ചില ചിരവപ്പുറം ചിന്തകള്‍

Glint Guru
Wed, 08-06-2016 03:03:12 PM ;

 

 

തേങ്ങാപ്പീര. ആ അവസ്ഥയിലാക്കുന്ന പ്രക്രിയയക്ക് പല സ്ഥലങ്ങളിലും പല പേരുകളാണ്. തെക്കൻ കേരളത്തിൽ തേങ്ങ തിരുങ്ങുമ്പോൾ മധ്യകേരളം തൊട്ടു വടക്കോട്ട് തേങ്ങ ചെരുകലാകുന്നു. രണ്ടായാലും ചിരവയുടെ പുറത്തിരുന്ന് തേങ്ങാമുറി രണ്ടു കൈയ്യുടെയും ഉള്ളംകൈയ്യിലൊതുക്കിപ്പിടിച്ച് ചിരവയുടെ നാക്കിൽ അമർത്തി കുരുകരെ വാർത്തെടുക്കുമ്പോൾ പീരയാകുന്നു. തൽക്കാലം തേങ്ങ തിരുങ്ങൽ എന്ന വാക്കു സ്വീകരിക്കാം. ഇപ്പോൾ ചിരവ പുരാവസ്തുവായിട്ടില്ലെങ്കിലും മിക്ക വീടുകളിലും മൂലയ്ക്ക് തള്ളിയിരിക്കുകയാണ്. ഈ ഉപകരണം മൂലയ്ക്കായിപ്പോകാൻ കാരണം ഇപ്പോഴത്തെ മിക്സിയോടൊപ്പമുള്ള ചേർപ്പായ തേങ്ങ തിരുങ്ങൽ സംവിധാനമാണ്. മേൽപ്പോട്ടു വിടർന്നു നിൽക്കുന്ന ഒന്നിലധികം നാവകളോടുകൂടിയ ഒരു ചെറുകുറ്റി മിക്സിയിലെ നിർദ്ദിഷ്ട സ്ഥലത്തു വച്ച് പ്രവർത്തിപ്പിച്ചാൽ അവ കറങ്ങിത്തുടങ്ങും. അതിന്റെ മേൽ തേങ്ങാമുറി അമർത്തിവച്ചാൽ ശടപടേന്ന് പീര റെഡി. തിരക്കിട്ട് അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് അത് സഹായം തന്നെ.

 

മിക്സിയോടുള്ള അനുബന്ധമായതിനാൽ ഈ സംവിധാനത്തിന്റെ ചേർന്നുള്ള ഇരിപ്പ് ഒത്താൽ ഒത്തു എന്നേ പറയേണ്ടു. ചിലപ്പോൾ മിക്സിയുടെ മോട്ടോറുമായി ഘടിപ്പിച്ചിട്ടുളള കറങ്ങുന്ന ബുഷുമായി നാവുകുറ്റിയുടെ ബുഷ് പിണങ്ങി പിരിവെട്ടാൻ സാധ്യതയുണ്ട്. അങ്ങനെ അടുപ്പിച്ച് പിരിവെട്ടിയാൽ ചിലപ്പോൾ രണ്ടു ബുഷിനും പരിക്കുണ്ടാകും. അപ്പോൾ നാവുകുറ്റി ചിലപ്പോൾ കുതിച്ചു ചാടിക്കളയും. അവ തമ്മിലുള്ള ചേർച്ച പ്രശ്നമാകും. പിന്നെ ചെറിയ സർക്കസ് പോലെയാകും അതിൽ വച്ചുള്ള തിരുങ്ങൽ. അങ്ങനെയുള്ള ഒരു ഘട്ടത്തിൽ മൂലയിൽ നിന്നും പുരാവസ്തുവായി പരിണമിച്ചുകൊണ്ടിരിക്കുന്ന ചിരവ പുറത്തെടുത്തു. മുൻപ് തിരുങ്ങിയ പരിചയം കരതലങ്ങൾക്കുള്ളിൽ വർത്തമാനമായി.

 

കരതലങ്ങൾക്കുള്ളിൽ തേങ്ങാമുറി കറങ്ങി. ആ കറക്കത്തിലാണ് തേങ്ങാതിരുങ്ങലിന്റെ സംഗീതവും താളവും. ഈ സംഗീതവും താളവും തെറ്റിയാൽ ചിരവയിലുളള തേങ്ങാതിരുങ്ങലിന്റെ താളം തെറ്റും. ഉള്ളിൽ നിരത്തിലെ ഗട്ടർ പോലെ കയറ്റവുമിറക്കവുമുണ്ടാകും. അതു വന്നാൽ പിന്നെ താളാത്മകമായി തിരുങ്ങാൻ പറ്റില്ല. പിന്നെ തിരുങ്ങൽ മാറി ഒരുമാതിരി മാന്തലാകും. അപ്പോൾ പല പീര പല അളവിലാകും. പീരയുടെ സമാനരൂപമാണ് പീരയുടെ ഗുണം നിശ്ചയിക്കുക. വിശേഷിച്ചും പീര അരയ്ക്കാതെ ഉപയോഗിക്കപ്പെടുമ്പോൾ. ഉദാഹരണത്തിന് പുട്ടിന് ഉപയോഗിക്കുകയാണെങ്കിൽ. പുട്ടിനിടയിൽ ഇടുന്നതിനുപരി പുട്ടുപൊടിക്കുളളിൽ പീരയിട്ടു കശക്കുകയാണെങ്കിൽ. പല അളവിലാണ് പീരയെങ്കിൽ പുട്ടിനിടെ അത് അപസ്വരം പോലെയാകും.

 

ചിരവപ്പുറത്തിരുന്നപ്പോഴാണ് വളരെ പണ്ട് പ്രൊഫ.നബീസാ ഉമ്മാൾ നടത്തിയ ഒരു പ്രസംഗം ഓർമ്മയിലെത്തിയത്. ചിരവയെന്ന സിംഹാസനത്തിൽ ഉലക്കയെന്ന ചെങ്കോലും പിടിച്ച് അടുക്കളയെന്ന നാലു ചുമരുകൾ തീർക്കുന്ന സാമ്രാജ്യത്തിലൊതുങ്ങിത്തീർക്കാനുള്ളതല്ല സ്ത്രീയുടെ ജീവിതമെന്നായിരുന്നു നബീസാ ഉമ്മാളിന്റെ ആവേശം ജനിപ്പിക്കുന്ന പ്രസംഗം. പ്രൊഫസറുടെ പ്രസംഗം കേട്ടത് ഏതാണ്ട് എഴുപതുകളുടെ തുടക്കത്തിലായിരുന്നു. സ്ത്രീകളുടെ സാമ്രാജ്യം അടുക്കളയ്ക്ക് പുറത്തേക്കു വ്യാപിച്ചു. പുതിയ സിംഹാസനങ്ങളും ചെങ്കോലുകളും അവർ ഏന്തിത്തുടങ്ങി. അടുക്കളയ്ക്ക് പുറത്ത് സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ പ്രൗഡി കാണിക്കാനുള്ള ചിഹ്നമായി ആധുനിക അടുക്കളകൾ മാറി. ആ മാറ്റത്തിനിടയിലാണ് ചിരവ പുരാവസ്തുവായി പരിണമിച്ചു തുടങ്ങിയത്. അതേസമയം, സ്ത്രീകൾ അടുക്കളയ്ക്കു പുറത്തേക്കു വന്നുവെങ്കിലും സ്ത്രീകൾ തന്നെയാണ് ഇന്നും അടുക്കളയുടെ മുഖ്യ ഭരണാധികാരികൾ. ഒന്നിച്ച് സാമ്രാജ്യങ്ങൾ നിലനിർത്തേണ്ട സാഹചര്യത്തിൽ ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് രാവിലെ പാചകത്തിന് യന്ത്രങ്ങൾ സഹായകം തന്നെ. അതുകൂടിയില്ലെങ്കിൽ അവരുടെ കാര്യം ബുദ്ധിമുട്ടാകും.

 

ചിരവപ്പുറത്തിരുന്നപ്പോള്‍ തേങ്ങാ തിരുങ്ങലിന്റെ വൈവിദ്ധ്യമാനങ്ങളും വെളിവായി വന്നു. ഉഗ്രൻ യോഗ പോസ്റ്ററിലാണ് തേങ്ങാ തിരുങ്ങാൻ ചിരവയിലിരിക്കുക. തേങ്ങാ തിരുങ്ങി കൈയ്യ് മുറിഞ്ഞ സ്ത്രീകളെ പറ്റി ഇതുവരെ കേൾക്കാനിടയായിട്ടില്ല. എന്നാൽ ഒന്നു ശ്രദ്ധ പോയാൽ ചിരവയുടെ നാക്കു കൊണ്ട് മുറിയാൻ എല്ലാ സാധ്യതയുമുണ്ട്. ചിരവനാക്കുകൊണ്ടു മുറിഞ്ഞാൽ പെട്ടന്നുണങ്ങുക പ്രയാസവുമാണ്. അതിനാൽ ശ്രദ്ധ ഒരു നിമിഷം പോലും തെറ്റാതെ ചെയ്യേണ്ട പ്രക്രിയയാണ് തേങ്ങ തിരുങ്ങൽ. അതും താളാത്മകമായി ഉള്ളിലെ നാവിൻ ചാല് തെറ്റാതെ തിരുങ്ങുമ്പോൾ തേങ്ങാ തിരുങ്ങൽ ശ്രുതി ചേരുന്നു. ആ താളാത്മകമായ ശബ്ദം കേട്ടാലറിയാം ശ്രുതി ചേർന്നാണോ തിരുങ്ങലെന്ന്. യഥാർഥത്തിൽ ഏറ്റവും നല്ല മെഡിറ്റേഷനാണ് തേങ്ങാ തിരുങ്ങൽ. തിരുങ്ങുന്ന സമയമത്രയും ശ്രദ്ധയിൽ അതു ചെയ്യുന്നവർ നിൽക്കുന്നു. സ്ഥിരമായി തിരുങ്ങലിലേർപ്പെടുന്നവർ അത്രയും സമയം ശ്രദ്ധയിൽ നിൽക്കുന്ന ധ്യാനം പരിശീലിക്കുന്നതുപോലെയാണ്. സ്ഥിരമായി തേങ്ങ തിരുങ്ങുന്നവരിൽ ശ്രദ്ധ വർധിക്കുക തന്നെ ചെയ്യാനാണ് സാധ്യത. വിദ്യാഭ്യാസമില്ലാത്ത പഴയ അമ്മമാരുടെ ടെൻഷനില്ലാത്ത ജീവിതവും പ്രതിസന്ധി ഘട്ടങ്ങളിലെ ധൈര്യവും ക്ഷമയുമെല്ലാം ഒരു കാലഘട്ടത്തിന്റെ മുദ്ര തന്നെയാണ്. ആ കാലഘട്ടത്തിലെ അനേക ജീവിത രീതികളുടെ നൈസർഗികതയിൽ തേങ്ങാതിരുങ്ങലും ഒരു പങ്കു വഹിച്ചിട്ടുണ്ടാകണം.

coconut crating

 

തേങ്ങ തിരുങ്ങുമ്പോൾ പീര വീഴുന്ന പാത്രത്തിലേക്ക് നോക്കുന്നത് താളാത്മകമായ സംഗീതത്തിനും ചലനത്തിനുമൊപ്പം നല്ല കാഴ്ച കൂടിയാണ്. കേരളത്തിന്റെ ആരോഗ്യം പാത്രത്തിൽ നമ്മോടു ചിരിക്കുന്നതുപോലെ തോന്നും. കേരളത്തെ കേരളമാക്കിയ ഈ ആരോഗ്യകൽപ്പവൃക്ഷത്തെയാണ് ഗവേഷണത്തിലൂടെ ഒരു ഭാഗത്ത് മണ്ഡരി പിടിപ്പിച്ചും മറുഭാഗത്ത് ആധുനിക വിത്തുകളിറക്കിയും ഇപ്പോൾ ഒരു വിധമാക്കിയിരിക്കുന്നത്. 1980കൾ മുതൽ ഹൃദ്രോഗ വിദഗ്ധരും അലോപ്പതി വൈദ്യ സമൂഹവും വെളിച്ചണ്ണയെ മലയാളിയുടെ വില്ലനാക്കി ചിത്രീകരിച്ചു. രോഗമുള്ളവരും രോഗമില്ലാത്തവരും വെളിച്ചണ്ണ കഴിക്കുന്നത് അപകടമാണെന്ന് സ്ഥാപിച്ചു. പാമോയിൽ കമ്പനികളും സൺഫ്ലവർ ഓയിൽ കമ്പനികളും കേരളത്തിലെ അടുക്കളകളെ കീഴടക്കി. പാവം തേങ്ങയും വെളിച്ചണ്ണയും തഴയപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് സംഭരിക്കപ്പെട്ട തേങ്ങ വിവിധ തരം ഹെയർ ഓയിലുകളായി കേരളത്തിന് പുറത്തുകൂടെ കറങ്ങി കേരളത്തിലെത്തി. അത്തരം സൗന്ദര്യ വർധകവസ്തുക്കൾക്ക് കേരളം വിപണിയാവുകയും ചെയ്തു.

 

ഒരു പ്രദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആരോഗ്യത്തിന് ഏറ്റവും യോജ്യമായത് അവിടെയുണ്ടാകുന്ന ഫലമൂലാദികളാണ്. കാരണം അവിടുത്തെ മണ്ണിലുറങ്ങുന്ന ധാതുലവണങ്ങളാണ് അവയിലൂടെ അവിടുത്തെ മനുഷ്യനിലെത്തുക. അവിടുത്തെ മണ്ണിന്റെ അഥവാ പ്രകൃതിയുടെ സാന്നദ്ധ്യം സന്തുലിതാവസ്ഥയിൽ ആകുന്നത് അപ്പോഴാണ്. അതിൽ വ്യതിയാനം വരുമ്പോഴാണ് മനുഷ്യനിൽ അസന്തുലിതാവസ്ഥയുണ്ടാകുന്നത്. അതാണ് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നതും. കമ്പോളത്തിന്റെ താൽപ്പര്യങ്ങൾ നിർദ്ദോഷമെന്നോണം ഭിഷഗ്വരരിലൂടെയും സാമൂഹ്യ സാംസ്കാരിക നേതാക്കളിലൂടെയും പുരോഗമനപരമെന്നു തോന്നുന്ന വിധം വരുന്നു. അതിന്റെ ഏറ്റവും വലിയ ഇരകളാണ് സ്വയം പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളി സമൂഹം. ഇവിടുത്തെ പ്രകൃതിയിലേക്കും മലയാളി നേരിടുന്ന രോഗാതുര ജീവിതത്തിലേക്കും നോക്കിയാൽ അത് വ്യക്തമാകും. മലയാളിയുടെ ശരീരത്തിന് വെളിച്ചണ്ണ അനിവാര്യമാണ്. അതുപോലെ വ്യായാമവും.

 

തേങ്ങാ തിരുങ്ങലും പാചകവും സ്ത്രീകളുടെ മാത്രം കുത്തകയാവേണ്ടതില്ല. ഇന്ന് രോഗാതുരതയിലുള്ള പേടികൊണ്ട് മിക്ക മലയാളികളും വ്യായാമത്തിലേർപ്പെടാറുണ്ട്. അതു കൂടുതലും പ്രഭാത നടത്തമാണ്. രാവിലെ ഒരു തേങ്ങ തിരുങ്ങിയാൽ അത്യാവശ്യം ഒന്നു വിയർക്കുവാനുള്ള വ്യായാമം ലഭ്യമാണ്. അത് താളാത്മകമായി ചെയ്യുകയാണെങ്കിൽ ആ തിരുങ്ങൽ യോഗയും ധ്യാനവുമായി മാറും. പല മലയാളികൾക്കും ഇന്ന് തറയിൽ ഇരിക്കുക അത്ര എളുപ്പമല്ല. ചിരവപ്പുറത്തിരുന്നു തേങ്ങ തിരുങ്ങുന്നത് ഉത്തമ വ്യായാമത്തിനൊപ്പം ശ്രദ്ധയും വർധിപ്പിക്കും. ആ സമയം അടുക്കളയിൽ ഉള്ള ഭാര്യയുമായോ അമ്മയുമായോ ഇടപഴകലുമാകാം. പാചകം ചെയ്യുന്നവർക്ക് കൂടുതൽ ഉത്സാഹമാകും. അടുക്കളകൾ ശാന്തവും ആനന്ദകരവുമാകുമ്പോൾ ആ കുടുംബത്തിലെ ആരോഗ്യമാണ് മെച്ചപ്പെടുന്നത്. ഇനി വെളിച്ചണ്ണ കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്നിരിക്കട്ടെ. തേങ്ങ തിരുങ്ങുന്ന പക്ഷം അത് ശരീരത്തിൽ അടിഞ്ഞു കൂടില്ല. അതു കത്തിപ്പോകും. അപ്പോൾ രുചികരമായി ഭക്ഷണവും കഴിക്കാം.

 

ആരോഗ്യവും ശ്രദ്ധയും ബന്ധവുമൊക്കെ മെച്ചപ്പെടുത്തുന്നതിനൊടൊപ്പം കേരളം നേരിടുന്ന ഒരു മുഖ്യ പ്രശ്നത്തിനും എളിയ പരിഹാരമാകും. തേങ്ങാ തിരുങ്ങാനുള്ള വൈദ്യുതി ലാഭിക്കുവാൻ കഴിയുന്നത് അടുക്കളയിൽ ഇരുന്നുകൊണ്ട് സംസ്ഥാനത്തിന്റെ ഊർജ്ജ പ്രതിസന്ധി കുറയ്ക്കുന്നതിനുള്ള വ്യക്തിയുടെ സർഗ്ഗാത്മക സംഭാവന കൂടിയാകും. നടന്ന് ഊർജ്ജം പ്രയോജനമില്ലാതെ കത്തിച്ചുകളയേണ്ട ആവശ്യവുമില്ല. വൈദ്യതി ബോർഡ് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഒട്ടേറെ പരസ്യങ്ങൾ എല്ലാ മാദ്ധ്യമങ്ങളിലൂടെയും കൊടുക്കാറുണ്ട്. അതൊക്കെ വിരസമായതും. വേണമെങ്കിൽ പുരുഷന്മാർ തേങ്ങ തിരുങ്ങുന്ന ഇതിവൃത്തമുപയോഗിച്ച് പരസ്യം ചെയ്താൽ അതൊരു തരംഗമായി മാറാനും ഇടയുണ്ട്. മലയാളിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർധിക്കുന്നതോടൊപ്പം ബന്ധങ്ങളുടെ ദൃഢതയും വർധിക്കും. വൈദ്യുതി കാര്യമായി ലാഭിക്കുകയും ചെയ്യാം.

Tags: