കാക്കനാട്. കേരളത്തിന്റെ പച്ചയായ ഒരു ഗ്രാമമായിരുന്നു. പണ്ടുപണ്ടല്ല. ഈ അടുത്ത കാലം വരെ. ഇപ്പോൾ പുതുക്കൊച്ചിയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. നഗരവാസികളായ പഴയ ഗ്രാമക്കാരുടെ മുഖ്യ വരുമാനം മുറിയും വീടുകളും വാടകയ്ക്ക് കൊടുക്കുക. നഗരത്തിലെത്തിയ ഒരു യുവാവ് തന്റെ വാടക സങ്കേതത്തിൽ നിന്നും രാവിലെ നടന്നു വരുന്നു. ഇടുങ്ങിയ റോഡ്. ഇരുവശങ്ങളിലും ഇടത്തരം വീടുകൾ. ചില വീടുകളുടെ മുറ്റവും റോഡിലേക്കിറങ്ങി. ഒരു വീട്ടമ്മ മുറ്റം തൂത്തു നിൽക്കുന്നു. കുറച്ച് റോഡിലേക്കിറങ്ങി. യുവാവ് അവരുടെയടുത്തെത്തിയപ്പോൾ വീട്ടമ്മ തൂപ്പു നിർത്തി. ചൂല് പിന്നിൽ പിടിച്ചു. യുവാവ് ചൂല് കാണേണ്ട എന്ന പോലെ. യുവാവ് അവിടം കടന്നു. വീണ്ടും ചൂല് തറയിൽ പരതുന്ന ശബ്ദം കേട്ടു.
ആ യുവാവ് ഇതു പറയുമ്പോൾ അയാളുടെ മുഖത്ത് പ്രത്യേക ഭാവം. ആ സ്ത്രീയുടെ മുഖം പോലും അയാൾ വ്യക്തമായി ഓർക്കുന്നില്ല. എന്നാൽ അവർ അവിടെ വച്ച് അജ്ഞാതനായ ഈ യുവാവിന് കൊടുത്ത സ്നേഹം അയാളുടെ മനസ്സിൽ നിറഞ്ഞത് മുഖത്ത് നിഴലിച്ചതാണ് ആ ഭാവം. ചൂലിപ്പോൾ ആം ആദ്മി പാർട്ടിയുടെ ചിഹ്നമാണ്. ചിലപ്പോൾ ആ നേതാക്കൾ പൊതുവേദികളിൽ ആ ചിഹ്നവുമായി പ്രത്യക്ഷപ്പെടാറുമുണ്ട്. അതൊക്കെ ഈ സ്ത്രീക്ക് അറിയാമോ എന്നറിയില്ല. ഒരുപക്ഷേ അവർക്ക് അക്ഷരാഭ്യാസമുണ്ടാകുമോ എന്നു പോലും സംശയമുണ്ട്. ബുദ്ധിജീവിയല്ലെങ്കിലും ആ യുവാവിന് ആ രംഗം ആവർത്തിച്ച് ഓർക്കുമ്പോൾ സുഖം. പെസഹ വ്യാഴാഴ്ചയാണ് തലയിൽ തട്ടമിട്ട ആ സ്ത്രീയില്‍ നിന്ന് ഈ യുവാവിന് ഈ അനുഭവമുണ്ടായത്. യുവാവ് ഉന്നത ബിരുദധാരിയും.
ആരെങ്കിലും നടന്നു വരുമ്പോൾ ചൂലുമായി നിൽക്കുന്നതിനെ അശ്രീകരമായി കാണുന്നത് ആചാരമായി ആചരിച്ചു പോരുന്ന ഒന്നാണ്. ചൂല് അശ്രീകരങ്ങൾ തൂത്തുകൂട്ടി വൃത്തിയാക്കുന്നതിനുള്ള ഉപകരണമാണ്. സ്വാഭാവികമായും ചൂലിൽ അഴുക്കുണ്ടാവും. അഴുക്ക് കാണുന്നത് ഉചിതമല്ല. അഴുക്കു മാറാനാണ് തൂക്കുന്നതും. അതിനാൽ ചൂലിന് അതിന്റെ സ്ഥാനമുണ്ട്. ആ സ്ഥാനം മോശമാണെന്ന് അര്‍ഥമില്ല. കാരണം അതാണ് അതിന്റെ സ്ഥാനം. അത്ര തന്നെ. ഇവിടെ ആ സ്ത്രീ ആചാരപരമായി തന്നിലേക്ക് തന്റെ മുതിർന്നവരിൽ നിന്നു പകർന്നുകിട്ടിയ ശീലമാണ് പ്രകടമാക്കിയത്. അതുവഴി അതുവഴിയേ പോയ യുവാവിന്റെ ഉള്ളിൽ പൂനിലാവ്. കാരണം ആ യുവാവിനെ ആ സ്ത്രീ പരിഗണിച്ചു, അല്ലെങ്കിൽ ഒന്നു കരുതി. അയാൾ രാവിലെ പുറത്തേക്കു പോകുമ്പോൾ നല്ലതു സംഭവിക്കണം. അതിനാൽ അയാളുടെ മനസ്സ് നല്ല കാര്യങ്ങൾ കാണട്ടെ. അഴുക്കു പുരണ്ടത് കാണാതിരിക്കട്ടെ. അത് യഥാർഥത്തിൽ അപരനോടുള്ള സ്നേഹം. ആ സ്നേഹമാണ് ആ ചൂല് മറച്ചു പിടിച്ചതിലൂടെ ആ യുവാവിലേക്ക് പ്രവേശിച്ചത്.
![]() |
Picture Courtesy: MyParkingSign.com |
ആ സ്ത്രീയും ഒരു നല്ല കാര്യത്തിന് എവിടേയ്ക്കെങ്കിലും പോകുമ്പോൾ ചൂലുമായി ആരെങ്കിലും എതിരേൽക്കുന്നതോ അതും മുമ്പിൽ പിടിച്ചു നിൽക്കുന്നതോ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അവരുടെ മനസ്സിന്റെ ഊർജ്ജത്തെ അതു ബാധിക്കും. ഊർജ്ജ ശോഷണം സംഭവിച്ചാൽ ബുദ്ധിയും മനസ്സും ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രവർത്തിക്കില്ല. അത് ഏർപ്പെടുന്ന കർമ്മങ്ങളെ ബാധിക്കും. അത് ആ സ്ത്രീയും അറിയുന്നുണ്ടാകും. അത് അവരുടെ അറിവായി മാറുന്നു. ആ അറിവ് അവരിലേക്ക് പകർന്നു കിട്ടിയത് അവ്വിധമുള്ള ആചാരത്തിലൂടെ. അവിടെ അറിവ് അപരനെ അറിയാനുള്ളതായി മാറുന്നു. അപരനെ അറിയാനുള്ള കഴിവ് വൈകാരിതയിലേക്ക് പരിഭാഷപ്പെടുമ്പോൾ അത് സ്നേഹമെന്ന അവസ്ഥയാകുന്നു. ഇതാണ് നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയെന്ന് യേശുദേവൻ പറഞ്ഞത്. അല്ലാതെ താൻ വാങ്ങുന്ന മദ്യത്തിന്റെ ഒരംശം അയൽക്കാരനും പങ്കുവെച്ച്, യേശുദേവൻ പറഞ്ഞത് പാലിക്കുന്നു എന്നു കരുതി നിർവൃതിയടയുകയല്ല വേണ്ടത്.
ഔപചാരിക വിദ്യാഭ്യാസത്തിനും ബൗദ്ധിക വ്യായാമത്തിനും പ്രാവർത്തികമാക്കാൻ കഴിയാത്ത കാര്യങ്ങൾ ചില ആചാരങ്ങൾക്ക് അക്ഷരാഭ്യാസമില്ലാത്തവരിലൂടെ പോലും പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയുന്നു. സ്നേഹത്തെക്കുറിച്ച് പറയാനും വ്യാഖ്യാനിക്കാനും ആർക്കും കഴിയും. എന്നാൽ അത് പകർന്നു നൽകുക പ്രയാസം. വിശേഷിച്ച് അപരിചിതനായ ഒരാൾക്ക്, അയാളുടെ മനസ്സിലേക്ക് അതു നിറയ്ക്കുക പ്രയാസം. ഇവിടെ ഈ സ്ത്രീ ചെയ്തത് അതാണ്. ഈ കരുതലാണ് ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് കൊണ്ടുവരേണ്ടത്. ഗ്രാമങ്ങൾ നഗരങ്ങളാകുമ്പോൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും ഇതാണ്. ഇതൊക്കെ പൊതിഞ്ഞു വച്ചിരിക്കുന്ന ഒട്ടനേകം വൈവിദ്ധ്യമാർന്ന സാമൂഹ്യ സംഗതികൾ ഇതുപോലുണ്ട്. അവയെ അറിയുകയാണ് അതിനുള്ള പോംവഴി. അങ്ങനെ അറിയാതെ പോകാതിരിക്കുന്നതാണ് പലപ്പോഴും ആചാരങ്ങൾ അനാചാരങ്ങളായും മാറിപ്പോകുന്നത്.
ആ അജ്ഞാതയായ സ്ത്രീ നൽകിയ സ്നേഹം ഈ യുവാവ് മറ്റു പലർക്കും നൽകുന്നു. അതു അദ്ദേഹം പങ്കുവെച്ചപ്പോൾ ഇതു കുറിക്കുന്ന വ്യക്തിയും ആ സ്നേഹം അറിയുന്നു. ഇപ്പോള്‍ ഇത് വായിക്കുന്ന നിങ്ങളിലേക്കും അത് പടരുന്നു. അതാണ് സ്നേഹത്തിന്‍റെ പകർച്ചാ സ്വഭാവം. ആ യുവാവ് ആ ദിവസം ഏർപ്പെടുന്ന പ്രവൃത്തിയിലും കണ്ടുമുട്ടുന്ന വ്യക്തികളുമായുള്ള ഇടപഴകലിലും ആ സ്നേഹത്തിന്റെ സൗരഭ്യം പൂത്തു നിൽക്കും. ചില പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ആചാരങ്ങളിൽ നിന്നുതിർന്ന ശീലങ്ങൾ ആളുകളുടെ ശരീരഭാഷയിൽ പ്രകടമാണ്. അതാണ് ചില പ്രദേശങ്ങളെ സമാധാനമുള്ളതാക്കിയും അതില്ലാത്ത ചിലയിടങ്ങളെ സംഘർഷഭൂമിയാക്കുകയും ചെയ്യുന്നത്. സമാധാനം ഉള്ള സ്ഥലങ്ങളിൽ കല വളരുന്നതും അക്രമവും അഹിംസയും നില നിൽക്കുന്നിടത്ത് കലയുടേയും സൗന്ദര്യത്തിന്റേയും അഭാവം ഉണ്ടാകുന്നതും ഇതുകൊണ്ടാണ്. കലയും സൗന്ദര്യവും സമൂഹത്തിലേക്ക് വിന്യസിച്ചാലും ക്രമേണ ഗുണപരമായ മാറ്റമുണ്ടാകും. ഭീകരവാദത്തേയും അക്രമാസക്തതയേയും ആയുധംകൊണ്ട് നേരിട്ടാൽ അവയെ താൽക്കാലികമായി തടയാൻ ശ്രമിക്കുന്നവരുടെ ഭാഗിക രക്ഷ മാത്രമേ ഉറപ്പു നൽകുന്നുള്ളു. ഭാവിയിൽ കൂടുതൽ അക്രമത്തിനു അതു വഴിതെളിക്കുകയും ചെയ്യുന്നു. സമാധാനത്തിന്റെ പുന:സ്ഥാപന പ്രക്രിയകളെ പറ്റി ചിന്തിക്കുമ്പോൾ ചൂല് മറച്ചുപിടിച്ച് കരുതൽ കാട്ടിയ ആ സ്ത്രീയുടെ ആചാരപ്രകടനത്തിൽ അന്തർലീനമായി കിടക്കുന്ന സാമൂഹ്യധാതുക്കളെയും കാണാവുന്നതാണ്.