പുതിയ ഒരു പ്രോജക്ടുമായി മിസോറാമിലെ തൂരിയല്‍ എന്ന കൊച്ചുഗ്രാമത്തിലേക്കു പുറപ്പെട്ടപ്പോള്‍ മനസ്സില്‍ കുറേ ആകാംക്ഷകളായിരുന്നു. ഏഴു സഹോദരികളില്‍ ഒന്നായ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തേയും രാജ്യത്തിന്റെ മറ്റുപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നത് കല്‍ക്കത്ത എന്ന മഹാനഗരം തന്നെ.
കുന്നുകളാല്‍ നിറഞ്ഞുനില്‍ക്കുന്ന മിസോറാം സുന്ദരം. മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന മലനിരകള്‍ കണ്ടുനില്‍ക്കാന്‍ രസം. ഈ മലമക്കളുടെ നാട് സുന്ദരമെങ്കിലും ഇവിടുത്തെ ജനങ്ങളുടെ ജീവിതം കണ്ടാല്‍ കഷ്ടം തോന്നും. എന്നാല്‍, പ്രകൃതിയുടെ പരുക്കന്‍ സാഹചര്യങ്ങളെ ഇണക്കിയെടുത്തുള്ള തൂരിയിലിലെ ജനങ്ങളുടെ ജീവിതരീതി കണ്ടാല്‍ അതിശയവും തോന്നും. നമ്മുടെയെല്ലാം ശാസ്ത്രസാങ്കേതിക വിദ്യകളെ വെല്ലുന്ന പലതും നമുക്കിവിടെ കാണാം. അവരുടെ കൃഷി ഉദാഹരണം. മഴയ്ക്കുമുന്‍പായി ഇവര്‍ ഓരോ കുന്നുകളും കൃഷിക്കായി സജ്ജമാക്കും. കുന്നിന്‍മുകളിലെ പുല്ലും മരങ്ങളും കത്തിച്ചു ചാരമാക്കും. പിന്നീട് മഴക്കാലത്ത് നെല്ലും മറ്റു പച്ചക്കറികളും വിതയ്ക്കുന്നു. ഒരു വര്‍ഷത്തേക്കുള്ള എല്ലാം ഇവര്‍ വിളയിക്കാറുണ്ട്.ഒപ്പം കാട്ടില്‍ നിന്നും വേട്ടയാടിയ പക്ഷികളും മൃഗങ്ങളും ഇവരുടെ ഭക്ഷണം. എല്ലാം പ്രകൃതിയില്‍ നിന്നു തന്നെ. വഴികളോ വെള്ളമോ വെളിച്ചമോ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇവിടെ വേറെ എന്തു ചെയ്യും. നമ്മള്‍ കൊട്ടിഘോഷിക്കുന്ന മഴവെള്ള സംഭരണികള്‍ ഇവര്‍ എന്നേ പ്രയോഗത്തില്‍ കൊണ്ടുവന്നുകഴിഞ്ഞിരിക്കുന്നു. എല്ലാ വീടുകളിലും ഈ സംഭരണികള്‍ കാണാം.
ചോലകളില്‍ നിന്നും വെള്ളം കൊണ്ടുപോകാന്‍ ഇവര്‍ ദേശി പൈപ്പ്‌ലൈനുകള്‍ നിര്‍മ്മിച്ചിരിക്കുന്നതു കണ്ടാല്‍ വിസ്മയം തന്നെ. മുളകള്‍ വെട്ടി ഒന്നൊന്നായി ബന്ധിപ്പിച്ച് പൈപ്പിനു പകരമായി ഇവര്‍ ഉപയോഗിക്കുന്നു. നമ്മുടെ എഞ്ചിനിയറിംഗിനെയെല്ലാം വെല്ലുന്ന പലതും ഇനിയുമുണ്ട്. നമ്മുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികളെല്ലാം കടലാസ്സില്‍ ഒതുങ്ങുന്നു. ഇവിടെ ഈ കൊച്ചു തൂരിയലില്‍ അതിന്റെ ആവിഷ്‌കാരം