ഇന്നുരാവിലെ അത് പൂർണ്ണമായും ശരിയായി.

 

അതിരാവിലെ വിളിച്ചത് അക്കയായിരുന്നു; ഞങ്ങളുടെ അന്നദാതാവാണ് കഥാനായിക. നല്ല തമിഴ്‌നാടൻ രീതിയിൽ സാമ്പാർ സാദവും പൊരിയലുമാണ് അക്ക മിക്കവാറും ഉണ്ടാക്കുന്നത്. പൊരിയലെന്നാൽ നമ്മുടെ മെഴുക്കുപുരട്ടിയുടെ ഒരു അകന്ന ബന്ധു. പുളിശ്ശേരി, എലിശ്ശേരി ഇത്യാദി വസ്തുക്കളൊക്കെ  കാണാൻ പോലും കിട്ടില്ല അക്കയുടെ സാമ്രാജ്യത്തിൽ. എന്നാലും സാരമില്ല. വല്ലപ്പോഴുമൊക്കെ ഒന്നു കളം മാറ്റിച്ചവിട്ടാൻ അക്ക മനസ്സു കാണിക്കും എന്നതുകൊണ്ട്‌ ഉച്ചഭക്ഷണപ്രശ്നോത്തരി വലിയ കുഴപ്പമില്ലാതെ പൂരിപ്പിക്കാൻ കഴിയുന്നു എന്നതുതന്നെ ഏറ്റവും പ്രധാനം. അങ്ങനെയുള്ള അക്കയുടെ അതിരാവിലെയുള്ള വിളി എന്നെ ഒന്ന് ഞെട്ടിച്ചു എന്നുപറഞ്ഞാൽ അത് രാഷ്ട്രീയക്കാരുടെ പതിവുപ്രയോഗമായി തള്ളിക്കളയരുത്.

 

"നാൻ ഇന്നു വരമാട്ടെൻ, എന്നോടെ വീട് നിറയെ തണ്ണിയാക്കും" അക്ക തമിഴും മലയാളവും കലർത്തി കാര്യം അവതരിപ്പിച്ചു. എന്നുവച്ചാൽ "ഇന്ന് ശമയൽ ഒന്നോടെ കൈയാലെ താൻ" എന്നു ബാക്കി ഞാൻ മനസ്സിൽ പൂരിപ്പിച്ചു. രജനികാന്തിന്റെ യന്തിരനെയും വേണമെങ്കിൽ ഒന്നു വെല്ലുവിളിക്കാൻ ഞാൻ തയ്യാർ എന്ന ഭാവത്തിൽ അങ്കം തുടങ്ങി. എല്ലാം കഴിഞ്ഞു ഓഫീസിലേക്കുള്ള യാത്രക്കിടയിൽ അക്കയായി

വിഷയം. കാര്യങ്ങള്‍ അടുക്കും ചിട്ടയോടെയും ഓർത്തെടുക്കാൻ പറ്റിയ രണ്ടു സമയം ഒന്നു അടുക്കളജോലിക്കിടയിലും മറ്റൊന്നു യാത്രക്കിടയിലുമാണെന്നാണ് എനിക്ക് തോന്നാറ്. അടുത്ത ദിവസം ഫയൽ ചെയ്യാനുള്ള ഡോകുമെന്റ്സ് അല്ലെങ്കില്‍ പ്രസന്റേഷന്‍ ഒക്കെ ഏറ്റവും നന്നായി മനസ്സില് അടുക്കുന്നത് ഈ നേരത്താവുന്നത്‌ ഗുണം ചെയ്തിട്ടുണ്ട് ഒരുപാടു തവണ.

 

നമ്മുക്ക് അക്കയെക്കുറിച്ചോർക്കാം. മധുര സ്വദേശിനിയായ അക്ക ദൽഹിയിലെത്തിയിട്ടു 33 വർഷം കഴിഞ്ഞു. രണ്ടു മക്കളുടെ തിരുമണവും കഴിഞ്ഞു. അക്കയും ഭർത്താവും മാത്രമുള്ള ചിന്നകുടുംബം.  അധ്വാനിച്ചു ജീവിക്കുന്നു. ഉത്തരേന്ത്യൻ പാചകരീതി വശമില്ലാത്തതുകൊണ്ടാണോ അക്ക കൃത്യം സാമ്പാർ സാദം സിന്ദാബാദിൽ മാത്രം വിശ്വസിക്കുന്നതെന്നെനിക്കറിയില്ല. ഒന്ന് രണ്ടു തവണ ഞാൻ ശ്രമിച്ചുനോക്കി. കിം ഫലം. ഇന്നലെ ഏതാണ്ട് അര മണിക്കൂറാണ് മഴ പെയ്തത്. ബാക്കി സകലമാന ദില്ലി നിവാസികളെയും പോലെ ഞാനും അത് മുഴുവനും ഏറ്റുവാങ്ങിയാണ് വീട്ടിൽ എത്തിയത്. കുറെനാളുകൾകൂടി വരുന്ന മഴ ദില്ലിയെ വല്ലാതെ ഉന്മത്തമാക്കും. പ്രായലിംഗഭേദമില്ലാതെ എല്ലാവരും അതാസ്വദിക്കാനുള്ള തിരക്കിലാവും. പതുക്കെപ്പതുക്കെ പ്രവാസിയും ഈ ആഘോഷത്തിന്റെ ഭാഗമാകും. അല്ലെങ്കിൽത്തന്നെ മഴയിൽ കളിക്കാനാഗ്രഹിക്കുന്നൊരു കുട്ടിയെ ഉള്ളിൽ ഒളിപ്പിക്കാത്ത മനുഷ്യരുണ്ടാകുമോ?

 

അക്ക വരാതിരുന്നതിനെകുറിച്ച് ആലോചിച്ചപ്പോഴാണ് മഴയ്ക്ക്‌ ഇങ്ങനെയും ഒരു മുഖമുണ്ടെന്ന കാര്യം ഓർമ്മവന്നത്. പാർപ്പിട സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റെല്ലാ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ദില്ലി. കൊള്ളാവുന്ന ഭാഗത്ത് സാമാന്യം സൗകര്യമുള്ള വൃത്തിയുള്ള വീടെന്നത്‌ പലപ്പോഴും ഒരു സ്വപ്നം മാത്രമാണ് നഗരജീവികൾക്ക്. മേല്പറഞ്ഞ അക്കയ്ക്കുമതെ. ഇത്തിരിനേരത്തെ മഴ ചില്ലറ ഉപദ്രവമൊന്നുമല്ല അക്കയ്ക്ക് നൽകിയിട്ടുണ്ടാവുക. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പണിഞ്ഞ നൂറുകണക്കിനു കോളനികളാണ് ഈ തലസ്ഥാനനഗരിയിലുള്ളത്. എല്ലാം വെറും  വോട്ടുബാങ്കുകൾ മാത്രം. കഴിഞ്ഞ പതിനഞ്ചു വർഷത്തെ ഭരണത്തിനിടയിൽ കഴിഞ്ഞയാഴ്ച ആദ്യമായി ദില്ലി മുഖ്യമന്ത്രി ഈ വിഭാഗത്തെ ഓർത്തു. പറഞ്ഞത് മറ്റൊന്നുമല്ല, കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ഇത്തരം കോളനികൾ നിർബാധം വളർന്നുവരുന്നുവെന്നും വോട്ടുബാങ്കിൽ കണ്ണുള്ള രാഷ്ട്രീയ നേതൃത്വം അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തന്നെ.

 

ഒന്നു മഴപെയ്താൽ ചോരുന്ന കൂരയിൽ ആയുസ്സൊടുക്കുന്ന ഒരുപാടു മനുഷ്യരുടേതും കൂടിയാണീ ദില്ലി. ഓരോ മഴക്കാലത്തും യമുന നിർബന്ധബുദ്ധിയോടെ നീണ്ടുനിവർന്നു

കിടക്കുമ്പോൾ ചങ്കിടിപ്പോടെ അത് നോക്കിനില്ക്കുന്ന ഒരു പറ്റം മനുഷ്യരും ഇവിടെ ജീവിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ റേഷന്‍ വാങ്ങി ജീവൻ നിലനിർത്തി,

വെള്ളമിറങ്ങിയാൽ ഒന്നും സംഭവിക്കാത്തതുപോലെ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാൻ അവർക്ക് കഴിയുന്നത് ഏതു പാഠശാല നൽകിയ അറിവായിരിക്കും. ഈ

പ്രളയവും അതു കൊണ്ടുവരുന്ന വളക്കൂറുള്ള മണ്ണും മറ്റൊരു തരത്തിൽ അവരുടെ ജീവിതോപാധിയാണ്. ഒരുകൈകൊണ്ട് തല്ലിയും മറുകൈകൊണ്ട് തലോടിയും യമുന

അവർക്കൊപ്പം ജീവിക്കുന്നു. തന്നെ അനുസരണ പഠിപ്പിക്കാനുള്ള പാഠങ്ങൾ പലയാവർത്തി അണിയറയിൽ തയ്യാറായതിനെക്കുറിച്ചോക്കാതെ.

 

രണ്ടാഴ്ച മുൻപ് ഉത്തരഖണ്ഡിൽ ഉണ്ടായ പ്രളയവും തുടർന്നുള്ള ബഹളങ്ങളും ഏതണ്ടവസനിച്ചു. ഒരു പങ്കു ദുരിതാശ്വാസനിധിയിലേക്ക് നൽകി പതിവുപോലെ ആ വിഷയം മടക്കി വയ്ക്കുകയും ചെയ്തു. എന്നാലും ഒരു കാര്യം പറയണമെന്ന് തോന്നുന്നു. ജീവനെടുക്കാനുള്ള ഉപകരങ്ങൾ മാറ്റിവച്ച് ജീവൻ രക്ഷോപായങ്ങളുമായി സൈന്യം തക്കസയത്ത് എത്തിയത് കുറെയേറെ ജീവൻ രക്ഷപ്പെടാൻ ഇടയാക്കി. കടമ ചെയ്യുന്നവരെ പ്രത്യേകിച്ച് അഭിനന്ദിക്കുന്നതെന്തിനാണെന്ന ചോദ്യം ഉയർന്നേക്കാം. മറുപടി ഒന്നെയുള്ളൂ. സ്വയം അഴിമതി നടത്തുന്നില്ല എന്നത് ഇവിടുത്തെ രാഷ്ട്രീയക്കാർക്കും സർക്കാരുദ്യോഗസ്ഥർക്കുമുള്ള ഏറ്റവും വലിയ ബഹുമതിയാവുന്ന ഇക്കാലത്ത് ജീവൻ കയ്യിൽപിടിച്ച് "മോക്ഷ വിനോദയാത്ര"ക്കിറങ്ങിയവരെ സുരക്ഷിത നത്തെത്തിക്കാൻ ശ്രമിച്ചവരെ അഭിനന്ദിച്ചാൽ പോര. ഉത്തരഖണ്ഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്ന നാടിനൊപ്പം ഞാനും ചേരുന്നു.

 

വർഷങ്ങള്‍ക്ക് മുൻപൊരിക്കൽ കൈക്കുഞ്ഞുങ്ങളുമായി വെള്ളപ്പൊക്കത്തിനു നടുവിൽ ഒരാഴ്ച കഴിയാനിടയായി. മറ്റൊന്നുമല്ല താമസസ്ഥലം വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകത്തിലെന്നപോലെ പ്രളയജലത്തിൽ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ കൃത്യം ഏഴുദിവസം. നാലുനിലകെട്ടിടത്തിന്റെ താഴത്തെ നില മുഴുവനായും വെള്ളത്തിനടിയിൽ. എട്ടാം ദിവസം വെള്ളമിറങ്ങാൻ തുടങ്ങിയതോടെ എല്ലാവരും ഉഷാറായി. ആ കെട്ടിടത്തിലെ 32 കുടുംബങ്ങളും അവരവരുടെ ജീവിതത്തിലേക്ക്. ഏറ്റവും അത്ഭുതപ്പെടുത്തിയത് സ്വന്തം വീട് മുഴുവനും മുങ്ങിപ്പോയിട്ടും ഒന്നും സംഭവിക്കാത്തതുപോലെ വൃത്തിയാക്കാനുള്ള ഉപകരണങ്ങളുമായി ഓരോ നിലയിലും കയറിയിറങ്ങി കുശലം ചോദിച്ച അവിടുത്തെ തൂപ്പുകരനായിരുന്നു. അന്നദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു, "മേംസാബ് ജീനേ കേലിയെ ഹൈ സുരത്, മർനെ കേലിയെ കാശി ഹൈ."

 

ആ അനുഭവം തന്ന ധൈര്യമാണോയെന്നറിയില്ല, പിന്നീട് ഒന്നിലധികം തവണ മീനച്ചിലാർ കണ്ണുരുട്ടിക്കാണിച്ചിട്ടും എനിക്കൊന്നും തോന്നിയില്ല.

Tags: