ബംഗാളി ഡോക്ടർമാരുടേയും ദില്ലി!

മഞ്ജു
Friday, June 7, 2013 - 1:00pm

 

അവധിക്കാലത്തിന്റെ ആരംഭം കടന്നലുമൊത്തുള്ള കശപിശയിൽ തുടങ്ങി മുഖം വീർപ്പിച്ച കുറുമ്പിക്കുട്ടിക്കു പുരട്ടാൻ ലോഷൻ വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോൾ ബോധ്യമായി ഇത്തവണയും വേനൽക്കാലം രണ്ടും കല്പിച്ചാണ്; രോഗങ്ങൾക്കും, രോഗികൾക്കും യാതൊരു പഞ്ഞവുമില്ല, ബംഗാളി ഡോക്ടർമാർക്കും.

കാര്യം രാജ്യ തലസ്ഥാനമൊക്കെ തന്നെ. പക്ഷെ ആരോഗ്യ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളേയും വെല്ലുവിളിക്കും സാക്ഷാൽ ദില്ലി. അത്രയധികമാണ് വ്യാജന്മാരുടെ എണ്ണം. ബംഗാളി ഡോക്ടർമാർ എന്നറിയപ്പെടുന്ന ഇവർ  തലസ്ഥാനഗരിയിലും, ഉത്തരേന്ത്യ   മുഴുവനും ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ വർഷങ്ങൾ മുഷിഞ്ഞിരുന്നു പഠിച്ചു ബിരുദം നേടിയ ഒറിജിനലിനേക്കാൾ ജനത്തിന് ഉപകാരപ്പെടുന്നത് ഇവരാണെന്നു പരസ്യമായ രഹസ്യം. സത്യത്തിൽ ഭൂരിപക്ഷം ജനത്തിനും അപ്രാപ്യമാണ് ഇവിടുത്തെ ആരോഗ്യ-ചികിത്സാ സൗകര്യങ്ങള്‍. സൗജന്യ നിരക്കിൽ മികച്ച ചികിത്സ വാഗ്ദാനം ചെയ്യുന്ന എയിംസ്‌ പോലുള്ള അശുപത്രികളെ മറക്കുന്നില്ല. പക്ഷെ മാസങ്ങളോളം ശ്രമിച്ചാൽ മാത്രം ഒപി ടിക്കറ്റ് കിട്ടുന്ന എയിംസ്‌ എങ്ങനെ ഒരു പരിഹാരമാർഗമാകും? ഫലം വ്യാജൻമാർ അരങ്ങുവാഴുന്നു. ഈ രംഗത്തു ജോലിചെയ്യുന്ന എന്‍.ജി.ഒ സുഹൃത്ത്‌ പറഞ്ഞത് പരാതിയുമായി മെഡിക്കൽ ഓഫീസറെ കണ്ടപ്പോൾ അദ്ദേഹം നിരുൽസഹപ്പെടുത്തിയെന്നാണ്. ഇവരുള്ളതുകൊണ്ടാണ് കുറേപേരെങ്കിലും ജീവിച്ചിരിക്കുന്നതെന്ന സത്യവും ആ ഓഫീസർ സമ്മതിച്ചു.

ദൽഹി സംഭവത്തോടെ കുപ്രസിദ്ധമായി തീർന്ന മുനീർക്കയിലൂടെയാണ് എന്റെ സ്ഥിരമായ യാത്ര. അവിടെ പ്രശസ്‌ഥമായൊരു സ്ഥാപനമുണ്ട്, എന്‍.ഐ.എച്ച്.എഫ്.ഡബ്ലിയു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദേശീയ ആരോഗ്യ കുടുംബക്ഷേമ ഇന്സ്റ്റി റ്റ്യൂട്ട് (National Institute of Health and Family Welfare). ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഏറ്റവും ഉന്നതമായ സ്ഥാപനം. ആരോഗ്യ കുടുംബക്ഷേമ വിഷയങ്ങളിൽ സർക്കാരിനു വേണ്ട ഉപദേശം നൽകാൻ അവകാശവും അധികാരവും യോഗ്യതയും ഉള്ള സ്ഥാപനമാണ് എന്‍.ഐ.എച്ച്.എഫ്.ഡബ്ലിയു. കെട്ടിലും മട്ടിലും ഉയർന്നു നില്ക്കുന്ന, അതീവ സുരക്ഷാസംവിധാനങ്ങളുള്ള ഈ സ്ഥാപനത്തിന്റെ ഇരുപുറവും ചേരിയായതുകൊണ്ടാകും ഇത്രയും പൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. എട്ടടിയിലേറെ ഉയരമുള്ള ആ മതിൽ ജയിലിനെ ഓർമ്മിപ്പിക്കും.

അപ്പുറത്തുള്ള ചേരിയുമായി എന്‍.ഐ.എച്ച്.എഫ്.ഡബ്ലിയുവിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തോന്നുന്നതേയില്ല. അല്ലെങ്കിൽ ചേരിയിലെ ജീവിതങ്ങൾക്കു ആരോഗ്യം ആവശ്യമില്ലായിരിക്കും. മറ്റെല്ലാ സ്ഥലങ്ങളിലുമെന്നപൊലെ ഇവിടെയും ബംഗാളി ഡോക്ടർ തന്നെയാണ് താരം. എന്‍.ഐ.എച്ച്.എഫ്.ഡബ്ലിയുവിന്റെ കവാടത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞാൽ ആദ്യമെത്തുന്നതു ഒരു ബംഗാളി ഡോക്ടറുടെ ക്ലിനിക്കിലാണ്. വലിയ ബോർഡിൽ അദ്ദേഹം തന്റെ കഴിവിനെക്കുറിച്ചെഴുതിവച്ചിട്ടുണ്ട്. മിക്കവാറും മൂന്നോ നാലോ പേരെ അവിടെ കാണാം, രോഗികളോ ഒപ്പമുള്ളവരോ ആയിരിക്കാം. ഇതൊരൊറ്റപ്പെട്ട കാര്യമൊന്നുമല്ല. എന്നാലും എന്‍.ഐ.എച്ച്.എഫ്.ഡബ്ലിയുവിന്റെ മൂക്കിനുകീഴെയുള്ള ഈ കാഴ്ച അത്ര സുഖകരമായി തോന്നാറില്ല.

കുറച്ചു നാളുകൾക്ക് മുൻപ് കുറെയേറെ എ.ടി.എമ്മുകൾ  ഒരുമിച്ചു കൈമലർത്തി കാണിച്ച ഒരു വൈകുന്നേരം എന്റെ മുഖത്തെ വാശി കണ്ടാകണം അവസാനത്തെ എ.ടി.എമ്മിന്റെ കാവൽകാരൻ ഗലിയുടെ ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്നൊരു എ.ടി.എമ്മിനെ കുറിച്ചു പറഞ്ഞത്. പോയിനോക്കാൻ തന്നെ തീരുമാനിച്ചു. അപ്പോഴേ അറിയാമായിരുന്നു, ഈ ഇടുങ്ങിയ ഗലികൾക്കിടയിൽ എനിക്കു വഴിതെറ്റും. മറിച്ചൊന്നും സംഭവിച്ചില്ല, പക്ഷേ അതെനിക്ക് പുതിയൊരു ലോകം കാട്ടിത്തന്നു. ആ ഇടുങ്ങിയ ഗലിയിലൂടെ കുറെ മുന്നോട്ടുപോയാൽ ഇടതുവശത്ത് അക്ഷരത്തെറ്റുള്ള ഒരു ബോർഡുകാണാം, അതിലെഴുതിയിരിക്കുന്നത് ഇവിടെ ഭ്രൂണഞളുടെ ലിംഗപരിശോധന നടത്തുകയില്ല എന്നും അങ്ങിനെ ചെയ്യുന്നതു ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ചു തെറ്റാണെന്നുമാണ്. ഏന്തിവലിഞ്ഞു ഒള്ളിലേക്കു നോക്കിയാൽ ഇരുട്ടല്ലാതെ മറ്റൊന്നും കാണില്ല. പുറത്തുള്ള ആ നിറം മങ്ങിയ ബോർഡ്‌ മാത്രമാണ് അതൊരു ആശുപത്രിയാണെന്നവകാശപ്പെടുന്നത്. ആ പരിസരവും ബോർഡും എന്നോടു പറയാതെ പറഞ്ഞത് മറ്റൊന്നാണ്; ഇവിടെ പെണ്ഭ്രു ണഹത്യ നടക്കുന്നു. തിരക്കുള്ള ഇടുങ്ങിയ ആ ഗലിയിൽ അങ്ങിനെയൊരു ബോർഡ്‌ ഓർക്കാപുറത്തു കണ്ടതുകൊണ്ടാവും വാശിയൊക്കെ കളഞ്ഞ് കാലിയായ പേഴ്സുമായി തിരിച്ചു പോരാനാണെനിക്ക് തോന്നിയത്. ദൽഹിയിലും തൊട്ടടുത്തുള്ള ഹരിയാനയിലും പെണ്ഭ്രൂ ണഹത്യ നടക്കുന്നുവെന്നതു പുതിയ അറിവല്ല, പക്ഷെ  അത്തരമൊരു പരിസരത്തിൽ എത്തിപ്പെടുമെന്ന് വിചാരിച്ചില്ല.

ഇതിനൊരനുബന്ധം കൂടിപ്പറയാം. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലെ ഒന്നാംപേജു വാർത്തയാണ് വിഷയം. ഹോങ്കോങ്ങിൽ വന്ധ്യതാ ചികിൽസക്കായി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിരിക്കുന്നു. ഒരു തെറ്റുമില്ല, ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ഏതറ്റം വരെ പോകാനും എത്ര ചെലവാക്കാനും ആളുകൾ തയ്യാറായേക്കും എന്നാണെങ്കിൽ ഇവിടെ വാർത്ത അതല്ല. ഹോങ്കോങ്ങിൽ ലിംഗനിർണയം നടത്തി ആണ്‍/പെണ്‍ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്ന പരിപാടിയാണ് നടക്കുന്നത്. ആണ്കുതഞ്ഞുങ്ങളെ കിട്ടുന്നതിനായാണ് പണവും വിദ്യാഭ്യാസവുമുള്ള ഭാരതപൗരന്മാരും പൗരകളും വിമാനം കയറുന്നത്.

Tags: