പ്രചാരണം: ബി.ജെ.പിയെ ശക്തികേന്ദ്രമാക്കി ഇരുമുന്നണികളും

Glint Staff
Saturday, May 14, 2016 - 10:30am

ldf udf bjp posters

 

2016 കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ വ്യക്തമാകുന്ന ചിത്രം ഇതാണ്. പ്രചാരണരംഗത്ത് ഏറ്റവും ശക്തമായി സാന്നിദ്ധ്യമറിയിച്ചത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. അതോടൊപ്പം മറ്റൊന്നുകൂടി പ്രകടമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ഒന്നിച്ച് ഒരേപോലെ ബി.ജെ.പിയെ ആക്രമിക്കുന്നു. ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കിയതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ബുദ്ധിജീവികളുടെ ആധിക്യമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെ, പ്രചാരണ ദിശ മുഖ്യമന്ത്രിയും ബി.ജെ.പിയും തീരുമാനിച്ചതുപോലെയായി.

 

എതിർക്കപ്പെടുമ്പോഴാണ് ബി.ജെ.പി വളരുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മോദിയെപ്പോലെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എതിർക്കപ്പെട്ട ഒരു നേതാവ് ആഗോള തലത്തിലില്ല. ആ എതിർപ്പാണ് മോദി വളമാക്കിയതും. അതേ തന്ത്രം തന്നെയാണ് കേരളത്തിലും ഇപ്പോൾ അവർ പയറ്റുന്നത്. അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവർ മുൻകൂട്ടി ഉദ്ദേശിച്ച ദിശയിലൂടെ ശക്തമായി മുന്നേറി. പ്രധാനമന്ത്രിയുടെ സൊമാലിയാ പരാമർശമൊന്നും കേട്ട ലക്ഷണം കാണിക്കാതെ ഇടതു-വലതു മുന്നണികൾ ഒറ്റക്കെട്ടാണെന്ന് മനുഷ്യമനസ്സുകളിൽ പ്രഹരിച്ച് കയറ്റാനുള്ള തന്ത്രത്തിൽ മാത്രം ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നിനും അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ മറ്റ് രണ്ടു മുന്നണികളും പരസ്യവാചകങ്ങൾ ഉരുവിടുന്നുണ്ടെങ്കിലും വീണുകിട്ടുന്ന വിഷയത്തിന്റെ പിന്നാലെ ദിശ തെറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

 

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് ഇതുവരെ നടന്ന സർവ്വേകളെല്ലാം പറയുന്നത്. അത് ഉമ്മൻ ചാണ്ടി സർക്കാരിനോടുള്ള എതിർപ്പാണ് പ്രകടമാക്കുന്നത്. അല്ലാതെ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന സമീപനത്തോടുള്ള സ്വീകാര്യതയല്ല. മാത്രവുമല്ല, വ്യക്തതയോടെയുള്ള സമീപനം മുന്നോട്ടു വയ്ക്കുന്നതിൽ സി.പി.ഐ.എമ്മും ഇടതുപക്ഷവും പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ യു.ഡി.എഫിന്റെ മുഖ്യ പോരാട്ടം ഇടതു മുന്നണിയുമായാണെന്ന് ഏറ്റവും നന്നായി അറിയാവുന്ന നേതാവാണ് ഉമ്മൻ ചാണ്ടി . ആ സാഹചര്യത്തിൽ സി.പി.ഐ.എമ്മിനെ അവഗണിച്ചുകൊണ്ട് ബി.ജെ.പിയെ മുഖ്യമന്ത്രി ആക്രമിക്കുമ്പോൾ ആ പാർട്ടി നയിക്കുന്ന സഖ്യത്തെ വൻ ശക്തിയായി മുഖ്യമന്ത്രി അംഗീകരിക്കുക കൂടി ചെയ്യുകയാണ്. അത് ബി.ജെ.പിയുടെ ശക്തി വർധിപ്പിക്കുന്നു. പലയിടത്തും ബി.ജെ.പി ജയിക്കുമെന്ന ധാരണ പരത്തുന്നതിനും അതു സഹായിക്കുന്നു. പ്രത്യക്ഷത്തിൽ തന്നെ ബി.ജെ.പിയെ സഹായിക്കുന്ന എന്നാൽ ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധമുളള നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിട്ടുളളത്. ഉമ്മൻ ചാണ്ടി ഇട്ട ചൂണ്ടയിൽ സി.പി.ഐ.എമ്മും ഇടതുപക്ഷവും കയറി കൊത്തി. അതാണ് അവരും സൊമാലിയാ പരാമർശം ഉയർത്തിപ്പിടിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിൽ പിടിച്ച് സൃഷ്ടിച്ച വിവാദം ബി.ജെ.പിയോ പ്രധാനമന്ത്രിയോ കേട്ട ലക്ഷണം പോലും കാണിക്കാതെ അവരുടെ പ്രചാരണ കേന്ദ്രബിന്ദുവിൽ ഊന്നി നിന്നു. മൂന്നു മുന്നണികളും പ്രൊഫഷണൽ ഏജൻസികളുടെ നിർദ്ദേശമനുസരിച്ചാണ് പ്രചാരണം തുടങ്ങിയതും മുന്നേറിയതും. ഏജൻസികൾ നൽകിയ ഉപദേശം ബി.ജെ.പി അതേപടി സ്വീകരിച്ചപ്പോൾ മറ്റു രണ്ടു മുന്നണികളും, പ്രത്യേകിച്ച് ഇടതുപക്ഷം, ശീലിച്ചു പോയ രീതിയിലേക്ക് പിൻവാങ്ങിയതുപോലെ അനുഭവപ്പെട്ടു. എന്തായാലും ഒരു കാര്യം വളരെ വ്യക്തമായി. ബി.ജെ.പിയെ കേരളത്തിൽ വളർത്തുന്നതിന് അവരുടെ പാർട്ടി പരിപാടികളേക്കാൾ വെള്ളവും വളവും ഇരുമുന്നണികളും നൽകുന്നു.

Tags: