രാഹുൽ മായുന്നു, പ്രിയങ്ക തെളിയുന്നു

Glint Staff
Monday, April 28, 2014 - 6:09pm

 

തെരഞ്ഞടുപ്പ് പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ദേശീയ തലത്തിൽ ഇപ്പോൾ കാണുന്ന ചിത്രം തുടക്കത്തിലേതല്ല. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികളും നരേന്ദ്ര മോഡിയും തമ്മിൽ തന്നെയായിരുന്നു തുടക്കം മുതലുണ്ടായിരുന്ന മത്സരം. ഒരു പരിധിവരെ മോഡിക്കെതിരെയുള്ള രാഷ്ട്രീയപാർട്ടികളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയും ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ബി.ജെ.പിയെ മറച്ചുകൊണ്ട് മോഡി മുകളിലേക്കു വന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാറാവുമ്പോഴും മോഡിയുടെ നില അതേ പടിയോ കുറച്ചുകൂടി സാന്നിദ്ധ്യമറിയിക്കുന്നതോ ആയി മാറി. എന്നാൽ കോൺഗ്രസ്സിന്റെ സ്ഥിതി പരിതാപകരം എന്നേ പറയേണ്ടൂ. അവർ ഇപ്പോൾ തന്നെ പരാജയം ഏറ്റുവാങ്ങിയ അവസ്ഥയിലാണ്.

 

പ്രചാരണത്തിന്റെ തുടക്കത്തിൽ മോഡിയെ നേരിടാനുള്ള കോൺഗ്രസ്സിന്റെ പ്രഖ്യാപിത നേതാവ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ വോട്ടെടുപ്പ് അവസാനിക്കാറായപ്പോഴേക്കും രാഹുൽ ഗാന്ധി ഏറെക്കുറെ അപ്രത്യക്ഷനായിരിക്കുന്നു. പകരം പ്രിയങ്ക ഗാന്ധി വദ്ര രംഗപ്രവേശം ചെയ്യുകയും ചെയ്തു. മോഡിക്ക് മറുപടി പറയുന്നതും പ്രിയങ്ക. പ്രിയങ്കയുടെ പ്രതികരണം ബി.ജെ.പിക്ക് കൂടുതൽ ആവേശം നൽകുന്നു. കാരണം അവരുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ബിസിനസ്സ് വളർച്ചയെ മുഖ്യ വിഷയമായി ഉയർത്തിക്കാട്ടാൻ അത് അവസരം ഒരുക്കുന്നു. തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടേയും അമ്മ സോണിയ ഗാന്ധിയുടേയും മണ്ഡലത്തിൽ മാത്രമേ അവർ പ്രചാരണം നടത്തുന്നുള്ളുവെങ്കിലും ദേശീയ മാധ്യമങ്ങൾ മോഡിക്കുള്ള പ്രതിസ്വരമായി പ്രിയങ്ക ഗാന്ധിയിലേക്കാണ് നോക്കുന്നത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ഇന്ത്യൻ രാഷ്ട്രീയവും തമ്മിലുള്ള രസതന്ത്രം വച്ചുനോക്കുമ്പോൾ പ്രിയങ്കയുടെ ഈ രംഗപ്രവേശം യാദൃച്ഛികമാകാൻ വഴിയില്ല. കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ അദ്ധ്യായത്തിന്റെ ചില ആമുഖങ്ങൾ പ്രിയങ്കയുടെ രംഗപ്രവേശത്തിൽ നിന്ന് വായിച്ചെടുക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ അമ്മയുടേയും സഹോദരന്റേയും മണ്ഡലങ്ങളിൽ നടത്തിയ രീതിയിലുള്ള പ്രചാരണമല്ല പ്രിയങ്ക ഇക്കുറി അവലംബിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്കും മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിക്കുമപ്പുറം ദേശീയ കാഴ്ചപ്പാടിലാണ് അവർ പ്രചാരണത്തിലേർപ്പെടുന്നത്.

 

ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ യാഥാർഥ്യ ബോധത്തോടെ കോൺഗ്രസ്സ് കാണുന്നതിന്റെ വ്യക്തമായ തെളിവുകളാണ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ അവരിപ്പോൾ അത്യാവശ്യം ഉറക്കെത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളിൽ റോബർട്ട് വദ്ര ഉന്നം വയ്ക്കപ്പെടാനിടയുള്ളത് തള്ളിക്കളയാനാവില്ല. അങ്ങനെ വരുമ്പോൾ പ്രതിരോധത്തിന് അധികാരം കൂട്ടില്ലാതാകുമ്പോൾ രാഷ്ടീയകവചം ഗുണകരമായേക്കാവുന്ന ചിന്തയാണോ ഈ നീക്കത്തിനു പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല രാഹുലിനേക്കാൾ ഊർജവും മാധ്യമശ്രദ്ധയും പ്രിയങ്കയ്ക്ക് ലഭിക്കുന്നു എന്നുള്ളത് കോൺഗ്രസ്സിനെ സംബന്ധിച്ച് ഭാവിയിലേക്കുള്ള യാത്രയിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലുമുണ്ടാകാം. മോഡിയുടെ അമ്പത്തിയാറിഞ്ച് നെഞ്ചുവീതിയല്ല, മറിച്ച് ഹൃദയവിശാലതയാണ് ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടാൻ വേണ്ടതെന്ന പ്രിയങ്കയുടെ പ്രസ്താവന ഒരുപക്ഷേ ഈ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായ കുറിക്കുകൊണ്ട പ്രതികരണമായി. അതിനാലാണ് ബി.ജെ.പി നേതാക്കളെല്ലാം അതിനു ചുട്ടമറുപടിയുമായി രംഗത്തെത്തിയത്. എന്തായാലും ഇപ്പോൾ കോൺഗ്രസ്സുകാരും ബി.ജെ.പിയും രാഹുൽ ഗാന്ധിയെ ഒരുപോലെ മറന്ന അവസ്ഥയായി എന്നുള്ളത് ഈ രാജ്യത്തിന്റെ ഗതി നിർണ്ണയത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നു എന്നുള്ളതാണ് അതിന്റെ ചരിത്രപരമായ പ്രസക്തി.

Tags: