പാചകം ചെയ്യുന്ന വീട്ടമ്മയായാലും വീട്ടച്ഛനായാലും ഒരുകാര്യത്തിൽ ഒരുപോലാണ്. ഉണ്ടാക്കുന്ന വിഭവത്തിന്റെ രുചിയുടെ കാര്യത്തിൽ. ഉണ്ടാക്കുന്നവർക്ക് സ്വയം കഴിക്കുക എന്നതിനേക്കാൾ മറ്റുള്ളവർ കഴിച്ച് അവർക്കിഷ്ടപ്പെടുക എന്നുള്ളതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഓരോ തവണ പാചകം ചെയ്യുമ്പോഴും ആദ്യമായി പാചകം ചെയ്യുന്നതിന്റെ കൗതുകമാണ് പാചകം ഇഷ്ടമായിട്ടുള്ളവർക്ക്. ഏതെങ്കിലും വിഭവം ഉദ്ദേശിച്ചതുപോലെ വന്നില്ലെങ്കിൽ കഴിക്കുന്നവരേക്കാൾ വിഷമം വെച്ചവർക്കാണ്. സാമ്പാറിന് അൽപ്പം പുളിയും കൊഴുപ്പും കൂടി. അതു വെച്ച വീട്ടമ്മയ്ക്ക് തന്നെ മനസ്സിലായി, സംഗതി ചീറ്റിപ്പോയെന്ന്. അവരെ അതു വല്ലാതെ വിഷമിപ്പിച്ചു. 'ശ്ശോ, ഇന്നത്തെ സാമ്പാറ് ശരിയായില്ല' - അവർ അറിയാതെ ആവർത്തിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരെല്ലാം അതു കഴിക്കുകയും ചെയ്തു. ആരും കാര്യമായി സാമ്പാറിന്റെ കുഴപ്പം ശ്രദ്ധിച്ചതുമില്ല.
കഴിച്ചത് ദഹിച്ചിട്ടും വീട്ടമ്മയ്ക്ക് രാവിലത്തെ സാമ്പാർ മോശമായതിന്റെ വിഷമം മാറിയില്ല. ചെയ്യുന്ന ജോലി വൃത്തിയാകണം എന്ന ചിന്തയിൽ നിന്നാണ് അത്തരം തോന്നൽ വരുന്നത്. അത് ചിലപ്പോൾ അപകടകരമാം വിധവും പ്രവർത്തിച്ചുകളയും. കാരണം ചെയ്യുന്നത് ശരിയാകുമോ അതോ പാളുമോ എന്ന ചിന്ത പ്രവൃത്തിയിലേർപ്പെടുമ്പോൾ അലട്ടും. ആ അലട്ടലിൽ നഷ്ടമാകുന്നത് സൂക്ഷ്മശ്രദ്ധയാണ്. രുചി എന്നത് ശ്രദ്ധയല്ലാതെ മറ്റൊന്നുമല്ല. വിവിധ കൂട്ടുകൾ ഒരു പ്രത്യേക ബിന്ദുവിൽ പ്രത്യേക ലയത്തിൽ ചേരുമ്പോള്‍ കൂട്ടുകളുടെ വ്യതിരിക്തമായ രസങ്ങളെ ഉപേക്ഷിച്ച് ഒരു പ്രത്യേക രുചിയായി നാവിലൂടെ അനുഭവപ്പെടുന്നു. ആ ബിന്ദു അഥവാ ടൈമിംഗാണ് രുചി നിർണ്ണയിക്കുന്നത്. അതുപോലെ ഓരോന്നും എടുക്കുന്നതിന്റെ അളവും പ്രധാനം. അവിടെയെല്ലാം മനോധർമ്മം എന്ന അളവുയന്ത്രം ഉപയോഗിച്ചാണ് അളവ് നിശ്ചയിക്കേണ്ടത്. ആ മനോധർമ്മം സക്രിയമാകുന്നത് മനസ്സ് പൂർണ്ണമായും ശ്രദ്ധയിൽ നിൽക്കുമ്പോൾ മാത്രം. അതൊരു ദർശനം പോലെയാണ്. അതൊരാൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റില്ല. എന്നാൽ പകർന്നെടുക്കാൻ പറ്റും. അതും ശ്രദ്ധയിലൂടെ മാത്രം. ആ സംഗതി പിടികിട്ടിയാൽ മനസ്സിൽ സ്വപ്‌നരൂപേണ അറിയുന്ന രുചിയിലേക്ക് ഏതു പരീക്ഷണവും പാചകത്തിൽ ഏർപ്പെടുന്നവർക്കു നടത്താൻ കഴിയും. സംഗീതം ചിട്ടപ്പെടുത്തുന്നതുപോലെ. ശ്രുതി ചേരലാണ് യഥാർഥത്തിൽ പാചകത്തിൽ രുചിയെ നിർണ്ണയിക്കുന്നത്.
2017 ഏപ്രിൽ ആദ്യം മരിച്ച ഹിന്ദുസ്ഥാനി ഗായിക കിശോരി അമോങ്കർ എൻ.ഡി.ടി.വി.യുമായി നടത്തിയ ഒരഭിമുഖം അവരുടെ മരണശേഷം സംപ്രേഷണം ചെയ്യുകയുണ്ടായി. അവർ അതിൽ പറഞ്ഞ പല കാര്യങ്ങളും അഭിമുഖം ചെയ്ത യുവതിക്ക് മനസ്സിലായില്ല. അത് കിശോരിക്കും മനസ്സിലായി. പക്ഷേ അവർ പറയുന്നത് പെട്ടന്ന് മനസ്സിലാകില്ലെന്ന് അറിയാവുന്നതുകൊണ്ട് അതിൽ അവർക്ക് അതിശയമോ മോശമോ തോന്നിയില്ല. അവർ പറഞ്ഞത് ഒരു രാഗത്തിലെ രണ്ടു സ്വരങ്ങൾക്കിടയിലാണ് ഈ ലോകത്തിലെ എല്ലാ സുഖദു:ഖങ്ങളും ഉള്ളതെന്നാണ്. രണ്ട് സ്വരങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ന ആ വിടവും അതിലൂടെ പ്രവേശിച്ച് അതിന്റെ ആഴം അറിയുന്നവർക്കും മാത്രമേ ആ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് സങ്കൽപ്പിക്കാനും അറിയാനും കഴിയുകയുള്ളൂ. അതുപോലെ കറിക്കൂട്ടുകളിലെ കൂട്ടുകൾ തമ്മിലുള്ള നേരിയ വ്യതിയാനങ്ങളാണ് ഓരോ രുചിയെയും ഓരോരുത്തരുടെ പാചകത്തെയും നിർണ്ണയിക്കുന്നത്.
കിശോരി അമോങ്കർക്കു വേണമെങ്കിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയും സമ്പന്നയുമായ ഗായികയായി മാറാമായിരുന്നു. എന്നാൽ, സ്വയം അറിയുന്നതിന്റെ ഭാഗമായി സംഗീതത്തിലേക്കു പോകാനാണവർ ആഗ്രഹിച്ചത്. അവരുടെ കച്ചേരിയിൽ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്നത് തംബുരുവിൽ ശ്രുതി ചേർക്കാനായിരുന്നു. ചിലപ്പോൾ ഒന്നും രണ്ടും മണിക്കൂറും എടുത്ത് അവർ ശ്രുതി ശരിയാക്കിയിരുന്നു. ചിലപ്പോൾ അതു ശരിയാകാത്ത വേളയിൽ അവർ കച്ചേരി ഉപേക്ഷിച്ച് മടങ്ങിയിരുന്നു. അത്തരത്തിലുള്ള ഓരോ സന്ദർഭത്തിലും ദേഷ്യമോ സങ്കടമോ മറ്റുള്ളവർക്ക് അസൗകര്യമായിപ്പോകുമോ എന്ന ചിന്ത പോലും അവരെ അലട്ടിയിരുന്നില്ല. കാരണം താനൊരുപകരണം മാത്രം എന്നതായിരുന്നു ഗായികയെന്ന നിലയിൽ അവർക്ക് തെളിഞ്ഞുകിട്ടിയ ബോധം. അതിനാൽ തന്നിലൂടെ വരുന്ന സംഗീതത്തിന്റെ സ്രോതസ്സിന് താൻ ശ്രുതി ചേർന്ന് ഒഴുകാൻ കഴിയുന്നില്ലെങ്കിൽ അതു വേണ്ട എന്ന അറിവിലായിരുന്നു അപൂർവ്വം സന്ദർഭങ്ങളിൽ സുസ്‌മേരവദനയായി അവർ വേദി വിട്ട് പോയിട്ടുള്ളത്.
പാചകത്തിന്റെ കാര്യത്തിലും അതേ സർഗ്ഗാത്മകതയാണ് പ്രവർത്തിക്കുന്നത്. സംഗീതം ആത്മാവിന് സൗന്ദര്യത്തിലൂടെ ഭക്ഷണവും പോഷകവും രുചികരമായി നൽകുമ്പോൾ പാചകം ശരീരത്തിന് സൗന്ദര്യത്തിന്റെ വഴിയിലൂടെ സംഗീതം പോലെ ഭക്ഷണം സന്നിവേശിപ്പിക്കുന്നു. അതുകൊണ്ടാണ് ഭക്ഷണത്തെ ഭാരതം അങ്ങേയറ്റം ബഹുമാനത്തോടെയും ഭക്തിയോടെയും കണ്ടിരുന്നത്. ആ ഘടകം അപ്രസക്തമായതിനാലാണ് ഭക്ഷ്യവസ്തുക്കളിലും ഭക്ഷണക്കൂട്ടുകളിലും പാചകരീതികളിലും മനുഷ്യൻ വിഷം ചേർക്കാൻ തുടങ്ങിയതും മഹാരോഗങ്ങളെ ക്ഷണിച്ചു വരുത്താൻ തുടങ്ങിയതും. അക്കാരണം കൊണ്ടു തന്നെ ശ്രുതിക്ക് ശ്രദ്ധ നൽകാത്ത സംഗീതത്തകർപ്പുകളോട് കിശോരിക്ക് വിഷമവും തെല്ലും ഒത്തുതീർപ്പില്ലാത്ത വിയോജിപ്പുമായിരുന്നു. അതുകൊണ്ടുകൂടിയാകാം അവർ സിനിമാ രംഗത്തേക്ക് പ്രവേശിച്ചുവെങ്കിലും അവസരങ്ങൾ തേടിയെത്തിയപ്പോൾ പിൻവാങ്ങിയതും.
കിശോരി അമോങ്കർ ശ്രുതി ചേരാതെ ഒഴിവാക്കിയ കച്ചേരികളായിരിക്കണം അവരുടെ അന്വേഷണത്തിലെ പുതിയ ദിശാസൂചകങ്ങളും പൂർണ്ണതയിലേക്ക് അടുത്തുകൊണ്ടിരുന്ന സംഗീതത്തിന്റെ സാമീപ്യത്തിലേക്ക് പോകാന്‍ അവരെ സഹായിച്ചതും. ഇവിടെ വീട്ടമ്മയ്ക്കും പുളിയും കൊഴുപ്പും കൂടിയ സാമ്പാറിൽ വിഷമം തോന്നേണ്ടതില്ല. ഏതു വിഷമമായാലും അതു വിഷാദത്തിന്റെ ഗുളികരൂപങ്ങളാണ്. ആ അവസ്ഥയിൽ ബുദ്ധിയും മനസ്സും ചെറിയ തോതിൽ പിൻവാങ്ങും. പാചകം ചെയ്ത വിഭവത്തെ താനുമായി ചേർത്തുവെച്ചു കാണുമ്പോൾ വരുന്ന സംഗതിയാണത്. അതിന്റെ പിന്നിലെ വികാരം മറ്റുള്ളവർക്ക് നല്ല ഭക്ഷണം കൊടുക്കുക എന്നതു തന്നെ. സ്‌നേഹം തന്നെ. എന്നാൽ ആ സ്‌നേഹത്തിനകത്ത് ചെറിയ ഒരൊട്ടൽ കൂടി അകപ്പെട്ടുകിടക്കുന്നു. അതു പെട്ടെന്ന് കണ്ടുകിട്ടിയില്ലെന്നു വരും. തന്റെ കുറവായി സാമ്പാറിന്റെ കുറവിനെയും വിലയിരുത്തുമ്പോൾ സാമ്പാറിനുണ്ടായ മോശത്തെ തനിക്കു പറ്റിയ മോശം കൂടിയായി കണ്ടു പോകും. അതു സ്വയം ഇകഴ്ത്തലിനു കാരണമാകും.
സ്വയം ഇകഴ്ത്തലിലേർപ്പെടുമ്പോൾ വിഷമത്തിന്റെ തോത് വർധിക്കും. കഴിച്ചവർ ആരും തന്നെ ഇതോർക്കുന്നില്ല എന്നും ഓർക്കണം. സ്വയം ഇകഴ്ത്തിക്കൊണ്ടിരുന്നാല്‍ ക്രമേണ അതൊരു ശീലവും പിന്നീട് സ്വഭാവുമായി മാറും. അപ്പോൾ മറ്റാരെങ്കിലും ചെറുതായി ഒന്നു ഇകഴ്ത്തി സംസാരിച്ചാലോ നോക്കിയാലോ പെരുമാറിയാലോ വല്ലാതെ കണ്ട് വിഷമമാകും. നമ്മുടെ മനസ്സിന്റെ റിമോട്ട് കൺട്രോൾ മറ്റുള്ളവരുടെ കയ്യിൽ അകപ്പെടുന്നതിങ്ങനെയാണ്. മറിച്ച് എന്തുകൊണ്ടാണ് പുളി കൂടിയതെന്നും കൊഴുപ്പു കൂടിയതെന്നും ചിന്തിച്ചാൽ കാരണം സ്വയം തെളിഞ്ഞു കിട്ടും. ചിലപ്പോൾ അന്നേരം. അല്ലെങ്കിൽ മറ്റു ചിലപ്പോൾ. അതുമല്ലെങ്കിൽ അടുത്ത തവണ സാമ്പാറുണ്ടാക്കുമ്പോൾ. അതറിയുന്ന പക്ഷം ആ വെള്ളി വീഴുന്ന ഭാഗം ഇല്ലാതാവുകയാണ്. അതൊരു അറിവായും മാറും. സ്വയം മെച്ചപ്പെടുത്താനും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും അതുതകും. പാചകം ചെയ്യുമ്പോൾ അഥവാ ശരിയാകുമോ ഇല്ലയോ എന്ന തോന്നൽ അലട്ടുന്ന പ്രകൃതമുണ്ടെങ്കിൽ അതിൽ നിന്ന് ക്രമേണ പുറത്തു വരാനും കഴിയും. ചിലർ ചില ഇനങ്ങളുണ്ടാക്കുന്നതിൽ വൈദഗ്ധ്യം നേടാറുണ്ട്. അത് അതിനകത്തുള്ള അവരുടെ ആത്മവിശ്വാസത്തിൽ നിന്നാണ്. അതാകട്ടെ അവർ പോലുമറിയാതെ അവരുടെയുളളിൽ ഉള്ള അറിവിൽ നിന്നാണ് ആ വൈദഗ്ധ്യം ഉണ്ടാവുക. പ്രയോഗസമയത്തെ അറിവ് ബുദ്ധിയിൽ നിന്നല്ല വരിക. ആദ്യമായി പഠിക്കുമ്പോൾ മാത്രമാണ് അറിവ് ബുദ്ധിയിലൂടെ ആലോചിച്ച് ചെയ്യുക. ഡ്രൈവിംഗിന്റെ കാര്യം ആലോചിച്ചാൽ ഡ്രൈവിംഗ് ചെയ്യുന്നവർക്ക് അത് മനസ്സിലാകും.
താൻ വച്ച ഒരു കറി ഉദ്ദേശിച്ച രുചിയിലല്ല വന്നതെങ്കിൽ പാചകം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് അതൊരു പുത്തനറിവാണ്. ചിലപ്പോൾ അതിൽ നിന്നായിരിക്കും പുതിയ ഒരു രുചി പിറക്കുക. അതാണ് ആ രുചിഭേദം മുന്നോട്ടു വയ്ക്കുന്ന സാധ്യത. അതേ സമയം എവിടെയാണ് 'വെള്ളി' വീണതെന്ന് അറിയുകയും ചെയ്താൽ അതൊരു പിഴവടയ്ക്കലുമാകും. പാചകതാൽപ്പര്യമുള്ളവരിലും ശ്രദ്ധയിലേക്ക് തിരിയാൻ താൽപ്പര്യമുള്ളവരിലും മാത്രമേ ഈ തോന്നൽ ഉണ്ടാവുകയുളളു എന്നതും ഓർക്കാവുന്നതാണ്. സംഗീതതൽപ്പരരായവർ മാത്രമേ പാടുമ്പോൾ വെള്ളി വീഴുന്നതിനെ കുറിച്ച് ശ്രദ്ധിക്കുകയും അറിയുകയും ഉള്ളൂ.