Skip to main content

voting machine

 

സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി ഫലം കാത്തിരിക്കുന്ന ഇടവേളയില്‍ ഉയരുന്ന ഒരു ചോദ്യം രാഷ്ട്രീയ അനിശ്ചിതത്വത്തെ കുറിച്ചാണ്. പരമ്പരാഗത വിശ്വാസങ്ങളെ പിന്തുടരുകയാണെങ്കിൽ യു.ഡി.എഫ് കഴിഞ്ഞാൽ എൽ.ഡി.എഫ് എന്നാണ് ഉത്തരം. എന്നാല്‍, ഇക്കുറി സംസ്ഥാനം മാറി ചിന്തിക്കുമോ എന്ന സംശയത്തിന് കാരണങ്ങൾ ഒട്ടേറെയുണ്ട്. 'വോട്ടു കച്ചവടക്കാർ' എന്ന ആക്ഷേപം പേറുന്ന ബി.ജെ.പി ആ കടപൂട്ടി എന്നത് തന്നെ പ്രധാനം. മാറിയ രാഷ്ടീയ സാഹചര്യത്തിൽ സ്വന്തം ശക്തി തെളിയിക്കാനാണ് സംഘ് പരിവാറിന്റെ തീരുമാനം.

    

കേന്ദ്രത്തിൽ അധികാരം കയ്യാളുന്നതിന്റെ ആത്മവിശ്വാസത്തിനു പുറമെ ആളും അർഥവും അവർക്ക് യഥേഷ്ടമുണ്ട്. പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എന്ന താരപ്രചാരകന്റെ വിസ്മയിപ്പിക്കുന്ന സാന്നിധ്യമാണ് മറെറാരു നേട്ടം. മറ്റു മുന്നണികൾക്കൊപ്പമോ ചിലപ്പോഴെങ്കിലും മേൽക്കൈയോ പ്രചരണ രംഗത്ത് നേടിക്കൊടുക്കാൻ ഇത് അവരെ വളരെയേറെ സഹായിക്കുകയും ചെയ്തു. പ്രചരണത്തിന്റെ ചുക്കാൻ ആർ.എസ്.എസ് നേരിട്ടേറ്റെടുത്തതോടെ വോട്ടുകച്ചവടം പഴങ്കഥയുമായി.

   

മുമ്പൊക്കെ ജയിക്കില്ല എന്ന വിശ്വാസത്തിലാണ് അവർ മൽസരിച്ചിരുന്നതെങ്കിൽ ഇത്തവണ ചിത്രം തികച്ചും വ്യത്യസ്തം. പലയിടത്തും അവർ ജയം മണക്കുന്നു. ഒട്ടേറെ ഇടങ്ങളിൽ രണ്ടാം സ്ഥാനം കൊതിക്കുന്നു. ഇടതുമുന്നണിയുടെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും മുഖ്യ എതിരാളിയായി ഒരുപോലെ അവർ രൂപാന്തരം പ്രാപിച്ചു എന്നത് തന്നെ അവരുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

    

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിന്റെ 'ഫാസിസ്റ്റ്' ഭരണത്തിനെതിരെ ബംഗാളിൽ കൈകോർത്ത് മൽസരിക്കുന്ന സി.പി.ഐ.എമ്മും കോൺഗ്രസ്സും കേരളത്തിൽ പരസ്പരം മൽസരിക്കുന്നതാണ് ബി.ജെ.പിയുടെ മുഖ്യായുധം. എന്നാൽ, 'വികസനം' എന്ന മഹാമന്ത്രം ഉരുവിട്ട് തുടർഭരണത്തിനായി ശ്രമിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ഇതേശുന്നില്ല. കോൺഗ്രസ്സിന്റെ 'അഴിമതി ഭരണം' ചൂണ്ടിക്കാട്ടി പടനയിക്കുന്ന വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഇതുകേട്ട് ചൂളുന്നു. ഈ വിഷയത്തിൽ ഇവർ ഇരുവരും ഇരുചേരിയിലാണെന്നത് പാർട്ടിയെ ധർമസങ്കടത്തിലാക്കുന്നു. മദ്യനയത്തിൽ മാത്രമല്ല, മുഖ്യമന്ത്രിയാരാവും എന്ന ചോദ്യത്തിനും തിരഞ്ഞെടുപ്പിനു ശേഷം ഉത്തരമെന്നാണ് സീതാറാം യെച്ചൂരിയുടെ വിശദീകരണം.

  

'മോദിപ്പേടി' ചൂഷണം ചെയ്യുന്നതിൽ ഇരുമുന്നണികൾക്കും യോജിപ്പുണ്ട് എന്നതാണ് രസകരമായ വസ്തുത. ന്യൂനപക്ഷ വിഭാഗങ്ങളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്ന വജ്രായുധമായി അത് മാറിയിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള ബി.ഡി.ജെ.എസ് കൂടി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ വന്നതോടെ പഴയ അടവുനയങ്ങളൂം തിരഞ്ഞെടുപ്പ് സൂത്രവാക്യങ്ങളുമെല്ലാം എടുക്കാത്ത നാണയങ്ങളായി. സി.കെ. ജാനുവിന്റെ കയ്യിലുള്ള ആദിവാസി വോട്ടു മുതൽ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ സ്വാധീനത്തിലുള്ള ഉന്നതകുലജാതരുടെ വോട്ടുകൾ വരെ ഏതുമുന്നണിയിൽ നിന്നാണ് ചോരുക എന്ന ആശങ്കയിലാണ് ഭരണം മാറിമാറി കയ്യാളുന്ന ഇരു മുന്നണികളും. നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തി ഹൈന്ദവ ഐക്യം കെട്ടിപ്പടുക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ രാഷ്ടീയ കാഴ്ചപ്പാടിന് അനുസരിച്ച് രൂപം കൊണ്ട എൻ.ഡി.എ പ്രബല മുന്നണി സ്ഥാനാർഥികളെ അമ്പരപ്പിക്കുന്നത് കുറച്ചൊന്നുമല്ല. ഇരുമുന്നണികളുടെയും പല വൻമരങ്ങളും ഇത്തവണ കടപുഴകി വീണാൽ അത്ഭുതപ്പെടാനില്ല എന്ന നിലയിലെത്തി നിൽക്കുന്നു പ്രചാരണങ്ങളുടെ കുതിപ്പും കിതപ്പും.

 

യു.ഡി.എഫിന് തുടർഭരണത്തിനുള്ള അവസരവും എൽ.ഡി.എഫിന് എല്ലാം ശരിയാക്കാനുള്ള ഭൂരിപക്ഷവും കിട്ടിയില്ലെങ്കിൽ എന്തു സംഭവിക്കും? എൻ.ഡി.എ മൂന്നോ നാലോ എം.എൽ.എമാരുമായി എത്തിയാൽ ഒരു തൂക്കുനിയമസഭയിലേക്ക് കാര്യങ്ങളെത്തിയേക്കാം. അല്ലെങ്കിൽ നല്ല ഭൂരിപക്ഷത്തിൽ മുന്നണികൾ ഏതെങ്കിലുമൊന്ന് ജയിച്ചു കയറണം. അതിനുള്ള സാധ്യത ഇപ്പോഴത്തെ രാഷ്ടീയ പ്രചാരണ നില വെച്ചുനോക്കുമ്പോൾ വിരളമാണ്. ഇതിനകം പുറത്ത് വന്ന തിരഞ്ഞെടുപ്പ് സർവ്വേകൾ ഒന്നും തന്നെ തികച്ചും നിഷ്പക്ഷ സ്വഭാവമുള്ളതല്ല. എൻ.ഡി.എക്ക് വോട്ടു വിഹിതം വർദ്ധിക്കുമെന്ന ഉറപ്പ് എല്ലാവർക്കും ഉണ്ട്. കിട്ടാൻ സാധ്യതയുള്ള സീറ്റുകളുടെ കാര്യത്തിൽ മാത്രം ഒരു ധാരണയും ബി.ജെ.പി നേതാക്കൾക്കുമില്ല. കാരണം, പ്രമുഖ മുന്നണികൾ എൻ.ഡി.എ സ്ഥാനാർഥികൾക്കെതിരെ പരസ്പര ധാരണയോടെ വോട്ടുമറിക്കുമെന്ന് അവർ ഭയപ്പെടുന്നു. ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിനെതിരെ രൂപപ്പെട്ട സി.പി.ഐ.എം-കോൺഗ്രസ്സ് ധാരണ ഇവിടെയും വന്നുകൂടായ്കയില്ല. ബി.ജെ.പിയെ ഒരു കാരണവശാലും നിയമസഭ കാണിക്കില്ല എന്ന ഇരുപാർട്ടി നേതാക്കളുടെയും വെല്ലുവിളികളുടെ പൊരുൾ വെറെയൊന്നുമല്ല.

 

ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ പുതിയ ബി.ജെ.പി വിരുദ്ധ മുന്നണി ജന്മമെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുസ്ലിം ലീഗും സി.പി.ഐ.എമ്മും തമ്മിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം ആക്രമിക്കാതെ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിട്ടുള്ളത് ഈ സാധ്യത മുന്നിൽ കണ്ടാവണം. വളരെ മുമ്പേ തന്നെ, ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സി.പി.ഐ.എമ്മിനോട് സഹകരിച്ചു പോകണം എന്ന് നിലപാട് കൈക്കൊണ്ടിരുന്നു. അന്ന്, 'സമയമായില്ല' എന്ന് വിശദീകരണം നൽകി ചർച്ചയ്ക്ക് തടയിട്ടത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരത്തിലില്ലാത്ത സാഹചര്യത്തിൽ, ലീഗിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനില്ലാത്തത് കൊണ്ട് അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഒരു തൂക്കുനിയമസഭ വന്നാൽ ലീഗ് തീർച്ചയായും ഈ തുറുപ്പ്ശീട്ട് പുറത്തെടുക്കും. ബി.ജെ.പി വിരുദ്ധമുന്നണി എന്ന അടവ്‌ നിലപാട് സ്വീകരിച്ചാൽ സമുദായത്തിനകത്ത് സ്വീകാര്യത വർദ്ധിപ്പിക്കാനും, തീവ്രവാദം പ്രചരിപ്പിക്കുന്ന മുസ്ലിം പാർട്ടികളെ ക്ഷയിപ്പിക്കാനും കഴിയും.

    

ഇടതുമുന്നണിയിലും പുറമെ കാണുന്നത് പോലെ കാര്യങ്ങൾ അത്ര ഭദ്രമല്ല. വല്യേട്ടന്റെ മേൽക്കോയ്മയിൽ സി.പി.ഐക്ക് തൃപ്തിയില്ല. തൂക്കുസഭ വന്നാൽ ലീഗിനോട് കൂട്ടു കൂടുന്നതിൽ അവർക്കത്ര താല്പര്യവുമില്ല. മുസ്ലിം സമുദായത്തിലെ സുന്നികൾക്ക് മേധാവിത്വമുള്ള ലീഗുമായുള്ള ബന്ധം കമ്യൂണിസ്റ്റ് ചിന്താധാരയുമായി യോജിച്ചു പോകില്ല എന്നാണ് സി.പി.ഐ നിലപാട്. ലീഗുമായി ചേർന്നാൽ, മറ്റു സമുദായങ്ങൾ അകന്നു പോകുമെന്നും, ധാരാളം ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടി വരുമെന്നും അവർ ഭയപ്പെടുന്നു. സി.പി.ഐ.എമ്മിലും ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ ഉണ്ടെങ്കിലും അവർക്ക് ശബ്ദമുയർത്താനുള്ള ശേഷിയില്ല. ലീഗ് വർഗീയ പാർട്ടിയാണോ അല്ലയോ എന്ന വിഷയത്തിൽ പോലും സി.പി.ഐ.എമ്മിൽ തീരുമാനമില്ല. എങ്ങനെയെങ്കിലും അധികാരം അല്ലെങ്കിൽ, പാർട്ടിക്ക് നിലനിൽക്കാനാവില്ല എന്ന വാദക്കാർക്കാർക്കാണ് അവിടെ മേൽക്കൈ.

    

സി.പി.ഐയ്ക്ക് ദേശീയ തലത്തിൽ കോൺഗ്രസ്സിനോട് ചേർന്ന് നിൽക്കാനാണ് താൽപര്യം. ബി.ജെ.പിക്കെതിരെ ഒരു വിശാല ദേശീയ സഖ്യമാണ് അവർ വിഭാവനം ചെയ്യുന്നത്. ബംഗാളിൽ ആവശ്യമെങ്കിൽ സി.പി.ഐ.എം-കോൺഗ്രസ്സ് സർക്കാർ ഉണ്ടാക്കാമെന്ന സി.പി.ഐ.എം നേതാക്കളുടെ പരസ്യപ്രസ്താവനകൾ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാൻ എടുത്തു കാട്ടാനും അവർ മറക്കുന്നില്ല. ചുരുക്കത്തിൽ, ബി.ജെ.പി നിയമസഭയിൽ വന്നാലും ഇല്ലെങ്കിലും അവർ ഈ തിരഞ്ഞെടുപ്പോടെ ഒരു മൂന്നാം ശക്തിയായി ഉയർന്ന് വരുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. 15 - 20 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ സാധ്യതയുള്ള ഒരു പാർട്ടിയെ ഇരുമുന്നണികൾക്കും അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ പുതിയൊരു മുന്നണി രാഷ്ടീയ അനിവാര്യതയായി മാറുമെന്നതിൽ സംശയമില്ല. അതിൽ ആരൊക്കെ ഉണ്ടാവും എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കുഞ്ഞാലിക്കുട്ടി ഇന്ത്യൻ എക്‌സ്പ്രസ്സിനു നല്കിയ അഭിമുഖത്തിൽ യു.ഡി.എഫ് വിടില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം ഇതേ നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചു നില്ക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പും ആരും ആർക്കും നല്കിയിട്ടുമില്ല.


തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍