ഒരു ചൌരി ചൌരാ നിമിഷവും എ.എ.പിയുടെ അടവും തന്ത്രവും

Glint Staff
Saturday, March 8, 2014 - 3:56pm

 

ഏകദേശം നൂറു വര്‍ഷം പിറകോട്ട് സഞ്ചരിച്ച് 1915-ല്‍ എത്തുക. തന്റെ 46-ാം വയസ്സില്‍ പിന്നീട് മഹാത്മാ ഗാന്ധി എന്ന്‍ വിശേഷിപ്പിക്കപ്പെട്ട മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി സത്യാഗ്രഹ സമരത്തിന്റെ ഉറച്ച പാഠങ്ങളുമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന്‍ മാതൃരാജ്യമായ ഇന്ത്യയിലേക്ക് എത്തുകയും തുടര്‍ന്ന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമായുള്ള പരിവര്‍ത്തനം ആരംഭിക്കുകയും ചെയ്യുന്നു. നാല് വര്‍ഷം കൂടി കഴിയുമ്പോള്‍, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷവും യുദ്ധകാല നിയമങ്ങള്‍ ഇന്ത്യയില്‍ തുടരാനുള്ള ബ്രിട്ടിഷ് രാജിന്റെ നീക്കമായിരുന്ന റൌളറ്റ് നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നു. ആ പ്രക്ഷോഭത്തിന്റെ ഭാഗമായി അമൃതസറിലെ ജാലിയന്‍വാലാ ബാഗില്‍ നടന്ന സമ്മേളനത്തിന് നേരെ നടന്ന അതിക്രൂരമായ വെടിവെപ്പ് രാജ്യത്തെ ഉലയ്ക്കുകയും ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബ്രിട്ടിഷ് രാജിനെതിരെ നിസ്സഹകരണ സമരത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പടരവേ 1922 ഫെബ്രുവരി 4-ന് ഇന്നത്തെ ഉത്തര്‍ പ്രദേശിലെ ചൌരി ചൌരാ എന്ന ഗ്രാമത്തില്‍ പ്രക്ഷോഭം അക്രമാസക്തമാകുകയും ജനങ്ങള്‍ പോലീസ് സ്റ്റേഷന് തീവെച്ചതിനെ തുടര്‍ന്ന് 23 പോലീസുകാര്‍ വെന്തുമരിക്കുകയും ചെയ്യുന്നു. അഹിംസയില്‍ അധിഷ്ഠിതമായ സത്യാഗ്രഹ സമരത്തിന് ജനങ്ങളെ ഒരുക്കുന്നതിന് മുന്‍പേ ധൃതി പിടിച്ച് സമരം തുടങ്ങിയ തന്റെ ഭാഗത്തും തെറ്റ് കണ്ട് ഗാന്ധിജി പഞ്ചദിന പ്രായശ്ചിത്ത ഉപവാസം നടത്തുകയും ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് നിസ്സഹകരണ സമരം പിന്‍വലിക്കുകയും ചെയ്യുന്നു. 

 

ഇനി ഈ നൂറ്റാണ്ടിന്റെ പതിനാലാം ആണ്ടിലെത്തുക. തന്റെ 46-ാം വയസ്സിലേക്ക് നീങ്ങുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാര്‍ച്ച് 5-ന് പോലീസ് തടയുന്നു. റോഡ്‌ ഷോ നടത്തുന്നതിന് അനുമതി തേടിയില്ല എന്ന കാരണത്താലാണ് പോലീസിന്റെ നടപടി. അര മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ ചോദ്യം ചെയ്ത ശേഷം കേജ്രിവാളിനെ വിട്ടയക്കുന്നു. ഈ നടപടിയില്‍ പ്രതിഷേധിക്കാന്‍ അന്ന്‍ വൈകുന്നേരം എ.എ.പി പ്രവര്‍ത്തകര്‍ ന്യൂഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളായ അശുതോഷ്, ഷാസിയ ഇല്‍മി, മഹാത്മാ ഗാന്ധിയുടെ ചെറുമകനും അടുത്ത കാലത്ത് പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത രാജ്മോഹന്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രകടനം അക്രമത്തിലേക്ക് നീങ്ങുകയും ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറ് നടത്തുകയും ചെയ്യുന്നു. ഇതിന് പുറമേ ഉത്തര്‍ പ്രദേശിലെ ലക്നോ, അലഹബാദ്, കാണ്‍പൂര്‍, ഝാന്‍സി എന്നിവടങ്ങളിലെല്ലാം എ.എ.പിയുടേയും ബി.ജെ.പിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നു. സംഭവത്തില്‍ കേജ്രിവാള്‍ മാപ്പ് അപേക്ഷിക്കുന്നു.

 

കുറച്ചുകൂടി പുറകിലേക്ക് പോകുക. അഴിമതിക്കെതിരെ ഇന്ത്യ എന്ന പൗരസമൂഹ സംഘടന 2011 ഏപ്രിലില്‍ ജനലോക്പാല്‍ ബില്‍ പാസാക്കുക എന്ന ആവശ്യവുമായി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം ആരംഭിക്കുന്നു. ഗാന്ധിയന്‍ മാതൃകയില്‍ അനിശ്ചിതകാല ഉപവാസം പ്രഖ്യാപിച്ച് ന്യൂഡല്‍ഹിയില്‍ തുടങ്ങിയ സമരം ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിയുമ്പോഴേക്കും സംഘടന രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്ന അഭിപ്രായം ഉയര്‍ന്നു വരികയും അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‍ ഡല്‍ഹി സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പാര്‍ട്ടിയും ഗാന്ധിയന്‍ സ്മരണകളുണര്‍ത്തി നിയമലംഘന സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. അത്യധികമായ വൈദ്യുതി ബില്‍ അടക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല, ബില്‍ അടക്കാതിരുന്നതിനെ തുടര്‍ന്ന്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുത കണക്ഷനുകള്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ പുന:സ്ഥാപിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറ പറ്റിക്കുകയും ബി.ജെ.പിയെ അധികാരത്തില്‍ എത്തുന്നതില്‍ നിന്ന്‍ തടയുകയും ചെയ്ത പാര്‍ട്ടി 49 ദിവസം നീണ്ട ഒരു സര്‍ക്കാര്‍ കേജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ രാജിയ്ക്ക് ശേഷം ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം പാര്‍ട്ടി ആരംഭിക്കുന്നു. ഉത്തര്‍ പ്രദേശില്‍ നടത്തിയ പര്യടനത്തിന് ശേഷമാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡി കഴിഞ്ഞ 12 വര്‍ഷമായി മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന ഗുജറാത്തിലെ വികസനം പരിശോധിക്കാന്‍ എന്ന പ്രഖ്യാപനമായി കേജ്രിവാള്‍ ഗുജറാത്തില്‍ എത്തിയതും പോലീസിനാല്‍ തടയപ്പെട്ടതും. 

 

***

 

അഴിമതി വിരുദ്ധ പ്രസ്ഥാനമായുള്ള തങ്ങളുടെ രൂപീകരണത്തിലും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായുള്ള തങ്ങളുടെ രൂപാന്തരണത്തിലും ഗാന്ധി എന്ന പ്രതീകത്തെ വ്യാപകമായി ഉപയോഗിച്ച എ.എ.പി, എന്നാല്‍ ഗാന്ധിയെ അടവുപരമായി മാത്രമാണ് കാണുന്നത് എന്ന്‍ കരുതേണ്ടി വരുന്ന ഒരു സാഹചര്യമാണ് മാര്‍ച്ച് 5-ലെ അക്രമങ്ങള്‍.  ഇവിടെയാകട്ടെ, പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ഡല്‍ഹിയിലെ അക്രമം നടന്നത്. അനുരണനമെന്നോണം, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയും ബി.ജെ.പിയും നിര്‍ണ്ണായകമായി കരുതുന്ന ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളിലും അക്രമങ്ങള്‍ ഉണ്ടാകുന്നു. ഒരു സമരരീതി എന്ന നിലയില്‍ അക്രമരഹിതമായ സത്യാഗ്രഹം പാര്‍ട്ടിയുടെ പ്രവര്‍ത്തകരിലും നേതാക്കളിലും വേരുറച്ചിരിക്കുന്ന ഒന്നല്ല എന്ന്‍ നിസ്സംശയം തെളിയിക്കുന്നതാണ് ഈ അക്രമങ്ങള്‍. ആ ദിശയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ നയിക്കുമെന്ന ഒരു സൂചനയും കേജ്രിവാളില്‍ നിന്ന്‍ വന്നതുമില്ല. കേജ്രിവാളിന്റെ മാപ്പപേക്ഷയും അക്രമങ്ങളില്‍ നിന്ന്‍ വിട്ടുനില്‍ക്കാനുള്ള ഔപചാരിക ആഹ്വാനവും വരുമ്പോള്‍ തന്നെ അക്രമങ്ങള്‍ക്ക് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതിന് മറ്റ് നേതാക്കള്‍ മടിച്ചില്ല.

 

ഇന്ത്യന്‍ ജനതയുടെ സാമൂഹിക മനസ്സില്‍ ഗാന്ധിജിയ്ക്ക് ഇപ്പോഴുമുള്ള സ്ഥാനവും സ്വാധീനവും അണ്ണാ ഹസാരെ തന്നെ കാണിച്ചുതന്നതാണ്. ഗാന്ധിജിയെ ഒരു പ്രതീകമായി ഉപയോഗിക്കുന്നതിലൂടെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത് മറ്റ് പാര്‍ട്ടികള്‍ക്കിടയില്‍ ധാര്‍മിക മുന്‍കൈ നേടുക എന്നതാണ്. അതേസമയം, ഇത് ഇരുതല മൂര്‍ച്ചയുള്ള ഒരു വാളായി എ.എ.പിയുടെ മുന്നില്‍ മാറിത്തീരുകയാണ്. ഈ അക്രമങ്ങളെ ധാര്‍മികമായി വിലയിരുത്താനോ ഗാന്ധിയന്‍ സത്യാഗ്രഹ സമരരീതിയ്ക്ക് അനുയോജ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനോ പാര്‍ട്ടി തയാറാകാത്തത് പാര്‍ട്ടി അവകാശപ്പെടുന്ന ധാര്‍മിക ശക്തിയുടെ ശോഷണത്തിനേ ഇടയാക്കൂ. വിദഗ്ദ്ധമായി സംഘടിപ്പിക്കുന്ന മാധ്യമ നാടകങ്ങള്‍ കൊണ്ട് മറച്ച് വെക്കാനാകുന്നതല്ല അത്. കാരണം, ഗാന്ധിജിയുടെ രാഷ്ട്രീയ ധാര്‍മിക ശക്തിയുടെ അടിസ്ഥാനമെന്ന് ഇന്നും ജനവും സമൂഹവും തിരിച്ചറിയുന്നത് മാര്‍ഗ്ഗത്തിനും ലക്ഷ്യത്തിനും ഇടയില്‍ ഗാന്ധിജി കല്‍പ്പിച്ച അഭേദമാണ്. ചൌരി ചൌരാ സംഭവത്തിന്‌ പിന്നാലെ നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിന്‍വലിക്കുന്നതിന്റെ ഒറ്റക്കാരണവും അതുതന്നെ. ശരിയായ മാര്‍ഗ്ഗം നിങ്ങളെ സ്വാഭാവികമായി ലക്ഷ്യത്തിലെത്തിക്കും എന്ന ഉറച്ച ബോധ്യമാണ് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന വാദങ്ങളെ തള്ളാനും ശക്തമായ ഒരു സന്ദര്‍ഭത്തില്‍ തന്നെ നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത്. ഇവിടെ, അതേ അളവിലല്ലെങ്കില്‍ പോലും ഗുണപരമായി ഗാന്ധിജിയുടെ തീരുമാനത്തോട് ചേര്‍ന്ന്‍ നില്‍ക്കുന്ന ഒരു പ്രതികരണം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന്‍ കാണാന്‍ സാധിക്കാതെ വരുമ്പോള്‍ നമ്മുടെ മുന്നില്‍ ഉയരുന്ന ചോദ്യം ഈ പാര്‍ട്ടിയുടെ മാര്‍ഗ്ഗവും ലക്ഷ്യവും തമ്മില്‍ എത്രത്തോളം പൊരുത്തപ്പെടുന്നു എന്നുള്ളതാണ്. ഈ അക്രമങ്ങള്‍ നല്‍കുന്ന സൂചനയാകട്ടെ, തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങളുടെ പൂര്‍ത്തീകരണത്തിനായുള്ള ഹൃസ്വകാലമോ താല്‍ക്കാലികമോ ആയ അടവുനയമാണ് പാര്‍ട്ടിയുടെ തലയിലുള്ള ഗാന്ധിത്തൊപ്പി എന്നതും. അടവില്‍ നിന്ന്‍ ഇപ്പോഴുള്ള വ്യതിചലനത്തില്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല തന്ത്രങ്ങളെ കുറിച്ചുള്ള ആദ്യ സൂചന വായിച്ചെടുക്കാം.

 

ഈ വ്യതിചലനത്തിലൂടെ വ്യക്തമാകുന്ന തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ അടവുനയമാണ് പാര്‍ട്ടിയുടെ ദീര്‍ഘകാല തന്ത്രത്തെ കുറിച്ച് അടുത്ത സൂചന നല്‍കുന്നത്.  ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയേയും ഉത്തരേന്ത്യയിലെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കാവുന്ന ആ പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തേയും അതേ നാണയത്തില്‍ വെല്ലുവിളിക്കുകയാണ് കേജ്രിവാളിന്റെ ഗുജറാത്ത് പര്യടനത്തിലൂടെയും ഡല്‍ഹിയിലേയും യു.പിയിലേയും അക്രമങ്ങളിലൂടെയും ആം ആദ്മി പാര്‍ട്ടി ചെയ്തത്. കേഡര്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അപൂര്‍വ്വമായ ഡല്‍ഹി പോലൊരു പ്രദേശത്ത് ഇത്തരത്തില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നതിലൂടെ ഒരു പ്രത്യക്ഷ എ.എ.പി-ബി.ജെ.പി മത്സരമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന സന്ദേശം നല്‍കാന്‍ എ.എ.പിയ്ക്ക് കഴിയുന്നു. അധികാരത്തില്‍ തിരിച്ചെത്താന്‍ ബി.ജെ.പി ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന ഉത്തര്‍ പ്രദേശില്‍ തന്നെയാണ് എ.എ.പിയും തങ്ങളുടെ പ്രചാരണം കേന്ദ്രീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. 80 സീറ്റുകളും നാല് പാര്‍ട്ടികളും മത്സരിക്കുന്ന ഉത്തര്‍ പ്രദേശില്‍ എ.എ.പിയിലൂടെ ഒരു പഞ്ചകോണ മത്സരം ഉടലെടുക്കുകയാണെങ്കില്‍ ഏതു പാര്‍ട്ടിയുടേയും നിലവിലെ സാധ്യതകളെ അത് പ്രവചനങ്ങളുടെ പരിധിയ്ക്ക് പുറത്തേക്ക് എത്തിക്കും. അഖിലേന്ത്യാ തലത്തിലാകട്ടെ, പ്രധാനമായും ബി.ജെ.പിയ്ക്ക് ലഭിച്ചേക്കാവുന്ന യു.പി.എ സര്‍ക്കാറിനെതിരെയുള്ള നിഷേധ വോട്ടുകള്‍ തടഞ്ഞ് തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന സാധ്യതയാണ് തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ലക്ഷ്യമെന്ന് കരുതിയാല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം ലോകസഭാ തെരഞ്ഞെടുപ്പിലും ഒരു സാധ്യതയായേക്കും. കോണ്‍ഗ്രസിനെ തറ പറ്റുമ്പോഴും ബി.ജെ.പി അധികാരത്തിന് പുറത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍, വിവിധ പ്രാദേശിക കക്ഷികളുടെ പ്രകടനവും ബി.ജെ.പിയോടുള്ള അവരുടെ സമീപനവും ഇതില്‍ നിര്‍ണ്ണായക പ്രാധാന്യമുള്ള ഘടകങ്ങളാണ്.

 

***

 

എന്നാല്‍, ഈ തെരഞ്ഞെടുപ്പ് അടവിന്റെ ഫലം എന്ത് തന്നെയായാലും ബി.ജെ.പിയുടെ രാഷ്ട്രീയ ഇടമാണ് എ.എ.പിയുടെ ദീര്‍ഘകാല തന്ത്രമെന്ന് കാണാവുന്നതാണ്. അതിന്, ആശയതലത്തില്‍ എ.എ.പിയുടെ രാഷ്ട്രീയ മുന്‍ഗാമികളെന്ന് വിശേഷിപ്പിക്കാവുന്ന 1977-ലെ ജനതാ പരീക്ഷണത്തിന്റേയും 1989-ലെ വി.പി സിങ്ങ് സര്‍ക്കാറിന്റേയും അനുഭവങ്ങളില്‍ നിന്നുള്ള ചില വസ്തുതകളും ഇപ്പോള്‍ എ.എ.പിയില്‍ നിന്ന്‍ ലഭിക്കുന്ന സൂചനയും ചേര്‍ത്ത് വായിച്ചാല്‍ മതി. ഈ രണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങളും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സമാനമായ രീതിയില്‍ ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ പരിഗണനകള്‍ക്ക് അതീതമായി വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ അടങ്ങുന്നവരുടെ കൂട്ടായ്മയിലൂടെ രൂപീകരിക്കപ്പെട്ടവയാണ്. ഈ രണ്ട് മുന്നേറ്റങ്ങളും തകരുന്നത് ബി.ജെ.പി/ജനസംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെയാണ്. ജനസംഘത്തില്‍ നിന്ന്‍ ജനതാ പാര്‍ട്ടിയില്‍ എത്തിയവര്‍ ആര്‍.എസ്.എസ് അംഗത്വം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ആദ്യവും എല്‍.കെ അദ്വാനിയുടെ രാം ജന്മഭൂമി രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നം പിന്നീടും. ഈ രണ്ട് തകര്‍ച്ചകള്‍ ബാധിക്കാതിരുന്നതും ആത്യന്തികമായി ഈ മുന്നേറ്റങ്ങളുടേയും അതിന്റെ തകര്‍ച്ചയുടെയും ഗുണഭോക്താക്കളായത് ബി.ജെ.പിയുമായിരുന്നു. അതിന് ബി.ജെ.പിയ്ക്ക് സഹായകമായത് ആ പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവവുമാണ്.  

 

1977-നും 1989-നും സമാനമായി 2011-ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ മുന്നേറ്റം ആരംഭിക്കുമ്പോള്‍ അതിന്റെ പരോക്ഷമായ ബി.ജെ.പി ആഭിമുഖ്യം പ്രകടമായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തിലൂടെ മുന്‍ഗാമികളുടെ വഴിയില്‍ നിന്ന്‍ ഈ മുന്നേറ്റം മാറി നടക്കാന്‍ തുടങ്ങുകയായിരുന്നു. ബി.ജെ.പിയില്‍ നിന്ന്‍ വ്യത്യസ്തമെങ്കിലും തനതായ ഒരു കേഡര്‍ സ്വഭാവവും പാര്‍ട്ടി ആര്‍ജിച്ചു കഴിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയിരിക്കെ അരവിന്ദ് കേജ്രിവാള്‍ നയിച്ച കേന്ദ്രവിരുദ്ധ സമരത്തിലും ആവശ്യമായ അവസരങ്ങളിലെല്ലാം ഡല്‍ഹിയില്‍ പ്രവര്‍ത്തകരെ എ.എ.പി ഏകോപിക്കുന്നതിലും ഈ കേഡര്‍ സ്വഭാവം കാണാം. 1977-ലും 1989-ലും സംഭവിച്ച തകര്‍ച്ച ഒഴിവാക്കുകയും രാഷ്ട്രീയ ഇടം ഉറപ്പിക്കുകയും ചെയ്യണമെങ്കില്‍ ബി.ജെ.പിയെ നേരിട്ടേ പറ്റൂ എന്ന വിലയിരുത്തലിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയിരിക്കുന്നു എന്ന്‍ അനുമാനിക്കാം. അതിലൂടെ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭാരമില്ലാത്ത, രാഷ്ട്രീയമായ മധ്യവര്‍ത്തി സമീപനമുള്ള, മധ്യവര്‍ഗ്ഗ ജനങ്ങളുടെ പാര്‍ട്ടിയായി സ്വയം പ്രതിഷ്ഠിക്കുക എന്ന ലക്ഷ്യ പൂര്‍ത്തീകരണം സാധിതമാക്കാന്‍ കഴിയുമെന്നും പാര്‍ട്ടി കരുതുന്നുണ്ടാകണം.

 

***

 

എന്നാല്‍, ഈ ലക്ഷ്യവും അതിലേക്ക് എത്താന്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗവും തമ്മിലുള്ള പൊരുത്തമാണ്, അല്ലെങ്കില്‍ പൊരുത്തക്കേടാണ് ഒരുപക്ഷെ, എ.എ.പി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിട്ടേക്കാവുന്ന പ്രശ്നവും. ഇന്ന്‍ പാര്‍ട്ടി ഉണ്ടാക്കിയിരിക്കുന്ന പ്രഭാവത്തിന് ഗാന്ധിജിയുടെ പ്രതിച്ഛായ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍, ഉപയോഗ്യത കഴിഞ്ഞ ഒരു അടവായി അത്രയെളുപ്പം ഒഴിവാക്കാനാകുന്നതല്ല ആ പ്രതിച്ഛായ. കാരണം, ചക്രങ്ങള്‍ ഊരിപ്പോയ ഒരു വാഹനത്തെപ്പോലെ കിടന്നിരുന്ന ഒരു സമൂഹത്തിന് പാകമായ ആശയചക്രങ്ങള്‍ വീണ്ടും കണ്ടുപിടിച്ച് ആ സമൂഹത്തെ നയിച്ച് മുന്നോട്ട് കൊണ്ടുപോയ നേതാവാണ്‌ ഗാന്ധി. സ്വാതന്ത്ര്യലബ്ധിയുടെ പിന്നാലെ ആ വാഹനത്തിന്റെ നിയന്ത്രണ സ്ഥാനത്ത് നിന്ന്‍ ഗാന്ധി വിടവാങ്ങിയതോടെ ചക്രങ്ങള്‍ മാറ്റിയിടുകയുമാണ് പുതിയ നേതൃത്വം ചെയ്തത്. പിന്നീടൊരിക്കല്‍ കൂടി, 1991-ല്‍, സമൂഹത്തിന്റെ ചക്രങ്ങള്‍ മാറി. ഈ രണ്ട് തരം ആശയചക്രങ്ങള്‍ സമൂഹത്തെ എത്തിച്ചത് ശരിയായ ലക്ഷ്യത്തില്‍ അല്ലെന്ന വാദവുമായാണ് വീണ്ടും ഗാന്ധിയന്‍ ആശയചക്രങ്ങള്‍ ഇന്ത്യന്‍ സമൂഹമെന്ന വാഹനത്തില്‍ കേജ്രിവാള്‍ ഘടിപ്പിക്കാന്‍ ഒരുങ്ങിയത്. മാര്‍ഗ്ഗത്തിനും ലക്ഷ്യത്തിനും ഇടയില്‍ ഗാന്ധി കല്‍പ്പിക്കുന്ന അഭേദം ഗാന്ധിയുടെ സമൂഹത്തില്‍ ആശയങ്ങളും നേതാവും, ചക്രവും ഡ്രൈവറും, തമ്മിലുള്ള അഭേദമായി മാറും. എന്നാല്‍, ഗാന്ധിയന്‍ ആശയങ്ങളുടെ ചക്രം ഘടിപ്പിച്ച് ആ ആശയങ്ങളോട് അഭേദം പ്രാപിക്കാതെ മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം കരുതുന്നതെങ്കില്‍ അത് സൃഷ്ടിക്കുന്ന  ആന്തരിക സംഘര്‍ഷങ്ങള്‍ സമൂഹം നേരിടേണ്ടി വരും. രാഷ്ട്രീയത്തില്‍ തങ്ങളും മറ്റുള്ളവരും തമ്മില്‍ എ.എ.പി കല്‍പ്പിച്ച് കൊണ്ടിരിക്കുന്ന ഭേദം ഗാന്ധിയന്‍ ആശയങ്ങളോടുള്ള പാര്‍ട്ടിയുടെ ഭേദത്തിന്റെ കൂടി ദൃഷ്ടാന്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

Tags: