ഹോട്ടൽ വാഷ്‌ബേസിൻ കഴുകിയ വീട്ടമ്മ പറഞ്ഞുതരുന്നത്

Glint Guru
Thu, 18-08-2016 11:25:54 AM ;

 self respect

 

തിരുവനന്തപുരത്ത് കവടിയാറിൽ നിന്ന് നന്തൻകോട്ടേക്കു പോകുന്ന റോഡിന്റെ തുടക്കത്തിൽ ഇടതുഭാഗത്തുള്ള ഹോട്ടലാണ് മദ്രാസ് കഫെ. വളരെ ആകർഷകമായി അതിന്റെ ഉൾവശം ഒരുക്കിയിരിക്കുന്നു. കൈകഴുകുന്ന സ്ഥലവും അതുപോലെ തന്നെ. വലിയ, ദീർഘചതുരാകൃതിയിലുള്ള, വെള്ള വാഷ്‌ബേസിനുകളാണ്. ഇലയിട്ട കേരള മാതൃക സദ്യ തുടങ്ങുന്ന ദിവസം. സദ്യ ഏറ്റില്ല. സാംസ്‌കാരിക പിടിയില്ലായ്മ തന്നെയാണ് അതു ശരിയാകാതിരിക്കാൻ മുഖ്യ കാരണമെന്നു തോന്നുന്നു. വിഷയം ഭക്ഷണത്തിന്റേതല്ല. കൈകഴുകുന്ന സ്ഥലത്ത് ചെറിയ ഒരു തിരക്ക്. ഒരു വീട്ടമ്മ കഴുകിക്കൊണ്ടു നിൽക്കുന്നു. അവരുടെ കൈകഴുകൽ വളരെ ശ്രദ്ധയോടെ. അടുത്ത ബേസിനിൽ കഴുകുന്നവരുടെ ദേഹത്ത് ചെറുതായിപ്പോലും വെള്ളം തെറിക്കരുതെന്ന കരുതൽ അവരുടെ ശരീരഭാഷയിൽ മൊത്തത്തിൽ കാണാം. ധൃതിയുമില്ല. പിന്നിൽ ആൾ നിൽപ്പുണ്ടെന്നുമവർക്കറിയാം. കൈയും വായും കഴുകിയതിനു ശേഷം അവരുടെ കൈയ്യിൽ നിന്ന് ബേസിനിൽ വീണ ഭക്ഷണ ശകലങ്ങൾ അവർ മിതമായി വെള്ളം പൈപ്പിൽ നിന്നെടുത്ത് ഓരോ ഭാഗത്തുനിന്നും കഴുകി കളയുന്നു. ഒരുപക്ഷേ, അവർക്കു മുൻപേ കഴിച്ചവരുടെ ആഹാരശകലങ്ങളും അതിൽ ഉണ്ടാകാം. അവർ ആ ബേസിൻ ഒന്നാകെ ചുരുങ്ങിയ സമയം കൊണ്ട് വൃത്തിയായി കഴുകി. പിന്നാലെ വരുന്നവർക്കു മുൻപിൽ വളരെ വൃത്തിയായ വാഷ്‌ബേസിൻ. അതു കണ്ടുനിന്ന പിന്നിൽ നിൽക്കുന്നവർക്കും അവരുടെ ആ ശ്രദ്ധയോടുള്ള കഴുകൽ കണ്ടില്ലെന്നു നടിക്കാൻ കഴിയുകയില്ല. അവരും അറിയാതെ അടുത്തയാൾക്കുവേണ്ടി അങ്ങനെ വൃത്തിയാക്കിയേ അവിടെ നിന്നു മാറുകയുള്ളു.

 

സാധാരണ ഉച്ച സമയത്ത് ഹോട്ടലുകളിലെ വാഷ്ബേസിനുകൾ നക്ഷത്രഹോട്ടലിലേതാണെങ്കിൽ പോലും ചിലപ്പോൾ വൃത്തിയായി കിടക്കാറില്ല. ടാപ്പ് തുറക്കുക, കൈയ്യും വായും കഴുകുക, സ്ഥലം വിടുക. ഇതായിരിക്കും മിക്കവരും ചെയ്യുക. പൊതുസ്ഥലങ്ങൾ വൃത്തിഹീനമാകാനുള്ളതിന്റെ മുഖ്യകാരണങ്ങളിൽ ഒന്നിതാണ്. മധ്യവയസ്സിലേക്ക് കടന്നിട്ടില്ലാത്ത ആ വീട്ടമ്മ യാന്ത്രികമായല്ല അതു ചെയ്തതെന്ന് നോക്കിനിന്നാൽ മനസ്സിലാകും. കാരണം ആ വിധമായിരുന്നു പൈപ്പിൽ നിന്ന് വെള്ളമെടുത്ത് അത്യാവശ്യം ശക്തി ചെലുത്തി എന്നാൽ എറിയാതെ വെളളമൊഴിച്ചു വൃത്തിയാക്കിയത്. അത് അവർ നിത്യം ചെയ്യുന്ന രീതിയിൽ നിന്നു ലഭിച്ച വിരുതാണ്. ഒരു കല പോലെയാണവരത് ചെയ്തത്. അവർ വീട്ടിൽ പാലിക്കുന്ന ശീലം പുറത്തു വന്നപ്പോഴും ചെയ്തു. അത്രയേ ഉള്ളു.

 

വീടായാലും ഭൂമിയായാലും നാം ഉപയോഗിച്ച ശേഷം പിന്നാലെ വരുന്നവർക്ക് വൃത്തിയായി കൈമാറുക എന്നതാണ് മനുഷ്യന്റെ ഏറ്റവും ഉദാത്തമായ സാംസ്‌കാരികാംശങ്ങളിലൊന്ന്. അത് ചെറിയ കാര്യം മുതൽ വലിയ കാര്യം വരെ ബാധകവുമാണ്. ഇന്ന് ഈ കൊച്ചുകേരളത്തിൽ കാണാൻ കുറവും അതാണ്. വ്യക്തിപരമായി നാം രണ്ടും, പറ്റുമെങ്കിൽ മൂന്നു നേരവും കുളിക്കും. മുന്തിയ വസ്ത്രം ധരിച്ച് പുറത്തിറങ്ങുകയുമൊക്കെ ചെയ്യും. വലിയ വൃത്തിപ്രിയരാണ്. എന്നാൽ നാം ഇടപെടുന്ന പൊതുസ്ഥലങ്ങൾ എല്ലാം തന്നെ ഗതികേടു മൂലമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. വിശേഷിച്ചും പൊതു മൂത്രപ്പുരകളും കക്കൂസുകളും വാഷ്‌ബേസിനുകളുമൊക്കെ. ഇത് യഥാർഥത്തിൽ ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചു നോക്കിയാൽ നമുക്ക് സമ്മതിക്കാൻ ബുദ്ധിമുട്ടാകൂം. നാം കരുതുന്നത് നമുക്ക് വലിയ വൃത്തിയാണെന്നാണ്. എന്നാൽ നമുക്ക് ഏതു വൃത്തികെട്ട സ്ഥലത്തും കാര്യങ്ങൾ സാധിച്ച് മടങ്ങാനുള്ള മടിയില്ലായ്മയാണ് ഇവ്വിധം പൊതുസ്ഥലങ്ങൾ അഴുക്കാകാൻ കാരണം. അതിനു കാരണം വീട്ടിലെ ശീലങ്ങളും. ദിവസവും കുളിമുറിയും കക്കൂസും വൃത്തിയാക്കുന്നവർ വളരെ കുറവ് തന്നെ. അതറിയണമെങ്കിൽ മുന്തിയ വീടാണെങ്കിലും അപ്രതീക്ഷിതമായി ബാത്ത് റൂമിൽ പ്രവേശിച്ചാൽ മതി. എല്ലാ വീടുകളും അതുപോലെയല്ല. എങ്കിലും ഭൂരിഭാഗം വീടുകളിലും വാഷ് ബേസിനുകളും കുളിമുറി-കക്കൂസ് കഴുകലുമൊക്കെ കമ്മി തന്നെയാണ്. അതു സംഭവിക്കുന്നത് ചെറിയൊരു മടിയിൽ നിന്നാകാം. പുറത്തുള്ളവർ എപ്പോഴും കാണില്ലല്ലോ എന്ന ചിന്തയാകാം ആ മടിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. എന്നാൽ സ്വയം വൃത്തിയുള്ള അന്തരീക്ഷം സമ്മാനിക്കണമെന്ന ചിന്ത പ്രവർത്തിക്കുന്നില്ല. അങ്ങനെ സ്വയം വൃത്തിയുള്ള അന്തരീക്ഷത്തിൽ ഇടപെടുമ്പോഴാണ് സ്വയം ബഹുമാനിക്കുന്നത്. സ്വയം ബഹുമാനിക്കുമ്പോൾ മാത്രമാണ് നമുക്ക് മറ്റുളളവരെയും ബഹുമാനിക്കാൻ കഴിയുകയുള്ളു. ആ വീട്ടമ്മയുടെ വാഷ്‌ബേസിൻ കഴുകലില്‍ അവർ അവരെത്തന്നെ ബഹുമാനിക്കുകയായിരുന്നു.

waste dumping

 

ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്‌നം പരിഹൃതമാകാതെ പോകുന്നതിന്റെ മുഖ്യ കാരണവും ഈ സ്വയം ബഹുമാനമില്ലായ്മയാണ്. സ്വയം ബഹുമാനം എന്നു പറയുമ്പോൾ അതു ലേശം ഉത്തരവാദിത്വവും ആവശ്യപ്പെടുന്നു. ആ ഉത്തരവാദിത്വം ലളിതമാണ്. എന്നിരുന്നാലും അതു ലാഭിക്കുന്നത് എന്തോ സുഖമാണെന്ന തോന്നൽ നമ്മെ ഭരിക്കുന്നു. അതിനുള്ള ഒരു ഒത്തുതീർപ്പെന്നവണ്ണമാണ് എവിടെ വേണമെങ്കിലും മൂക്കും പൊത്തി നടക്കാനും എത്ര വൃത്തിഹീനമായ സ്ഥലമാണെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും ബുദ്ധിമുട്ടില്ലാത്തതും.

 

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെങ്കിൽ വ്യക്തിഗത ശീലമാറ്റം പ്രാവർത്തികമാക്കിയാലേ കഴിയുകയുളളു. അതിനുള്ള സർഗ്ഗാത്മകമായ പരിപാടികൾ ആവിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രയ്ക്കാണ് പൊതുസ്ഥല മലിനീകരണവും മാലിന്യ വിഷയവും. ഇതെല്ലാം സൂചിപ്പിക്കുന്നത് നാം നേരിടുന്ന ആന്തരികമായ അവസ്ഥയുടെ പ്രതിഫലനമാണ്. അത് വൃത്തിയാകണമെങ്കിൽ വ്യക്തി സ്വയം തീരുമാനിക്കാതെ സാധ്യമാവില്ല. എന്നാൽ അതിന് ഉതകുന്നതല്ല വർത്തമാന കേരളത്തിലെ വ്യക്തികൾ തമ്മിലുള്ള ഇടപെടലുകളും പൊതു വേദികളിലെ വാക്കുകളും. വാക്കുകൾ വല്ലാതെ മലിനമായിക്കഴിഞ്ഞിരിക്കുന്നു. പ്രതികരണമെന്ന ഭാവേന ഓരോ വ്യക്തിയും മറ്റൊരാളെ വേദനിപ്പിക്കുന്നതിന് വേണ്ടിയാണ് വാക്കുകൾ ഇപ്പോൾ പൊതുമണ്ഡലത്തിൽ കൂടുതലും ഉപയോഗിക്കപ്പെടുന്നത്. വിശേഷിച്ചും രാഷ്ട്രീയ രംഗത്ത്. ഇതെല്ലാം വ്യക്തിയിലെയും സമൂഹത്തിലെയും ആന്തരിക മാലിന്യത്തെ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരാളെക്കുറിച്ച് ശ്രദ്ധയോ കരുതലോ ഇല്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. അതാകട്ടെ സ്വയം കരുതല്‍ ഇല്ലാത്തതിനാലും സ്വയം ബഹുമാനിക്കാൻ അറിയാത്തതിനാലും ആണെന്നുള്ളത് അറിയപ്പെടാതെ പോകുന്നു.

Tags: