പത്തുസീറ്റിൽ കുറയാതെ ഇടതുമുന്നണി നില മെച്ചപ്പെടുത്തിയേക്കും

Glint Staff
Sunday, April 13, 2014 - 4:00pm

അനന്തപുരിയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീർഥം. പത്മതീർഥം എന്ന പേരിന്റെ വ്യാപ്തി തേടിയാൽ ചെന്നെത്തുക രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അടിവേരിലായിരിക്കും. തൽക്കാലം അതവിടെ നിൽക്കട്ടെ. തീർഥം എന്നാൽ എല്ലാവർക്കും അറിയാവുന്നതാണ്. സാധാരണ ജലമായല്ല തീർഥത്തെ കാണുന്നത്. അത്രയ്ക്കാണ് അതിൽ അർപ്പിതമായിരിക്കുന്ന പുണ്യാവസ്ഥ. ഇന്ന് പത്മതീർഥത്തിലെ ജലം വായിൽ കൊള്ളാൻ കഴിയില്ലെന്നു മാത്രമല്ല, അതിനടുത്തുകൂടി പോയാൽ പോലും രോഗം ഉണ്ടാവുന്ന അത്രയ്ക്ക് മലിനമായിരിക്കുന്നു. പത്മതീർഥം ശുദ്ധീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സമീപത്ത് കിള്ളിയാറുണ്ട്. അവിടെ നിന്നുള്ള വെള്ളം കൊണ്ടുവന്നും പത്മതീർഥത്തെ വൃത്തിയാക്കാനാവില്ലെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. കാരണം കിള്ളിയാറും മലിനമാണ്. പത്മതീർഥത്തിലേക്കു നോക്കിയാൽ  ആ മാലിന്യത്തിൽ കാണാൻ കഴിയുന്നത് മലിനീകരിക്കപ്പെട്ട നിലയിൽ ആയിട്ടുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ആദ്ധ്യാത്മിക മുഖം. കിള്ളിയാറിലേക്കു നോക്കിയാൽ കാണാൻ കഴിയുന്നത് ജനാധപത്യം ജീർണ്ണിച്ചതിന്റെ ഒഴുക്ക്. രണ്ടും മൂടുക പരിഹാരമല്ല. രണ്ടിന്റേയും ശുദ്ധീകരണമാണ് ആവശ്യം. പത്മതീർഥവും കിള്ളിയാറും ശുദ്ധമാക്കാൻ വഴിയുണ്ടാകും. അതിന് സംശയമില്ല. പക്ഷേ അതിനുള്ള അറിവും അറിവിന്റെയടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള ജനാധിപത്യ ഭരണസംവിധാനങ്ങളും വേണം. പത്മതീർഥവും കിള്ളിയാറും പ്രാതിനിധ്യസ്വഭാവം പേറുന്നു.

cpim flags

 

വീണ്ടും പത്മതീർഥവും കിള്ളിയാറും മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കും. അത് അവകാശം പോലെ പ്രഖ്യാപിച്ചിരിക്കുകയാണ് സത്യവാങ്മൂലത്തിലൂടെ സംസ്ഥാന സർക്കാർ. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ പങ്കിടുന്നതാണ് ഈ നിലപാട്. ആ കാഴ്ചയാണ് ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ ഇരുമുന്നണികളുടേയും നടപടികള്‍ വ്യക്തമാക്കുന്നത്. യഥാർഥത്തിൽ ഇരുമുന്നണികളും ചേർന്ന് കേരളത്തിനെതിരായി വോട്ടുചെയ്യുകയായിരുന്നു. മഴയും പാടങ്ങളും പുഴകളും നിറയുന്ന കേരളമെന്നാൽ വെള്ളം തന്നെ. ആ വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് പച്ചപ്പായി കാണപ്പെടുന്ന പ്രകൃതി. അതു നശിച്ചാൽ കേരളം നശിച്ചു. ഇപ്പോൾ ആ നാശത്തിലേക്ക് കേരളം വഴുതി വീണുകൊണ്ടിരിക്കുന്നു. ഈ കേരളത്തിനാധാരം പശ്ചിമഘട്ടമാണ്. അത് കിള്ളിയാറായാലും കേരളത്തിലെ മറ്റ് നാൽപ്പത്തിമൂന്ന് നദികളായാലും. പത്മതീർഥം പോലെ ആയിരക്കണക്കിനാണ് കേരളത്തിലെ മലിനപ്പെട്ടു കിടക്കുന്ന കുളങ്ങൾ. ഇതെല്ലാം പശ്ചിമഘട്ടത്തിന്റെ വരദാനമാണ്. അത് നശിപ്പിക്കാനുള്ള അവകാശത്തിൽ ആരാണ് മുന്നിലെന്ന് മത്സരിച്ച് തെളിയിച്ച് വോട്ടുപിടിക്കുന്ന കാഴ്ചയാണ് ഇരുമുന്നണികളും പ്രചാരണവേളയിലും അതിനു മുൻപും പോളിംഗിനു ശേഷവും പ്രകടമാക്കുന്നത്.

 

കേരളത്തിന്റെ പൊതുതാൽപ്പര്യമോ രാഷ്ട്രത്തിന്റെ പൊതുതാൽപ്പര്യമോ പരിഗണിക്കപ്പെടാതെ പോയ ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ ലാഭമുണ്ടാക്കുക ഇടതുപക്ഷ ജനാധിപത്യ മുന്നണിയാകാനാണിടയെന്ന് പോളിംഗ് വിശദാംശങ്ങളെ സൂചകങ്ങളായി കണ്ടാൽ വിലയിരുത്താൻ കഴിയുന്നു. ഏതുവിധേനെയും സീറ്റുകളുടെ എണ്ണം കൂട്ടിയേ കഴിയൂ എന്നുള്ളത് സി.പി.ഐ.എമ്മിന്റെ നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. കാരണം പശ്ചിമ ബംഗാളിലെ പ്രാതിനിധ്യം കൊണ്ട്  ദില്ലിയിൽ സാന്നിദ്ധ്യമറിയിക്കാൻ സി.പി.ഐ.എമ്മിനു കഴിയില്ല. പിന്നെ, ഏക ആശ്രയം കേരളത്തിൽ നിന്നുള്ള പരമാവധി സീറ്റുകൾ. അതു മാത്രമായിരുന്നു സി.പി.ഐ.എമ്മിന്റെ മുന്നിലെ ഇപ്രാവശ്യത്തെ മുഖ്യ അജണ്ട. വി.എസ് അച്യുതാനന്ദനുമായി ഔദ്യോഗിക നേതൃത്വം ഉണ്ടാക്കിയ സന്ധിയും അതനുസരിച്ച് അച്യുതാനന്ദന്റെ നിലപാടുമാറ്റവുമെല്ലാം അതിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ പ്രകൃതിക്കും സാമൂഹ്യാന്തരീക്ഷത്തിനും ഒരേ സമയം ഒരേപോലെ ദൂരവ്യാപകമായ ദോഷങ്ങൾ വരുത്തുന്ന നിലപാടാണ് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ സ്വീകരിച്ചത്. പ്രകൃതിയുടെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വോട്ട് മാത്രമായിരുന്നു സി.പി.ഐ.എമ്മിന്റെ പരിഗണനാവിഷയം. അതുപോലെ പരസ്യമായി തന്നെ മതത്തെയും ജാതിയേയും ഉപയോഗിച്ചുകൊണ്ടു തീരുമാനങ്ങളെടുക്കുകയും സ്ഥാനാർഥികളെ നിർണ്ണയിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. അതിന്റെ ഗുണം അവർക്ക് കിട്ടുമെന്നാണ് സൂചനകൾ.

 

bennet abrahamവോട്ട്‌ചെയ്യൽ കണക്കിന്റെ രീതിയനുസരിച്ച് വായിച്ചെടുക്കാൻ പറ്റുന്ന പ്രധാന ഘടകം സി.പി.ഐ.എം ശക്തമായ പ്രദേശങ്ങളിലെല്ലാം കനത്ത പോളിംഗ് നടന്നിട്ടുണ്ട് എന്നുള്ളതാണ്. അതുപോലെ പൊതുവേ യു.ഡി.എഫ് ശക്തമായിരുന്ന ചില മണ്ഡലങ്ങളിലെ അവരുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ മണ്ഡങ്ങളിലെ വോട്ടിംഗ് സ്ഥിതിയിലൂടെ കണ്ണോടിച്ചാൽ അതു മനസ്സിലാകും. സി.പി.ഐ.എമ്മിന്റെ തന്ത്രം ഏറ്റവും പ്രകടമായി കാണാൻ കഴിയുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. അവിടെ ശശി തരൂർ ജയിക്കുകയാണെങ്കിൽ അത്ഭുതമായിരിക്കും. രണ്ടു രീതിയിലാണ് അത്ഭുതം. ഒന്ന് വോട്ടിംഗ് ശതമാനത്തിന്റെ പേരിൽ ഒരുകാലത്തും ഒരു വിധ വിശകലനവും ശരിയാവില്ല. രണ്ട് ശശി തരൂരിനെ ജയിപ്പിക്കാൻ  കാരണമായി പ്രവർത്തിച്ച ഘടകങ്ങൾ. നെയ്യാറ്റിൻകര, കോവളം, പാറശ്ശാല എന്നീ മണ്ഡലങ്ങളിൽ യഥാക്രമം 72.3, 71, 73.1 ശതമാനമാണ് വോട്ടിംഗ്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ശരാശരി പോളിംഗ് 68.6 ശതമാനം. വട്ടിയൂർക്കാവ് (65), തിരുവനന്തപുരം (63) നേമം (68.1), കഴക്കൂട്ടം (67.5) എന്നീ മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനമാണ് ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് നാടാർ സമുദായത്തിന് വൻഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ കനത്ത പോളിംഗ്. അതായത് ആ മണ്ഡലങ്ങളിൽ താരതമ്യേന ബി.ജെ.പിയുടെ സാന്നിധ്യം കുറവാണ്. അതിനാൽ ആ മണ്ഡലങ്ങളിൽ പ്രധാന മത്സരം ഡോ. ബന്നറ്റ് ഏബ്രഹാമും ശശി തരൂരും തമ്മിൽ. അതേ സമയം നാടാർ സമുദായത്തിന് പ്രാമുഖ്യം കുറവുള്ള മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കുറവ്. ഈ മണ്ഡലങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ചില ഘട്ടങ്ങളിൽ മുന്നിൽ വരികയും ചെയ്തതായിരുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ത്രികോണ മത്സരം. മുഖ്യമായും രാജഗോപാലും ശശിതരൂരും തമ്മിലുള്ള മത്സരം. ആ മത്സരത്തിൽ രാജഗോപാലിന് ലഭിക്കുന്ന വോട്ട് ഇടതുമുന്നണിയിൽ നിന്നായിരിക്കുമോ അതോ യു.ഡി.എഫിൽ നിന്നായിരിക്കുമോ എന്നുള്ളതാണ് പരിഗണിക്കേണ്ടത്. യു.ഡി.എഫിന് ലഭിക്കുമായിരുന്ന വോട്ടുകളിൽ നല്ലൊരു ശതമാനം രാജഗോപാലിന് ലഭിക്കാനാണ് സാധ്യത. അപ്പോഴും അതിന്റെ ഗുണം കിട്ടുക ബന്നറ്റ് ഏബ്രഹാമിനായിരിക്കും. ബന്നറ്റ് ഏബ്രഹാം പുതുമുഖമാണെന്നതോ അദ്ദേഹത്തിന്റെ ഭൂതകാലമോ ഒന്നും തന്നെ ഇവിടെ പ്രസക്തമാകുന്നില്ല. ഇവിടെയാണ് സ്ഥാനാർഥി നിർണ്ണയത്തിലും നിലപാടുകളിലും  ഇക്കുറി ഇടതുമുന്നണി സ്വീകരിച്ച തന്ത്രങ്ങളുടെ പ്രായോഗികത കിടക്കുന്നത്.

 

കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ വോട്ടിംഗ് ശതമാനങ്ങൾ സൂചിപ്പിക്കുന്നതിൽ നിന്ന് ചിലത് വായിക്കാൻ പറ്റുന്നു. എന്നാൽ അതിന്റെ പേരിൽ നിഗമനത്തിന് സാധ്യത കുറയുന്നു. കൊല്ലം മണ്ഡലത്തിലെ പോളിംഗ് ശതമാനം നോക്കാം. കൊല്ലം (72.8), ചവറ (76.4), കുണ്ടറ (73.7), ചടയമംഗലം (70.9), പുനലൂർ (70.3), ഇരവിപുരം (70.4), ചാത്തന്നൂർ (70.4). മൊത്തം ശരാശരി 72.1 ശതമാനം. ചവറയിൽ ഉണ്ടായ 76.4 ശതമാനം പോളിംഗാണ് മൊത്തം ശരാശരിയെ 72 ആക്കിയത്. ചവറയിൽ 76.4 ശതമാനം വന്നത് സ്വാഭാവികമായും യു.ഡി.എഫ് സ്ഥാനാർഥി ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രനാണ് ഗുണമായി ഭവിക്കുക. കാരണം ഷിബു ബേബിജോണും ആർ.എസ്.പിയും ഒന്നിച്ചായപ്പോഴുണ്ടായ മാറ്റമാണ് ആ വർധനവിൽ പ്രകടമാകുന്നത്. പിന്നെ ആർ.എസ്.പിക്ക് അത്യാവശ്യം വേരോട്ടമുള്ള രണ്ടു മണ്ഡലങ്ങളാണ് കൊല്ലവും കുണ്ടറയും. അവിടെയും താരതമ്യേന മറ്റ് മണ്ഡലങ്ങളേ അപേക്ഷിച്ച് പോളിംഗ് ശതമാനം കൂടുതലാണ്. അതും ഒരുപക്ഷേ രണ്ട് ആർ.എസ്.പികളും ഒന്നിച്ചു വന്നതിന്റെ പ്രതിഫലനമാണെന്ന് വേണമെങ്കിൽ വായിക്കാം. പക്ഷേ ഈ രണ്ടു മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥി എം.എ ബേബിക്ക് വ്യക്തിപരമായും കൂടുതൽ അനുകൂല ഘടകങ്ങളുള്ളതാണ്. ചവറയിലെ വോട്ടിംഗ് രീതി വച്ചുനോക്കുമ്പോൾ കൊല്ലം ജില്ലയിലെ ആർ.എസ്.പിക്കാർ പുത്തൻ സാഹചര്യത്തെ സ്വാഗതം ചെയ്തതായി തോന്നുന്നുണ്ട്. ചവറയിൽ നേടിയ കൂടിയ വോട്ടിംഗ് ശതമാനം മൊത്തം ശരാശരിയെ എഴുപത്തിരണ്ടാക്കാൻ സഹായിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രേമചന്ദ്രന് കൂടുതൽ വിജയസാധ്യത കാണുന്നുവെന്നു വേണമെങ്കിൽ കണക്കുകൂട്ടാവുന്നതാണ്.

 

ചാലക്കുടിയിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥി ഇന്നസെന്റിന്റെ കാര്യം പരുങ്ങലിലാകാനാണ് സാധ്യത. പൊതുവേ യു.ഡി.എഫ് മണ്ഡലമായ ഇവിടെ ഇടതുമുന്നണി ആ മണ്ഡലം തിരികെപ്പിടിക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗം തന്നെയാണ് ഇന്നസെന്റിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. അത് ചാലക്കുടിയിലെ മത്സരത്തെ കടുപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും യാക്കോബായ സഭയ്ക്ക് മുൻതൂക്കമുള്ള കുന്നത്തുനാട് (81.6), പെരുമ്പാവൂർ (78) മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനം ചാക്കോയ്ക്ക് ഗുണം ചെയ്യുന്നതിന്റെ സൂചന തന്നെയാണ്. ചാക്കോയ്ക്ക് വോട്ട് ചെയ്യണമെന്ന് സഭ പരസ്യമായി ആഹ്വാനം നൽകിയതും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. തെക്കൻ ജില്ലകളിൽ ഉണ്ടാക്കാൻ പോകുന്ന നേട്ടവും വടക്കൻ ജില്ലകളിലെ ചില തിരിച്ചുപിടുത്തവും കൂടി പത്തുസീറ്റിൽ കുറയാത്ത നേട്ടം ഇടതുമുന്നണി  ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുമെന്നാണ് പോളിംഗ് ശതമാനത്തിലെ സൂചകങ്ങൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ സൂചിപ്പിക്കുന്നത്.

 

ബി.ജെ.പി ഇക്കുറിയും കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കുന്ന കാര്യം സംശയമാണ്. തിരുവനന്തപുരത്തിന്റെ പേരിൽ ചിലരെങ്കിലും ചില പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ടെങ്കിലും സാധ്യത വിരളമാണ്.

 

ഇനി ആം ആദ്മിയുടെ കാര്യം. ഒറ്റയ്ക്ക് ഓടി വിയർത്ത് ഈ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കൊടും ചൂടിൽ ബോബി ചെമ്മണ്ണൂർ എന്ന ആദ്മി ഉണ്ടാക്കിയ ചലനം പോലും ആം ആദ്മിക്ക് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഈ വെയിലത്ത് അവർ വല്ലാതെ വാടിപ്പോയി. അൽപ്പമെങ്കിലും കുറച്ച് വോട്ടുകൾ ചൂല് തൂത്തുകൂട്ടാൻ സാധ്യതയുള്ളത് തൃശ്ശൂരായിരിക്കും. അതും ആം ആദ്മി നേടുന്ന വോട്ടിനേക്കാൾ സാറാ ജോസഫ് നേടുന്ന വോട്ടുകളായിരിക്കും. പോളിംഗിനു ശേഷം നടന്ന പ്രതികരണത്തിൽ തിരഞ്ഞെടുപ്പിൽ ജയിക്കലല്ല, പോരാട്ടമാണ് പ്രധാനം എന്ന് പ്രൊഫ. എം.എൻ കാരശ്ശേരി ചാനൽ പ്രതികരണത്തിൽ പറയുകയുണ്ടായി. മുഖ്യമന്ത്രി സ്ഥാനം പുല്ലുപോലെ കേജ്രിവാൾ വലിച്ചെറിഞ്ഞതും ആം ആദ്മിയുടെ മഹത്വവൽക്കരണത്തിന്റെ ഉദാഹരണമായി കാരശ്ശേരി ചൂണ്ടിക്കാട്ടുകയുണ്ടായി. തൃശൂർ മണ്ഡലത്തിൽ കേജ്രിവാളിന്റെ രാജിയെ ഉയർത്തിക്കാട്ടി ആദർശവത്ക്കരിച്ചുകൊണ്ട് പ്രൊഫ. സാറാ ജോസഫും പ്രചാരണം നടത്തുകയുണ്ടായി. ദില്ലിയിലും കേരളത്തോടൊപ്പമായിരുന്നു വോട്ടെടുപ്പ്. വോട്ടിംഗ് കഴിഞ്ഞ ഉടൻ കേജ്രിവാൾ പ്രസ്താവിച്ചു, താൻ തിടുക്കത്തിൽ ദില്ലി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത് തെറ്റായിപ്പോയെന്ന്.  തെറ്റുകൾ ഏറ്റുപറയുന്നത് ഗാന്ധിയൻ മാതൃക തന്നെ. ഏറ്റുപറയാൻ വേണ്ടി അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നത് ഗാന്ധിയൻ മാതൃകയല്ലെന്നുള്ളത് ദീർഘകാലം അധ്യാപകനായിരുന്ന പ്രൊഫ. കാരശ്ശേരിക്കറിയാതിരിക്കാൻ വഴിയില്ല.

 

ഏറ്റവും കൂടുതൽ കൗതുകത്തോടെ ഏവരും കാത്തിരിക്കുന്ന ഒന്നാണ് നോട്ട എത്ര വോട്ടു നേടുമെന്ന്. മോശമല്ലാത്ത വിധം വോട്ട് നോട്ടയിൽ വീഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ നോട്ടയിൽ കൂടുതൽ വോട്ട് വീണിട്ടുണ്ടെങ്കിൽ അതിൽ അസ്വാഭാവികതയില്ല. അതുപോലെ തിരിച്ചും. അങ്ങിനെയെങ്കിൽ  അതു നൽകുന്ന സൂചന രണ്ടു മുന്നണികളുടേയും മുന്നിൽ നിസ്സഹായരായി തെരഞ്ഞെടുക്കാൻ യോഗ്യരായവരെ തേടുന്ന മനസ്സുകളുടെ സാക്ഷ്യങ്ങളാവും.

Tags: