എല്ലാവരും എപ്പോഴും പറയുന്നതും കേൾക്കുന്നതുമായ വാക്കാണ് ആത്മാഭിമാനം അല്ലെങ്കിൽ ആംഗലേയത്തിൽ സെൽഫ് റെസ്‌പെക്ട്. എല്ലാവർക്കും ഇതെന്താണെന്ന് അറിയാം. എന്നാൽ എന്താണതെന്ന് ചോദിച്ചാൽ തെളിമയോടെ പറയാൻ പലർക്കും പ്രയാസം. ആ പ്രയാസം മാറിക്കിട്ടാൻ ലൈലയെന്ന എറണാകുളം തുതിയൂർ സ്വദേശിനിയായ പശുക്കർഷകയെ പരിചയപ്പെട്ടാല്‍ മതി.
പതിമൂന്നു പശുക്കളെ വളർത്തി തങ്ങളുടെ ചുറ്റുവട്ടത്തും അതിനപ്പുറത്തുള്ളവർക്കുമെല്ലാം പാൽ കൊടുക്കുന്ന പശുകർഷകരാണ് ലൈലാ-ബഷീർ ദമ്പതികൾ. രണ്ടുപേരും വളരെ പ്രസാദാത്മകതയോടെയാണ് പശുവളര്‍ത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. ശുദ്ധമായ പശുവിൻപാൽ ലഭിക്കുന്നതിനാൽ പുതുക്കൊച്ചിയായി മാറിക്കൊണ്ടിരിക്കുന്ന കാക്കനാട്ടും പരിസരപ്രദേശത്തും നിന്ന്‍ ആവശ്യക്കാർ വർധിച്ചുകൊണ്ടിരിക്കുന്നു. അതനുസരിച്ചാണ് ഇവരുടെ പശുക്കളുടെ എണ്ണവും വർധിക്കുന്നത്. ഈ പശുക്കളെയെല്ലാം നോക്കുന്നത് ഈ ദമ്പതികളും മക്കളും ചേർന്നാണ്. മക്കൾ വിദ്യാർഥികളായതിനാൽ ചെറിയ സഹായം മാത്രമേ അവരുടെ ഭാഗത്തുനിന്നുള്ളു. മിക്കപ്പോഴും പശുക്കൾ പ്രസവിക്കാനുണ്ടാകും. അങ്ങനെ വരുമ്പോൾ ഇവർ ഉറക്കമൊഴിച്ചും കാത്തിരിക്കുന്നു. എന്നിരുന്നാലും ഉന്മേഷവതിയായാണ് രാവിലെ ലൈല എല്ലാവർക്കും പാൽ അളന്നു നൽകുന്നത്.
വരുന്നവർക്ക് പാൽ നൽകുന്നത് എപ്പോഴും ലൈലയുടെ ജോലിയാണ്. അവരുമായി എല്ലാം തന്നെ വളരെ അടുത്ത വ്യക്തിബന്ധം സ്ഥാപിക്കുന്നതിനും ലൈലയ്ക്കു സാധിക്കുന്നു. അതുപോലെ തന്നെയാണ് ബഷീറും. പക്ഷേ ബഷീറിനെ അപൂർവ്വം സമയങ്ങളിൽ മാത്രമേ അവിടെ കാണാൻ കിട്ടുകയുള്ളു. വീടിന് അൽപ്പം അകലയുള്ള സുഹൃത്തിന്റെ പുരയിടത്തിലാണ് ഇപ്പോൾ പശുക്കളെ കെട്ടിയിട്ടുള്ളത്. നഗരവൽക്കരണം പാഞ്ഞു വരുന്നതിനാൽ എപ്പോൾ വേണമെങ്കിലും അവിടെയുള്ള പശുവിനെ കെട്ടൽ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. ലൈലയ്ക്കും ബഷീറിനും ചില സമീപനങ്ങളുണ്ട്. അതിന് അവരുടെ ജീവിതമാണ് അവർക്ക് ആധാരം.
പശുക്കളെ എവിടെയെങ്കിലും ദൂരേക്ക് കൊണ്ടുപോകേണ്ടിവരികയാണെങ്കിൽ ഇപ്പോഴത്തെ പോലെ ഭാര്യയും ഭർത്താവും ചേർന്നുള്ള പശുപാലനം നടക്കാതെ വരും. അപ്പോൾ വേറെ ആളിനെ നിർത്തേണ്ടിവരും. ഒരാളുടെ കൂലി കൊടുക്കുന്നതില്‍ പ്രശ്നമില്ല. പാലിന്റെ വൃത്തിയെ അതു ബാധിക്കുമെന്ന ആശങ്കയാണ് ലൈലയ്ക്കുള്ളത്. ഒരനുഭവം അവർ വിവരിച്ചു. ഒരു ദിവസം ബഷീറിനു സുഖമില്ലാതെ വന്നു. അന്ന് ഇതരസംസ്ഥാനക്കാരനായ ഒരു കറവക്കാരന്റെ സഹായം തേടി. പതിവുപോലെ ലൈല പാലരിച്ചൊഴിച്ചപ്പോൾ അരിപ്പയിൽ മണ്ണിന്റെ അംശങ്ങൾ. അത് ഏതാണ്ട് പതിനഞ്ച് ലിറ്ററോളം പാൽ വരും. മണ്ണ് കണ്ടപ്പോൾ തന്നെ ലൈലയ്ക്ക് സംഗതി മനസ്സിലായി. പശു കാല് വലിച്ചെറിഞ്ഞപ്പോൾ കറന്നുകൊണ്ടിരുന്ന പാൽപ്പാത്രത്തിൽ കാൽ പതിക്കുകയോ അല്ലെങ്കിൽ കാലിൽ നിന്നുള്ള അഴുക്കു വീഴുകയോ ചെയ്തിട്ടുണ്ടാവാം. കറവക്കാരൻ മുകളിൽ നിന്ന് ആ അഴുക്ക് എടുത്തു കളഞ്ഞിട്ട് പിന്നെയും അതിൽ കറന്നൊഴിച്ചിട്ടുമുണ്ടാകും.
'ആ പാലിൽ നിന്ന് ഇത്തിരിയെടുത്ത് ഇവിടെ ചായയുണ്ടാക്കുവോ. ഇല്ല. ബഷീറിക്കാ അയാളോട് ചോദിച്ചപ്പോൾ പാലിൽ പശു ചവിട്ടിയതാണെന്നു സമ്മതിച്ചു. ഉടൻ തന്നെ അതെടുത്തു കളഞ്ഞെന്നും അയാൾ പറഞ്ഞു. എന്തായാലും നമ്മളുപയോഗിക്കാത്ത പാല് മറ്റുള്ളവർക്ക് കൊടുക്കാൻ പറ്റുവോ. അതിനാൽ അതെടുത്ത് അതേപോലെ ഒഴിച്ചു കളഞ്ഞു. അങ്ങനെ ഇനിയെങ്ങാനും ചവിട്ടിയിട്ടുണ്ടെങ്കിൽ അത് അപ്പോൾ തന്നെ കമത്തണമെന്നും ബഷീറിക്കാ അയാളോടു പറഞ്ഞു. നമ്മുടെ നാട്ടുകാരെ കറക്കാൻ കിട്ടില്ല. അതിനാൽ ഇപ്പോൾ വയ്യെങ്കിലും ഇക്ക തന്നെയാണ് കറക്കുന്നത്. മൂന്നു പാത്രത്തിൽ വെള്ളം വെച്ചുകൊണ്ടേ ഇക്ക കറക്കത്തൊള്ളു. ഓരോ പശുവിനെയും കറന്നു കഴിയുമ്പോൾ ആ കൈ കഴുകിയിട്ടേ അടുത്ത പശുവിനെ കറക്കാവു. അതുപോലെ കറക്കുന്നതിനു മുൻപ് പശുവിന്റെ പിന്നിലും ഇടുക്കിലുമൊക്കെയുള്ള അഴുക്കും ചാണകവും കഴുകണം. മൂന്നു വെള്ളം പാത്രമൊക്കെ അടുത്തുണ്ടെങ്കിലും അയൽ സംസ്ഥാനക്കാർ കറക്കുമ്പോൾ അവർ അതിനൊന്നും മുഴുകാറില്ല. അതുകാരണം ഇപ്പോൾ ഇക്കായ്ക്ക് വയ്യാതെ വരുന്ന അവസരത്തിൽ അയൽ സംസ്ഥാനക്കാരനെ വിളിച്ചാൽ ഒന്നുകിൽ ഇക്കയും കൂടെനിൽക്കും. കണ്ണൊന്നു തെറ്റിക്കഴിഞ്ഞാൽ അവർ ഒരു പശുവിനെ കറന്ന് കൈകഴുകാതെ അടുത്തതിനെ കറന്നു കളയും. അതൊക്കെ പാലിന്റെ ശുദ്ധിയെ ബാധിക്കും.'
പാൽ വാങ്ങാൻ വരുന്നവരോട് ഈ വസ്തുത തുറന്നു പറായാനും ലൈല മടി കാണിച്ചില്ല എന്നത് അവരുടെ ആത്മാർഥയുടെയും സത്യസന്ധതയുടെയും ഉദാഹരണമാണ്. മാത്രവുമല്ല പശുവളർത്തൽ ഇരുവർക്കും ഒരു ജീവനോപാധി എന്നതിനേക്കാൾ ഒരു ഹരമാണ് എന്നുള്ളതും എടുത്തു പറയേണ്ടതാണ്. വാസ്തവത്തിൽ പുതുക്കൊച്ചിയിലെ പുത്തൻ താമസക്കാർക്കൊന്നും പാൽ വരുന്നതിന്റെ പിന്നാമ്പുറക്കഥയറിയില്ല. കവറുപാലിനേക്കാൾ ശുദ്ധമായ പശുവിൻ പാല് എന്നതാണ് അവരെയൊക്കെ ലൈലാ-ബഷീർ ദമ്പതിമാരുടെ വീട്ടിലേക്കു നയിക്കുന്ന ഘടകം.
എന്തെങ്കിലും അൽപ്പം മായമോ കള്ളത്തരമോ കാണിച്ചില്ലെങ്കിൽ ഏതു സംരംഭവും വിജയിക്കില്ല എന്നത് തത്വശാസ്ത്രം പോലെ പ്രബലമായ വർത്തമാന സാഹചര്യത്തിലാണ് പാലിൽ ഇത്തിരി അഴുക്കു വീണാൽ പോലും നഷ്ടം സഹിക്കാൻ ലൈലാ-ബഷീർ ദമ്പതിമാർക്ക് ഒരു മന:പ്രയാസവുമില്ലാത്തത്. അവർക്ക് സ്വന്തം നിലയിൽ സ്വീകരിക്കാൻ കഴിയാത്ത കാര്യം മറ്റുളളവർക്ക് കൊടുക്കാൻ തയ്യാറാവുന്നില്ല. അഴുക്കു വീണ പാൽ അവർ ഉപയോഗിക്കാൻ തയ്യാറാകാത്തത് നഷ്ടം സഹിച്ചാലും അവർ അവരെ ബഹുമാനിക്കുന്നതിനാലാണ്. ആ ബഹുമാനമാണ് അവരിൽ നിന്നും പാൽ വാങ്ങുന്നവർ അനുഭവിക്കുന്ന പാലിന്റെ ശുദ്ധി. അവരുടെ ആരോഗ്യം സുരക്ഷിതമാകുന്നതുപോലെ മറ്റുള്ളവരുടെ ആരോഗ്യവും സുരക്ഷിതമാകുന്നു.
അമിത ലാഭവും മായം ചേർക്കലും എല്ലാം എല്ലായിടത്തും സംഭവിക്കുന്നത് ഓരോന്നും കൈകാര്യം ചെയ്യുന്നവർക്ക് ആത്മാഭിമാനം അഥവാ സെൽഫ് റെസ്‌പെക്ട് ഇല്ലാത്തതുമൂലമാണെന്നു കാണാൻ ലൈലാ-ബഷീർ മാരുടെ ഈ സമീപനം ധാരാളം. അവർക്കു വലുതെന്നു തോന്നാത്ത, അവരുടെ സ്വാഭാവിക ജീവിതചര്യയുടെ ഭാഗമാണ് ആ സമീപനം. ഇതിന്റെ സാമൂഹിക നഷ്ടം വ്യക്തിയിൽ പ്രതിഫലിക്കുന്നതാണ് അഴിമതിയുടെയും മൂല കാരണം. അങ്ങനെ നോക്കുമ്പോൾ ആത്മാഭിമാനമുള്ളവർ നമ്മുടെയിടയിൽ ഭൂരിപക്ഷമാണോ അതോ ന്യൂനപക്ഷമാണോ എന്നുള്ളത് സ്വയം ചോദിക്കാവുന്ന ചോദ്യമാണ്. വിശേഷിച്ചും സര്‍ക്കാറാപ്പീസുകളേയും രാഷ്ട്രീയ രംഗത്തേയുമൊക്കെ മനസ്സിൽ വച്ചുകൊണ്ട്. ഇതിൽ നിന്നും ഒരു കാര്യം കൂടി വ്യക്തമാണ്. ആത്മാഭിമാനം അല്ലെങ്കിൽ സ്വയം ബഹുമാനിക്കാനുള്ള ശേഷി വ്യക്തികളിൽ ഉണ്ടാകാത്തിടത്തോളം കാലം അഴിമതി വ്യക്തിയിൽ നിന്നും സമൂഹത്തിൽ നിന്നും അന്യമാകില്ല. നിയമം കൊണ്ടും ഔദ്യോഗിക സംവിധാനങ്ങൾ കൊണ്ടും അഴിമതിയില്ലാതാക്കാൻ ശ്രമിക്കുന്ന കാഴ്ചപ്പാടു തന്നെ അഴിമതിയുടെ വിത്തു പേറുന്നതാണ്. അതിന്നർഥം അത്തരം നിയമങ്ങളുടെയും സ്ഥാപനങ്ങളുടെയും ആവശ്യമില്ലെന്നല്ല. പ്രാഥമികമായി അത്തരം സംവിധാനങ്ങളിലൂടെ അഴിമതി ഇല്ലാതാക്കാൻ കഴിയുമെന്ന കാഴ്ചപ്പാടാണ് അഴിമതിയുടെ മൂലകാരണം വിസ്മരിക്കപ്പെടാൻ ഇടയാകുന്നത്. മൂല കാരണത്തെ വിസ്മരിച്ച് എത്ര തന്നെ ശ്രമം നടത്തിയാലും കാരണത്തെ അവഗണിച്ച് രോഗചികിത്സ നടത്തും പോലെയാകും.